ടി.കെ അബ്ദുല്ല

Jun 16 - 2012
Quick Info

ജനനം: 1929
സംഘടന: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്
അമീര്‍: 1972-1979, 1982-1984

Best Known for

ഇസ്‌ലാമിക പണ്ഡിതന്‍, ചിന്തകന്‍, ഉജ്ജ്വല വാഗ്മി. ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ സ്ഥാപകാംഗം. ജമാഅത്തെ ഇസ്‌ലാമി മുന്‍ അമീര്‍. ഇസ്‌ലാമിക വിജ്ഞാനകോശം ചീഫ് എഡിറ്റര്‍.

കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയില്‍ പ്രശസ്ത മതപണ്ഡിതനായിരുന്ന തറക്കണ്ടി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെയും ഫാത്വിമയുടെയും മകനായി 1929-ല്‍ ജനിച്ചു. വാഴക്കാട് ദാറുല്‍ ഉലൂം, തിരൂരങ്ങാടി ജുമുഅഃ മസ്ജിദ്, പുളിക്കല്‍ മദീനതുല്‍ ഉലൂം, കാസര്‍ഗോഡ് ആലിയ അറബിക് കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു. 1959-ല്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗമായി. ആലിയ അറബിക് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍, 1950 ല്‍ ജമാഅത്തെ ഇസ്‌ലാമി അമീറായിരുന്ന ഹാജിസാഹിബിന്റെ നിര്‍ദ്ദേശപ്രകാരം പ്രബോധനം പ്രതിപക്ഷ പത്രത്തില്‍ ചേര്‍ന്നു. 1959-ല്‍ ഹാജിസാഹിബിന്റെ മരണത്തെ തുടര്‍ന്ന് ടി. മുഹമ്മദ് സാഹിബ് പത്രാധിപരും ടി.കെ അബ്ദുല്ലാ സഹപത്രാധിപരുമായി. 1964-ല്‍ പ്രബോധനം വാരികയും മാസികയുമായി പുറത്തിറങ്ങിയപ്പോള്‍ പ്രബോധനം വാരികയുടെ പ്രഥമപത്രാധിപരായി ചുമതലയേറ്റു. 1992-ല്‍ ബാബരിമസ്ജിദ് തകര്‍ക്കപ്പെട്ട സാഹചര്യത്തില്‍ നിരോധിക്കപ്പെട്ട പ്രബോധനം 1994-ല്‍ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചപ്പോള്‍ ടി.കെ ഒരിക്കല്‍കൂടി ചീഫ് എഡിറ്ററായി. 1995 അവസാനത്തില്‍ കെ. സി. അബ്ദുല്ല മൗലവിയുടെ നിര്യാണത്തെ തുടര്‍ന്ന് പ്രബോധനത്തില്‍ നിന്ന് വിട്ട് ബോധനം ത്രൈമാസികയുടെ മുഖ്യപത്രാധിപസ്ഥാനം ഏറ്റെടുത്തു.

ഉത്തരവാദിത്വങ്ങള്‍: രണ്ട് തവണയായി 10 വര്‍ഷത്തിലധികം ജമാഅത്തെ ഇസ്‌ലാമിയുടെ കേരള അമീറായിട്ടുണ്ട്. കേരള മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമിയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ സ്ഥാപകാംഗമാണ്. കൂടാതെ അലിഗഢ് ഇദാറെ തഹ്കീകാതെ ഇസ്‌ലാമി അംഗം, ഐ. എസ്. ടി. മെമ്പര്‍, വിജ്ഞാന കോശം ചീഫ് എഡിറ്റര്‍, ബോധനം ദൈ്വമാസിക ചീഫ് എഡിറ്റര്‍, ഐ. പി. എച്ച്. ഉപദേശക സമിതി അംഗം, അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ വിസിറ്റിംഗ് പ്രൊഫസര്‍, കുറ്റിയാടി ഇസ്‌ലാമിയ കോളേജ് ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നു.

കൃതികള്‍
നടന്നു തീരാത്ത വഴികളില്‍ (ആത്മകഥ)
നവോത്ഥാന ധര്‍മ്മങ്ങള്‍ (ലേഖന സമാഹാരം)
നാഴികക്കല്ലുകള്‍ (പ്രഭാഷണ സമാഹാരം)
ഇഖ്ബാലിനെ കണ്ടെത്തല്‍ (പ്രഭാഷണം)

കുടുംബം: ഭാര്യ: കുഞ്ഞാമിന. മക്കള്‍: ടി. കെ. എം. ഇഖ്ബാല്‍ (പ്രബോധനം വാരികയുടെ സബ് എഡിറ്ററായിരുന്നു), ടി. കെ ഫാറൂഖ് (പബ്ലിഷര്‍ , മധ്യമം; ഐ.പി.എച്ച് ഡയറക്ടര്‍, ജമാഅത്തെ ഇസ്‌ലാമി കേരള ശൂറാംഗം.), സാജിദ.