ഡോ. അലി സ്വല്ലാബി

May 04 - 2012
Quick Info


ജനനം : 1963, ബെന്‍ഗാസി
രാജ്യം : ലിബിയ
സ്ഥാപകന്‍ : National Gathering for Freedom, Justice and Development

Best Known for

ഇസ്‌ലാമിക പണ്ഡിതന്‍, ചരിത്രകാരന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍. ലോകമുസ്‌ലിം പണ്ഡിതവേദിയില്‍ അംഗമായിരുന്നു. 2011-ലെ അറബ് വിപ്ലവാനന്തരമുള്ള രാഷ്ട്രീയ നിര്‍മ്മാതക്കളിലെ മുന്നണിപ്പോരാളി.

1963-ല്‍ ലിബിയയിലെ ബന്‍ഗാസി പട്ടണത്തില്‍ ജനിച്ചു. ചെറുപ്പത്തില്‍ തന്നെ പാരമ്പര്യ മതപാഠശാലയില്‍ നിന്ന് വിദ്യയഭിസിക്കാന്‍ ആരംഭിച്ചു. സെക്കന്ററി വിദ്യാഭ്യാസത്തിനു മുമ്പു തന്നെ അറബി ഭാഷയിലും ഖുര്‍ആനിലും വേണ്ടത്ര അവഗാഹം നേടി. ഇസ്‌ലാമിക ശരീഅത്തില്‍ പ്രാഗല്‍ഭ്യം നേടുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനനുയോജ്യമായ സ്ഥലമായി അദ്ദേഹം മനസില്‍ കണ്ടത് മദീനയിലെ അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയായിരുന്നു. നാലുവര്‍ഷത്തോളം അവിടെ ചെലവഴിച്ചു ഒന്നാം റാങ്കോടെ ബിരുദം നേടി. ശരീഅത്തിനോടുള്ള അദ്ദേഹത്തിന്റെ താത്പര്യമാണത് വ്യക്തമാക്കുന്നത്.

ലിബിയന്‍ വിപ്ലവത്തിന്റെ സംഭവവികാസങ്ങള്‍ പൊതുജനങ്ങള്‍ക്ക് വ്യക്തമാക്കുന്നതില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചു. ഖദ്ദാഫിയുടെ കാലത്ത് ലിബിയയില്‍ പൊതുജനങ്ങള്‍ അനുഭവിക്കേണ്ടിവന്ന യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവന്നതും അദ്ദേഹത്തിലൂടെയായിരുന്നു. സമീപകാലം വരെ ഇസ്‌ലാമിക ചരിത്രത്തിന് വലിയ സംഭാവനകളര്‍പ്പിച്ച ഒരു പ്രബോധകനായിട്ടാണദ്ദേഹം അറിയപ്പെട്ടിരുന്നത്. സന്ദര്‍ഭവും സാഹചര്യവും അദ്ദേഹത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ വ്യാപൃതനാക്കിയിരിക്കുകയായിരുന്നു. ഉമര്‍ മുഖ്താറിനെ പോലുള്ള പ്രഗല്‍ഭ വ്യക്തിത്വങ്ങള്‍ക്ക് ജന്മം നല്‍കിയ ലിബിയ വലിയ പ്രതിസന്ധിയിലായിരുന്നു ഖദ്ദാഫിയുടെ അക്രമം നിറഞ്ഞ ഭരണകാലം. അത്തരം കാലഘട്ടത്തില്‍ സ്വല്ലാബിയെ പോലുള്ള ഒരു കര്‍മ്മശാസ്ത്രജ്ഞന് അവിടെ തന്റെ സാന്നിദ്ധ്യം അറിയിക്കാതിരിക്കാനാവില്ല.

ഇസ്‌ലാമിക വിജ്ഞാനത്തിന് പേരുകേട്ട സ്ഥാപനമായ സുഡാനിലെ ഓംഡുര്‍മാന്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. തഫ്‌സീറിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ഉയര്‍ന്ന മാര്‍ക്കോടെ 1996-ല്‍ ബിരുദാനന്തര ബിരുദം നേടി. 1999-ല്‍ അവിടെ നിന്നു തന്നെ ഡോക്ടറേറ്റും നേടി. 'ആധിപത്യത്തിന്റെ കര്‍മ്മശാസ്ത്രം ഖുര്‍ആനില്‍' എന്ന അദ്ദേഹത്തിന്റെ പ്രബന്ധം ഗൈഡിന്റെയും അധ്യാപകരുടെയും പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു.

പഠനകാലത്തുതന്നെ വിവിധ രാജ്യങ്ങളിലെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. പല ഇസ്‌ലാമിക വേദികളിലും അംഗത്വമുണ്ടായിരുന്നു.

പ്രധാന ഗ്രന്ഥങ്ങള്‍: അഖീദത്തുല്‍ മുസ്‌ലിമീന്‍ ഫി സ്വിഫാതി റബ്ബില്‍ആലമീന്‍, അല്‍ വസത്വിയ്യ ഫില്‍ ഖുര്‍ആനില്‍ കരീം, മൗസൂഅഃ അസ്സീറഃ അന്നബവിയ്യ, ഫാതിഹ് ഖുസ്ത്വന്‍ത്വീനിയ്യ സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഫാതിഹ്