ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി

Jun 16 - 2012
Quick Info

പേര് : മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി
ജനനം : 1935 , തമിഴ്‌നാട്‌
പിതാവ് : സയ്യിദ് ഹുസൈന്‍

Best Known for

ഇന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകര്‍ത്താവും. ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് സ്ഥാപകാംഗം. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യ അമീര്‍

പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി നേതാവും. 1935ല്‍ തമിഴ്‌നാട്ടിലെ പുത്തഗ്രാം ഗ്രാമത്തില്‍ ജനനം. തമിഴ്‌നാട്ടിലെ പ്രസിദ്ധ ഇസ്‌ലാമിക കലാലയമായ ഉമറാബാദ് ജാമിഅ ദാറുസ്സലാമില്‍ നിന്ന് ഇസ്‌ലാമിക പഠനം. തുടര്‍ന്ന് മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1954 മുതല്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ പ്രവര്‍ത്തിക്കുന്ന ജലാലുദ്ദീന്‍ ഉമരി 1956ല്‍ സംഘടനാഗത്വം നേടി. സാഹിത്യകാരനും ഗവേഷണ തല്‍പരനുമായിരുന്ന ഉമരിസാഹിബ്. ജമാഅത്തെ ഇസ്‌ലാമി അത്തരം മേഖലകളെ പ്രത്യേകം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്ന ബോധ്യത്തിലായിരുന്നു ജമാഅത്തുമായി ബന്ധപ്പെട്ടത്. അലിഗഢില്‍ പ്രാദേശിക അമീറായി പത്ത് വര്‍ഷവും സിന്ദഗി നൗ പത്രത്തിന്റെ എഡിറ്ററായി 5 വര്‍ഷവും സേവനമനുഷ്ടിച്ചു. അലിഗഢിലെ ഇദാറെ തഹ്ഖീഖ് ഓ തന്‍സീഫെ ഇസ്‌ലാമിയുടെ പ്രസിഡന്റായിരുന്നു. 2007 ഏപ്രിലില്‍ അഖിലേന്ത്യാ അമീറായി തെരഞ്ഞെടുക്കപ്പെട്ടു.

അലിഗഢിലെ ഇദാറെ തഹ്ഖീഖ് ഓ തന്‍സീഫേ ഇസ്‌ലാമി ചെയര്‍മാന്‍. 25 വര്‍ഷമായി തഹ്ഖീഖാതെ ഇസ്‌ലാമി എന്ന ഉറുദുമാസികയുടെ പത്രാധിപരാണ്. അസംഗഢിലെ ജാമിഅത്തുല്‍ ഫലാഹിലെ ചാന്‍സ്‌ലറും അലിഗഢിലെ സിറാജുല്‍ ഉലും നിസ്വാന്‍ കോളേജിന്റെ മാനേജിങ് ഡയറക്ടറുമാണ്. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, അന്ധ്രാപ്രദേശിലെ വാറങ്കല്‍ ജാമിഅത്തു സ്സുഫ്ഫയുടെ ചാന്‍സ്‌ലര്‍, കേരളത്തിലെ ഇസ്‌ലാമിക് സര്‍വീസ് ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ ഉത്തരവാദിത്വങ്ങളും വഹിക്കുന്നു.

ഉറുദു ഭാഷയില്‍ ഒട്ടേറം ഗവേഷണാധിഷ്ടിത ഗ്രന്ഥങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, തുര്‍ക്കി എന്നീ ഭാഷകളിലേക്കും ഇതര ഇന്ത്യന്‍ ഭാഷകളിലേക്കും ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഉറുദുവില്‍ ഇതിനകം 33 ഗ്രന്ഥങ്ങളും ഇതര ഭാഷകളില്‍ ഇരുപതോളം ഗ്രന്ഥങ്ങളും പുറത്തിറങ്ങി. കുഞ്ഞുങ്ങളും ഇസ്‌ലാമും , ജനസേവനം, രോഗവും ആരോഗ്യവും എന്നിവ മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികളാണ്.