അബ്ദുല്ല അടിയാര്‍

May 02 - 2012
Quick Info

ജനനം : 1935 മെയ് 16
ആദ്യനാമം : വെങ്കടാചലം അടിയാര്‍
ഇസ്‌ലാമാശ്ലേഷണം : 1987
മരണം : 1996 സെപ്റ്റംബര്‍ 19

Best Known for

തമിഴ്‌നാട്ടിലെ പ്രമുഖ പത്രപ്രവര്‍ത്തകനും, നാടകകൃത്തും, രാഷ്ട്രീയ നേതാവും ഇസ്‌ലാമിക പ്രബോധകനുമാണ് അടിയാര്‍.

1935 മെയ് 16 കോയമ്പത്തൂര്‍ ജില്ലയിലെ തിരുപ്പൂരില്‍ ജനിച്ചു. ഇന്റര്‍ മീഡിയറ്റ് വരെ വിദ്യാഭ്യാസം നേടി. സ്‌കൂള്‍-കോളേജ് ജീവിത കാലത്ത് തന്നെ സാഹിത്യരംഗത്ത് സജീവമായി. കോളേജില്‍ തമിഴ് സാഹിത്യ വിഭാഗത്തിന്റെ സെക്രട്ടറിയായിരുന്നു. വിദ്യാഭ്യാസ കാലത്തുതന്നെ അടിയാര്‍; ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ)വുമായി ബന്ധപെട്ട് പ്രവര്‍ത്തിച്ചിരുന്നു. 1949-ല്‍ പാര്‍ട്ടിയില്‍ അംഗമായി. ഡി.എം.കെ യുടെ വളര്‍ച്ചയില്‍ അടിയാറുടെ തൂലിക വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1975-ല്‍ അടിയന്തരാവസ്ഥ കാലത്ത് ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട ഡി.എം.കെ നേതാവ് അടിയാര്‍ ആയിരുന്നു. ജയില്‍ മോചനത്തിന് ശേഷം എം.ജി.ആര്‍ അടിയാറിനെ എ.ഐ.ഡി.എം.കെ യിലേക്ക് ക്ഷണിച്ചു. കുറച്ചുക്കാലം എം.ജി.ആറിനോടൊപ്പം പ്രവര്‍ത്തിച്ചു. പിന്നീട് അദ്ദേഹത്തിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് രാജിവെച്ചു. ആചാര്യ വിനോബാ ഭാവെയുടെ കൂടെ ഭൂദാനപ്രസ്ഥാനത്തില്‍ സജീവമായി പങ്കുകൊണ്ടു. പ്രസ്ഥാനത്തിന്റെ മുഖപത്രമായ 'ഗ്രാംദാനി'ന്റെ പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തമിഴ് നാട്ടിലെ പ്രശസ്ത ദിനപത്രങ്ങളായ 'മുരശൊലി','തെന്നരുള്‍' എന്നിവയുടെ റിപ്പോര്‍ട്ടറായും സഹ പത്രാധിപരായും ജോലി ചെയ്തു. 'നീരോട്ടം' പത്രത്തിന്റെ പത്രാധിപരായിരുന്നു.

അടിയാര്‍ നിരവധി നാടകങ്ങള്‍ എഴിതിയിട്ടുണ്ട്. ഒരുകാലത്ത് സിനിമക്ക് വേണ്ടി സംഭാഷണങ്ങള്‍ എഴുതിയിരുന്നു. തമിഴ് ഭാഷയില്‍ ഉജ്ജ്വലനായ പ്രാസംഗികനായിരുന്നു അടിയാര്‍. 120 നോവലുകള്‍, 13 നാടകം, 13 പുസ്തകങ്ങള്‍ എന്നിവയുടെ കര്‍ത്താവാണ് അദ്ദേഹം.

അടിയന്തരാവസ്ഥയില്‍ മിസ (Maintenance of Internal Securtiy Act) നിയമപ്രകാരം ഒന്നര വര്‍ഷത്തോളം ജയില്‍ ജീവിതമനുഭവിച്ചു. ജയില്‍ ജീവിത കാലത്ത് ഇസ്‌ലാമിനെ സംബന്ധിച്ച് പഠിക്കുകയും ചെയ്തു. ജയില്‍ മോചനത്തിന് ശേഷം തന്റെ പത്രമായിരുന്ന 'നീരോട്ട'ത്തില്‍ 'നാന്‍ കാതലിക്കും ഇസ്‌ലാം' എന്ന പേരില്‍ ഒരു ലേഖന പരമ്പര എഴുതി. ഇതര മതങ്ങളെ അപേക്ഷിച്ച് ഇസ്‌ലാമിനോട് തനിക്കുള്ള പ്രത്യേക സ്‌നേഹത്തിന്റെയും ആദരവിന്റെയും കാരണമാണ് ഇതില്‍ അടിയാര്‍ വിവരിക്കുന്നത്. 1987-ല്‍ ഇസ്‌ലാം മതം സ്വീകരിച്ചു.

1987-ല്‍ ഇസ്‌ലാമാശ്ലേഷണത്തിനു ശേഷം ഇസ്‌ലാമിനെ കുറിച്ച് 12 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. മലയാളം, തെലുങ്ക്, മറാഠി, ഹിന്ദി, ഉര്‍ദു എന്നീ ഭാഷകളില്‍ ഇദ്ദേഹത്തിന്റെ പല കൃതികളും പുറത്തിറങ്ങിയിട്ടുണ്ട്. നാന്‍ കാതലിക്കും ഇസ്‌ലാം, തടവറയില്‍ നിന്ന് പള്ളിയിലേക്ക് എന്നിവ പ്രധാനകൃതികളാണ്. 1982-ല്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ 'Kalaimammani' അവാര്‍ഡ് ലഭിച്ചു. 1996 സെപ്റ്റംബര്‍ 19 ന് അബ്ദുള്ള അടിയാര്‍ അന്തരിച്ചു.