അലി ശരീഅത്തി

May 04 - 2012
Quick Info

ജനനം: 1933
രാജ്യം : ഇറാന്‍
മരണം : 1977 ജൂണ്‍ 19

Best Known for

പ്രസിദ്ധ ഇറാനീ സാമൂഹ്യശാസ്ത്രജ്ഞന്‍. ഇറാന്‍ ഇസ്‌ലാമിക വിപ്ലവത്തിന്റെ സൈദ്ധാന്തികാചാര്യന്‍ എന്നറിയപ്പെടുന്നു. മതത്തിന്റെ സാമുഹ്യമുഖത്തെക്കുറിച്ച രചനകളിലൂടെ പ്രസിദ്ധനായി.

ഇറാനിലെ ഖുറാസാന്‍ പ്രവിശ്യയിലെ മാസിനാന്‍ ഗ്രാമത്തില്‍ 1933-ല്‍ ജനനം. ഇറാന്‍ ദേശീയപ്രസ്ഥാനത്തിന്റെ നേതാവും പുരോഗമന ഇസ്‌ലാമിക ചിന്തകനുമായിരുന്ന മുഹമ്മദ് തഖീ ശരീഅത്തിയുടെ മകന്‍. ആദ്യകാലത്ത് ദേശീയപ്രസ്ഥാനത്തിന്റെ യുവജനവിഭാഗത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ചു. ഇറാനിലെ ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ടിരുന്ന മുസദ്ദിഖ് സര്‍ക്കാറിനെ മുഹമ്മദ് രിസാ ഷാ പിരിച്ചു വിട്ടതോടെ മഹ്ദീ ബാരിസ്ഖാനും ആയത്തുല്ലാ ത്വലഖാനിയും ആയത്തുല്ലാ സഞ്ചാനിയും രൂപം കൊടുത്ത പ്രതിരോധപ്രസ്ഥാനത്തില്‍ ചേര്‍ന്നു. ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥിയായിരിക്കേ(1958) ഭരണകൂട വിരുദ്ധസമരങ്ങളിലേര്‍പ്പെട്ടതിന് ആറു മാസം തടവിന് ശിക്ഷിക്കപ്പെട്ടു. സമരപ്രവര്‍ത്തനങ്ങള്‍ക്കിടയിലും ഡിസ്റ്റിംഗ്ഷനോടെ യൂനിവേഴ്‌സിറ്റി ബിരുദം നേടിയ ശരീഅത്തി ഉപരിപഠനത്തിനായി ഫ്രാന്‍സിലേക്കയക്കപ്പെട്ടു.

ഫ്രാന്‍സിലെ സോര്‍ബോണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും മതത്തിന്റെ സാമൂഹ്യശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടി. പുറമേ ഇസ്‌ലാമിക ചരിത്രത്തിലും ഡോക്ടറേറ്റ് നേടിയ അദ്ദേഹം ഫ്രാന്‍സില്‍ തന്റെ രാഷ്ട്രീയപ്രവര്‍ത്തനം തുടര്‍ന്നു. 1961-ല്‍ ബാരിസ്ഖാനും ത്വലഖാനിയും രൂപവത്കരിച്ച ഇറാന്‍ വിമോചനപ്രസ്ഥാനത്തിന്റെ യൂറോപ്യന്‍ ശാഖ ശരീഅത്തി ഫ്രാന്‍സില്‍ സ്ഥാപിച്ചു.

അറുപതുകളുടെ മധ്യത്തില്‍ ഇറാനിലേക്ക് മടങ്ങിയ അദ്ദേഹം ഫ്രാന്‍സില്‍ നിരോധിത രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു എന്ന കുറ്റത്തിന് അതിര്‍ത്തിയില്‍ വെച്ച് പിടിക്കപ്പെട്ടു. ജയിലില്‍ നിന്നും പുറത്തു വന്ന ശരീഅത്തി മശ്ഹദ് യൂനിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി നിയമിക്കപ്പെട്ടു. മാസീന്യൂന്റെ സല്‍മാനുല്‍ ഫാരിസി എന്ന ഗ്രന്ഥം തര്‍ജ്ജമപ്പെടുത്തിയത് ഇക്കാലയളവിലാണ്. ഭരണകൂടത്തിനെതിരായ പൊതുജനാഭിപ്രായം രൂപവത്കരിക്കുന്നതില്‍ ശരീഅത്തിയുടെ പ്രസംഗങ്ങള്‍ക്കും എഴുത്തുകള്‍ക്കും പ്രധാനപങ്കുണ്ടെന്ന് മനസ്സിലാക്കിയ ശാഹ് ഭരണകൂടം അദ്ദേഹത്തെ യൂനിവേഴ്‌സിറ്റിയില്‍ നിന്നും പുറത്താക്കുകയും ഒരു പ്രൈമറി സ്‌കൂളില്‍ അദ്ധ്യാപകനായി നിയമിക്കുകയും ചെയ്തു. പിന്നീട് തെഹ്‌റാന്‍ യൂനിവേഴ്‌സിറ്റിയിലേക്ക് അദ്ദേഹത്തെ മാറ്റി. ഷായുടെ രഹസ്യപ്പോലീസായിരുന്ന സവാക്കിന്റെ ചാരക്കണ്ണുകള്‍ ശരീഅത്തിയെ സദാ പിന്തുടര്‍ന്നിരുന്നു.

ഇസ്‌ലാമിക പ്രചാരണങ്ങള്‍ക്കു വേണ്ടി 1969-ല്‍ ഹുസൈനിയ്യത്തുല്‍ ഇര്‍ശാദ് സ്ഥാപിക്കപ്പെട്ടു. ഹുസൈനിയ്യത്തുല്‍ ഇര്‍ശാദിന്റെ പ്രവര്‍ത്തനങ്ങള്‍ അതിരുകടക്കുന്നുവെന്ന് മനസ്സിലാക്കിയ ഭരണകൂടം 1973-ല്‍ കേന്ദ്രം അടച്ചു പൂട്ടി ശരീഅത്തിയേയും പിതാവിനേയും അറസ്റ്റ് ചെയ്തു. പതിനെട്ട് മാസത്തോളം ജയിലറയില്‍ കഠിനമായ പീഡനങ്ങള്‍ സഹിക്കേണ്ടി വന്ന ശരീഅത്തി അള്‍ജീരിയന്‍ അധികൃതരുടെ പ്രേരണയാല്‍ 1975-ല്‍ വിട്ടയക്കപ്പെട്ടു. ഭരണകൂടത്തിന്റെ കര്‍ശനമായ നിരീക്ഷണത്തിനു കീഴെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കപ്പെട്ട അദ്ദേഹത്തിന് 1977 മേയില്‍ ഇറാനില്‍ നിന്നും നാടു വിട്ട് പോകാനുള്ള അനുമതി ലഭിച്ചു. തുടര്‍ന്ന് ലണ്ടനിലെത്തിയെ ശരീഅത്തിയെ ഏതാനും ആഴ്ച്ചകള്‍ക്ക് ശേഷം 1977 ജൂണ്‍ 19ന് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് ഭരണകൂട ഭാഷ്യമെന്നാലും ഷായുടെ ചാരസംഘടനയായ സവാക്ക് ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് വ്യാപകമായി സംശയിക്കപ്പെടുന്നത്.