ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി

Jun 15 - 2012
Quick Info

ജനനം : 1951 ഏപ്രില്‍ 22
സ്വദേശം : കൂരിയാട്, മലപ്പുറം
സംഘടന : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ

Best Known for

കേരളത്തിലെ മുസ്‌ലിം സുന്നി മതപണ്ഡിതരില്‍ പ്രമുഖനും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമാണ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതസഭയില്‍ അംഗമാണ്.

1951 ഏപ്രില്‍ 22ന്‍ മുഹമ്മദ് ജമാലുദ്ദീന്‍ മുസ്‌ലിയാരുടെയും ഫാത്വിമ ഹജ്ജുമ്മയുടെയും മകനായി മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത കൂരിയാട് ഗ്രാമത്തില്‍ ജനനം. സ്വദേശത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക പാഠശാലയായ ജാമിഅ നൂരിയ്യ അറബിക് കോളേജ് പട്ടിക്കാട്, നദ്‌വത്തുല്‍ ഉലമ അറബിക് കോളേജ് ലക്‌നൗ, അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം നടത്തി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്ച്.ഡിയും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും സമ്പാദിച്ചു.

മലപ്പുറം ജില്ലയിലെ ചെമ്മാട് നിന്ന് പുറത്തിറങ്ങുന്ന തെളിച്ചം മാസിക, സന്തുഷ്ട കുടുംബം മാസിക എന്നിവയുടെ മുഖ്യപത്രാധിപര്‍, ഇസ്‌ലാമിക് ഇന്‍സൈറ്റ് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് എഡിറ്റര്‍ ഇന്‍ ചീഫ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.

ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ പ്രഥമ വൈസ് ചാന്‍സലറാണ് ഡോ. നദ്‌വി. 2011 മെയ് മാസത്തില്‍ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സഭയില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഈയൊരു പദവി ലഭിക്കുന്ന കേരളത്തിലെ പ്രഥമ ഇസ്‌ലാമിക പണ്ഡിതനും ഇദ്ദേഹം തന്നെ. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ ഇസ്‌ലാമിക് സ്റ്റഡീസ് ഫാക്കല്‍റ്റി പുറത്തിറക്കുന്ന ഇസ്‌ലാമിക് ഇന്‍സൈറ്റ് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് ജേണലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ്, കേരളത്തിലെ മദ്‌റസാ അധ്യാപകരുടെ സംസ്ഥാന കൂട്ടായ്മയായ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയാണ്.

ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് മുസ്‌ലിം സോഷ്യല്‍ സയന്റിസ്റ്റ്‌സ്, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, കേരള സര്‍ക്കാര്‍ സംസ്ഥാന ടെക്സ്റ്റ് ബുക്ക് സ്റ്റിയറിംഗ് കമ്മിറ്റി (2002-2006), കേരള സര്‍ക്കാര്‍ മദ്‌റസാ എജ്യുക്കേഷന്‍ ബോര്‍ഡ് (2004-2006) തുടങ്ങി നിരവധി സംഘടനകളില്‍ അംഗമാണ്. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ മോണിറ്ററിംഗ് കമ്മിറ്റി അംഗമാണ്. കേന്ദ്രമാനവ വിഭവ ശേഷി വികസന മന്ത്രി കപില്‍ സിബല്‍ ചെയര്‍മാനായുള്ള മോണിറ്ററിങ് കമ്മിറ്റി അംഗവുമാണ് നദ്‌വി.

കൃതികള്‍:
മലയാളം, അറബി, ഇംഗ്ലീഷ് ഭാഷകളിലായി അന്‍പതിലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. മലയാള ആനുകാലികങ്ങളിലും ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. തസ്വവ്വുഫ് ഒരു സമഗ്ര പഠനം (Comprehensive analysis of Sufism), Islam and Christiantiy, മിഅ്‌റാജ് ചരിത്രവും സന്ദേശവും, മാതാപിതാക്കള്‍ ബാധ്യതകള്‍, നബിദിനാഘോഷം ലോകരാഷ്ട്രങ്ങളില്‍, മമ്പുറം തങ്ങള്‍ ജീവിതം ആത്മീയത പോരാട്ടം എന്ന കൃതിയുടെ എഡിറ്ററുമാണ്.