ഫലസ്തീന്റെ ഹൃദയത്തിലേക്കുള്ള യു.എസിന്റെ എംബസി മാറ്റം

അമേരിക്കന്‍ എംബസി ജറൂസലേമിലേക്ക് മാറ്റിയത് ആഘോഷിക്കാനായി ആയിരക്കണക്കിന് ജൂത കുടിയേറ്റക്കാരാണ് അധിനിവേശ കിഴക്കന്‍ ജറൂസലേമില്‍ ഒരുമിച്ചു കൂടിയത്. പൊലിസ് സംരക്ഷണയോടു കൂടി അവര്‍ പഴയ നഗരത്തില്‍ മാര്‍ച്ച് നടത്തി. നൂറുകണക്കിന് ഇസ്രായേലികളാണ് മസ്ജിദുല്‍ അഖ്‌സ പരിസരത്ത് ഇസ്രായേലിന്റെ പതാകയുമേന്തി ആഹ്ലാദ പ്രകടനം നടത്തിയത്. തുടര്‍ന്ന് അവര്‍ അവിടെ വച്ച് പ്രാര്‍ത്ഥിച്ചു.

ഇസ്രായേലിലെ പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് ജറൂസലേമില്‍ യു.എസ് എംബസി തുറക്കുന്നത്. അമേരിക്കന്‍ പ്രതിനിധികള്‍ക്കൊപ്പം ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപും മരുമകനും ട്രംപിന്റെ ഉപദേശകനുമായ ജാര്‍ഡ് കുഷ്‌നര്‍ എന്നിവരാണ് എംബസി ഉദ്ഘാടന ചടങ്ങിലെ മുഖ്യ അതിഥികള്‍. ഉദ്ഘാടനത്തിനു മുന്നോടിയായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കക്ക് ഞായറാഴ്ച സ്വീകരണ പരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുകൊണ്ട് പ്രധാനപ്പെട്ട രാജ്യങ്ങള്‍ക്കെല്ലാം അമേരിക്ക കത്തയച്ചിരുന്നു. എന്നാല്‍ ഭൂരിപക്ഷം വരുന്ന യൂറോപ്യന്‍ രാജ്യങ്ങളും ചടങ്ങ് ബഹിഷ്‌കരിക്കുകയായിരുന്നു.

പഴയ നഗരത്തിലെ ദമസ്‌കസ് ഗേറ്റില്‍ ജൂതകുടിയേറ്റക്കാര്‍ക്കെതിരെ പ്രതിഷേധിക്കുകയാണ് അഫാഫ് അല്‍ ദജാനി. ജൂത കുടിയേറ്റക്കാരെ നോക്കി അവര്‍ പറഞ്ഞു: തീര്‍ച്ചയായും പുതിയ എംബസി മാറ്റം മൂലം ഞങ്ങള്‍ കഷ്ടത അനുഭവിക്കും. ജൂത കുടിയേറ്റക്കാരോട് നമ്മള്‍ നേരത്തെ തന്നെ പ്രയാസമനുഭവിക്കുന്നുണ്ട്. യു.എസിന്റെ എംബസി മാറ്റം ഇസ്രായേലിന്റെ അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കാനെ ഇടയാവൂ- അവര്‍ പറഞ്ഞു.

എന്തുകൊണ്ടാണ് അറബ് ലോകം ഈ വിഷയത്തില്‍ നിശബ്ദത പാലിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവരെല്ലാം ഒരു സിനിമ കാണുന്നതു പോലെ ഈ സംഭവവികാസങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അവരുടെയെല്ലാം മനസാക്ഷി എവിടെപ്പോയി അഫാഫ് അല്‍ ദജാനി സങ്കടത്തോടെ ചോദിക്കുന്നു.

50 വര്‍ഷത്തിലേറെയായി ഇവിടെ ജൂതരുടെ കുടിയേറ്റം നടക്കുന്നുണ്ട്. ഞങ്ങള്‍ ഒരിക്കലും പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ ആശ്രയിച്ചിട്ടില്ല. അറബ് സൈന്യം ഇതുവരെ നമ്മുടെ രക്ഷക്കെത്തിയിട്ടുമില്ല. ഞങ്ങള്‍ക്കറിയാം, അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ തനിച്ചായിരിക്കുമെന്ന് നിറകണ്ണുകളോടെ അവര്‍ പറഞ്ഞു നിര്‍ത്തി.

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics