അംറ് ഖാലിദ്

Jun 14 - 2012
Quick Info

മുഴുവന്‍ പേര് : അംറ് മുഹമ്മദ് ഹില്‍മി ഖാലിദ്
ജനനം : 1967 സെപ്തംബര്‍ 5, അലക്‌സാണ്ട്രിയ
രാജ്യം : ഈജിപ്ത്

Best Known for

ഇസ്‌ലാമിക പണ്ഡിതന്‍. അറബ് ലോകത്തെ പ്രമുഖനായ പ്രബോധകന്‍. ടൈം മാഗസിന്‍ (2007) പുറത്തിറക്കിയ ലോകത്തിലെ തെരെഞ്ഞടുത്ത നൂറ് വ്യക്തിത്വങ്ങളില്‍ ഉള്‍പെട്ട പ്രമുഖന്‍

ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെയും തൂലികയിലൂടെയും അറബ് ലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന ഇസ്‌ലാമിക പ്രബോധകനാണ് അംറ് മുഹമ്മദ് ഹില്‍മി ഖാലിദ്. 1967ല്‍ ഈജിപ്തിലെ അലക്‌സാന്‍ഡ്രിയയില്‍ ജനിച്ചു. ബ്രിട്ടനിലെ വെയ്‌ല്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ്‌ലാമിക ശരീഅത്തില്‍ ഡോക്ട്രേറ്റ് നേടി. കൈറോയിലെ ദുഖ പ്രദേശത്ത് പ്രാഥമിക അധ്യാപനം നടത്തി. അദ്ദേഹത്തിന്റെ ക്ലാസുകള്‍ യുവാക്കളെ ഹഠാദാകര്‍ഷിച്ചിരുന്നു. ഇഖ്‌റ ചാനലില്‍ അവതരിപ്പിച്ച പ്രോഗ്രാമുകളിലൂടെ അറബ് ലോകത്ത് അദ്ദേഹം സുപരിചിതനായി. 2000 മുതല്‍ 2002വരെ ക്ലാസുകളും അഭിമുഖങ്ങളുമായി ഈജിപ്തില്‍ നിറഞ്ഞുനിന്നു. 35000ത്തോളം പ്രേക്ഷകര്‍ അദ്ദേഹത്തിന്റെ പരിപാടി വീക്ഷിക്കാറുണ്ടായിരുന്നു. ഇതിനു പുറമെ നാല്‍പതിലധികം മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക കോഴ്‌സുകള്‍ നടത്തിയിരുന്നു. പ്രബോധന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയോ ഈജിപ്ത് വിടുകയോ ചെയ്യണമെന്ന ഭരണകൂടത്തിന്റെ നിര്‍ബന്ധം കാരണം 2002ല്‍ അദ്ദേഹം ലബനാനിലേക്ക് പോയി. ലബനാനിലെ ജീവിതം സുരക്ഷിതമല്ലാത്തതിനാല്‍ പിന്നീട് ബ്രിട്ടനിലേക്ക് താവളം മാറ്റി.

ഇസ്‌ലാമികാധ്യാപനങ്ങള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രാവര്‍ത്തികമാക്കാതെ ഒരു വിപ്ലവവും സാധ്യമാവുകയില്ലെന്ന് അംറ് ഖാലിദ് വിശ്വസിച്ചു.

പരിപാടികള്‍
രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി യുവാക്കളെ സജ്ജരാക്കാനുള്ള പരിപാടി 'സുന്നാഉല്‍ ഹയാത്ത്' എന്ന പേരില്‍ അദ്ദേഹം അവതരിപ്പിച്ചു.
ഇഖ്‌റ ചാനലില്‍ സഹാബികളുടെ മഹിതമായജീവിതം അനാവരണം ചെയ്യുന്ന അംറ് ഖാലിദിന്റെ പരിപാടിയായിരുന്നു 'പ്രിയപ്പെട്ടവരെ കണ്ടുമുട്ടാം'.
പ്രവാചകന്‍(സ)യുടെ ജീവിതം, പ്രബോധനത്തിന്റെ പ്രാരംഭഘട്ടത്തില്‍ അദ്ദേഹം അഭിമുഖീകരിച്ച പ്രതിസന്ധികള്‍, അതിലെ ഗുണപാഠങ്ങള്‍ തുടങ്ങിയവ വൈകാരികാനുഭൂതിയുള്ള യാത്രപോലെ തയ്യാറാക്കിയ ചാനല്‍ പ്രോഗ്രാമായിരുന്നു 'പ്രവാചക കാല്‍പാടുകള്‍'.

അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളെക്കുറിച്ചുള്ള 'ബിസ്മിക നഹ്‌യ', ഇമാമുമാരുടെ ജീവിതം അനാവരണം ചെയ്യുന്ന 'ദഅ്‌വതുന്‍ ലിത്തആയുശ്' സന്തുഷ്ട കുടുംബത്തിനു വേണ്ടി 'അല്‍ ജന്നതു ഫീ ബുയൂതിനാ', 'ഖിസസുല്‍ ഖുര്‍ആന്‍', 'മുജദ്ദിദൂന്‍', 'രിഹ്‌ലതുന്‍ ലിസ്സആദ', 'ഹംല ഹിമായ' തുടങ്ങിയ ശ്രദ്ദേയമായ പരിപാടികളിലൂടെ ലോകശ്രദ്ദപിടിച്ചുപറ്റാന്‍ അദ്ദേഹത്തിനു സാധിച്ചു.

അറേബ്യയിലും അറേബ്യക്ക് പുറത്തും നടത്തിയ ശതക്കണക്കിന് പ്രോഗ്രാമുകളിലൂടെ യുവാക്കളുടെ വ്യക്തിത്വ വികാസത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ അംറ് ഖാലിദിന് സ്വാധിച്ചു. മയക്കുമരുന്നിന്റെ പിടുത്തത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള 'ഹംല ഹിമായ' എന്ന അദ്ദേഹത്തിന്റെ പ്രോഗ്രാം അന്താരാഷ്ട്ര തലത്തില്‍ സ്വീകാര്യത നേടിയതാണ്. നിരവധി പത്രങ്ങളില്‍ പംക്‌തികള്‍ കൈകാര്യം ചെയ്യുകയും നിരവധി പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്.