ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി

May 03 - 2012
Quick Info

മുഴുവന്‍ നാമം : മുഹമ്മദ് നാസ്വിറുദ്ദീന്‍ ബിന്‍ നൂഹ് അല്‍ അല്‍ബാനി.
ജനനം : 1914
മരണം : 1999 ഒക്‌ടോബര്‍ 4
ഗവേഷണ മേഖല : ഹദീസ് വിജ്ഞാനീയം
വെബ്‌സൈറ്റ് : www.alalbany.net

Best Known for

ഹദീസ് വിജ്ഞാനീയത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ ആധികാരിക പണ്ഡിതന്‍.

ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ഇസ്‌ലാമിക പണ്ഡിതന്‍. ഹദീസിലെ റിപ്പോര്‍ട്ടര്‍മാരെ പറ്റിയുള്ള വിജ്ഞാനത്തില്‍ ഏറ്റവും അറിവുള്ള പണ്ഡിതന്‍. ജനനം: 1914 (1333 ഹി)ല്‍ അന്നത്തെ അല്‍ബേനിയന്‍ തലസ്ഥാനത്തു ജനിച്ചു. പാവപ്പെട്ട കുടുംബം. പിതാവ് പണ്ഡിതനായിരുന്നു. തുടര്‍ന്ന് അദ്ദേഹം പിതാവിന്റെ കൂടെ ദമാസ്‌കസിലേക്ക് പലായനം ചെയ്തു. പ്രാഥമിക വിദ്യാഭ്യാസം അവിടെത്തന്നെയായിരുന്നു. വിദ്യാഭ്യാസം, ഖുര്‍ആന്‍, പാരായണ നിയമം, വ്യാകരണം ഉച്ചാരണ നിയമങ്ങള്‍, ഇമാം അഹ്മദിന്റെ കര്‍മശാസ്ത്രം എന്നിവ പഠിച്ചു. ശൈഖ് സഈദുല്‍ ബുര്‍ഹാനീ ആയിരുന്നു ഹനഫീ കര്‍മശാസ്ത്രത്തില്‍ ഗുരു. പിതാവില്‍നിന്ന് ഘടികാരം നന്നാക്കുന്ന വിദ്യ പഠിച്ചു. അതില്‍ പ്രാവീണ്യം നേടി. ഈ ജോലി ചെയ്യുന്നതിനിടയിലുള്ള ഒഴിവുസമയം കൂടുതല്‍ പഠനത്തിനു ഉപയോഗപ്പെടുത്തി. 

മദീന യൂണിവേഴ്‌സിറ്റിയില്‍ ഹദീസ് അധ്യാപനായി നിയമിക്കപ്പെട്ടു. മൂന്നു വര്‍ഷം നീണ്ടു നിന്ന ആ സേവന കാലത്ത് സനദ്(ഹദീസുകളുടെ നിവേദക പരമ്പര) സഹിതം ഹദീസ് പഠിപ്പിക്കുന്ന ശൈലിയാണ് സ്വീകരിച്ചിരുന്നത്. മറ്റു പല പദവികളും അദ്ദേഹം ഇതിനായി മാറ്റിവെച്ചു. പ്രശസ്തരായ പൗരാണിക ഹദീസ് പണ്ഡിതരെയും അദ്ദേഹം നിരൂപണം ചെയ്തു. അങ്ങനെ ഹദീസ് വിജ്ഞാനീയത്തിന്റെ ആധികാരിക സ്രോതസ്സായി മാറി.

വ്യാജവും ദുര്‍ബലവുമായ ഹദീസുകളെ പറ്റി വിവരിക്കുന്ന നിരവധി വാള്യങ്ങള്‍ തന്നെ അദ്ദേഹം എഴുതി. 'ദുര്‍ബലവും വ്യാജനിര്‍മ്മിതവുമായ ഹദീസുകള്‍ സമുദായത്തില്‍ അവയുടെ സ്വാധീനവും' എന്നാണ് ഗ്രന്ഥത്തിന്റെ പേര്. പ്രബലമായ ഹദീസുകളെ പറ്റി വേറൊരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്. ഹിജാബുല്‍ മര്‍അത്തില്‍ മുസ്‌ലിമ, സ്വിഫാത്തി സ്വലാത്തുന്നബിയ്യ, അഹ്കാമുല്‍ ജനാഇസ്, ആദാബുസ്സിഫാഫ്, തമാമല്‍ മിന്ന തുടങ്ങിയ തുടങ്ങിയ നിരവധി ഹദീസ് ഗ്രന്ഥങ്ങള്‍ അല്‍ബാനി രചിച്ചു. രിയാദുസ്സ്വാലിഹീന്‍, ഫിഖ്ഹുസ്സുന്ന തുടങ്ങിയ പ്രസിദ്ധ ഗ്രന്ഥങ്ങളില്‍ പോലും പ്രമാദങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ രംഗത്ത് അദ്ദേഹം വിമര്‍ശനങ്ങളും നേരിട്ടു. അല്‍ബാനിയുടെ വൈരുദ്ധ്യങ്ങള്‍ തുടങ്ങിയ ഗ്രന്ഥങ്ങളും രംഗത്ത് വന്നു. അതിനെയൊക്കെ ശക്തിയായി നേരിട്ടു. 1999 ഒക്‌ടോബര്‍ നാലിന് 85-ാം വയസ്സില്‍ നിര്യാതനായി.