വിലയില്ലാതാകുന്ന മനുഷ്യ ജീവനുകള്‍

മനുഷ്യ ജീവനോളം വിലയുള്ള ഒന്നും ഭൂയിലില്ല എന്നത് നാം അംഗീകരിച്ച പൊതു തത്വമാണ്. മനുഷ്യന് എത്രമാത്രം ഗുണം ലഭിക്കുന്നു എന്നതാണ് ഒരു കാര്യത്തിന്റെ ശരി തെറ്റുകള്‍ക്ക് ലോകം നിശ്ചയിച്ച കാരണം. അതുകൊണ്ട് തന്നെ ഒരു കാരണവശാലും ഒരു ജീവനും നശിപ്പിക്കപ്പെടരുത്. എന്നിട്ടും മനുഷ്യര്‍ തങ്ങളെപ്പോലെ രക്തവും മജ്ജയും മാംസവുമുള്ള മനുഷ്യരെ കൊന്നുതള്ളുന്ന വാര്‍ത്തകളാണ് നാം ദിനേന കേള്‍ക്കുന്നത്. വ്യക്തിപരം എന്നതിനേക്കാള്‍ പാര്‍ട്ടികളുടെ പേരിലാണ് അവയില്‍ അധികവും വരവ് വെക്കുന്നതും.

ദൈവം ബഹുമാനിച്ച സൃഷ്ടിയാണ് മനുഷ്യന്‍. ദൈവം ആദരിച്ച ആത്മാവിനെ അകാരണമായി വധിക്കാന്‍ ആര്‍ക്കും അധികാരമില്ല. ഒരാളുടെ ജീവനെടുക്കാന്‍ ഭൂമിയില്‍ അധികാരമുള്ളത് ഭരണകൂടങ്ങള്‍ക്കാണ്. അതും അയാള്‍ മനുഷ്യ കുലത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ മാത്രം. പക്ഷെ എത്ര അനായാസമാണ് മനുഷ്യര്‍ മനുഷ്യരെ കൊല്ലുന്നത്. ദിനേന ലോകത്തു കൊല്ലപ്പെടുന്നത് ആയിരങ്ങളാണ്. അതില്‍ അധികവും നിരപരാധികളും സ്ത്രീകളും കുട്ടികളും. കൊല്ലുന്നവരും മറ്റൊരു അര്‍ത്ഥത്തില്‍ ഈ ഭൂമിയില്‍ നിന്നും ഒരിക്കല്‍ തിരിച്ചു പോകേണ്ടവരാണ്. ഒരാളെ നേരത്തെ പറഞ്ഞയച്ചിട്ട് അവര്‍ക്കെന്തു കിട്ടാന്‍ എന്നൊന്നും കൊലയാളികള്‍ ചിന്തിക്കില്ല.  

അന്ത്യ ദിനത്തിന്റെ അടയാളമായി ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞത് അധികരിച്ചു വരുന്ന കൊലകള്‍ എന്നാണു. 'കൊല്ലുന്നവന് എന്തിനു കൊല്ലുന്നുവെന്നോ കൊല്ലപ്പെടുന്നവന് എന്തിനു കൊല്ലപ്പെട്ടുവെന്നോ അറിയില്ല' എന്ന് കൂടി പ്രവാചകന്‍ കൂട്ടി ചേര്‍ത്തു. ക്വട്ടേഷന്‍ കൊലകളുടെ കാലത്തു ഈ പ്രവാചക വചനം കൂടുതല്‍ പ്രസക്തമാണ്. മറ്റു വ്യവസായം പോലെ കൊലയും ഒരു വന്‍ വ്യവസായമായി മാറിയ കാലമാണ്. വ്യക്തികളുടെ കുടിപ്പക എന്നതിനേക്കാള്‍ ഇന്ന് വിഷയം പാര്‍ട്ടികളുടെയും സംഘടനകളുടെയും കുടിപ്പക എന്നതാണ്. വ്യക്തികളിലൂടെ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാം എന്ന ബോധമാകില്ല പകരം ആളുകളില്‍ ഒരു ഭീതി പരത്തുക എന്നതാണ് പലപ്പോഴും ഇത്തരം ക്രൂരതകളുടെ പിന്നിലെ മനഃശാസ്ത്രം.

സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കണം എന്നതാണ് ഒരു ശരാശരി പൗരന്‍ ആഗ്രഹിക്കുന്നത്. സമാധാനമുള്ള അന്തരീക്ഷത്തില്‍ മാത്രമാണ് മനുഷ്യര്‍ക്കിടയില്‍ നല്ല ബന്ധം നിലനില്‍ക്കുക. അത് പാടില്ല എന്ന് പലരും തീരുമാനിക്കുന്നു. ജനം ഒരു സമൂഹമായി ജീവിക്കുന്നതിനു പകരം പല തട്ടുകളായി ജീവിക്കണം എന്നതാണ് അവര്‍ ആഗ്രഹിക്കുന്നത്. മതം ജാതി എന്നിവ തീര്‍ത്തും സങ്കുചിതമായി മാറിയ കാലമാണ്. അതിനെ കൂടുതല്‍ ചുരുക്കാനുള്ള ശ്രമമാണ് പലരും നടത്തുന്നത്.  ഇന്ത്യയില്‍ ഒരുപാട് വര്‍ഗീയ കലാപങ്ങള്‍ നടന്നിട്ടുണ്ട്. സാമുദായിക കലാപങ്ങളും. അതില്‍ കൊല്ലപ്പെട്ടവരുടെ കണക്കുപോലും ലക്ഷങ്ങള്‍ വരും. ആരും അതിന്റെ പേരില്‍ നാട്ടില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. അത് കൊണ്ട് തന്നെ ഒരു പാര്‍ട്ടിയുടെ പിന്‍ബലം ഉണ്ടെങ്കില്‍ എന്തുമാകാം എന്നൊരു പൊതുബോധം നാട്ടില്‍ വളര്‍ന്നു വന്നിട്ടുണ്ട്.  

ഇടിമിന്നല്‍ വരുന്നത് പോലെ എപ്പോള്‍ വേണമെങ്കിലും പൊട്ടി വീഴാന്‍ പാകത്തില്‍ കൊലകള്‍ എവിടെയോ തൂങ്ങി നില്‍ക്കുകയാണ്. ഈ ലോകത്തു ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ടു പോയാലും യഥാര്‍ത്ഥ രക്ഷാ ശിക്ഷകള്‍ വരുന്ന ഒരു ദിനമുണ്ട് എന്ന വിചാരം മനുഷ്യന് നല്ലതാണ്. ആരോടും ഉത്തരം ബോധിപ്പിക്കാന്‍ ഞാന്‍ ബാധ്യസ്ഥനല്ല എന്ന ബോധം മനുഷ്യനെ കൂടുതല്‍ അക്രമിയാക്കും. സമൂഹത്തിന്റെ സമാധാന അന്തരീക്ഷത്തിനു ദോഷമായ എല്ലാത്തിനെയും കയ്യൊഴിയാന്‍ സമൂഹം തയ്യാറാവണം. മനുഷ്യ ജീവനെ വിലവെക്കാത്ത ഒന്നിനെയും നാം അംഗീകരിക്കരുത്. അത് മാത്രമാണ് ഈ തെമ്മാടിത്തം അവസാനിപ്പിക്കാന്‍ സാധ്യമായ കാര്യങ്ങള്‍.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus