എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍

Jun 14 - 2012
Quick Info

ജനനം: 1938 മാര്‍ച്ച് 22
സംഘടന: സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ (എ.പി വിഭാഗം)

Best Known for

മതപണ്ഡിതന്‍, വാഗ്മി, സംഘാടകന്‍. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി. 1989-ല്‍ സമസ്ത പുനഃസംഘടിപ്പിച്ചപ്പോള്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

1939 മാര്‍ച്ച് 22 ന് കോഴിക്കോട് ജില്ലയിലെ കാന്തപുരത്ത് ജനിച്ചു. പിതാവ് അഹ്മദ് ഹാജി. മാതാവ് കുഞ്ഞീമ ഹജ്ജുമ്മ. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കാന്തപുരം, വാവാട്, കോളിക്കല്‍, ചാലിയം, തലക്കടത്തൂര്‍ എന്നീ ദര്‍സുകളില്‍ പഠിച്ചു. 1963-ല്‍ വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാതില്‍ എം.എഫ്.ബി ബിരുദം നേടി. ശൈഖ് ഹസന്‍ ഹദ്‌റത്ത്, മുഹമ്മദ് അബൂബക്കര്‍ ഹദ്‌റത്ത്, ഒ.കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ ഗുരുനാഥന്മാരാണ്. 1964 മുതല്‍ വിവിധ പള്ളി ദര്‍സുകളില്‍ അധ്യാപനായിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജോയിന്റ് സെക്രട്ടറി(1973), സമസ്ത കേന്ദ്ര കമ്മിറ്റി മുശാവറാംഗം(1974), സമസ്ത കേരള സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി(1975), കേരള ഹജ്ജ് കമ്മിറ്റി മെമ്പര്‍(1987), അറബി പാഠപുസ്തക സംശോദനാ കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1979-ല്‍ കാരന്തൂരില്‍ മര്‍ക്കസുസ്സഖാഫതിസ്സുന്നിയ്യ എന്ന പേരില്‍ വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിച്ചു.
സുന്നിവോയ്‌സ് വാരികയുടെ പ്രസാധകനും സിറാജ് ദിനപത്രത്തിന്റെ ഉടമസ്ഥരായ തൗഫീഖ് പബ്ലിക്കേഷന്‍ ട്രസ്റ്റിന്റെ ചെയര്‍മാനാണ്. സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമാ(എ.പി. ഗ്രൂപ്പ്) സെക്രട്ടറി, കോഴിക്കോട് ജില്ലാ സംയുക്ത ഖാദി(1993), എന്നീ സ്ഥാനങ്ങള്‍ ഇപ്പോള്‍ വഹിക്കുന്നു.
1980 കളില്‍ ശരീഅത്ത് വിവാദ കാലത്ത് ശരീഅത്ത് വിരുദ്ധര്‍ക്കെതിരില്‍ ഉല്‍പതിഷ്ണു വിഭാഗങ്ങളുമായി സ്മസ്ത നേതാക്കള്‍ വേദി പങ്കിട്ടകാരണത്താല്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ നിന്ന് മാറി മറ്റൊരു സംഘടനക്ക് രൂപം നല്‍കുകയുണ്ടായി. 

പുരസ്‌കാരങ്ങള്‍: മികച്ച സാമൂഹിക പ്രവര്‍ത്തകന് 1992-ല്‍ റാസല്‍ ഖൈമ ഇസ്ലാമിക് അക്കാദമി അവാര്‍ഡ്, മികച്ച വിദ്യാഭ്യാസ സാമൂഹിക സേവനങ്ങള്‍ക്ക് 2000-ല്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ അവാര്‍ഡ്, മികച്ച ഇസ്‌ലാമിക വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും അനാഥകളുടെ സംരക്ഷണത്തിനും 2005-ല്‍ ഹാമില്‍ അല്‍ ഗൈത് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ ആന്‍ അവാര്‍ഡ്, 2006 നവമ്പറില്‍ മാക് യു.എ.ഇ ഇന്‍ഡോ അറബ് ഇസ്‌ലാമിക് പേഴ്‌സണാലിറ്റി അവാര്‍ഡ്.