ജി.ഐ.ഒ

Jun 12 - 2012
Quick Info

പൂര്‍ണനാമം : ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍
ആസ്ഥാനം : ഹിറാ സെന്റര്‍, കോഴിക്കോട്
രൂപീകരണം : 1984

Best Known for

വിദ്യാര്‍ഥിനികള്‍ക്കും യുവതികള്‍ക്കും വേണ്ടി ജമാഅത്തെ ഇസ്‌ലാമി കേരളയുടെ ആഭിമുഖ്യത്തില്‍ 1984-ല്‍ സ്ഥാപിതമായി രൂപീകൃതമായ സംഘടന.

ഇസ്‌ലാമികാടിത്തറയില്‍ വിദ്യാര്‍ഥിനികളുടെയും യുവതികളുടെയും സര്‍വതോന്മുഖമായി ശാക്തീകരണം ലക്ഷ്യമാക്കി 1984-ല്‍ കേരളത്തില്‍ രൂപം കൊണ്ട വനിതാ സംഘടനയാണ് ജി.ഐ.ഒ. കേരളത്തിലാണ് ജി.ഐ.ഒ രൂപം കൊണ്ടതെങ്കിലും കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതേ പേരില്‍ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളിലെ ഘടകങ്ങള്‍ തമ്മില്‍ സംഘടനാബന്ധങ്ങളില്ല.

ദീനിനെ കുറിച്ച് ശരിയായ അറിവും അവബോധവും ഉണ്ടാക്കിയെടുക്കുക, ഇസ്‌ലാമികവും ആധുനികവുമായ വിജ്ഞാനം നല്‍കി അവരെ വളര്‍ത്തിയെടുക്കുക, സ്ത്രീ സമൂഹത്തെ അന്ധവിശ്വാസത്തില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മോചിപ്പിച്ച് ഇസ്‌ലാമികാധ്യാപനങ്ങളുടെ യഥാര്‍ഥ മാതൃകകളാക്കുക, പെണ്‍കുട്ടികളുടെ ധൈഷണികവും വൈജ്ഞാനികവും സര്‍ഗാത്മകവുമായ ശേഷികള്‍ വളര്‍ത്തിയെടുക്കുക, സേവന മനസ്സ് സൃഷ്ടിക്കുക, സാമൂഹിക സാസ്‌കാരിക പ്രശ്‌നങ്ങളില്‍ ധാര്‍മ്മികതയുടെ പക്ഷത്ത് നിന്ന് ഇടപെടുക, സാസ്‌കാരികാധിനിവേശത്തെ പ്രതിരോധിക്കുക, സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുക, മാതൃകാകുടുംബം കെട്ടിപ്പടുക്കുന്നതിന് സ്ത്രീ സമൂഹത്തെ പ്രാപ്തരാക്കുക തുടങ്ങിയവയാണ് പ്രധാനലക്ഷ്യങ്ങള്‍. കാമ്പസിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ ഊന്നല്‍ നല്‍കുന്നു.

മത ജാതി പരിഗണനകളില്ലാതെ 13 മുതല്‍ 25 വരെ വയസ്സുള്ള ഏത് പെണ്‍കുട്ടിക്കും, പാര്‍ട്ടി ഭരണഘടനയും വ്യവസ്ഥയും അംഗീകരിച്ച് സംഘടനയില്‍ അംഗമാകാം. സെമിനാറുകള്‍, കോണ്‍ഫറന്‍സ്, കണ്‍വെന്‍ഷനുകള്‍, പഠന കാമ്പുകള്‍, മത്സരങ്ങള്‍, പ്രദര്‍ശനങ്ങള്‍, സ്‌ക്വാഡ് വര്‍ക്കുകള്‍, പഠനസഹായങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തന പരിപാടികളും ജി.ഐ.ഒ സംഘടിപ്പിച്ചു വരുന്നു.

സ്ത്രീപീഢനം, നഗ്നതാ പ്രദര്‍ശനങ്ങള്‍, ലഹരിപദാര്‍ഥങ്ങള്‍ തുടങ്ങിയ സാമൂഹിക തിന്മകള്‍ക്കെതിരെ സമൂഹമനസാക്ഷിയെ ഉണര്‍ത്തുന്ന നിരവധി പ്രചാരണപരിപാടികളും ജി.ഐ.ഒ സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ ശരീഅത്ത് വിവാദകാലത്ത് നടത്തിയ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍, പ്രവാചകന്‍ വനിതാ വിമോചകന്‍ കാമ്പയിന്‍, മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍, സര്‍ക്കാറിന്റെ മദ്യനയം, സൗന്ദര്യമത്സരങ്ങള്‍ക്കെതിരെ നടത്തിയ പരിപാടികള്‍, ഹോട്ടലുകളിലെ കാബറെ നൃത്തം, പെണ്‍വാണിഭം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിഷേധം എന്നിങ്ങനെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

വനിതാവിമോചനം വിശ്വാസത്തിലൂടെ എന്ന പ്രമേയത്തില്‍ 1989-ല്‍ ജില്ലാ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. 1993 ജനുവരി 9,10 തീയതികളില്‍ ജി.ഐ.ഒയുടെ പ്രഥമ സംസ്ഥാന സമ്മേളനം തിരൂരില്‍ നടന്നു. 2000-ല്‍ സ്ത്രീ പദവിയും മഹത്വവും എന്ന വിഷയം പ്രമേയമാക്കി വിവിദ സൗഹാര്‍ദ പരിപാടികള്‍ നടത്തി. ആരോഗ്യ ക്ലാസുകള്‍, ഫിലിം പ്രദര്‍ശനം എന്നിവയും നടത്തുന്നു. എസ്.ഐ.ഒ വുമായി സഹകരിച്ച് കാമ്പസ് തെരഞ്ഞെടുപ്പുകളില്‍ ജി.ഐ.ഒ മത്സരിക്കുന്നു. 20 അംഗ സ്റ്റേറ്റ് കൗണ്‍സിലാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വ നല്‍കുന്നത്. രണ്ട് വര്‍ഷമാണ് കാലാവധി. ജി ഐ ഒവിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റ് കെ. കെ. സുഹ്‌റയും സെക്രട്ടറി ടി. ഫാതിമസുഹ്‌റയുമാണ്. എ. റഹ്മതുന്നിസാ, എം. മുനീറ, പി. മറിയുമ്മ, പി.വി റഹ്മാബി, സൗദ പടന്ന, ശബീന ശര്‍ഖി, കെ.പി സല്‍വാ, കെ.കെ റഹീന, എം.കെ സുഹൈല തുടങ്ങിയവര്‍ 2012 വരെയുള്ള പ്രസിഡന്റുമാരാണ്. റുക്‌സാനയാണ് ഇപ്പോഴത്തെ പ്രസിഡന്റ്‌.