ജി.എം. ബനാത്ത്‌വാല

Jun 16 - 2012
Quick Info

ജനനം : 1933 ഓഗസ്റ്റ് 15
പൂര്‍ണ്ണനാമം : ഗുലാം മഹ്മൂദ് ബനാത്ത്‌വാല
രാഷ്ട്രീയം : മുസ്‌ലിംലീഗ്
മരണം : 2008 ജൂണ്‍ 25

Best Known for

ഒരു ഇന്ത്യന്‍ രാഷ്ട്രീയ പ്രവര്‍ത്തകനും, മികച്ച പാര്‍ലമെന്റേറിയനും ആയിരുന്നു ജി.എം. ബനാത്ത്‌വാല. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ്, പാര്‍ലമെന്റേറിയന്‍, നിയമസഭാ സാമാജികന്‍ എന്നീ സ്ഥാനങ്ങള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്

1933 ഓഗസ്റ്റ് 15ന് ഹാജി നൂര്‍ മുഹമ്മദിന്റെ മകനായി മുംബൈയില്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ പൂര്‍വ്വികര്‍ ഗുജറാത്തിലെ കച്ചില്‍ നിന്നും മുംബൈയിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ്. സിദന്‍ഹാം കോളേജ്, എസ്.ടി കോളേജ് എന്നിവിടങ്ങളില്‍ നിന്നായി എംകോം, ബിഎഡ് എന്നിവ പാസായ ശേഷം കോമേഴ്‌സ് വിഷയത്തില്‍ അദ്ധ്യാപകനായി പൊതു ജീവിതം ആരംഭിച്ചു. പിന്നെ ഈ ജോലി ഉപേക്ഷിച്ച് സ്വന്തമായൊരു ഇന്‍സ്റ്റിറ്റിയൂട്ട് നടത്തി. പിന്നീട് അതും നിര്‍ത്തി സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങി. ഡോ.ആയിഷ ബനാത്ത് വാലയാണ് ഭാര്യ. ഈ ദമ്പതികള്‍ക്ക് മക്കളില്ല.

1961-ല്‍ മുസ്‌ലീം ലീഗിന്റെ എക്‌സിക്യൂട്ടീവ് അംഗമായാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീട് 1967-ല്‍ മുംബൈ കോര്‍പ്പറേഷനില്‍ കൗണ്‍സിലറായി ബനാത്ത്‌വാല തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1972-ലും ഈ ജയം ആവര്‍ത്തിച്ചു. പിന്നെ മഹാരാഷ്ട്ര സര്‍ക്കാറില്‍ എംഎല്‍എ ആയി. മുംബൈ സിറ്റി ലീഗിന്റെയും മഹാരാഷ്ട്ര സംസ്ഥാന ലീഗിന്റെയും ജനറല്‍ സെക്രട്ടറിയായി. മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേട്ട് അഖിലേന്ത്യാ പ്രസിഡന്റായപ്പോള്‍ ബനാത്ത്‌വാല അഖിലേന്ത്യാ സെക്രട്ടറിയായി. ഇബ്രാഹിം സുലൈമാന്‍ സേട്ട് മുസ്‌ലിം ലീഗ് വിട്ടപ്പോള്‍ ബനാത്ത് വാല അഖിലേന്ത്യാ പ്രസിഡന്റായി. 1994 മുതല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ദേശീയ പ്രസിഡന്റ് ആയിരുന്നു ബനാത്ത്‌വാല.

കേരളത്തിലെ പൊന്നാനി മണ്ഡലത്തെ ഏഴു തവണ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. 1977-ലാണ് പൊന്നാനിയില്‍ നിന്ന് ബനാത്ത്‌വാല ആദ്യം മത്സരിക്കുന്നത്. തുടര്‍ന്ന് 1980, 1984,1989, 1996, 1998, 1999 വര്‍ഷങ്ങളില്‍ ലോകസഭയിലേക്ക് പൊന്നാനി മണ്ഡലത്തില്‍ നിന്നും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2008 ജൂണ്‍ 25നു വൈകിട്ട് നാലു മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍ അന്തരിച്ചു.