വര്‍ധിച്ചുവരുന്ന ലൈംഗിക വൈകൃതങ്ങള്‍

May 14 - 2018

മൂന്നു വാര്‍ത്തകളാണ് ഇന്ന് ശ്രദ്ധയില്‍പ്പെട്ടത് എടപ്പാള്‍, അരീക്കോട്, പയ്യന്നൂര്‍. മൂന്നിടത്തും ഇരകള്‍ ചെറിയ കുട്ടികളാണ് എന്നതാണ് സാമ്യത. മൂന്നിടത്തും കുറ്റവാളികളെ ശിക്ഷിക്കുക എന്നതിനേക്കാള്‍ പലര്‍ക്കും താല്‍പര്യം കുറ്റവാളികളെ രക്ഷപ്പെടുത്തുക എന്നതാണ്. സ്ത്രീയും പുരുഷനും പരസ്പരം ആകര്‍ഷിക്കുക എന്നത് സ്വാഭാവിക സംഭവമാണ്. വിവേകവും മാനുഷികബോധവും മനുഷ്യന് വികാരങ്ങള്‍ക്ക് മേല്‍ വിചാരത്തിനു സ്ഥാനം നല്‍കുന്നു. കുട്ടികള്‍ പീഡിപ്പിക്കപ്പെടുക, അതിനു രക്ഷിതാക്കള്‍ തന്നെ വഴിയൊരുക്കി കൊടുക്കുക എന്നത് അധികരിച്ചു വരുന്ന വിഷയമാണ്. സാക്ഷര കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ക്ക് കുറവ് കാണുന്നില്ല എന്നത് നമ്മുടെ സാമൂഹിക രംഗത്തു വര്‍ദ്ധിച്ചു വരുന്ന ഒരു ദുരന്തമായി തന്നെ കാണണം.

ചെറിയ കുട്ടികളോട് മുതിര്‍ന്നവക്ക് തോന്നേണ്ട വികാരം കാരുണ്യവും വാത്സല്യവുമാണ്. അതിനു പകരം ലൈംഗികത കടന്നു വരുന്നത് എന്തുകൊണ്ടാണ്?. സ്വന്തം ഇഷ്ടപ്രകാരം പ്രായപൂര്‍ത്തിയായ ആര്‍ക്കും ലൈംഗികതയില്‍ ഏര്‍പ്പെടാനുള്ള നിയമ പരിരക്ഷയുള്ള നാടാണ് നമ്മുടേത്. അപ്പോള്‍ വിഷയം ലൈംഗികതയുടെ പൂര്‍ത്തീകരണം എന്ന് മാത്രമാകില്ല. കുട്ടികളെ ഇത്തരം സംഗതികള്‍ക്കു ഉപയോഗിക്കുന്നതില്‍ ഇത്തരക്കാര്‍ ഒരു മാനസിക സുഖം കൂടി അനുഭവിക്കുന്നു എന്നതാണ്.

പണ്ടൊക്കെ വീടുകളില്‍ കുട്ടികള്‍ക്ക് കൂട്ടുകുടുംബത്തിന്റെ കാവല്‍ ലഭിച്ചിരുന്നു. തലമുതിര്‍ന്ന ഒരു സ്ത്രീ എല്ലാ വീടുകളിലും ഉണ്ടായിരുന്നു. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കിയിരുന്നു. എന്നിട്ടും അപവാദങ്ങള്‍ ഇല്ലാതായില്ല. പക്ഷെ ഇന്ന് അതൊരു വ്യാപക വാര്‍ത്തയാണ്. പലപ്പോഴും വാര്‍ത്താമൂല്യം പോലും ചോദ്യം ചെയ്യപ്പെടുന്നു. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുമ്പോള്‍ വൈകാരികമായി പ്രതികരിക്കുക എന്നതിലപ്പുറം മറ്റൊന്നും ചെയാനില്ലാതെ സമൂഹവും മാറിയിരിക്കുന്നു.

അപരന്റെ സുഖത്തിനു വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കുക എന്നതാണ് സാമൂഹിക ജീവിതത്തിന്റെ ഉയര്‍ന്ന തലം. അവിടെ നിന്നും സ്വന്തം സുഖത്തിനു വേണ്ടി അച്ഛനെയും അമ്മയെയും മക്കളെയും ഇല്ലാതാക്കുക എന്നതാണ് നാം കേള്‍ക്കുന്നതും. എടപ്പാളില്‍ ഈ നീച കൃത്യം നടത്തിയത് ഒരു അറിയപ്പെടുന്ന പണക്കാരനാണ്. ലൈംഗികതയുടെ പൂര്‍ത്തീകരണമാണ് വിഷയമെങ്കില്‍ അയാള്‍ക്ക് മറ്റു പല വഴികളുമുണ്ട്. പക്ഷെ തന്റെ പേരക്കുട്ടിയാകാന്‍ മാത്രം പ്രായമുള്ള ഒരു കുട്ടിയില്‍ കാട്ടിക്കൂട്ടുന്ന ഈ പേക്കൂത്തുകള്‍ ഒരു മാനസിക വിഷയം കൂടിയാണ് എന്ന് മനസ്സിലാക്കണം.

ഇതൊരു പഠനം ആവശ്യമുള്ള കാര്യമാണ്. എങ്ങിനെയാണ് മനുഷ്യന് ഇത്ര മാത്രം താഴോട്ടു പോകാന്‍ കഴിയുന്നത്. സാമൂഹിക കുടുംബ ബന്ധങ്ങള്‍ എങ്ങിനെയാണ് പരിധികള്‍ ലംഘിച്ചു കടന്നു പോകുന്നത്?. അച്ഛനെ പേടിച്ചു ജീവിക്കേണ്ട പെണ്‍കുട്ടികള്‍, സ്വന്തം പെണ്‍മക്കളെ മറ്റുള്ളവര്‍ക്ക് കാഴ്ച വെക്കുന്ന മാതാക്കള്‍, ബന്ധങ്ങളെ കുറിച്ചും സുരക്ഷിതത്വത്തെ കുറിച്ചും നാം കാണുന്ന പരിധികള്‍ സ്വയം തകര്‍ന്നു വീഴുന്നു.

കുറ്റവാളികളെ രക്ഷപ്പെടുത്താന്‍ സഹായിക്കുന്ന രാഷ്ട്രീയ ഉദ്യോഗ-തല ബന്ധങ്ങള്‍ നമ്മുടെ സമൂഹത്തെ സ്വാധീനിച്ച മറ്റൊരു ദുരന്തമാണ്. എടപ്പാള്‍ തിയേറ്റര്‍ ഉടമ എല്ലാ തെളിവുകളും സഹിതം നല്‍കിയ കേസ് പോലീസ് തള്ളിക്കളഞ്ഞു എന്നത് ഒരു ചെറിയ കാര്യമല്ല. പോലീസ് എന്ന സംവിധാനത്തിന്റെ മാനുഷിക മൂല്യം എവിടെ നില്‍ക്കുന്നു എന്നതു കൂടി ഇവിടെ ചോദ്യമാണ്. അടുത്തിടെ നമ്മുടെ പോലീസിനെ കുറിച്ച് കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്ര നല്ലതല്ല. എന്ത് ചെയ്താലും രക്ഷപ്പെടുത്താന്‍ രാഷ്ട്രീയക്കാരുണ്ട് എന്ന ധാരണയും മാറണം.

അപ്പോള്‍ ചില കാര്യങ്ങള്‍ മാറിയാല്‍ മാത്രമാണ് കാര്യങ്ങള്‍ നേരെചൊവ്വേ പോകുക. കുറ്റവാളികള്‍ ഇല്ലാതെ സമൂഹം കഴിഞ്ഞു പോയിട്ടില്ല. കുറ്റവാളികള്‍ ആദരിക്കപ്പെടുന്ന സാമൂഹിക അവസ്ഥക്കു മാറ്റം വരണം. കുടുംബ ബന്ധങ്ങളിലെ പവിത്രത മനസ്സിലാക്കപ്പെടണം. അടുത്ത കാലത്തൊന്നും ശിക്ഷ നടപ്പാക്കപ്പെട്ട ഒരു ഉദാഹരണം ചൂണ്ടി കാണിക്കാന്‍ ഇല്ലാത്തതു കൊണ്ട് ഒരു സമയത്തെ ബഹളം കഴിഞ്ഞാല്‍ പിന്നെ എല്ലാം ശാന്തമാണ് എന്ന ബോധവും കുറ്റവാളികള്‍ക്കു കരുത്തേകുന്നു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus