ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍

Jun 14 - 2012
Quick Info

ജനനം : 1914, കോഴിക്കോട്
സംഘടന : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ
മരണം : 1996 ആഗസ്റ്റ് 19

Best Known for

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കാര്യദര്‍ശിയായിരുന്ന പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ. 'ശംസുല്‍ ഉലമ'(പണ്ഡിതരിലെ സൂര്യൻ) എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടത്

യമനില്‍ വേരുകളുള്ള കോയക്കുട്ടി മുസ്‌ല്യാരുടേയും ഫാത്തിമ ബീവിയുടേയും മകനായി കോഴിക്കോട് പറമ്പില്‍കടവില്‍ 1914-ല്‍ ജനനം. വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത്തില്‍ ഉപരിപഠനം നേടിയ അബൂബകര്‍ മുസ്‌ല്യാര്‍, അവിടെതന്നെ അദ്ധ്യാപകനായി ചേര്‍ന്നു. 1948-ല്‍ അനാരോഗ്യം കാരണം വെല്ലൂര്‍ വിടുകയും നാട്ടില്‍ തിരിച്ചെത്തി തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം അറബിക് കോളേജ്, പാറക്കടവ് ജുമാമസ്ജിദ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു. പട്ടിക്കാട് ജാമിഅഃനൂരിയ്യ അറബിക് കോളേജിന്റെയും നന്തി ദാറുസ്സലാം കോളേജിന്റെയും പ്രിന്‍സിപ്പലായും അദ്ദേഹം ജോലിചെയ്തു. ഒരു ബഹുഭാഷാ പണ്ഡിതനായിരുന്നു അബൂബക്ര്‍ മുസ്‌ല്യാര്‍. മലയാളം, ഇംഗ്ലീഷ്, അറബിക്, ഉര്‍ദു എന്നിവയ്ക്ക് പുറമെ സുറിയാനി ഭാഷയിലും അറിവുണ്ടായിരുന്നു. ഖാദിയാനിസത്തെ ഖണ്ഡിക്കുന്ന ഗ്രന്ഥവും രിസാലാത്തുല്‍മാറദീനിയുടെ വ്യാഖ്യാനവും അദ്ദേഹത്തിന്റെ മറ്റു മുഖ്യ രചനകളാണ്.

സംഘടനാരംഗം
ഇ.കെ.സുന്നി എന്ന പേരില്‍ അറിയപ്പെടുന്ന കേരള മുസ്‌ലിംകളിലെ പ്രബല സുന്നിവിഭാഗത്തിന്റെ നേതാവായിരുന്ന അദ്ദേഹം മികച്ച ഒരു പ്രഭാഷകന്‍ കൂടിയായിരുന്നു. 1957 മുതല്‍ മരണം വരെ അദ്ദേഹമായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറി. ഇ.കെ അബൂബക്കര്‍ മുസ്‌ല്യാരുടെ നിര്‍ദേശപ്രകാരമാണ് സുന്നി വിദ്യാര്‍ഥികളുടെ സംഘടനയായ സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫേഡറേഷന്‍ (എസ്.കെ.എസ്. എസ്. എഫ്) 1989-ല്‍ രൂപീകൃതമായത്.

കുടുംബം
ഫാത്തിമയാണ് ഭാര്യ. അബ്ദുസ്സലാം,അബ്ദുല്‍ റഷീദ്,ആയിഷ,ആമിന,ബീവി,നഫീസ,ഹലീമ എന്നിവര്‍ മക്കളാണ്. ഇ.കെ ഉമര്‍ മുസ്‌ലിയാര്‍, ഇ.കെ ഉസ്മാന്‍ മുസ്‌ലിയാര്‍, ഇ.കെ അലി മുസ്‌ലിയാര്‍, ഇ.കെ അഹ്മദ് മുസ്‌ലിയാര്‍ മുറ്റിച്ചൂര്‍, ഇ.കെ ഹസ്സന്‍ മുസ്‌ലിയാര്‍, ഇ.കെ അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ സഹോദരന്മാരും ആമിന, ആയിഷ എന്നിവര്‍ സഹോദരിമാരുമാണ്.