ബദീഉസ്സമാന്‍ സഈദ് നൂര്‍സി

Jun 16 - 2012
Quick Info

ജനനം : 1877
രാജ്യം : തുര്‍ക്കി
മാസ്റ്റര്‍പീസ് : രിസാലയെ നൂര്‍
മരണം : 1960 മാര്‍ച്ച് 23

Best Known for

തുര്‍ക്കിയില്‍ ജീവിച്ചിരുന്ന ഒരു ഇസ്‌ലാമികപണ്ഡിതനാണ് സഈദ് നൂര്‍സി. ഇരുപതാം നൂറ്റാണ്ടിലെ ഒരു മുസ്‌ലിം പരിഷ്‌കര്‍ത്താവ്.

തുര്‍ക്കിയിലെ കിഴക്കന്‍ അനോത്തോളിയയിലെ നൂര്‍സ് ഗ്രാമത്തില്‍ 1877-ലാണ് സഈദ് നൂര്‍സിയുടെ ജനനം. പിതാവ്: മുല്ലാ മിര്‍സ, മാതാവ്: നൂരിയ്യ. സ്വദേശത്തെ വിഖ്യാത പണ്ഡിതരില്‍ നിന്ന് മതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ചെറുപ്രായത്തില്‍ അനിതര സാധാരണമായ ബുദ്ധിവൈഭവവും സാമര്‍ഥ്യവും പ്രകടിപ്പിച്ചിരുന്നു. പതിനാറാം വയസ്സില്‍ സമകാലികരായ ഒട്ടേറെ വിഖ്യാത പണ്ഡിതരുമായി വൈജ്ഞാനിക സംവാദങ്ങളിലേര്‍പ്പെട്ടിരുന്നു.

ഇസ്‌ലാമിക ഖിലാഫത്തിന്റെ അവസാന ദശകങ്ങള്‍ക്കും ഒന്നാം ലോകമഹായുദ്ധാനന്തരം സംഭവിച്ച ഖിലാഫത്തിന്റെ പതനത്തിനും തുടര്‍ന്നു വന്ന മുസ്‌ലിം വിരുദ്ധ മതേതര വല്‍ക്കരണത്തിനും ഏറ്റവുമൊടുവില്‍ സംഭവിച്ച ജനാധിപത്യഭരണക്രമത്തിനുമെല്ലാം സാക്ഷിയാവുകയും എല്ലാ ഘട്ടങ്ങളിലും തന്റേതായ റോളുകള്‍ വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു.

ഇസ്‌ലാമിക ഖിലാഫത്തിനെതിരെയും മുസ്‌ലിങ്ങളുടെ വിശ്വാസ സംഹിതകള്‍ക്കെതിരെയുമുള്ള പ്രചാരണങ്ങള്‍ വര്‍ദ്ധിച്ച കാലത്തായിരുന്നു സഈദ് നൂര്‍സിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്നത്. കാലത്തിന്റെ അത്ഭുതം എന്നാണ് ബദീഉസ്സമാന്‍ എന്നതിന്റെ അര്‍ത്ഥം. 130 വാല്യങ്ങളിലായുള്ള രിസാലയെ നൂര്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാനകൃതി പ്രസിദ്ധമാണ്.

തുര്‍ക്കി സ്വാതന്ത്ര്യയുദ്ധകാലത്ത് കമാല്‍ അത്താത്തുര്‍ക്കിനെ പിന്തുണച്ചിരുന്ന നൂര്‍സി, റിപ്പബ്ലിക്കിന്റെ രൂപീകരണത്തിനു ശേഷം കമാലിന്റെ മതേതര, പാശ്ചാത്യവല്‍ക്കരണസമീപനങ്ങള്‍ മൂലം, കമാലിനെതിരെ തിരിഞ്ഞു. ഇതുമൂലം പലവട്ടം ഇദ്ദേഹത്തിന് തടവില്‍ കഴിയേണ്ടി വന്നിട്ടുണ്ട്.

പടിഞ്ഞാറന്‍ തുര്‍ക്കിയിലെ ചെറിയ ഗ്രാമത്തില്‍ വച്ച് അദ്ദേഹം ഖുര്‍ആന്‍ വചനങ്ങള്‍ തുര്‍ക്കി ഭാഷയില്‍ എഴുതുകയും ലഘുലേഖകളാക്കി പുറത്തിറക്കുകയും ഇവ വളരെ പ്രശസ്തമാകുകയും ചെയ്തിരുന്നു. നക്ഷബന്ദീയ സൂഫിപ്രസ്ഥാനത്തിലെ നിരവധി പേര്‍ ഇദ്ദേഹത്തിന്റെ അനുയായികളായി.

ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനി, ഇബ്‌നുല്‍ അറബി, ജലാലുദ്ദീന്‍ റൂമി, അബൂഹാമിദുല്‍ ഗസ്സാലി തുടങ്ങിയ ജ്ഞാന ആത്മീയ സാരഥികളായിരുന്നു സഈദ് നൂര്‍സിയെ സ്വാധീനിച്ച പ്രധാനവ്യക്തികള്‍.

കൊക്കേഷ്യന്‍ മേഖലയില്‍ റഷ്യന്‍ സൈനികര്‍ക്കെതിരെ യുദ്ധം നയിച്ചതിന്റെ പേരില്‍ 1916-ല്‍ തടവുകാരനായി പിടിക്കപ്പെട്ട ശേഷം 1918-ലാണ് മോചിതനായത്. പിന്നീട് അറസ്റ്റ് വരിക്കുന്നത് 1930-ലാണ്. 1926 മുതല്‍ 1948 വരെയുള്ള കാലം ഭൗതികതയില്‍ നിന്നും മുക്തമായി ആത്മീയതക്ക് ഊന്നല്‍ നല്കിയുള്ളതായിരുന്നു. ദൈവാസ്തിക്യത്തെ പ്രാമണനിബന്ധവും ചിന്താബന്ധുപവുമായി ഗ്രന്ഥരചന നടത്തിയതിന്റെ പേരില്‍ 1943-ല്‍ വീണ്ടും നൂര്‍സി അറസ്റ്റ് ചെയ്യപ്പെട്ടു. 1950-ല്‍ അത്താ തുര്‍ക്കിന്റെ ഇസ്‌ലാം വിരോധത്തിലൂന്നിയ ഏകാധിപത്യം അറുതി വന്നതോടെ ശാന്തമായിരുന്നു സഈദ് നൂര്‍സിയുടെ പില്‍ക്കാല ജീവിതം. സഈദ് നൂര്‍സിയെ പിന്തുണച്ച അദ്‌നാന്‍ മെന്‍ദരിസ് തുര്‍ക്കി പ്രസിഡന്റായി സ്ഥാനമേറ്റെടുത്തോടെയായിരുന്നു ഈ ഗതിമാറ്റം. എന്നാല്‍ അദ്ദേഹം വധിക്കപ്പെട്ടതോടെ വീണ്ടും കാര്യങ്ങള്‍ പഴയ അവസ്ഥയിലായി.

1960 മാര്‍ച്ച് 23-നാണ് സഈദ് നൂര്‍സിയുടെ അന്ത്യം. ആഗോള തലത്തില്‍ ബദീഉസ്സമാന്‍ സഈദ് നൂര്‍സിയുടെ നവോത്ഥാന ചിന്തകളെ പരിചയപ്പെടുത്തുന്ന മുന്‍നിര സംഘടനകളിലൊന്നാണ് ഇസ്താംബൂള്‍ ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ് ആന്റ് കള്‍ച്ചര്‍.