Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയിലെ 127 ഇന്റര്‍നെറ്റ് റദ്ദാക്കലില്‍ 54ഉം പ്രതിഷേധം അടിച്ചമര്‍ത്താന്‍

ഡല്‍ഹി: ഇന്ത്യയിലെ 127 ഇന്റര്‍നെറ്റ് റദ്ദാക്കലില്‍ 54 എണ്ണവും സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ വേണ്ടിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. 2020നും 2022നും ഇടയിലുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നത്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും ഫ്രീഡം ഫൗണ്ടേഷനുമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇതില്‍ 37 എണ്ണം പരീക്ഷകളിലെ കോപ്പിയടി തടയാനാണ്. 18 എണ്ണം കേസുകളില്‍ വര്‍ഗീയ കലാപം തടയാനും 18 എണ്ണം മറ്റ് ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമാണെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് നിരോധനം നടപ്പിലാക്കുന്ന കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടില്ല.

2020 മുതല്‍ 2022 വരെ ഇന്ത്യയിലെ 18 സംസ്ഥാനങ്ങളില്‍ ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ചും ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷനും പറഞ്ഞു. ഇതില്‍ 11 സംസ്ഥാനങ്ങള്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച പ്രകാരം സസ്‌പെന്‍ഷന്‍ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, മണിപ്പൂര്‍, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഒഡീഷ, തെലങ്കാന എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍.

രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്, അവിടെ മൊത്തം 85 റദ്ദാക്കലില്‍ 44 എണ്ണം പ്രതിഷേധങ്ങള്‍ തടയാനോ അതുമായി ബന്ധപ്പെട്ടോ ആയിരുന്നു. 28 ഉത്തരവുകള്‍ പരീക്ഷകളിലെ കോപ്പിയടി തടയുന്നതിനും വര്‍ഗീയ കലാപം തടയുന്നതിനോ അതിനോടുള്ള പ്രതികരണമെന്നോണം ഒമ്പതും സംസ്ഥാനത്തെ മറ്റ് ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നാല് ഉത്തരവുമാണ് രാജസ്ഥാനില്‍ പുറപ്പെടുവിച്ചത്.

2022 ജൂലൈ മുതല്‍ 2023 ഫെബ്രുവരി വരെ ഇന്ത്യയില്‍ നടത്തിയ ഗവേഷണങ്ങളുടെയും അഭിമുഖങ്ങളുടെയും അടിസ്ഥാനത്തിലാണ് തങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ചും ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷനും പറഞ്ഞു.

2021-ല്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ രേഖപ്പെടുത്തിയത് ഇന്ത്യയാണെന്ന് അന്താരാഷ്ട്ര ഡിജിറ്റല്‍ അവകാശ ഗ്രൂപ്പായ ആക്സസ് നൗ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. 2021ല്‍ ആഗോളതലത്തില്‍ നടന്ന 182 ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകളില്‍ 106 എണ്ണം ഇന്ത്യയില്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇതില്‍ 85 എണ്ണം ജമ്മു കശ്മീരില്‍ സര്‍ക്കാരിന്റെ ‘തീവ്രവാദ വിരുദ്ധ നടപടികളുടെ’ ഭാഗമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയാണെന്നും അവരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Related Articles