റജബ് ത്വയ്യിബ് എര്‍ദോഗാന്‍

Jun 16 - 2012
Quick Info

ജനനം : 1954 ഫെബ്രുവര്‍ 26
രാജ്യം : തുര്‍ക്കി
സ്ഥാനം : പ്രധാനമന്ത്രി
പാര്‍ട്ടി : എ.കെ. പാര്‍ട്ടി

Best Known for

തുര്‍ക്കിയിലെ ഇപ്പോഴത്തെ പ്രധാനമന്ത്രിയാണ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍. തുര്‍ക്കിയില്‍ ഭരണത്തിലിരിക്കുന്ന ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടിയുടെ (എ.കെ. പാര്‍ട്ടി) സ്ഥാപകനും അദ്ധ്യക്ഷനുമാണ്.

1954 ഫെബ്രുവര്‍ 26-ല്‍ ഇസ്താംബൂളില്‍ ജനിച്ചു. 1969 മുതല്‍ 1982 വരെയുള്ള കാലയളവില്‍ ഒരു അര്‍ദ്ധപ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനുമായിരുന്ന എര്‍ദോഗാന്‍, മാനേജ്‌മെന്റില്‍ ശിക്ഷണവും നേടിയിട്ടുണ്ട്. ഒരു ഭക്ഷണ മൊത്തക്കച്ചവട സ്ഥാപനത്തില്‍ എക്‌സിക്യൂട്ടീവ് ആയും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1981-ല്‍ മര്‍മാറ സര്‍വകലാശാലയിലെ ധന തത്വശാസ്ത്ര വാണിജ്യ വിഭാഗത്തില്‍ നിന്നാണ് എര്‍ദോഗാന്‍ ബിരുദം കരസ്ഥമാക്കിയത്. പതിനെട്ടാമത്തെ വയസു മുതല്‍ അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനത്തിലുള്‍പ്പെട്ടു.

ഇസ്‌ലാമികരാജ്യം എന്ന ആശയത്തില്‍ കേന്ദ്രീകരിച്ചാണ് എര്‍ദോഗാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ഇസ്‌ലാമികവാദിയായ അര്‍ബകാന്റെ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച എര്‍ദോഗാന്‍, 1994 മാര്‍ച്ചില്‍ ഇസ്താംബൂള്‍ നഗരസഭയിലേക്ക് നടന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ വിജയിക്കുകയും നഗരസഭയുടെ മേയറാവുകയും ചെയ്തു.

ഇസ്‌ലാമികവാദിയായ നജ്മുദ്ദീന്‍ അര്‍ബകാന്റെ വെര്‍ല്‍ഫെയര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച എര്‍ദോഗാന്‍, 1994 മാര്‍ച്ചില്‍ നടന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ ഇസ്താംബൂള്‍ നഗരസഭയിലേക്ക് വിജയിക്കുകയും നഗരസഭയുടെ മേയറാവുകയും ചെയ്തു. എര്‍ദോഗാന്‍ മേയറായിരുന്ന കാലത്ത്, ഇസ്താംബൂളില്‍ മുമ്പത്തേതിനേക്കാളും മെച്ചപ്പെട്ട ഭരണം കാഴ്ച വച്ചു. 1997 ഡിസംബറില്‍ കുര്‍ദിഷ് മേഖലയില്‍ നടത്തിയ ഒരു പ്രസംഗത്തിലൂടെ, മതവംശീയവിദ്വേഷം പരത്തി എന്നാരോപിച്ച് 1998 ഏപ്രിലില്‍ സ്‌റ്റേറ്റ് സെക്യൂരിറ്റി കോര്‍ട്ട് എര്‍ദോഗാനെ കുറ്റക്കാരനായി കണ്ടെത്തി. സെപ്റ്റംബറില്‍ സുപ്രീം കോടതി അദ്ദേഹത്തെ പത്തുമാസത്തെ തടവുശിക്ഷക്ക് വിധിക്കുകയും, തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കുകയും ചെയ്തു.

1998-ല്‍ വെല്‍ഫെയര്‍ പാര്‍ട്ടി നിരോധിക്കപ്പെട്ടതിനെത്തുടര്‍ന്ന് മറ്റു പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പം എര്‍ദോഗാന്‍ വെര്‍ച്യൂ പാര്‍ട്ടിയില്‍ അംഗമായി. 2001-ല്‍ വെര്‍ച്യൂ പാര്‍ട്ടി നിരോധിക്കപ്പെട്ടതോടെ രണ്ടായി പിളര്‍ന്ന പാര്‍ട്ടിയുടെ മിതവാദ വിഭാഗത്തിന്റെ നേതൃസ്ഥാനത്തെത്തി. തുര്‍ക്കി പാര്‍ലമെന്റില്‍ വെര്‍ച്യൂ പാര്‍ട്ടിക്കുണ്ടായിരുന്ന അംഗങ്ങളില്‍ പകുതിയിലധികം ഉള്‍ക്കൊണ്ട (99ല്‍ 51) ഈ വിഭാഗം, ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി (എ.കെ. പാര്‍ട്ടി) എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ടു. നജ്മുദ്ദീന്‍ അര്‍ബകാന്‍ നയിച്ച എതിര്‍വിഭാഗത്തെ (ഫെലിസിറ്റി പാര്‍ട്ടി) 48 പാര്‍ലമെന്റംഗങ്ങള്‍ പിന്തുണച്ചിരുന്നു. എര്‍ദോഗാന് ശേഷം, അബ്ദുള്ള ഗുല്‍ ആയിരുന്നു ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടിയിലെ (എ.കെ. പാര്‍ട്ടി) രണ്ടാമന്‍.

2001 ഓഗസ്റ്റില്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന്, എ.കെ. പാര്‍ട്ടി മതേതരത്വത്തെ മുറുകെപ്പിടിക്കുമെന്ന് എര്‍ദോഗാന്‍ പ്രഖ്യാപിച്ചു. മതത്തെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി ചൂഷണം ചെയ്യുന്നതിനെ എതിരാണെന്നും, മതേതരത്വം മതത്തിന് എതിരല്ലെന്നും കൂട്ടിച്ചേര്‍ത്തു.

2003 മാര്‍ച്ചില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എര്‍ദോഗാന് പാര്‍ലമെന്റിലേക്ക് മല്‍സരിക്കാന്‍ അവസരം ലഭിച്ചു. 84 ശതമാനം വോട്ട് നേടി അദ്ദേഹം വിജയിക്കുകയും ചെയ്തു. പാര്‍ലമെന്റിലെത്തിയ ഉറുദുഗാന് പ്രധാനമന്ത്രിസ്ഥാനം നല്‍കുന്നതിന് ഗുല്‍ തല്‍സ്ഥാനം രാജി വക്കുകയും എര്‍ദോഗാനു കീഴില്‍ രൂപീകരിക്കപ്പെട്ട പുതിയ മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയാകുകയും ചെയ്തു.

അധികാരമേറ്റതിനു ശേഷം തുര്‍ക്കിയുടെ യൂറോപ്യന്‍ യൂനിയനിലുള്ള സ്ഥിരാംഗത്വത്തിനു വേണ്ടി എര്‍ദോഗാന്‍ ശ്രമം തുടര്‍ന്നു. കുര്‍ദിഷ് അനുകൂലനിലപാടുകാരെ ശിക്ഷിക്കുന്നതിനായി മുമ്പ് ഉപയോഗിക്കപ്പെട്ടിരുന്ന തീവ്രവാദവിരുദ്ധനിയമത്തിലെ കുപ്രസിദ്ധമായ എട്ടാം വകുപ്പ് ഒഴിവാക്കിയത് ഒരു പ്രധാനനിയമനിര്‍മ്മാണമായിരുന്നു. ഇതോടൊപ്പം കുര്‍ദുകള്‍ക്ക് സാംസ്‌കാരികാവകാശങ്ങളും, കുട്ടികള്‍ക്ക് കുര്‍ദിഷ് പേരുകള്‍ ഇടാനും, കുര്‍ദിഷ് ഭാഷയിലുള്ള സ്വകാര്യ റേഡിയോ ടെലിവിഷന്‍ ചാനലുകള്‍ക്കും അനുമതിയായി.

2003 ജൂലൈയില്‍ നടപ്പാക്കിയ പരിഷ്‌കരണനടപടി ഏറെ പ്രധാനപ്പെട്ടതായിരുന്നു. അതുവഴി സൈനികനേതൃത്വത്തിന് ഭൂരിപക്ഷമുള്ള നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ നിര്‍വഹണാധികാരങ്ങള്‍ ഇല്ലായ്മ ചെയ്തു. എര്‍ദോഗാന്റെ ഭരണനേട്ടങ്ങള്‍ 2004 മാര്‍ച്ചിലെ തദ്ദേശതിരഞ്ഞെടുപ്പില്‍ വ്യക്തമായി പ്രതിഫലിച്ചു. എ.കെ. പാര്‍ട്ടിയുടെ ജനപിന്തുണ 34 ശതമാനത്തില്‍ നിന്നും 43 ശതമാനമായി വര്‍ദ്ധിച്ചു. ആകെയുള്ള 81 നഗരസഭകളില്‍ 51ഉം പാര്‍ട്ടി കരസ്ഥമാക്കി.