ഹസനുല്‍ ബന്ന

Jun 16 - 2012
Quick Info

മുഴുവന്‍ പേര് : ശൈഖ് ഹസന്‍ അഹ്മദ് അബ്ദുറഹ്മാന്‍ അഹ്മദ് അല്‍ ബന്ന
രാജ്യം : ഈജിപ്ത്
ജനനം : 1906 ഒക്‌ടോബര്‍ 14
രക്തസാക്ഷ്യം : 1949 ഫെബ്രുവരി 12

Best Known for

പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും നവോത്ഥാന നായകനും. അറബ് വിപ്ലവങ്ങളുടെ പ്രചോദന കേന്ദ്രമായി വര്‍ത്തിച്ച മുസ്‌ലിം ബ്രദര്‍ഹുഡിന്റെ സ്ഥാപകന്‍ .

1906 ഒക്ടോബര്‍ 14 ഈജിപ്തില്‍ ജനനം. കൈറോവിലെ ദാറുല്‍ ഉലൂമില്‍ പഠനം നടത്തി. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ശക്തമായി രംഗത്ത് വരുകയും 1919-ലെ വിപ്ലവത്തില്‍ പങ്കെടുക്കുകയും ചെയ്തു. കോളനി വല്‍കരണത്തിന് വിധേയമായ മുസ്‌ലിം ലോകത്ത് ഇസ്‌ലാമിനെ കുറിച്ച ആത്മവീര്യം വളര്‍ത്തിയെടുക്കുന്നതിനും ആധുനിക മനുഷ്യനിര്‍മ്മിത ദര്‍ശനങ്ങള്‍ക്ക് ബദലായി ഇസ്‌ലാമിനെ പ്രതിനിധീകരിക്കുകയും ചെയ്തു കൊണ്ട് 1928 മാര്‍ച്ചില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് അഥവാ ഇഖ്‌വാനുല്‍ മുസ്‌ലിമൂന് രൂപം നല്‍കി. കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്ത് ഏറ്റവുമധികം സ്വാധീനിച്ച ഇസ്‌ലാമിക പ്രസ്ഥാനമായ ഇഖ്‌വാനുല്‍ മുസ്‌ലിമൂനിന്റെ സ്ഥാപകനെന്ന നിലക്കാണ് ഹസനുല്‍ ബന്ന കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. സേവന പ്രവര്‍ത്തനങ്ങള്‍ക്കും സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കിയാണ് സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സംഘാടന രംഗത്തും പ്രഭാഷണ രംഗത്തും മികവ് കാണിച്ച അദ്ദേഹം നിരന്തരമായി ഭരണകൂടത്തിന്റെ പീഢനങ്ങള്‍ക്കിരയായിരുന്നു. കൊളോണിയലിസം, അറബ് ദേശീയത, മാക്‌സിസം, സയണിസം മുതലാവയെ ആശയതലത്തില്‍ ശക്തമായി നേരിട്ടു. സാമൂഹിക അനീതികള്‍ക്കെതിരെയും സ്വേഛാധിപത്യ പ്രവണതകളെയും തുറന്നു കാട്ടി. ഈജിപ്തില്‍ സ്വേച്ഛാധിപത്യത്തിന് അറുതി വരുത്തിയ അറബ് വസന്തം ഇന്ന് സംജാതമായെങ്കില്‍ ഇതേ സ്വാതന്ത്ര്യത്തിനായി ഏകാധിപതികള്‍ക്ക് മുമ്പില്‍ എഴുന്നേറ്റ് വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയ മഹാനാണ് ശഹീദ് സയ്യിദ് ഹസനുല്‍ ബന്ന. 1949 ഫെബ്രുവരി 12 നായിരുന്നു ഹസനുല്‍ ബന്ന രക്തസാക്ഷ്യം വഹിച്ചത്. മലയാളത്തില്‍ ഹസനുല്‍ ബന്നയുടെ ആത്മകഥ എന്ന പേരില്‍ ഗ്രന്ഥം പുറത്തിറങ്ങിയിട്ടുണ്ട്.