ജമാഅത്തെ ഇസ്‌ലാമി കേരള

Jun 12 - 2012
Quick Info

രൂപീകരണം : 1948
പ്രഥമ അമീര്‍ : ഹാജി.വി.പി മുഹമ്മദലി
വെബ്‌സൈറ്റ് : www.jihkerala.org
ആസ്ഥാനം : ഹിറ സെന്റര്‍, കോഴിക്കോട്
അമീര്‍ : ടി. ആരിഫലി

Best Known for

ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കേരളഘടകം. 1948-ല്‍ നിലവില്‍ വന്നു. കേരളത്തില്‍ മതസാമൂഹികരാഷ്ട്രീയ മേഖലയില്‍ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനം.

1941 ഓഗസ്റ്റ് 26ന് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാമിക നവോത്ഥാന നായകരില്‍ ഒരാളായ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ നേതൃത്വത്തില്‍ സ്ഥാപിതമായി. സയ്യിദ് മൗദൂദി ഹൈദരാബാദില്‍ നിന്നും പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന തര്‍ജുമാനുല്‍ ഖുര്‍ആനിന് കേരളത്തിലെ പണ്ഡിതന്മാര്‍ക്കിടയില്‍ അക്കാലത്ത് പ്രചാരമുണ്ടായിരുന്നു. 1935 മുതല്‍ കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖപത്രമായ അല്‍ മുര്‍ശിദ് മാസികയില്‍ മൗലാനാ മൗദൂദിയുടെ ലേഖനങ്ങളുടെ പരിഭാഷ പ്രസിദ്ധീകരിച്ചിരുന്നു. കെ.എം. മൗലവിയായിരുന്നു ഇതിന്റെ പത്രാധിപരും വിവര്‍ത്തകനും. ഇത് കേരളത്തിലെ പണ്ഡിതന്മാര്‍ക്കിടയില്‍ മൗദൂദി സാഹിബിന്റെ ആശയങ്ങളോട് ആഭിമുഖ്യമുണ്ടാവാന്‍ ഇടയാക്കി. മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത എടയൂരിലെ വി.പി. മുഹമ്മദലി എന്ന ഹാജിസാഹിബ് ഇവരില്‍പ്പെടുന്നു. ഉമറാബാദിലെ ജാമിഅ ദാറുസ്സലാമില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് അദ്ദേഹം മൗദൂദിസാഹബിനെ നേരില്‍ കാണുക എന്ന ലക്ഷ്യത്തോടെ പഠാന്‍കോട്ടിലെ ദാറുല്‍ ഇസ്‌ലാമിലേക്ക് പോയത്. വി.പി. മുഹമ്മദലി എന്ന ഹാജിസാഹിബ് ജമാഅത്തിന്റെ പ്രഥമ കേന്ദ്രമായ പഞ്ചാബിലെ പഠാന്‍കോട്ടിലെ ദാറുല്‍ ഇസ്‌ലാമില്‍നിന്ന് പ്രഥമ അമീര്‍ കൂടിയായ മൗലാനാ മൗദൂദിയെ സന്ദര്‍ശിച്ച് തിരിച്ചെത്തിയ ശേഷം കോഴിക്കോട്ട് സംഘടനയുടെ പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തില്‍ ജമാഅത്ത് പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ മൗദൂദിസാഹിബ് തന്നെ അദ്ദേഹത്തെ നിയോഗിക്കുകയായിരുന്നു. കോഴിക്കോട്ട് പട്ടാളപ്പള്ളിയിലെ ഖത്തീബായിരുന്ന ഹാജിസാഹിബ് സ്വദേശമായ വളാഞ്ചേരിയിലും പ്രവര്‍ത്തിച്ചു. ആദ്യമെ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു ഘടകം സ്ഥാപിക്കുന്നതിനു പകരം, വളാഞ്ചേരിയില്‍ ജമാഅത്തുല്‍ മുസ്തര്‍ശിദീന്‍ എന്ന പേരില്‍ ഒരു സംഘടന രൂപവത്കരിക്കുകയും അതിന്റെ കീഴില്‍ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമായി മുന്നോട്ടുകൊണ്ടു പോവുകയുമായിരുന്നു അദ്ദേഹം. നാലു വര്‍ഷങ്ങള്‍ക്കു ശേഷം 1948 ജനുവരി 30ന് കോഴിക്കോട്ടാണ് കേരളത്തിലെ ആദ്യത്തെ ഘടകം നിലവില്‍ വന്നത്. പിന്നീട് വളാഞ്ചേരിയിലും ജമാഅത്തെ ഇസ്‌ലാമിയുടെ ഓരോ ഘടകങ്ങള്‍ നിലവില്‍വന്നു. തുടര്‍ന്ന് പതുക്കെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് ജമാഅത്തെ ഇസ്‌ലാമി വ്യാപിക്കുകയായിരുന്നു.

പോഷകസംഘടനകള്‍:
ജമാഅത്ത് വനിതാ വിഭാഗം.
സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്
എസ്.ഐ.ഒ.(സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ)
ജി.ഐ.ഒ (ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍)
മലര്‍വാടി ബാലസംഘം

പ്രസിദ്ധീകരണങ്ങള്‍
പ്രബോധനം വാരിക
ബോധനം ദൈ്വമാസിക
ആരാമം വനിതാ മാസിക
മലര്‍വാടി കുട്ടികളുടെ മാസിക
മാധ്യമം ദിനപത്രം
ആഴ്ചപ്പതിപ്പ്

സാമ്പത്തിക സംരംഭങ്ങള്‍
ബൈത്തുസ്സകാത്ത്
ഇന്ററസ്റ്റ് ഫ്രീ എസ്റ്റാബ്‌ളിഷ്‌മെന്റ്‌സ് കോഓഡിനേഷന്‍ കമ്മിറ്റി (ഇന്‍ഫെക്)
ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്റ് ക്രെഡിറ്റ്‌സ് ലിമിറ്റഡ് (എ.ഐ.സി.എല്‍)
എക്കണോമിക് ഫോറം

സാമൂഹ്യ സേവനങ്ങള്‍
ജനസേവന വിഭാഗം
ഐഡിയല്‍ റിലീഫ് വിംഗ്
ആതുര സേവനങ്ങള്‍
എത്തിക്കല്‍ മെഡിക്കല്‍ ഫോറം
മാധ്യമം ഹെല്‍ത്ത് കെയര്‍
ആശുപത്രികളും എയിംസും

പ്രസാധനാലയം:
ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ ഔദ്യോഗിക പുസ്തക പ്രസാധനാലയമാണ് ഐ.പി.എച്ച്. 1945-ല്‍ ഹാജി വി.പി. മുഹമ്മദ് അലി സാഹിബ് തുടക്കം കുറിച്ചു. സാസ്‌കാരിക രചനകള്‍ക്കായി പ്രതീക്ഷാ ബുക്‌സ് എന്ന പ്രസാധകാലയവും പ്രവര്‍ത്തിക്കുന്നു.

ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍
മുസ്‌ലിം സമൂഹത്തില്‍ ഖുര്‍ആന്‍ പഠനത്തോട് ആഭിമുഖ്യം വളര്‍ത്തുക എന്ന മുഖ്യ ലക്ഷ്യത്തോടെ 1997-ല്‍ ഹിറാ സെന്റര്‍ ആസ്ഥാനമായാണ് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്.

കേരള ഹജ്ജ് ഗ്രൂപ്പ്
പരിശുദ്ധ ഹജ്ജും ഉംറയും ചരിത്രപരവും സാമൂഹികവുമായ പ്രധാന്യമുള്‍ക്കൊണ്ടു നിര്‍വഹിക്കാന്‍ ഹാജിമാര്‍ക്ക് മാര്‍ഗദര്‍ശനവും സഹായവും നല്‍കുകയാണ് ലക്ഷ്യം. 1996-ലാണ് തുടക്കം കുറിച്ചത്.

കേരള മസ്ജിദ് കൗണ്‍സില്‍
കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ നേതൃത്വം നല്‍കുന്ന മസ്ജിദുകളുടെ ഏകോപന സമിതിയാണിത്. 1992-ല്‍ രൂപവത്കരിച്ച കൗണ്‍സില്‍ 1996-ല്‍ സൊസൈറ്റി ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തു.

മജ്‌ലിസ് എഡുക്കേഷന്‍ ട്രസ്റ്റ്
വിദ്യാഭ്യാസ സംരഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. 1979-ല്‍ സ്ഥാപിതമായതാണ് മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി, കേരള. മുന്നോറോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മജ്‌ലിസില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. വിദ്യ കൗണ്‍സില്‍ ഫോര്‍ എഡുക്കേഷന്‍ എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്കായി പുസ്തകപ്രസാധനവും നിര്‍വ്വഹിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
ജമാഅത്തെ ഇസ്‌ലാമിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന സ്ഥാപനമാണ് മലപ്പുറം ജില്ലയിലെ ശാന്തപുരം അല്‍ ജാമിഅഃ അല്‍ ഇസ്‌ലാമിയ്യഃ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി. മറ്റു സ്ഥാപനങ്ങള്‍: ആലിയ അറബിക് കോളേജ്, കാസര്‍ഗോഡ്, വാടാനപ്പള്ളി ഓര്‍ഫനേജ്, ഇസ്‌ലാമിയാ കോളേജ് തളിക്കുളം, ഇര്‍ശാദിയാ കോളേജ് ഫറോക്ക്, ഇലാഹിയാ കോളേജ് തിരൂര്‍ക്കാട്, ഇസ്‌ലാഹിയാ കോളേജ് ചേന്ദമംഗല്ലൂര്‍, ഇസ്‌ലാമിക് റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ എടയൂര്‍, അസ്ഹറുല്‍ ഉലൂം ആലുവ, ഇസ്‌ലാമിക് കോംപ്ലക്‌സ് കൊല്ലം, ഇസ്‌ലാമിയാ കോളേജ് പിണങ്ങോട്, വനിതാ ഇസ്‌ലാമിയാ കോളേജ് മന്നംപറവൂര്‍, വനിതാ ഇസ്‌ലാമിയാ കോളേജ് വണ്ടൂര്‍, ഇസ്‌ലാമിക് കോംപ്ലക്‌സ് അഴീക്കോട്, തിരുവനന്തപുരം, ഐ.എസ്.എസ്. പൊന്നാനി, വനിതാ ഇസ്‌ലാമിയാ കോളേജ് ചാവക്കാട്, ഇസ്‌ലാമിയാ കോളേജ് കുറ്റിയാടി, വാദിറഹ്മ ഇംഗ്ലീഷ് സ്‌കൂള്‍.

തനിമ കലാസാഹിത്യവേദി
മൂല്യാധിഷ്ഠിത കലക്കും സാംസ്‌കാരികതക്കും സാഹിത്യത്തിനും ഊന്നല്‍ നല്‍കി രൂപീകൃതമായ പ്രസ്ഥാനമാണ് തനിമ കലാസാഹിത്യവേദി. 1980-കളില്‍ രൂപീകരിച്ച തനിമ കൂടുതല്‍ ജനകീയ പങ്കാളിത്തത്തോടെ 2011 മെയ് 6 ന്പുനസംഘടിപ്പിച്ചു.

ഡയലോഗ് സെന്റര്‍, കേരള
ഒരു ബഹുസ്വര സമൂഹമെന്ന നിലയില്‍ പരസ്പര സഹകരണവും സൗഹാര്‍ദ്ദവും വളര്‍ത്തിയെടുക്കുന്നതിന് വേണ്ടി മുഖാമുഖങ്ങളും സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിക്കുന്നതിനും ഗ്രന്ഥങ്ങള്‍ തയാറാക്കാനുമായി രൂപം നല്‍കിയ വേദിയാണ് ഡയലോഗ് സെന്റര്‍ കേരള.

കിം പോസ്റ്റല്‍ ലൈബ്രറി
ഇസ്‌ലാമിക പഠനത്തിന് താല്‍പര്യമുള്ള സഹോദര സമുദായാംഗങ്ങള്‍ക്ക് തപാല്‍ മുഖേന സാഹിത്യങ്ങള്‍ വായനക്ക് നല്‍കുകയെന്ന ലക്ഷ്യത്തോടെ 1976-ല്‍ ആരംഭിച്ച സ്ഥാപനമാണ് കിം(കേരള ഇസ്‌ലാമിക് മിഷന്‍) പോസ്റ്റല്‍ ലൈബ്രറി.

മീഡിയവണ്‍ ടിവി
മാധ്യമം ബ്രോഡ്കാസ്റ്റിന് കീഴില്‍ 2012-ല്‍ ആരംഭിക്കാനിരിക്കുന്ന ന്യൂസ് ആന്റ് കള്‍ച്ചറല്‍ ചാനല്‍. ദൃശ്യമാധ്യമരംഗത്ത് പുതിയ മാധ്യമസംസ്‌കാരം രൂപപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ചാനല്‍ ആരംഭിക്കുന്നത്.

ഡി ഫോര്‍ മീഡിയ
ധര്‍മധാര ഡിവിഷന്‍ ഫോര്‍ ഡിജിറ്റല്‍ മീഡിയ' എന്ന് പൂര്‍ണരൂപം. ക്രിയാത്മകമായി ഇന്റര്‍നെറ്റിന്റെയും ഡിജിറ്റല്‍ മീഡിയയുടെയും സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി 2012 ഫെബ്രുവരി 1ന് ആരംഭിച്ച സംവിധാനം.

വെബ്‌സൈറ്റ്
· www.jikerala.org
· www.malarvadionline.com
· www.solidarityym.org
· www.siokerala.org
· www.prabodhanam.net