അഹ്മദ് ദീദാത്ത്

May 03 - 2012
Quick Info

മുഴുവന്‍ നാമം : ശൈഖ് അഹ്മദ് ഹുസൈന്‍ ദീദാത്ത്
ജനനം : 1918, ജൂലൈ 1, ഇന്ത്യ
സ്ഥാപനം : ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് പ്രൊപഗേഷന്‍ സെന്റര്‍
മരണം : 2005 ഓഗസ്ത് 8, സൗത്ത് ആഫ്രിക്ക
വെബ്‌സൈറ്റ് : www.ahmed-deedat.net

Best Known for

ഇസ്‌ലാമിക പ്രബോധകന്‍, ഗ്രന്ഥകര്‍ത്താവ്, ബഹുമത പണ്ഡിതന്‍. മതാന്തര സംവാദങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്റിയ വാഗ്മി എന്ന നിലയില്‍ ശ്രദ്ധേയനായി.

ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് പ്രൊപഗേഷന്‍ സെന്റര്‍ എന്ന സ്ഥാപനത്തിന്റെ തുടക്കത്തോടെ ലോകത്ത് ഇസ്‌ലാമിക പ്രബോധകരംഗത്ത് സജീവമായി നിലനിന്നിരുന്ന വ്യക്തിയായിരുന്നു ശൈഖ് അഹ്മദ് ദീദാത്ത്. ഇന്ത്യയില്‍ മഹാരാഷ്ട്രയിലെ സൂറത്തില്‍ 1918-ല്‍ ജനിച്ചു. കടുത്ത ദാരിദ്ര്യത്തിലും ജീവതപ്രയാസത്തിലുമായിരുന്നു ബാല്യം കഴിച്ചുകൂട്ടിയത്. അദ്ദേഹം ജനിച്ച ഉടനെ തന്നെ പിതാവ് ജോലിയാവശ്യാര്‍ഥം തെക്കെ ആഫ്രിക്കയിലേക്ക് പോയി. അവിടെ തയ്യല്‍ക്കാരനായി ജോലി ചെയ്തിരുന്ന പിതാവിന്റെ അടുത്തേക്ക് ദീദാത്ത് എത്തുന്നത് 1926-ലാണ്.

ഒമ്പതാമത്തെ വയസ്സില്‍ അപരിചിതമായ അന്യരാജ്യത്തെത്തിയ ദീദാത്ത് പഠനരംഗത്ത് ഉത്സാഹം കാണിച്ചെങ്കിലും സാമ്പത്തിക പരാധീനത മൂലം പഠനരംഗത്ത് മുന്നോട്ട് പോവാന്‍ സാധിച്ചില്ല. 1936-ല്‍ സൗത്ത് കോജറിലെ ഒരു ക്രിസ്ത്യന്‍ സെമിനാരിക്കു സമീപത്തുള്ള ഒരു ചായകടയില്‍ അദ്ദേഹം ജോലിനോക്കി. സെമിനാരിയില്‍ ക്രിസ്ത്യാനിറ്റി പഠിക്കാന്‍ എത്തിയ ട്രെയിനീസ് ഇടക്കൊക്കെ കടയില്‍ വരുമ്പോള്‍ ഇസ്‌ലാമിനെ ഇകഴ്ത്തി സംസാരിക്കുന്നത് ദീതാത്തും കേള്‍ക്കാറുണ്ടായിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത കൃസ്ത്യന്‍ മിഷണറിമാര്‍ ഇന്ത്യയില്‍ ചെയ്ത പ്രവര്‍ത്തനങ്ങളെ തുറന്നു കാണിക്കുന്ന ഈ ഗ്രന്ഥം കൃസ്ത്യാനിറ്റിയെ പ്രതിരോധിക്കാനുള്ള വഴിവിളക്കായി അദ്ദേഹം കണ്ടു. തുടര്‍ന്ന് ബൈബിള്‍ സ്വന്തമായി പഠിച്ച് അവിടെയെത്തുന്ന ട്രെയിനികളോട് സംവദിക്കാന്‍ അരംഭിച്ചു. എന്നാല്‍ യുക്തിപരമായോ തെളിവുസഹിതമോ അവക്കൊന്നും മറുപടി പറയാന്‍ അവര്‍ക്ക് സാധിച്ചില്ല. കര്‍മ്മകുശലനും ബുദ്ധിമാനുമായ ദീദാത്ത് തുടര്‍ന്ന് കൂടുതല്‍ ആഴത്തില്‍ വിഷയങ്ങള്‍ പഠിക്കാനും ചര്‍ച്ച ചെയ്യാനും തുടങ്ങി. ഇസ്‌ലാമിക പ്രബോധകര്‍ക്കായി ക്ലാസുകളും അസ്സലാം എന്ന സ്ഥാപനവും സ്ഥാപിച്ചു.

ദശലക്ഷക്കണക്കിന് കോപ്പികള്‍ സൗജന്യമായി വിതരണം ചെയ്യപ്പെട്ട ഇരപതിലധികം ഗ്രന്ഥങ്ങള്‍ രചിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് വേദികളില്‍ പ്രമുഖ പാതിരമാരുമായുള്ള സംവാദങ്ങളും പ്രഭാഷണങ്ങളും അരങ്ങേറി. അമ്പത് വര്‍ഷത്തെ മിഷനറി പ്രവര്‍ത്തനത്തെ മുന്‍ നിര്‍ത്തി 1986-ല്‍ ഇസ്‌ലാമിക ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമായ കിംങ് ഫൈസല്‍ ഇന്റര്‍ നാഷണല്‍ അവാര്‍ഡ് ലഭിച്ചു. 1996-ല്‍ സംഭവിച്ച ഒരു പരിക്കുകാരണം ശയ്യാവലംബിയാവുകയും 2005 ഓഗസ്ത് 8 ന് അന്തരിക്കുകയും ചെയ്തു.