ശൈഖ് അലി ത്വന്‍ത്വാവി

May 04 - 2012
Quick Info

ജനനം : 1909 ജൂണ്‍ 12
രാജ്യം : ഈജിപ്ത്
മരണം : 1999, ജിദ്ദ

Best Known for

ഇസ്‌ലാമിക പണ്ഡിതന്‍, ചരിത്രകാരന്‍, പത്രപ്രവര്‍ത്തകന്‍, അധ്യാപകന്‍. ഇസ്‌ലാമിക സേവനത്തിനുള്ള ഫൈസല്‍ അവാര്‍ഡ്(1990) ലഭിച്ചു. ഈജിപ്തിലെ ഗ്രാന്റ് മുഫ്തി ആയിരുന്നു.

1909 ജൂണ്‍ 12-ന് ദമസ്‌കസില്‍ ജനിച്ചു. സെക്കന്ററി വിദ്യാഭ്യാസാനന്തരം 1933-ല്‍ നിയമബിരുദം നേടി. ഇഖ്‌വാന്‍ നേതാവ് സയ്യിദ് ഖുത്വുബ് കൈറോ ദാറുല്‍ ഉലൂമില്‍ സഹപാഠി ആയിരുന്നു. 1936-ല്‍ ഇറാഖില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി സിറിയയിലേക്ക് മടങ്ങി. അവിടെ ശരീഅത് കോടതി ന്യായാധിപനായി. 1963-ല്‍ സുഊദി അറേബ്യയിലേക്ക് താമസം മാറ്റി. സുഊദി ടി.വി.യില്‍ നൂറുന്‍ വ ഹിദായാ (പ്രകാശവും സന്മാര്‍ഗവും) എന്ന പേരില്‍ സ്ഥിരമായി, സംശയങ്ങള്‍ക്ക് ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിലൂടെ മറുപടിനല്‍കുന്ന പരിപാടി ജനപ്രീതി ആര്‍ജിച്ചു. ഫതല്‍ അറബ്, അല്‍-അയ്യാം എന്നീ പത്രങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഇസ്‌ലാമിക പ്രബോധന രംഗത്തെ സേവനങ്ങള്‍ മാനിച്ച് 1990-ല്‍ തന്‍ത്വാവിക്ക് കിംഗ് ഫൈസല്‍ അവാര്‍ഡ് ലഭിച്ചു.

തഅ്‌രീഫുന്‍ ആമ്മുന്‍ ബിദീനില്‍ ഇസ്‌ലാം ഏറെ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്. ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങള്‍ യുക്തിയുടേയും ശാസ്ത്രീയ ഗവേഷണങ്ങളുടേയും ഇസ്‌ലാമിക പ്രമാണങ്ങളുടേയും വെളിച്ചത്തില്‍ വിശകലനം ചെയ്യുന്ന ഈ കൃതിക്ക് ദ ഫെയ്ത് ( The Faith) എന്ന പേരില്‍ ഇംഗ്ലീഷ് മൊഴിമാറ്റമുണ്ട്. ഇതിന്റെ മലയാള വിവര്‍ത്തനം 'ഇസ്ലാമിക വിശ്വാസം' എന്ന പേരില്‍ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 10 വാള്യങ്ങളിലായി ആത്മകഥ പ്രസിദ്ധീകരിച്ചു. റസാഇലുല്‍ ഇസ്വ്‌ലാഹ് ബശ്ശാറുബ്‌നു ബുര്‍ദ്, റസാഇലു സൈഫില്‍ ഇസ്‌ലാം, ഫിത്തഹ്‌ലീലില്‍ അദബി, ഉമറുബ്‌നുല്‍ ഖത്വാബ് (രണ്ടു ഭാഗം), കിതാബുല്‍ മഹ്ഫൂളാത്, ഫീ ബിലാദില്‍ അറബ്, മിനത്താരീഖില്‍ ഇസ്വ്‌ലാഹ്, ദിമശ്ഖ്, മിന്‍ നഫ്ഹാതില്‍ ഹറം, ഹുതാഫുല്‍ മജ്ദ്, മിന്‍ ഹദീഥിന്നഫ്‌സ്, അല്‍ ജാമിഉല്‍ ഉമവി ഫീ ഇന്‍ദൂനിസിയാ, ഫുസ്വൂലുല്‍ ഇസ്‌ലാമിയ്യ, മഅന്നാസ്, ബഗ്ദാദ് എന്നിവ മികച്ച കൃതികളില്‍പെടുന്നു. ഇസ്‌ലാമിക വിജ്ഞാനീയം, നാടകം, കഥ, ബാലസാഹിത്യം, ആത്മകഥ എന്നീ ഇനങ്ങളില്‍ 50-ലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവ്.