റമദാനില്‍ യാചന തൊഴിലാക്കിയവര്‍

Jun 09 - 2018

ഒരു പാട് കാലത്തിനു ശേഷമാണു റമദാനില്‍ സ്വസ്ഥതയോടെ നാട്ടിലെത്തിയത്. മാസത്തിന്റെ ഏറ്റവും മഹത്തരമാണ് റമദാന്‍. അതിലെ ഏറ്റവും മഹത്തരമാണ് അവസാനത്തെ പത്തു ദിനങ്ങള്‍. ഏറ്റവും നല്ല കര്‍മങ്ങള്‍ കൊണ്ട് മുസ്ലിംകള്‍ അല്ലാഹുവിനോട് അടുക്കാന്‍ ശ്രമിക്കുന്ന ദിനങ്ങള്‍. സങ്കടകരമെന്നു പറയട്ടെ. ഇന്ന് വീട്ടില്‍ യാചകരുടെ നിരയാണ്. യാചകരെ പടിക്ക് പുറത്തു നിര്‍ത്തിയ കാലങ്ങലാണ് കഴിഞ്ഞു പോയത്. യാചകര്‍ സാമൂഹിക ശല്യമാണ് എന്ന തിരിച്ചറിവാണ് നാം പങ്കു വെച്ചതും.

മുസ്ലിം സമുദായത്തിലെ കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ യാചന ഒരു കലയാക്കി വികസിപ്പിക്കുന്ന ദിനങ്ങള്‍ എന്ന് വേണം ഈ നല്ല ദിനങ്ങളെ കുറിച്ച് പറയാന്‍. കാലത്ത് വീട്ടില്‍ വന്ന പത്തു വയസ്സുകാരന്‍ ചോദിച്ചത് 'സകാത്തിന്റെ പൈസയാണ്'. സകാത്ത് വീടുകള്‍ കയറിയിറങ്ങി വാങ്ങേണ്ട ഒന്നാണെന്ന് ഈ പത്തു വയസ്സുകാരന് ആരാണ് ബോധനം നല്‍കിയത്. പള്ളിയിലേക്കും നമസ്‌കാരത്തിനും സ്ത്രീ വീട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ അത് മത വിരുദ്ധമാണ് എന്ന് പഠിപ്പിച്ചവര്‍ യുവതികളും സ്ത്രീകളും റോഡില്‍ യാചനക്കായി ഇറങ്ങുന്നതില്‍ കാര്യമായി കുഴപ്പം കാണുന്നില്ല എന്ന് മനസ്സിലാക്കണം.

രണ്ടു ദുരന്തങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. ഒന്ന് നല്ല ദിനത്തില്‍ യാചനയുമായി തെരുവില്‍ ഇറങ്ങിയ സമുദായം ദീനിന്റെ ആത്മാഭിമാനത്തിന്  പരുക്കേല്‍പ്പിക്കുന്നു. യാചന തീര്‍ത്തും നിരുത്സാഹപ്പെടുത്തിയ മതമാണ് ഇസ്ലാം. 'ആളുകളോട് ചോദിക്കാത്തവരെ പരിഗണിക്കണം'' എന്നതാണ് ദീനിന്റെ കല്‍പ്പന. അതേ സമയം സമാധാനത്തിന്റെ മലക്കുകള്‍ ഇറങ്ങേണ്ട ദിനങ്ങളില്‍ പൊതു നിരത്തില്‍ പൊതു ജനം ഇറങ്ങുന്നു എന്നതും ദീനിന് എന്നും നാണക്കേട് തന്നെ.

മറ്റൊന്ന് സകാത്ത് എന്ന ഇസ്ലാമിലെ അടിസ്ഥാന വിശ്വാസം അപഹസിക്കപ്പെടുന്നു. തെണ്ടി നടന്നു വാങ്ങേണ്ട ഒന്നാണ് സക്കാത്ത് എന്ന ബോധം ജനത്തില്‍ ജനിപ്പിക്കാന്‍ പൗരോഹിത്യം നല്‍കിയ സംഭാവന വലുതാണ്. ഈ ദീനിന്റെ വിശ്വാസ കാര്യങ്ങളില്‍ ഇടപെടലുകള്‍ നടന്നു എന്നത് പോലെ അനുഷ്ടാന കാര്യങ്ങളിലും ആ ഇടപെടലുകള്‍ നടക്കുന്നു. സകാത്ത് ഒരു വ്യവസ്ഥിതിയുടെ കൂടെ പേരാണ്. അത് നാട് നീളെ നടന്നു യാചിച്ചു വാങ്ങേണ്ട ഒന്നല്ല. ഇസ്ലാമിക സമൂഹത്തിന്റെ അഭിമാനമാണ് സകാത്ത് വ്യവസ്ഥ. കൊടുക്കുന്നവരും വാങ്ങുന്നവരും പരസ്പരം അറിയാത്ത അവസ്ഥ. കൊടുക്കുന്നവര്‍ വാങ്ങുന്നവരെ മാനസിക അടിമത്വത്തില്‍ തളച്ചിടുന്ന ഇന്നത്തെ ഈ അവസ്ഥ കണ്ടു ഇസ്ലാമിന് കണ്ണ് തുടക്കാനെ കഴിയൂ. ഇസ്ലാമിക ലോകത്ത് നന്മയും ഐശ്വര്യവും വിരിയിക്കാന്‍ കാരണമായ സകാത്ത് യാചനയും നിന്ദയും കൊണ്ടുവരുന്നു എന്ന് വരുമ്പോള്‍ അതിനുള്ള കാരണം പൗരോഹിത്യത്തിന്റെ ആലയില്‍ തന്നെ അന്വേഷിക്കണം.
പടി കടന്നു വരുന്ന ആള്‍ക്കൂട്ടം ദീനിന് നല്‍കുന്നത് അപമാനമാണ്. അത് അപമാനമാണ് എന്ന് സ്വയം ബോധ്യം വരാത്ത സമുദായ നേതൃത്വങ്ങള്‍ തന്നെയാണു ഈ ദീനിന്റെ യഥാര്‍ത്ഥ ശത്രുക്കളും

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus