അഹ്മദ് നജാദ്

Jun 14 - 2012
Quick Info

മുഴുവന്‍ പേര് : മഹ്മൂദ് അഹമദ് നജാദ്
ജനനം : 1956
രാജ്യം : ഇറാന്‍

Best Known for

ഇസ്‌ലാമിക് റിപബ്ലിക്ക് ഓഫ് ഇറാന്റെ മുന്‍ പ്രസിഡന്റാണ്(2005-2013) അഹ്മദ് നജാദ്.

1956-ല്‍ ടെഹ്‌റാന് നൂറു കിലോമീറ്റര്‍ തെക്ക് ഗറംസറിനടുത്ത അറാദാനില്‍ ഒരു കൊല്ലപ്പണിക്കാരന്റെ മകനായി പിറന്നു. തന്റെ ഒന്നാം വയസ്സില്‍ തന്നെ കുടുംബം ടെഹ്‌റാനിലേക്ക് കുടിയേറി. അവിടെ പരമ്പരാഗത മതപഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും തുടര്‍ന്നു. ഇറാന്‍ ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലായിരുന്നു ബിരുദ, ബിരുദാനന്തര പഠനം. 1976-ല്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം. നാലു വര്‍ഷം കഴിഞ്ഞ് പി.എച്ച്.ഡി. ട്രാഫിക് ആന്റ് ട്രാന്‍സ്‌പോര്‍ടേഷനില്‍ ഗവേഷണം നടത്തുമ്പോള്‍ തന്നെ നാടിന്റെ ഗതി നിര്‍ണ്ണയിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും പയറ്റിത്തുടങ്ങിയിരുന്നു.

ഇറാനില്‍ ഇസ്‌ലാമിക വിപ്ലവം കത്തിനില്‍ക്കുന്ന നാളുകളില്‍ അതിന്റെ ചൂരും ചൂടും ഏറ്റു വാങ്ങി നജാദ് മുന്‍നിരയിലെത്തി. ആയത്തുല്ലാ ഖുമൈനിയുടെ ആശീര്‍വാദത്തോടെ രൂപം കൊണ്ട ദഫ്തറെ തഹ്കീമേ വഹ്ദത് (ഐക്യ ശാക്തീകരണ സമിതി) എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവായി. 1979ല്‍ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരെ ബന്ദികളാക്കി വര്‍ഷത്തിലേറെക്കാലം പടിഞ്ഞാറിനെ ശ്വാസം മുട്ടിച്ച വിദ്യാര്‍ത്ഥി സംഘത്തില്‍ മുമ്പനായി നജാദുമുണ്ടായിരുന്നു.

പതിറ്റാണ്ട് നീണ്ട് നിന്ന ഇറാന്‍ ഇറാഖ് യുദ്ധത്തില്‍ ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ്‌സില്‍ ചേര്‍ന്ന് 1986 മുതല്‍ പോര്‍ക്കളത്തിലായിരുന്നു ദൗത്യം. സൈന്യത്തിലെ ആറാം പടയുടെ ഹെഡ് എഞ്ചിനീയറായിരുന്നു അദ്ദേഹം. കോര്‍പ്‌സ് സ്റ്റാഫിന്റെ തലവനായി ഇറാന്റെ പടിഞ്ഞാറന്‍ പ്രവിശ്യകളിലും ദീര്‍ഘകാലം സേവനമനുഷ്ടിച്ചു. തുടര്‍ന്ന് മാകുവിലേയും ഖൂയിയിലേയും ഗവര്‍ണ്ണറായി. അതിനിടെ കുറച്ച് കാലം സാംസ്‌കാരിക ഇസ്‌ലാമിക കാര്യ മന്ത്രാലയത്തില്‍ ഉപദേശകനായി. 1993 മുതല്‍ 1997 ഒക്ടോബര്‍ വരെ പുതുതായി രൂപം കൊണ്ട അര്‍ദബീല്‍ പ്രവിശ്യയുടെ ഗവര്‍ണ്ണറായിരുന്നു.

2003 മെയ് മൂന്നിന് തലസ്ഥാന നഗരിയായ തെഹ്‌റാന്റെ മേയറായി ചുമതലയേറ്റു. ആണവസാങ്കേതികവിദ്യയുടെ വികസനം ഇറാന്റെ മൗലികാവകാശമെന്നും വിട്ടുവീഴ്ച്ചയില്ലെന്നും നജാദ് ദേശീയ അന്തര്‍ദേശീയ വേദികളില്‍ തുറന്നു പറഞ്ഞു.

2005ല്‍ ആദ്യമായി പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു, ശേഷം 2009 ലെ തിരഞ്ഞെടുപ്പില്‍ രണ്ടാമതായും തിരഞ്ഞെടുക്കപ്പെടുകയുമുണ്ടായി. അമേരിക്കയിലെ ബുഷ് ഭരണകൂടത്തിന്റെ ശക്തനായ വിമര്‍ശകനായിരുന്നു. സാധാരണക്കാരുടെ നേതാവെന്ന് അനുയായികളും അധ്വാനിക്കുന്നവരുടെ നായകനെന്ന് തീവ്ര ഇടതുപക്ഷക്കാരും വിശേഷിപ്പിക്കുന്നു. പ്രസിഡണ്ടാവുന്നതിനു മുന്‍പ് തെഹ്‌റാനിന്റെ മേയറും അര്‍ദാബില്‍ പ്രവിശ്യയുടെ ഗവര്‍ണര്‍ ജനറലുമായിരുന്നു ഇദ്ദേഹം.