സി. എന്‍ അഹ്മദ് മൗലവി

Jun 15 - 2012
Quick Info

ജനനം : 1905
മരണം : 1993 ഏപ്രില്‍ 27

Best Known for

ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനും. മലയാളത്തില്‍ ഖുര്‍ആനിന്റെ ആദ്യ സമ്പൂര്‍ണപരിഭാഷ തയ്യാറാക്കിയതിലൂടെ ശ്രദ്ധേയന്‍. 1959 മുതല്‍ 1960 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു

മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത് ചേറൂരില്‍ 1905-ല്‍ ജനിച്ചു. പിതാവ് നാത്താന്‍ കോടന്‍ ഹസ്സന്‍കുട്ടി. മാതാവ് ഖദീജ. വളരെ ക്ലേശകരമായിരുന്നു ബാല്യകാലജീവിതം. കാലികളെ മേച്ചും മറ്റുമാണ് അദ്ദേഹം ബാല്യം ചെലവഴിച്ചത്. വിവിധ സ്ഥലങ്ങളില്‍ നിന്നായാണ് അഹ്മദ് മൗലവി ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മൂന്നുവര്‍ഷത്തെ പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ആദ്ദേഹം കരുവാരക്കുണ്ട് വലിയ ദര്‍സില്‍ പഠിച്ചു. കുഞ്ഞാലന്‍ മുസ്‌ലിയാര്‍, കെ.കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ ഗുരുനാഥന്മാരായിരുന്നു. തുടര്‍ന്ന് മദ്രാസ് ജമാലിയ്യ കോളേജ്, വെല്ലൂരിലെ ബാഖിയാതു സ്വാലിഹാത് എന്നിവിടങ്ങളിലും പഠിച്ചു.

വെല്ലൂരില്‍ നിന്ന് 'അഫ്‌സലുല്‍ ഉലമഃ' പരീക്ഷ പാസായതിനു ശേഷം 1931-ല്‍ മലപ്പുറം ട്രെയ്‌നിങ്ങ് സ്‌കൂളില്‍ അദ്ധ്യാപകനായി അദ്ദേഹം ജോലിയാരംഭിച്ചു. 1936 മുതല്‍ മലപ്പറം ഗവ. ഹൈസ്‌കൂളില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു. 1944-ല്‍ ജോലി രാജി വെച്ച് വ്യാപാര രംഗത്തും പൊതുപ്രവര്‍ത്തന രംഗത്തും സാഹിത്യരചനകളില്‍ വ്യാപൃതനായി.

1949 ഡിസംബറില്‍ അദ്ദേഹം കരുവാരകുണ്ടില്‍ നിന്ന് അന്‍സാരി എന്ന പേരിലും പിന്നീട് ന്യൂ അന്‍സാരി എന്ന പേരിലും മാസിക ആരംഭിച്ചിരുന്നെങ്കിലും കുറച്ചു കാലമേ അത് നിലനിര്‍ത്തി കൊണ്ടു പോവാനായുള്ളൂ. 1953-ല്‍ ഖുര്‍ആന്‍ മലയാളത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള ശ്രമങ്ങളാരംഭിച്ചു. പെരുമ്പാവൂരിലെ അബ്ദുല്‍ മജീദ് മരക്കാറായിരുന്നു അദ്ദേഹത്തിന്റെ തുണ. ഖുര്‍ആന്‍ പരിഭാഷപ്പെടുത്തുന്നതിനെ മുസ്‌ലിം സമുദായത്തിലെ ഭൂരിപക്ഷം വരുന്ന യാഥാസ്ഥിക വിഭാഗം ശക്തമായി എതിര്‍ക്കുകയും മതശത്രുവായി മുദ്രകുത്തുക പോലും ചെയ്തിരുന്നു. പക്ഷെ അദ്ദേഹം തന്റെ ശ്രമങ്ങളില്‍ നിന്ന് പിന്‍വാങ്ങാന്‍ തയ്യാറായില്ല. 1963-ല്‍ തര്‍ജ്ജമ പൂര്‍ത്തിയാക്കി. പ്രസ്തുത പരിഭാഷ പുറത്തിറക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ധനസഹായവുമുണ്ടായിരുന്നു. മലയാളത്തില്‍ വിപ്ലവകരമായി മാറിയ ഈ ശ്രമം മുസ്‌ലിംകളില്‍ തന്നെയുള്ളവര്‍ക്ക് ഖുര്‍ആന്‍ പരിഭാഷ നിര്‍വ്വഹിക്കാന്‍ പ്രചോദനവും ധാരാളം അമുസ്‌ലിംകള്‍ക്ക് ഖുര്‍ആനിന്റെ സന്ദേശം എത്തിക്കാനും വലിയ സഹായകമായി. പിന്നീട് അറബിയില്‍ തന്നെ ഖുര്‍ആന്‍ മനസ്സിലാക്കാന്‍ യസ്സര്‍നല്‍ ഖുര്‍ആന്‍ എന്ന ഗ്രന്ഥവും പുറത്തിറക്കി. മതവിഷയങ്ങളില്‍ വ്യത്യസ്ഥവും സ്വതന്ത്രവുമായ കാഴ്ചപ്പാടുള്ള പണ്ഡിതനായിരുന്നു സി. എന്‍. അഹ്മദ് മൗലവി.

മുസ്‌ലിം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ മൗലവിയുടെ സംഭാവന മഹത്തരമാണ്. ഏറനാട്ടില്‍ 1965-ല്‍ സ്ഥാപിതമായ മമ്പാട് കോളേജിന്റെ സ്ഥാപകനും പ്രഥമ മാനേജിങ് കമ്മിറ്റിയംഗവുമാണ് സി.എന്‍. ഏറനാട് മുസ്‌ലിം എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച് പിന്നീട് എം.ഇ.എസിന് ഏല്‍പിക്കുകയാണുണ്ടായത്. റൗദത്തുല്‍ ഉലൂം അറബിക് കോളേജും ഫാറൂഖ് കോളേജും സ്ഥാപിക്കുന്നതില്‍ അദ്ദേഹം അബുസ്സ്വബാഹ് മൗലവിയുമായി സഹകരിച്ചു. മലപ്പുറം മുസ്‌ലിം ഹൈസ്‌കൂളിന്റെ വളര്‍ച്ചയിലും അദ്ദേഹം അനല്‍പമായ പങ്ക് വഹിച്ചിട്ടുണ്ട്.

ഇസ്‌ലാമിക പഠന ഗവേഷണങ്ങള്‍ക്കായി എടത്തനാട്ടുകരയില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ഒരു ഗവേഷക കേന്ദ്രവും ലൈബ്രറിയും സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിനിടയിലാണ് 1993 ഏപ്രില്‍ 27 ന് കോഴിക്കോട് വെച്ച് സി. എന്‍ നിര്യാതനായത്. ഈ സ്ഥാപനം ഇപ്പോള്‍ ലൈബ്രറി ആന്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ് സ്റ്റഡീസ്. മൂന്ന് ഭാര്യമാരിലായി 11 മക്കളുണ്ട്.

1959-മുതല്‍ 1964 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു മൗലവി. 1989-ല്‍ ഫെലോഷിപ്പ് നല്‍കി അക്കാദമി മൗലവിയെ ആദരിച്ചു. ഇസ്‌ലാമിലെ ധനവിതരണ പദ്ധതി(1953), ഇസ്‌ലാം ഒരു സമഗ്രപഠനം (1965), ഖുര്‍ആന്‍ മലയാളം പരിഭാഷ (1963), ഇസ്‌ലാം ചരിത്രം, മഹത്തായ മാപ്പിള, സാഹിത്യ പാരമ്പര്യം (കെ. കെ. അബ്ദുല്‍ കരീമിനൊത്ത്), സഹീഹുല്‍ ബുഖാരി മലയാളം പരിഭാഷ, യസ്സര്‍നല്‍ ഖുര്‍ആന്‍ (അറബി), മുഹമ്മദ് നബിയും മുന്‍ പ്രവാചകന്മാരും, ഖുര്‍ആന്‍ ഇന്‍ഡക്‌സ്, ഖുര്‍ആനിന്റെ മൂലസിദ്ധാന്തങ്ങള്‍, ഖുര്‍ആന്‍ ക്രോഡീകരണം, അഞ്ചുനേരത്തെ നമസ്‌കാരം വിശുദ്ധ ഖുര്‍ആനില്‍, ചന്ദ്രമാസ നിര്‍ണയം, പലിശ, വൈവാഹിക ജീവിതം, മനുഷ്യന്‍ അനശ്വരനാണ്, ഇസ്‌ലാമിക പാഠങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍ .