എസ്.വൈ.എസ്

Jun 16 - 2012
Quick Info

രൂപീകരണം : 1954 ഏപ്രില്‍ 26
മുഖപത്രം : സുന്നിവോയ്‌സ്
ആസ്ഥാനം : കോഴിക്കോട്
മാതൃപ്രസ്ഥാനം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ

Best Known for

കേരളത്തിലെ മുസ്‌ലിം യുവജന സംഘടന. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃത്വത്തില്‍ രൂപം കൊണ്ടു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങളെയും സംരംഭങ്ങളെയും ബഹുജനങ്ങള്‍ക്കിടയില്‍ പരിചയപ്പെടുത്തുന്നതിനും അതിനെ ജനകീയമാക്കുന്നതിനും വേണ്ടി 1954-ലെ സമസ്തയുടെ താനൂര്‍ സമ്മേളനത്തില്‍ രൂപീകരിക്കപ്പെട്ട യുവജന കൂട്ടായ്മയാണ് സമസ്ത കേരള സുന്നീ യുവജന സംഘം. എസ്.വൈ.എസ്. എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു.

ചരിത്രം
1954 ഏപ്രില്‍ 25 ന് താനൂരില്‍ വെച്ച് സമസ്തയുടെ സമ്മേളനം നടന്നു. യുവസമൂഹത്തെയും പൊതുജനത്തെയും സമസ്തയുടെ കീഴില്‍ അണിനിരത്തുക. പ്രാദേശിക തലം മുതല്‍ സമസ്തക്കു വ്യവസ്ഥാപിത സംഘടനാ രൂപം നല്‍കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ, ഒരു യുവജന പ്രസ്ഥാനം രൂപീകരിക്കാന്‍ സമ്മേളനത്തില്‍ വെച്ച് തീരുമാനിച്ചു. അടുത്തദിവസം ഏപ്രില്‍ 26ന് കോഴിക്കോട്ടെ അന്‍സ്വാറുല്‍ ഇസ്‌ലാം ഓഫീസില്‍ വെച്ച് സുന്നി യുവജന സംഘം (എസ്. വൈ. എസ്) ജന്‍മമെടുത്തു. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേക കമ്മറ്റികളും കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ഗ്രാമങ്ങളില്‍ ശാഖകളും നിലവിലുണ്ട്. 1961-ല്‍ കക്കാട്ട് സംഘടിപ്പിക്കപ്പെട്ട 21-ാമത് പൊതു സമ്മേളനത്തില്‍ വെച്ച് സുന്നി യുവജന സംഘത്തെ ഒരു പോഷക സംഘടനയായി സമസ്ത അംഗീകരിച്ചു. പ്രസിദ്ധീകരണ വിഭാഗം, ദഅ്‌വ സ്‌ക്വാഡ്, ആദര്‍ശപ്രചരണ വിഭാഗം തുടങ്ങിയ നാനാവിധ കര്‍മ്മ സമിതികള്‍ സംഘടനക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. സംഘടന പ്രസിദ്ധീകരിക്കുന്നതാണ് സുന്നിഅഫ്കാര്‍ വാരിക.