മുസ്‌ലിം എജ്യുക്കേഷന്‍ സൊസൈറ്റി

Jun 15 - 2012
Quick Info

രൂപീകരണം : 1964
സ്ഥാപക പ്രസിഡന്റ് : ഡോ.പി.കെ. അബ്ദുല്‍ ഗഫൂര്‍
ആസ്ഥാനം : കോഴിക്കോട്
വെബ്‌സൈറ്റ്‌: www.meskerala.com

Best Known for

കേരളത്തിലെ ഒരു മുസ്‌ലിം വിദ്യാഭ്യാസ സാംസ്‌കാരിക സംഘടന. ഭൗതിക വിദ്യാഭ്യാസ രംഗത്ത് സമൂഹത്തിന്റെ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു

വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന മുസ്‌ലിം സമുദായത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ ഈ സാംസ്‌കാരിക സംഘടന വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഭൗതിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് ശക്തമായ അവബോധം സൃഷ്ടിക്കാന്‍ ഈ സംഘടനക്ക് സാധിച്ചു. ഒട്ടേറെ ബിരുദ ബിരുദാനന്തര കോളേജുകളും ഇന്ന് എം.ഇ.എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലും ഇന്ത്യക്ക് പുറത്ത് ഗള്‍ഫ് രാജ്യങ്ങളിലും എം.ഇ.എസിന് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്

എം.ഇ.എസ് രൂപം കൊള്ളുന്നതിന് മുമ്പ് വിദ്യാഭ്യാസ പ്രചരണം ലക്ഷ്യം വെച്ച് കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സാംസ്‌കാരിക സംഘടനയാണ് 1957-ല്‍ രൂപം കൊണ്ട കേരള മുസ്‌ലിം എജ്യുക്കേഷന്‍ അസോസിയേഷന്‍. കെ.എം സീതിസാഹിബും, ബി.പോക്കര്‍ സാഹിബുമാണ് അസോസിയേഷന്റെ രൂപീകരണത്തിന് നേതൃത്വം നല്‍കിയത്. വിദ്യാഭ്യാസ പ്രചരണം, അറബി ഉര്‍ദു ഭാഷാ പ്രോത്സാഹനം, നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം തുടങ്ങിയവയായിരുന്നു സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. അസോസിയേഷന്റെ സ്ഥാപനമാണ് തിരൂരിലെ സീതി സാഹിബ് മെമ്മോറിയല്‍ പോളി ടെക്‌നിക്.

മുസ്‌ലിം എജ്യുക്കേഷന്‍ സൊസൈറ്റി (എം.ഇ.എസ്)യുടെ സ്ഥാപക പ്രസിഡന്റായത് പ്രമുഖ ഭിഷഗ്വരന്‍ ഡോ.പി.കെ. അബ്ദുല്‍ ഗഫൂറാണ്. പിന്നീട് വിവിധ സന്ദര്‍ഭങ്ങളിലായി എറണാകുളം സ്വദേശി ഇ.കെ മുഹമ്മദ്, ഡോ.കെ. മുഹമ്മദ് കുട്ടി, പി.കെ അബ്ദുല്ല ഐ.എ.എസ്, ജസ്‌റ്റിസ് കെ.എം മുഹമ്മദ് അലി, ജസ്‌റിസ് പി.കെ ശംസുദ്ദീന്‍, പ്രമുഖ ഭിഷഗ്വരനായ ഡോ. കെ.മൊയ്തു, ഡോ.എം.എ. അബ്ദുല്ല, കൊല്ലം സ്വദേശി എ.അബ്ദുര്‍റഹീം എന്നിവര്‍ പ്രസിഡന്റ് പദവി വഹിക്കുകയുണ്ടായി. എം.ഇ.എസിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറി ഡോ. കെ.മുഹമ്മദ് കുട്ടിയാണ്. തുടര്‍ന്ന് ഡോ.എം.എ അബ്ദുല്ല, ആലപ്പുഴ സ്വദേശി ടി.കെ.കുട്ട്യാമു, എ.അബ്ദുറഹീം, കെ.കെ.അബൂബക്കര്‍, സി.കെ.മുഹമ്മദ് ഐ.പി.എസ് എന്നിവരും ജനറല്‍ സെക്രട്ടറി പദം അലങ്കരിച്ചു. ഡോ. ഫസല്‍ ഗഫൂര്‍  ആണ് ഇപ്പോഴത്തെ പ്രസിഡന്റ്‌.