മുസ്‌ലിം സര്‍വ്വീസ് സൊസൈറ്റി

Jun 15 - 2012
Quick Info

രൂപീകരണം : 1980
സ്ഥാപക പ്രസിഡന്റ് : കെ.വി കുഞ്ഞഹമ്മദ്
ആസ്ഥാനം : കോഴിക്കോട്

Best Known for

1980-ല്‍ രൂപം കൊണ്ട മുസ്‌ലിം സാമൂഹിക വിദ്യാഭ്യാസ സംഘടന. മുസ്‌ലിം സര്‍വ്വീസ് സൊസൈറ്റി (എം.എസ്.എസ്). വിദ്യാഭ്യാസ പരമായി സമുദായത്തെ സമുദ്ധരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

കേരളത്തിനകത്തും പുറത്തും ഗള്‍ഫ് രാജ്യങ്ങളിലുമായി വിവിധ ഭാഗങ്ങളില്‍ സംസ്ഥാന ആസ്ഥാനത്തിന് പുറമെ ശാഖകളും അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നു. പണ്ഡിതന്മാരും അധ്യാപകരും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും നിയമജ്ഞരും വ്യവസായ പ്രമുഖരും സാമൂഹിക പ്രവര്‍ത്തകരും സാധാരണക്കാരുമടങ്ങുന്ന വ്യത്യസ്ഥ തലങ്ങളിലുള്ള ആളുകള്‍ സംഘടനയുടെ ഭാഗമായി സഹകരിക്കുന്നു. മുസ്‌ലിം സമൂഹത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ചാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും പുനരധിവാസ ക്ഷേമപ്രവര്‍ത്തനങ്ങളും സംഘടയുടെ ലക്ഷ്യമാണ്.

സൗജന്യ മെഡിക്കല്‍ എയ്ഡ് സെന്ററുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, നഴ്‌സറികള്‍, പ്രാഥമിക വിദ്യാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്ത്രീകള്‍ക്കുള്ള തൊഴില്‍ പരിശീലനങ്ങള്‍, കരിയര്‍ സെന്ററുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. പഠനകാര്യങ്ങളില്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍, മികവിനുള്ള പുരസ്‌കാരങ്ങള്‍, സൗജന്യ പഠനോപകരണം എന്നിവയും നല്‍കി വരുന്നു. എം. എസ്. എസ് പബ്ലിക്ക് സ്‌കൂള്‍ മാളിക്കടവ്, എം. എസ്. എസ് പബ്ലിക്ക് സ്‌കൂള്‍ വെങ്ങളം, എം.എസ്. എസ് എ.വി കുഞ്ഞിപ്പാരി കോളേജ് എന്നിവ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. കോട്ടക്കല്‍, കുറ്റിപ്പുറം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും പെരിന്തല്‍മണ്ണക്കടുത്ത് നാട്ടുകല്ലില്‍ എം.എസ്.എസ് കാരുണ്യ ഡെസ്റ്റിറ്റിയൂട്ട് ഹോം എന്ന പേരില്‍ അനാഥാലയവും പ്രവര്‍ത്തിക്കുന്നു.

1985-ല്‍ എം.എസ്.എസ് കള്‍ച്ചറല്‍ കോപ്ലക്‌സ് നിര്‍മ്മിച്ചു.സംഘടനാ കാര്യാലയം, കോപ്ലക്‌സ്, മസ്ജിദ്, ഓഡിറ്റോറിയം, ഹോസ്റ്റല്‍, കരിയര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഫ്രീ മെഡിക്കല്‍ എയിഡ് സെന്റര്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. ചക്കുംകടവ്, മുഖദാര്, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അത്യാഹിത ഘട്ടങ്ങളിലും മെഡിക്കല്‍ സേവനങ്ങളും നല്‍കി വരുന്നു. കോഴിക്കോടും തിരവനന്തപുരത്തും മെഡിക്കല്‍ എയിഡ് സെന്റര്‍ പ്രവര്‍ത്തിക്കുന്നു.

പ്രമുഖ വ്യാപാരിയും സാമൂഹിക പ്രവര്‍ത്തകനുമായ കെ.വി കുഞ്ഞഹമ്മദ് ആണ് മുസ്‌ലിം സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് . ശേഷം മുന്‍ മന്ത്രി പി.പി. ഉമര്‍ കോയ, മുന്‍ പി.എസ്.സി ചെയര്‍മാന്‍ ടി.എം. സാവാന്‍ കുട്ടി, പ്രഗത്ഭ പണ്ഡിതനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ പ്രൊഫ.വി.മുഹമ്മദ്, പ്രശസ്ത ഭിഷഗ്വരന്‍ ഡോ.ആലിക്കുട്ടി തിരൂര്‍, പ്രഗത്ഭ വാഗ്മിയും സംഘാടകനുമായ പി.എം.മുഹമ്മദ് കോയ എന്നിവര്‍ സംഘടനയെ നയിച്ചു. എം.എസ്.എസിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറി പി.എം മുഹമ്മദ് കോയ ആണ്. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി പ്രൊഫ. വി.മുഹമ്മദ്, പ്രൊഫ.പി. മുഹമ്മദ് കോയ, ടി.എം സാവാന്‍ കുട്ടി, വി.അഹ്മദ് കുട്ടി ഫറോക്ക്, പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും ഫാറൂഖ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ പ്രൊഫ.യു. മുഹമ്മദ്, ഡോ.വി.എം. അബ്ദുറഹ്മാന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറി ചുമതല വഹിക്കുകയുണ്ടായി. പി.വി. അഹമ്മദ് കുട്ടി പ്രസിഡന്റും പി.ടി. മൊയ്തീന്‍കുട്ടി ജനറല്‍ സെക്രട്ടറിയുമാണ്.