ഡോ. ഇന്‍ഗ്രിഡ് മാറ്റ്‌സണ്‍

Jun 08 - 2012
Quick Info

ജനനം : 1963
സംഘടന : ഇസ്‌ന
രാജ്യം : കാനഡ, നോര്‍ത്ത് അമേരിക്ക

Best Known for

കനഡയിലെ ഒരു സന്നദ്ധപ്രവര്‍ത്തകയും ഇസ്‌ലാംമതം സ്വീകരിച്ച ഒരു പ്രൊഫസറും ഇസ്‌ന (ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക)യുടെ ആദ്യ വനിതാ പ്രസിഡന്റ്

1963-ല്‍ കിച്ചനര്‍ എന്ന പ്രദേശത്താണ് ഇവരുടെ ജനനം. വാട്ടര്‍ലൂ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തത്ത്വശാസ്ത്രത്തിലും ഫൈന്‍ ആര്‍ട്‌സിലും പഠനം പൂര്‍ത്തിയാക്കി. കത്തോലിക്കന്‍ വിശ്വാസിയായി വളര്‍ന്ന അവര്‍, കൗമാര കാലത്ത് മതത്തില്‍ താല്പര്യമില്ലാതാവുകയും ആത്യന്തികമായി മതമുപേക്ഷിക്കുകയും ചെയ്തു. വാട്ടര്‍ലൂ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷത്തില്‍ പാരീസിലേക്ക് പോയ അവര്‍ അവിടെ സഹപാഠികളായിരുന്ന സെനഗല്‍ മുസ്‌ലിംകളുമായി പരിചയപ്പെടുകയും ഒരു കൊല്ലത്തെ പഠനങ്ങള്‍ക്ക് ശേഷം ശേഷം ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.

1987-ല്‍ പാകിസ്താനിലെ അഫ്ഗാന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ സേവനമനുഷ്ഠിച്ച അവര്‍ അവിടെ നിന്ന് പരിചയപ്പെട്ട ആമിര്‍ അതീക് എന്ന ഈജിപ്ഷ്യന്‍ എഞ്ചിനീയറെ വിവാഹം കഴിച്ചു.

പിന്നീട് 1999-ല്‍ ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇസ്‌ലാമിക പഠനത്തില്‍ ഡോക്ടറേറ്റ് നേടിയ അവര്‍ ഇപ്പോള്‍ കനഡയിലെ സജീവ സാമൂഹികപ്രവര്‍ത്തകയാണ്. മക്ഡൊണാള്‍ഡ് സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ്, കണക്റ്റികട്ടിലെ ഹാര്‍ട്‌ഫോര്‍ഡ് സെമിനാരി (ഇസ്‌ലാമിക് സ്റ്റഡീസ് ആന്റ് ക്രിസ്ത്യന്‍-മുസ്‌ലിം റിലേഷന്‍സ്) എന്നിവിടങ്ങളില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചു.

2001-ല്‍ ഇസ്‌നയുടെ ഉപാദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട അവര്‍ 2006-ല്‍ അദ്ധ്യക്ഷയായി ചുമതലയേറ്റു. സംഘടനയുടെ അമരത്തെത്തുന്ന ആദ്യത്തെ മതപരിവര്‍ത്തനം ചെയ്ത വ്യക്തികൂടിയാണിവര്‍. Muhammad: Legacy of a Prophet(2002) എന്ന പേരില്‍ യൂണിറ്റി പ്രൊഡക്ഷന്‍ ഡിപാര്‍ട്‌മെന്റ് പുറത്തിറക്കിയ ഡോക്യുമെന്ററിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു. 2011-ല്‍ Huron University College of The University of Western Ontario ലെ ആഗ്ലിക്കന്‍ തിയോളജി വകുപ്പ് അവരെ ഇസ്‌ലാമിക പഠനപരിപാടിയുടെ അധ്യക്ഷനായി പ്രഖ്യാപിച്ചു.