Current Date

Search
Close this search box.
Search
Close this search box.

ധാര്‍മികതയുടെയും സേവനത്തിന്റെയും മുദ്രയുള്ള മഹല്ല് സംവിധാനം

ഇസ്‌ലാമിക രാഷ്ട്രത്തിന്റെയും ഭരണത്തിന്റെയും അഭാവത്തില്‍ മഹല്ല് സംവിധാനത്തിന് വമ്പിച്ച പ്രാധാന്യമുണ്ട്. അതിനു നിര്‍വഹിക്കാനുള്ള ബാധ്യത വളരെ വലുതാണ്. ഇസ്‌ലാമിക സമൂഹത്തിന്റെ വളര്‍ച്ചയും പുരോഗതിയും ശാക്തീകരണവും സാധ്യമാവുക മഹല്ല് സംവിധാനത്തിലൂടെയാണ്. അതോടൊപ്പം ഇതര സമൂഹങ്ങള്‍ക്ക് ഇസ്‌ലാമിന്റെ അനുഗ്രഹങ്ങള്‍ അനുഭവിച്ചറിയാനും മഹല്ലുകള്‍ വഴിസാധിക്കും; സാധിക്കേണ്ടതുണ്ട്. അങ്ങനെ നാടിന്റെ എല്ലാ അര്‍ഥത്തിലുമുള്ള പുരോഗതിയിലും ക്ഷേമത്തിലും നിര്‍ണായകമായ പങ്കുവഹിക്കുന്ന സാമൂഹിക സ്ഥാപനമായി മഹല്ല് സംവിധാനം മാറണം. വ്യക്തമായ കാഴ്ചപ്പാടും ശരിയായ ആസുത്രണവും ചിട്ടയൊത്ത പ്രവര്‍ത്തനവുമുണ്ടെങ്കില്‍ ഇത് അനായാസം സാധിക്കും.

കക്ഷിഭേദമന്യേ കേരളത്തിലെ ഏതു പള്ളി മഹല്ലിനും സ്വീകരിക്കാവുന്ന ചില പരിപാടികളാണ് ഇവിടെ സമര്‍പ്പിക്കുന്നത്.

നാലുതരം പള്ളികള്‍
1. പൂര്‍ണ സ്വഭാവത്തിലുള്ള മഹല്ലുകളിലെ പള്ളി. ഇത്തരം മഹല്ലുകളിലെ വീടുകളും അംഗങ്ങളും നിര്‍ണിതമായിരിക്കും. മഹല്ല് സംവിധാനത്തോട് ആ വീടുകള്‍ക്കും വ്യക്തികള്‍ക്കും ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടായിരിക്കും.

2. ഭാഗികമായി മഹല്ല് സംവിധാനത്തോടുകൂടിയ പള്ളികള്‍. ഇത്തരം മഹല്ലുകളിലെ വ്യക്തികള്‍ നിര്‍ണിതമായിരിക്കും. എന്നാല്‍ പ്രസ്തുത വ്യക്തികളുടെ വീടുകള്‍ പൂര്‍ണമായും മഹല്ലുമായി ബന്ധപ്പെട്ടവയായിരിക്കില്ല. ചില വീടുകളിലെ ചില വ്യക്തികള്‍ക്കേ മഹല്ലുമായി ബന്ധമുണ്ടായിരിക്കുകയുള്ളൂ. മറ്റുള്ളവര്‍ മറ്റു മഹല്ലുകളിലായിരിക്കും.

3. നഗരത്തിലെ പള്ളികള്‍. ഇത്തരം പളളികളുമായി നിര്‍ണിതമായ വ്യക്തികള്‍ക്കോ വീടുകള്‍ക്കോ വ്യവസ്ഥാപിത ബന്ധങ്ങളൊന്നുമുണ്ടായിരിക്കുകയില്ല. അതിനാല്‍ ആ പള്ളികള്‍ക്ക് മഹല്ല് സംവിധാനമുണ്ടാവുകയില്ല.

4. ജുമുഅയില്ലാത്ത നമസ്‌കാര പള്ളികള്‍.

ഇവയില്‍ പൂര്‍ണാര്‍ഥത്തില്‍ മഹല്ല് സംവിധാനമുള്ളിടത്ത് നടപ്പാക്കാവുന്ന പരിപാടികളാണ് ഇവിടെ ചേര്‍ക്കുന്നത്.

പ്രദേശത്തെ സംബന്ധിച്ച പഠനം
മുസ്‌ലിംകള്‍ മുഴുവന്‍ മനുഷ്യര്‍ക്കുമായി നിയോഗിതമായ ഉത്തമ സമുദായമാണ്. നമ്മുടേതുപോലുള്ള നാടുകളില്‍ ഇതു സാധ്യമാകേണ്ടത് പ്രാദേശിക തലത്തില്‍ മഹല്ല് സംവിധാനങ്ങളിലൂടെയാണ്. ഇതു പ്രായോഗികമാക്കണമെങ്കില്‍ മഹല്ല് ഭാരവാഹികള്‍ക്ക് തങ്ങളുടെ പ്രദേശത്തെയും അവിടുത്തെ മുഴുവന്‍ നിവാസികളെയും സംബന്ധിച്ച സാമാന്യം വിശദമായ അറിവും ധാരണയുമുണ്ടായിരിക്കണം. അതിനായി മഹല്ല് കമ്മിറ്റികള്‍ തങ്ങളുടെ പ്രവര്‍ത്തന വൃത്തത്തിലെ സ്ഥിതി സുക്ഷ്മമായി പഠിക്കാനാവശ്യമായ സര്‍വേ സംഘടിപ്പിക്കണം. ആകെ വീടുകള്‍, ജനങ്ങള്‍, ജാതി – മതം തിരിച്ചുള്ള കണക്ക്, പൊതു സാമ്പത്തിക സ്ഥിതി, സാമൂഹിക സാംസ്‌കാരികാവസ്ഥ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റു പൊതുവേദികള്‍, വിവിധ കൂട്ടായ്മകള്‍ തുടങ്ങിയവയെ സംബന്ധിച്ച് മനസ്സിലാക്കാനുതകുന്ന സര്‍വേ. നാലു വര്‍ഷം പൂര്‍ത്തിയാകുമ്പോഴെങ്കിലും ഇത് പുതുക്കിക്കൊണ്ടിരിക്കണം.

പൊതു പ്രവര്‍ത്തനങ്ങള്‍
ജാതി, മത, രാഷ്ട്രീയ സംഘടനാ ഭേദമില്ലാതെ എല്ലാ വിഭാഗങ്ങളെയും ഉള്‍പെടുത്തിയും സഹകരിപ്പിച്ചും ഒരു പൊതുവേദി ഉണ്ടാക്കാന്‍ ശ്രമിക്കുക. പ്രദേശത്തെ സാമുദായിക സൗഹാര്‍ദവും മതസഹിഷ്ണുതയും ഉറപ്പ് വരുത്തുക. ശാന്തിയും സമാധാനവും നില നിര്‍ത്തുക, മദ്യം, മയക്കുമരുന്ന്, കളവ്, ചതി, സാമ്പത്തിക തട്ടിപ്പുകള്‍, പരിസരമലിനീകരണം, മാഫിയ സംഘങ്ങള്‍ എന്നിവക്കെതിരായ കൂട്ടായ ശ്രമം നടത്തുക, മാരക രോഗത്തിനടിപ്പെട്ട ദരിദ്രരെ സഹായിക്കുക, പഠിക്കാന്‍ സമര്‍ഥരായ ദരിദ്ര വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക, ഇങ്ങനെ പ്രദേശത്തിന്റെ സമാധാനവും സുരക്ഷിതത്വവും സുഭിക്ഷതയും ക്ഷേമവും ഉറപ്പു വരുത്തലായിരിക്കണം ഈ പൊതു വേദിയുടെ ലക്ഷ്യം. കക്ഷി, മത, സമുദായ ഭേദമില്ലാതെ എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന കളികളും കലാ സാഹിത്യ മത്സരങ്ങളും മറ്റു കൊച്ചുകൂട്ടായ്മകളും സംഘടിപ്പിക്കുന്നത് നന്നായിക്കും. പൊതു ഗ്രന്ഥശാലകളും വായന ശാലകളും സ്ഥാപിച്ച് നടത്തുകയും ചെയ്യാം. പൊതു ധാര്‍മിക മൂല്യങ്ങള്‍ പ്രദേശവാസികളില്‍ വളര്‍ത്തിയെടുക്കാനും നിലനിര്‍ത്താനും ജാഗ്രത പുലര്‍ത്തണം. മയക്കുമരുന്ന് ലോബികള്‍, ലഹരി വിതരണക്കാര്‍, കവര്‍ച്ചാ സംഘങ്ങള്‍, അശ്ലീല ചിത്രങ്ങളുടെ പ്രചാരകര്‍, മണല്‍ മാഫിയാ സംഘങ്ങള്‍ പോലുള്ളവര്‍ തങ്ങളുടെ പ്രദേശത്ത് ഇല്ലെന്ന് ഉറപ്പുവരുത്താന്‍ പൊതുവേദികള്‍ പ്രതിജ്ഞാബദ്ധമായിരിക്കണം.

മഹല്ല് അംഗങ്ങള്‍
മഹല്ലിന് വ്യക്തമായ അംഗത്വ വ്യവസ്ഥ ഉണ്ടായിരിക്കണം. നിശ്ചിത ഫോറത്തില്‍ അപേക്ഷ പൂരിപ്പിച്ച് വാങ്ങിയായിരിക്കണം അംഗത്വം നല്‍കുന്നത്. അംഗത്വഫോറത്തില്‍ നിന്ന് അയാളുടെ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍, സാമ്പത്തികാവസ്ഥ, പ്രായം, കുടുംബം, അതിലെ അംഗങ്ങള്‍, സ്ത്രീകള്‍, പുരുഷന്മാര്‍, കുട്ടികള്‍, വിദ്യാര്‍ഥികള്‍, വിവാഹിതര്‍, തൊഴിലുള്ളവര്‍, അവരുടെ തൊഴില്‍, തൊഴിലാര്‍ഥികള്‍, കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിശദാംശങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കണം. എല്ലാവരില്‍ നിന്നും ഫോറം പൂരിപ്പിച്ചു വാങ്ങി അവ ക്രോഡീകരിക്കുന്നതിലൂടെ മഹല്ലിലെ കുടുംബനാഥന്മാര്‍, കുടുംബ നാഥന്മാരല്ലാത്ത അംഗങ്ങള്‍, അവരുടെ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍, തൊഴില്‍ ആവശ്യമുള്ളവര്‍, തൊഴില്‍ ദാതാക്കള്‍, വിവാഹിതര്‍, അവിവാഹിതര്‍, പ്രായം കഴിഞ്ഞ അവിവാഹിതര്‍, സകാത്ത് നല്‍കാന്‍ ബാധ്യസ്ഥര്‍, സ്വീകരിക്കാന്‍ അര്‍ഹര്‍, റിലീഫ് പ്രവര്‍ത്തനങ്ങളില്‍ ശാരീരികമായോ സാമ്പത്തികമായോ പങ്കാളിത്തം വഹിക്കാന്‍ കഴിയുന്നവര്‍, റിലീഫ് ആവശ്യമുള്ളവര്‍, വിദ്യാര്‍ഥികള്‍, അവര്‍ പഠിക്കുന്ന കോഴ്‌സുകള്‍, വിദ്യാഭ്യാസ സഹായം ആവശ്യമുള്ളവര്‍, തുടങ്ങിയ കാര്യങ്ങളെല്ലാം മനസ്സിലാക്കാന്‍ സാധിക്കണം. അതിനായി പ്രത്യേകം പട്ടിക തയാറാക്കുകയും വേണം.

ഇസ്‌ലാമിക ബോധവത്കരണം
മഹല്ല് അംഗങ്ങളുടെ ജീവിതം ഇസ്‌ലാമികമാണെന്ന് ഉറപ്പുവരുത്തുന്നതില്‍ മഹല്ല് ഭാരവാഹികളും ഖാദിയും നിതാന്ത ജാഗ്രത പുലര്‍ത്തണം. ജുമുഅ ഖുത്വ്ബകളിലൂടെ അംഗങ്ങളെ ഇസ്‌ലാമിക ജീവിതം നയിക്കാന്‍ പ്രാപ്തരും സന്നദ്ധരുമാക്കണം. ഫലപ്രദവും ആകര്‍ഷകവുമായിരിക്കണം ഖുത്വ്ബകള്‍. അത് സാധ്യമാകുംവിധം കഴിവും യോഗ്യതയും സാമര്‍ഥ്യവുമുള്ള ഖത്വീബുമാരെയും ഖാദിമാരെയുമാണ് നിശ്ചയിക്കേണ്ടത്. മിമ്പറിനു താഴെ വെച്ച് മിമ്പറിലെ ഖുത്വ്ബക്ക് മുമ്പോ ശേഷമോ പ്രഭാഷണം നിര്‍വഹിക്കുന്നവര്‍ക്കും ഇത് ബാധകമാണ്. ഉയര്‍ന്ന വേതനം നല്‍കി പ്രാപ്തരെ മാത്രം ഖാദിമാരും ഖത്വീബുമാരുമായി നിയമിക്കുമെന്ന നിര്‍ബന്ധബുദ്ധി മഹല്ല് ഭാരവാഹികള്‍ക്കുണ്ടാകണം. അത് സാധ്യമാകും വിധമുള്ള വരിസംഖ്യ അംഗങ്ങളില്‍ നിന്ന് പിരിച്ചെടുക്കണം. കുട്ടികളടെ ഭൗതിക വിദ്യാഭ്യാസത്തിനും വീട്ടാവശ്യങ്ങള്‍ക്കും എത്ര പണം ചെലവഴിക്കാനും മടിയില്ലാത്തവര്‍ തങ്ങളുടെ പള്ളി ഭരണത്തിന് ന്യായമായ വിഹിതം നല്‍കില്ലെന്ന സ്ഥിതി മാറുക തന്നെ വേണം. ഖത്വീബുമാര്‍ക്കും ഖാദിമാര്‍ക്കും നാട്ടില്‍ മാന്യമായ സ്ഥാനവും ഉയര്‍ന്ന ശമ്പളവും നല്‍കുക തന്നെ വേണം. അപ്പോഴേ കഴിവും യോഗ്യതയുമുള്ളവര്‍ ഈ രംഗത്തേക്ക് വരികയുള്ളൂ. മതപരവും ഭൗതികവുമായ വിദ്യാഭ്യാസം നേടിയ കഴിവുള്ള വ്യക്തികള്‍ മറ്റു തൊഴില്‍ മേഖലകളേക്കാള്‍ പ്രാമുഖ്യം കല്‍പിക്കുമാറ് ആദരവും വേതനവും ലഭിക്കുന്നതായിരിക്കണം ഖാദിസ്ഥാനവും ഖത്വീബ് പദവിയും.

സ്ത്രീകള്‍ പള്ളിയില്‍ വരാത്ത പ്രദേശങ്ങളില്‍ അവര്‍ക്കായി പ്രത്യേകം ഇസ്‌ലാമിക പഠന ക്ലാസുകള്‍ എല്ലാ ആഴ്ചകളിലും നടത്തണം. സ്ത്രീകള്‍ പള്ളികളിലെ ജുമുഅകളില്‍ പങ്കെടുക്കുന്ന സ്ഥലങ്ങളില്‍ മഹല്ല് കമ്മിറ്റികളില്‍ അവരെ കൂടി ഉള്‍പ്പെടുത്തുന്നത് വളരെയേറെ ഗുണകരവും ഫലപ്രദവുമായിരിക്കും.

മഹല്ലില്‍ പ്രകടമായ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന ആരെങ്കിലുമുണ്ടെങ്കില്‍ മഹല്ല് ഭാരവാഹികളോ ഖാദിയോ ഖത്വീബോ അത്തരക്കാരെ നേരില്‍കണ്ട് നിരന്തരം ബന്ധപ്പെട്ട് മാറ്റിയെടുക്കാന്‍ ശ്രദ്ധിക്കുകയും ശ്രമിക്കുകയും വേണം. എത്ര ശ്രമിച്ചിട്ടും ഗുരുതരവും പ്രത്യക്ഷവുമായ കുറ്റകൃത്യങ്ങളില്‍ നിന്ന് മാറാന്‍ തയാറില്ലാത്തവരെ മഹല്ല് ഘടനയില്‍ നിന്ന് മാറ്റി നിര്‍ത്താവുന്നതാണ്. അങ്ങനെ ചെയ്യുമ്പോഴും അത് ശത്രുതാപരമായിരിക്കരുത്; ഗുണകാംക്ഷാപരമായിരിക്കണം. സാധ്യമെങ്കില്‍ ബന്ധപ്പെട്ട വ്യക്തിയുടെ അനുവാദത്തോടെയും.

ഹോളിഡേ മദ്‌റസകള്‍
നമ്മുടെ നാട്ടില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ സാര്‍വത്രികമാവുകയും വിദ്യാര്‍ഥികള്‍ വളരെ നേരത്തെ സ്ഥാപനങ്ങളിലേക്ക് പുറപ്പെടുകയും ചെയ്യുന്നതിനാല്‍ മഹാഭൂരിപക്ഷത്തിനും ഇന്ന് മദ്‌റസാ വിദ്യാഭ്യാസം ലഭിക്കുകയില്ല. ഉണ്ടെങ്കില്‍ തന്നെ അത് വളരെ പരിമിതവും പ്രാഥമികവും മാത്രം. അതിനാല്‍ പ്രതിവാര ഒഴിവു ദിവസങ്ങളും വേനല്‍കാല അവധിയും മറ്റു ഒഴിവുദിവസങ്ങളും മദ്‌റസാ വിദ്യാഭ്യാസത്തിന് ഉപയോഗപ്പെടുത്തണം. ഉച്ചക്കുമുമ്പ് ഇസ്‌ലാമിക പഠനവും ഉച്ചക്ക് ശേഷം ഇംഗ്ലീഷ്, കണക്ക്, സയന്‍സ് തുടങ്ങിയവയിലെ ട്യൂഷനും സംഘടിപ്പിക്കാവുന്നതാണ്. നിലവിലുള്ള സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ മദ്‌റസാ നവീകരണത്തിനുള്ള ഫണ്ട് ഇതിന് ഏറെ സഹായകമായിരിക്കും. മദ്‌റസാ വിദ്യാഭ്യാസത്തില്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആധുനിക ബോധന രീതി സ്വീകരിക്കുക തന്നെ വേണം. ഹോളിഡേകളില്‍ മദ്‌റസ നടത്തുകയാണെങ്കില്‍ പരിശീലനം ലഭിച്ച അറബി അധ്യാപകരെയും മറ്റു പ്രഗത്ഭമതികളെയും ഇതിനുപയോഗപ്പെടുത്താന്‍ സാധിക്കും. ഏതായാലും പ്രാഥമിക തലം തൊട്ട് ഹൈസ്‌കൂള്‍ തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കാന്‍ ആവശ്യമായ സംവിധാനം മഹല്ല് കമ്മിറ്റികള്‍ ഏര്‍പ്പെടുത്തിയേ മതിയാവൂ.

ഖുര്‍ആന്‍ പഠനവേദി
മഹല്ലിലെ ഖാദിയെയോ ഇമാമിനെയോ മറ്റു യോഗ്യരായ പണ്ഡിതന്മാരെയോ ഉപയോഗപ്പെടുത്തി മുതിര്‍ന്നവര്‍ക്ക് ഖുര്‍ആന്‍ പഠിക്കാന്‍ സാധിക്കുന്ന സംവിധാനം എല്ലായിടത്തുമുണ്ടാക്കണം. ഞായറാഴ്ചയോ മറ്റു ഒഴിവു ദിവസമോ രണ്ടോ മൂന്നോ മണിക്കൂര്‍ ഉപയോഗപ്പെടുത്തിയാല്‍ ഏറെയൊന്നും പ്രയാസപ്പെടാതെ ഇതു സാധ്യമാകും. ഖുര്‍ആന്‍ അറബി വ്യാകരണത്തോടെയും ഓരോ പദത്തിന്റെയും അര്‍ഥവും ഉദ്ദേശ്യവും മനസ്സിലാക്കിയും പഠിക്കാന്‍ സാധിച്ചില്ലെങ്കിലും അല്ലാഹു ഖുര്‍ആനിലൂടെ എന്താണ് തന്നോട് പറയുന്നതെന്ന് മനസ്സിലാക്കാന്‍ ഓരോ മഹല്ല് നിവാസിക്കും അവസരം ലഭിക്കുംവിധമായിരിക്കണം പഠനവേദിയൊരുക്കുന്നത്. കാലക്രമേണയെങ്കിലും ഖൂര്‍ആന്റെ ഉള്ളടക്കമറിയാത്ത ആരും മഹല്ല് അംഗങ്ങളിലില്ലെന്ന് ഉറപ്പുവരുത്താന്‍ സാധിച്ചാല്‍ അതുണ്ടാക്കുന്ന സദ്ഫലം വളരെ വലുതായിരിക്കും.

സകാത്ത് കമ്മിറ്റി
എല്ലാ മഹല്ലുകളിലും സകാത്ത് കമ്മിറ്റി രൂപീകരിക്കുകയും വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുകയും വേണം. സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരായവരില്‍ നിന്ന് അത് ശേഖരിച്ച് അര്‍ഹരായവര്‍ക്ക് നീതിപൂര്‍വം വിതരണം നടത്തുന്നത് ഈ കമ്മിറ്റിയായിരിക്കണം. ഇന്നത്തെ സാഹചര്യത്തില്‍ ചികിത്സ, വീടു നിര്‍മാണം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവക്കാണ് പ്രധാനമായും സകാത്ത് നല്‍കേണ്ടത്. വളരെ ദരിദ്രരുണ്ടെങ്കില്‍ അവര്‍ക്ക് മാസം തോറും ആവശ്യമായ സഹായം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കണം. മഹല്ലിലെ ഏറ്റം അര്‍ഹരായവര്‍ക്കാണ് സകാത്ത് നല്‍കുന്നതെന്നും തെരഞ്ഞെടുപ്പ് നീതിപൂര്‍വകമാണെന്നും ഉറപ്പുവരുത്തണം. ഫിത്വ്ര്‍ സകാത്ത് ശേഖരിച്ച് വിതരണം നടത്താനും ഉദുഹിയ്യത്ത് സംബന്ധമായ കാര്യങ്ങള്‍ നിര്‍വഹിക്കാനും ഈ കമ്മിറ്റി തന്നെ മതിയാകും.

പലിശ രഹിത സഹായ നിധി
എല്ലാ മഹല്ലുകളിലും സ്ഥിരം റിലീഫ് കമ്മിറ്റികളും പലിശ രഹിത പരസ്പര സഹായ നിധികളും പ്രവര്‍ത്തിക്കുന്നത് ഏറെ ഫലപ്രദമായിരിക്കും. പ്രദേശത്തെ അവശതയനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സകാത്ത് മതിയാവാതെ വരുമ്പോഴും പെട്ടെന്നുണ്ടാകുന്ന അത്യാവശ്യങ്ങള്‍ നിര്‍വഹിക്കാനും ഒരു സ്ഥിരം റിലീഫ് ഫണ്ട് ഉണ്ടാകുന്നത് നല്ലതാണ്. കടം ആവശ്യമായി വരുന്നവര്‍ക്ക് നിശ്ചിത കാലത്തേക്ക് പലിശ രഹിതമായി കടം കൊടുക്കാനുള്ള സംവിധാനവും അനിവാര്യമാണ്. ഇക്കാര്യത്തില്‍ ശാസ്ത്രീയമായി നടത്തപ്പെടുന്ന ഏതെങ്കിലും പലിശരഹിത പരസ്പര സഹായ നിധികളെ മാതൃകയാക്കാവുന്നതാണ്.

സ്ഥിരം റിലീഫ് ഫണ്ടിന്റെയും പലിശ രഹിത നിധിയുടെയും ചുമതല സകാത്ത് കമ്മിറ്റിക്ക് തന്നെ വഹിക്കാവുന്നതാണ്. സാമ്പത്തിക കാര്യമായതിനാല്‍ നല്ല സൂക്ഷ്മതയും സത്യസന്ധതയും സാമര്‍ഥ്യവുമുള്ളവരായിരിക്കണം അത് കൈകാര്യം ചെയ്യുന്നത്. തങ്ങളുടെ മഹല്ലില്‍ യാചകരും പട്ടിണികിടക്കുന്നവരും ചികിത്സകിട്ടാതെ പ്രയാസപ്പെടുന്നവരും സാമ്പത്തിക കാരണത്താല്‍ പഠനം മുടങ്ങുന്നവരും ഇല്ലെന്ന് ഉറപ്പുവരുത്താന്‍ മഹല്ല് ഭാരവാഹികള്‍ ബാധ്യസ്ഥരാണ്. സമുദായത്തിന്റെ നിലവിലുള്ള സാമ്പത്തികാവസ്ഥയില്‍ ഇത് അസാധ്യമായ കാര്യമല്ല.

വിദ്യാഭ്യാസ സമിതി
മഹല്ല് കമ്മിറ്റിയുടെ കീഴില്‍ ഒരു വിദ്യാഭ്യാസ സമിതി ഉണ്ടായിരിക്കണം. പ്രദേശത്തെ മതപരവും ഭൗതികവുമായ വിദ്യാഭ്യാസ വളര്‍ച്ച ഉറപ്പുവരുത്തേണ്ടത് ഈ സമിതിയാണ്. അധ്യാപകര്‍, മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാസമ്പന്നരായ മറ്റു വ്യക്തികള്‍, മതപണ്ഡിതന്മാര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം ഈ സമിതിയിലുണ്ടായിരിക്കണം
ഈ സമിതിക്ക് നിര്‍വഹിക്കാവുന്ന പ്രധാന ചുമതലകള്‍:

1. നേരത്തെ പറഞ്ഞ ഹോളിഡേ മദ്‌റസകള്‍ നടത്തുക.
2. ഖുര്‍ആന്‍ പഠന വേദിക്ക് നേതൃത്വം നല്‍കുക.
3. പ്രദേശത്ത് പത്താം ക്ലാസ് വിദ്യാഭ്യാസമെങ്കിലുമില്ലാത്ത ആരുമില്ലെന്ന് ഉറപ്പു വരുത്തുക.
4. ഹോളിഡേ മദ്‌റസകളിലെ സ്‌കൂള്‍ പഠന വിഷയങ്ങളിലെ ക്ലാസുകള്‍ മതിയാവാതെ വരുന്നവര്‍ക്ക് ട്യൂഷന്‍ സംവിധാനമുണ്ടാക്കുക. സമ്പന്നരില്‍ നിന്ന് ഫീസ് സ്വീകരിച്ചും പാവപ്പെട്ടവര്‍ക്ക് സൗജന്യമായും ട്യൂഷന്‍ നല്‍കുന്നതായിരിക്കും ഗുണകരം.
5. പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ഥികളെ അവാര്‍ഡ് നല്‍കി ആദരിക്കുക.
6. സ്‌കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തി അവ സംഘടിപ്പിച്ചു കൊടുക്കുക. സ്‌കോളര്‍ഷിപ്പുകളുടെ വിശദവിവരം പള്ളിയിലെ നോട്ടീസ് ബോര്‍ഡില്‍ പതിക്കുക.
7. വര്‍ഷത്തിലൊരിക്കല്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി പാസായ വിദ്യാര്‍ഥികളെ ഒരുമിച്ചുകൂട്ടി വ്യത്യസ്ത കോഴ്‌സുകള്‍ പരിചയപ്പെടുത്തുക. പ്രധാന കോഴ്‌സുകളെയും അവയുടെ സാധ്യതകളെയും സംബന്ധിച്ച വിവരം നോട്ടീസ് ബോര്‍ഡില്‍ രേഖപ്പെടുത്തുക.
8. പത്താം ക്ലാസിനു മുമ്പ് പഠനം നിര്‍ത്തുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി പഠനം തുടരാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക.
9. സാമ്പത്തിക പ്രയാസത്താല്‍ ആരുടെയും വിദ്യാഭ്യാസം മുടങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ഈ സമിതിയാണ്.
10. പ്രദേശത്തെ അതിസമര്‍ഥരായ വിദ്യാര്‍ഥികളെ കണ്ടെത്തി അവരുടെ വിദ്യാഭ്യാസത്തിനാവശ്യമായ നിര്‍ദേശം നല്‍കിക്കൊണ്ടിരിക്കുക.
11. പി.എസ്.സി പരീക്ഷകള്‍, പ്രഫഷണല്‍ കോഴ്‌സുകള്‍, സിവില്‍ സര്‍വീസ് പരീക്ഷകള്‍ എന്നിവക്കുള്ള പരിശീലനത്തിന് സെന്റര്‍ നടത്തുകയോ സാധ്യമല്ലെങ്കില്‍ പ്രദേശത്തെ യോഗ്യരായ വിദ്യാര്‍ഥികളെ നിലവിലുള്ള അത്തരം സെന്ററുകളിലേക്ക് അയക്കാനാവശ്യമായ നടപടി സ്വീകരിക്കുകയോ ചെയ്യുക.
12. നിലവിലുള്ള സാഹചര്യത്തില്‍ നിയമപഠനം, പത്രപ്രവര്‍ത്തനം, മാനേജ്‌മെന്റ് കോഴ്‌സുകള്‍ എന്നിവക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് സമുദായത്തിന് ഏറെ ഗുണകരമായിരിക്കും.
13. പള്ളികളോടനുബന്ധിച്ചുള്ള ലൈബ്രറികളിലെ ഒരു ഷെല്‍ഫ് വിദ്യാര്‍ഥികളുടെ പഠനത്തെ സഹായിക്കുന്ന പുസ്തകങ്ങള്‍ക്കായി നീക്കിവെക്കുക. ആവശ്യമായ റഫറന്‍സ് പുസ്തകങ്ങള്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുക. വിദ്യാഭ്യാസ സമിതിക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സ്വദേശത്തും വിദേശത്തുമുള്ള ഉദാരമതികളുടെ സഹായം ഉപയോഗപ്പെടുത്താം.

സാമ്പത്തിക പുരോഗതിയും അച്ചടക്കവും
മഹല്ല് അംഗങ്ങളുടെ സാമ്പത്തിക വളര്‍ച്ചയും ഉയര്‍ച്ചയും സാധ്യമാക്കാനാവശ്യമായ സംവിധാനം ഉണ്ടാവണം. മഹല്ല് കമ്മിറ്റിക്ക് അതിനായി താഴെ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാവുന്നതാണ്.

1. വിദ്യാര്‍ഥികളെയും യുവാക്കളെയും തൊഴിലിന്റെ മഹത്വത്തെ സംബന്ധിച്ച് ബോധവല്‍കരിക്കുക. അധ്വാനിക്കാതെ ആഹരിക്കുന്നത് ഒഴിവാക്കപ്പെടേണ്ട ഹീനകൃത്യമാണെന്ന് മഹല്ല് നിവാസികളെ ബോധ്യപ്പെടുത്തുക.
2. ചില തൊഴിലുകള്‍ മാന്യവും മറ്റു ചിലത് മോശവുമാണെന്ന ധാരണ തിരുത്തുക. ഏതു തൊഴിലും ആര്‍ക്കും പഠിക്കാം, ചെയ്യാം എന്ന ബോധം വളര്‍ത്തുക.
3. കഴിവും സാമ്പത്തിക ശേഷിയും സാമര്‍ഥ്യവുമുള്ളവരെ തൊഴില്‍ സാധ്യതകളുള്ള സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രേരിപ്പിക്കുക.
4. കൃഷി, അടുക്കളത്തോട്ടം, കന്നുകാലിവളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, മത്സ്യം വളര്‍ത്തല്‍, പലഹാര നിര്‍മാണം പോലുള്ളവക്ക് പ്രേരണയും പ്രോത്സാഹനവും നല്‍കുക.
5. മഹല്ലിലെ കഴിവും യോഗ്യതയുമുള്ള ഒന്നോ രണ്ടോ വ്യക്തികളെ നാട്ടിലും മറുനാട്ടിലുമുള്ള തൊഴില്‍ സാധ്യതകളെ സംബന്ധിച്ച് പഠിക്കാന്‍ ചുമതലപ്പെടുത്തുക. അങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍തന്നെ പള്ളിയിലെ നോട്ടീസ് ബോര്‍ഡില്‍ പതിക്കുക. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ മേഖല, ഗള്‍ഫ് നാടുകള്‍, മററു വിദേശ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ തൊഴില്‍ സാധ്യതകളെക്കുറിച്ച വിവരങ്ങള്‍ മഹല്ല് നിവാസികളെ അറിയിക്കണം. പി.എസ്.സി പരീക്ഷ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വെള്ളിയാഴ്ച ജുമുഅക്കു ശേഷം വിളംബരം ചെയ്യുന്നത് നല്ലതാണ്.
6. പള്ളി ലൈബ്രറിയില്‍ തൊഴില്‍ സാധ്യതകളെ സംബന്ധിച്ച പുസ്തകങ്ങള്‍ കൂടി ഉള്‍പ്പെടുത്തുക.
7. തുന്നല്‍, ഫര്‍ണിച്ചര്‍ നിര്‍മാണം, സോപ്പ് നിര്‍മാണം പോലുള്ളവയില്‍ പരിശീലനം നല്‍കുക.
8. തൊഴിലുപകരണങ്ങള്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുക.
9. അനുവദനീയ മാര്‍ഗത്തിലൂടെ മാത്രമേ വരുമാനമുണ്ടാക്കാവൂ എന്ന ബോധം മഹല്ല് നിവാസികളില്‍ നിരന്തരം വളര്‍ത്തിക്കൊണ്ടിരിക്കുക. നിഷിദ്ധമായ വരുമാനമാര്‍ഗമവലംബിച്ച ആരെങ്കിലുമുണ്ടെങ്കില്‍ ഖാദിയും മഹല്ലു ഭാരവാഹികളും യുക്തിപൂര്‍വം ബന്ധപ്പെട്ട് അതില്‍നിന്ന് അവരെ പിന്തിരിപ്പിക്കുക.
10. ധൂര്‍ത്ത്, ദുര്‍വ്യയം, ആര്‍ഭാടം തുടങ്ങിയവക്കെതിരെ മഹല്ലു നിവാസികളെ ബോധവത്കരിച്ചുകൊണ്ടേയിരിക്കുക. വിവാഹം, സല്‍കാരം, വീടുനിര്‍മാണം തുടങ്ങിയവയില്‍ ധൂര്‍ത്തും ദുര്‍വ്യയവും സംഭവിക്കാതിരിക്കാന്‍ മുന്‍കൂട്ടി നടപടികള്‍ സ്വീകരിക്കുക.
11. ഭക്ഷണം കഴിക്കുന്നത് അമിതമായാലുള്ള അപകടങ്ങളെ സംബന്ധിച്ച് ബോധവല്‍ക്കരിക്കുക. രോഗഹേതുകമായ ഭക്ഷണരീതി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുക.

ലൈബ്രറിയും റീഡിംഗ് റൂമും
എല്ലാ പള്ളികളോടുമനുബന്ധിച്ച് ഗ്രന്ഥശാലയും റീഡിംഗ്‌റൂമും സംവിധാനിക്കുക. മുതിര്‍ന്നവര്‍, യുവാക്കള്‍, സ്ത്രീകള്‍, കുട്ടികള്‍, വിദ്യാസമ്പന്നര്‍, സാധാരണക്കാര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും ഉപകരിക്കുന്ന ഉത്തമ ഗ്രന്ഥങ്ങളുള്ളവയായിരിക്കണം ലൈബ്രറികള്‍. എല്ലാ വിഭാഗക്കാര്‍ക്കും ഉപകരിക്കുന്ന സി.ഡികളുമുണ്ടായിരിക്കണം. മഹല്ല് നിവാസികള്‍ക്കിടയില്‍ അവ കൈമാറ്റം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണം. അതിനായി ലൈബ്രറിയുടെ ചുമതല യോഗ്യനായ ആരെയെങ്കിലും ഏല്‍പിക്കുക.

കൗണ്‍സലിംഗ് സംവിധാനം
എല്ലാ മഹല്ലുകളിലും വിവാഹ പൂര്‍വ കൗണ്‍സലിംഗിനും വിവാഹിതരുടെ കൗണ്‍സലിംഗിനും സൗകര്യമുണ്ടായിരിക്കണം. കൗമാരക്കാര്‍ക്കും പഠനത്തില്‍ പിറകിലായ വിദ്യാര്‍ഥികള്‍ക്കും സ്വഭാവ വൈകൃതമുള്ള കുട്ടികള്‍ക്കും പാരന്റിംഗില്‍ രക്ഷിതാക്കള്‍ക്കും കൗണ്‍സലിംഗ് ലഭ്യമാക്കണം. അതിനായി വര്‍ഷത്തില്‍ ഒന്നോ രണ്ടോ കൗണ്‍സലിംഗ് ക്യാമ്പുകള്‍ സംഘടിപ്പിക്കുക.

മസ്വ്‌ലഹത്ത് സമിതിയും കുടുംബ രംഗവും
മഹല്ലിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പോലീസ് സ്റ്റേഷനുകളിലും കോടതികളിലും എത്താതെ തന്നെ പരിഹരിക്കാനുള്ള ശ്രമങ്ങളുണ്ടാവണം. അതിനായി എല്ലാ മഹല്ലുകളിലും മസ്വ്‌ലഹത്ത് സമിതികളുണ്ടാവണം. ഖാദി, കമ്മിറ്റി ഭാരവാഹികള്‍, നാട്ടില്‍ സ്വാധീനമുള്ള വ്യക്തികള്‍, നിയമവിദഗ്ധര്‍ എന്നിവരുള്‍ക്കൊള്ളുന്നതായിരിക്കണം ഈ സമിതി. കുടുംബ പ്രശ്‌നങ്ങളെങ്കിലും പൂര്‍ണമായും കൈകാര്യം ചെയ്യാന്‍ ഈ സമിതിക്ക് സാധിക്കണം. ഇതിനായി താഴെ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്നത് നന്നായിരിക്കും.

1. സ്ത്രീധനം, സൗന്ദര്യഭ്രമം എന്നിവക്കെതിരെ ശക്തമായ ബോധവത്കരണം നടത്തുക. സ്ത്രീധനം വാങ്ങുന്നവരെ നേരില്‍കണ്ട് അതില്‍നിന്ന് പിന്തിരിപ്പിക്കുക. വാങ്ങിയവരെ തിരിച്ചുകൊടുക്കാന്‍ പ്രേരിപ്പിക്കുക. സ്ത്രീധനത്തിലെ അനിസ്‌ലാമികതയെയും അശ്ലീലതയെയും സംബന്ധിച്ച് ഖുത്വ്ബകളില്‍ ഇടക്കിടെ ഉദ്‌ബോധനം നടത്തുക.
2. മഹല്ലിലെ വിവാഹപ്രായമെത്തിയ സ്ത്രീ പുരുഷന്മാരുടെ പട്ടിക സൂക്ഷിക്കുക. വിവാഹപ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി കഴിയുന്ന പുരുഷന്മാരെ വിവാഹത്തിന് പ്രേരിപ്പിക്കുക. സ്ത്രീകളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കൈയെടുക്കുക.
3. പണപ്പിരിവു നടത്തി സ്ത്രീധനം നല്‍കാന്‍ സഹായിക്കുന്നതിനു പകരം വിവാഹത്തിനും കുടുംബ ജീവിതം നയിക്കുന്നതിനും പ്രയാസപ്പെടുന്ന പുരുഷന്മാരെ സഹായിക്കുന്ന രീതി സ്വീകരിക്കുക. അവര്‍ക്ക് തൊഴിലും താമസ സൗകര്യവും വിവാഹത്തിനാവശ്യമായ സഹായവും നല്‍കുക.
4. ലഹരിക്ക് അടിപ്പെട്ടവരെയും ക്രിമിനല്‍ സ്വഭാവക്കാരെയും അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിക്കുക. വിജയിക്കുന്നില്ലെങ്കില്‍ അത്തരക്കാരുടെ വിവാഹത്തിന് മഹല്ല് നേതൃത്വം നല്‍കാതിരിക്കുക.
5. വിവാഹം മഹല്ലില്‍ രജിസ്റ്റര്‍ ചെയ്യുക
6. വിവാഹം പോലെത്തന്നെ വിവാഹമോചനവും മഹല്ല് ഖാദിയുടെയും മസ്വ്‌ലഹത്ത് സമിതിയുടെയും അറിവോടെയും സാന്നിധ്യത്തിലുമായിരിക്കണം. ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ അവ പരിഹരിക്കാന്‍ അനുരഞ്ജന സംഭാഷണം നടത്തണം. വിജയിക്കുന്നില്ലെങ്കില്‍ ഇരുവരെയും കൗണ്‍സലിംഗിന് വിധേയരാക്കണം. എന്നിട്ടും പ്രശ്‌നം പരിഹരിക്കുന്നില്ലെങ്കില്‍ വിവാഹമോചനം അനിവാര്യമായി വരികയാണെങ്കില്‍ അത് ഉഭയകക്ഷി സമ്മതപ്രകാരമാകാന്‍ പരമാവധി ശ്രമിക്കണം. ഇദ്ദാ കാലത്തെ ചെലവും മതാഉം മറ്റു ബാധ്യതകളും ചര്‍ച്ച ചെയ്ത് തീരുമാനിച്ച ശേഷമായിരിക്കണം ത്വലാഖ് നടക്കേണ്ടത് . ഒരൊറ്റ ത്വലാഖേ അനുവദിക്കാവൂ. ഇദ്ദാകാലത്ത് ദാമ്പത്യത്തിലേക്ക് മടങ്ങാന്‍ ഇരുവരെയും പ്രേരിപ്പിച്ചു കൊണ്ടിരിക്കണം.
7. പ്രാപ്തരായ മക്കളുണ്ടായിട്ടും വൃദ്ധരായ മാതാപിതാക്കള്‍ക്ക് മാന്യമായ സംരക്ഷണം ലഭിക്കാത്ത അവസ്ഥ ഒരു കുടുംബത്തിലും ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം.
8. വിവാഹമോചിതരുടെയും വിധവകളുടെയും വിവാഹത്തിന് പ്രത്യേകം ഊന്നല്‍ നല്‍കണം.
9. വിവാഹത്തട്ടിപ്പുകള്‍ നടക്കാതിരിക്കാന്‍ തികഞ്ഞ ശ്രദ്ധ പുലര്‍ത്തണം. വിദൂര പ്രദേശത്തുകാര്‍ക്കും അന്യസംസ്ഥാനക്കാര്‍ക്കും വിദേശികള്‍ക്കും പെണ്‍കുട്ടികളെ വിവാഹം ചെയ്തുകൊടുക്കുന്നത് സൂക്ഷ്മമായ അന്വേഷണത്തിനും പഠനത്തിനും ശേഷം മാത്രമായിരിക്കണം. ഇക്കാര്യത്തില്‍ ബന്ധുക്കളുടെ ദുര്‍ബലമായ അന്വേഷണം കൊണ്ട് തൃപ്തരാകരുത്.
10. അനാഥരായ ബാലികാ – ബാലന്‍മാരുടെ സംരക്ഷണം , വിദ്യാഭ്യാസം, ശിക്ഷണം എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.
11. രണ്ടാം വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്നത് ഒന്നിലേറെ ഭാര്യമാരോട് നീതി പുലര്‍ത്തുമെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരിക്കണം. നീതി രഹിതമായ ബഹുഭാര്യത്വത്തിന് മഹല്ല് കൂട്ടുനില്‍ക്കരുത്.
12. മഹല്ലിലെ അനന്തരസ്വത്ത് വിഭജനം പൂര്‍ണമായും ഇസ്‌ലാമികമായാണെന്ന് ഉറപ്പ് വരുത്തുക. അനന്തരാവകാശികള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാവാതിരിക്കാന്‍ സ്വത്ത് വിഭജനം വൈകാതിരിക്കാന്‍ ശ്രദ്ധിക്കുക. മരിച്ചയാളുടെ സ്വത്ത് നേരത്തെ ഓഹരി ചെയ്യുന്നത് മോശമാണെന്ന ധാരണ മാറ്റിയെടുക്കുക.
13. മഹല്ലുനിവാസികള്‍ക്കിടയില്‍ ധാര്‍മിക, സദാചാര നിയമങ്ങളും മൂല്യങ്ങളും വളര്‍ത്തിയെടുക്കാനും നിലനിര്‍ത്താനും നിരന്തരം യത്‌നിക്കുക. അശ്ലീലതക്കും നിര്‍ലജ്ജതക്കുമെതിരെ സമൂഹത്തെ ബോധവത്കരിക്കുക. ടി വിയും ഇന്റര്‍നെറ്റും മൊബൈലും വരുത്തിയേക്കാവുന്ന അപകടങ്ങളെ സംബന്ധിച്ച് ശരിയായ അവബോധം വളര്‍ത്തുക.
14. വിദ്യാര്‍ഥി – വിദ്യാര്‍ഥിനികളുടെ പഠന, വിനോദയാത്രകള്‍, വിദ്യാലയങ്ങളിലെ കലോത്സവങ്ങള്‍ എന്നിവയിലെ ചതിക്കുഴികളെ കുറിച്ച് ബോധവത്കരിക്കുക.
15. വിവാഹം പരമാവധി ലളിതവും അനാചാരമുക്തവുമാക്കാന്‍ നിര്‍ദേശിക്കുകയും ആവശ്യമെങ്കില്‍ ഇടപെടുകയും ചെയ്യുക. വരന്റെ കൂടെ പോകുന്നവരും വരുന്നവരും അമാന്യമായി ഒന്നും ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുക. വിവാഹത്തലേന്ന് രാത്രി അത്യാചാരങ്ങളൊന്നും നടക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ബന്ധപ്പെട്ടവരെ ബോധവത്കരിക്കുക. വിവാഹം ഒരൊറ്റ പകലില്‍ ഒതുക്കാന്‍ നിര്‍ദേശിക്കുക.

സേവന വേദി
മഹല്ലിലെ സേവന സന്നദ്ധരായ ചെറുപ്പക്കാരെ സംഘടിപ്പിച്ച് സേവന വേദിക്ക് രൂപം നല്‍കുന്നത് ഏറെ പ്രയോജനകരമായിരിക്കും. പ്രസ്തുത വേദിക്ക് നിര്‍വഹിക്കാവുന്ന ചില കാര്യങ്ങള്‍:
1. ഖബ്‌റ് കുഴിക്കുന്നതുള്‍പ്പെടെ ജനാസ സംസ്‌കരണം.
2. രോഗികളെ ആശുപത്രിയിലെത്തിക്കല്‍.
3. നിത്യ രോഗികളെ പരിചരിക്കല്‍.
4. പ്രദേശത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് വിവിധ സര്‍ക്കാര്‍ പദ്ധതികളുപയോഗിച്ച് നടപ്പാക്കുക.
5. മഹല്ല് മാലിന്യമുക്തമാക്കുക.
6. വര്‍ഷത്തിലൊരിക്കല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുക.
7. വര്‍ഷത്തിലൊരിക്കല്‍ ആരോഗ്യ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിക്കുക.
8 പെയിന്‍ & പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുക.
9. അപകട സന്ദര്‍ഭങ്ങളില്‍ അത്യാവശ്യകാര്യങ്ങള്‍ നിര്‍വ്വഹിക്കുക. അതിനായി പ്രാഥമിക ശുശ്രൂഷയില്‍ പരിശീലനം നേടുക. അപകടസന്ധികളെ തരണം ചെയ്യാനാവശ്യമായ കഴിവുകളാര്‍ജ്ജിക്കുക.

ക്ലസ്റ്ററുകളായി തിരിക്കുക
മഹല്ല് അംഗങ്ങളെയും അവിടത്തെ വീടുകളെയും പത്തോ പതിനഞ്ചോ കുടുംബങ്ങളുള്ള ക്ലസ്റ്ററുകളായി തിരിക്കുക. മേല്‍പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ ഇത് ഏറെ സഹായകമായിരിക്കും. ഓരോ ക്ലസ്റ്ററിനും മേല്‍നോട്ടം വഹിക്കാന്‍ മൂന്നംഗ സമിതി ഉണ്ടായിരിക്കണം. ഓരോ ക്ലസ്റ്ററിലെയും കുടുംബങ്ങളിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതും പരിഹരിക്കുന്നതും അവരിലൂടെയായിരിക്കും. ഓരോ ക്ലസ്റ്ററിലെയും തെരഞ്ഞെടുക്കപ്പെടുന്ന ഈ മൂന്ന് അംഗങ്ങള്‍ ചേര്‍ന്നതായിരിക്കണം പള്ളികമ്മിറ്റി. പത്ത് ക്ലസ്റ്ററുകളാണുള്ളതെങ്കില്‍ മുപ്പത് അംഗങ്ങളുള്ള എക്‌സിക്യൂട്ടീവാണ് മഹല്ലിനുണ്ടാവുക. അവര്‍ തങ്ങളില്‍ നിന്നോ പുറത്ത് നിന്നോ മഹല്ല് ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടതാണ്. മൂന്ന് അംഗമെന്നത് ആവശ്യമെങ്കില്‍ വര്‍ധിപ്പിക്കാവുന്നതാണ്.

വനിതാ വേദി
എല്ലാ മഹല്ലുകളിലും ഒരു വനിതാ വേദി ഉണ്ടാകുന്നത് നല്ലതാണ്. പ്രദേശത്തെ അധ്യാപകരും പൊതു പ്രവര്‍ത്തകരും വിദ്യാസമ്പന്നരുമായ വനിതകളായിരിക്കണം ഇതിന് നേതൃത്വം നല്‍കുന്നത്. സ്ത്രീകള്‍ക്ക് വിവാഹത്തിനു മുമ്പും ശേഷവുമുള്ള കൗണ്‍സലിംഗ്, സ്ത്രീകളായ രോഗികളുടെ പരിചരണം, വനിതകളുടെ മയ്യിത്ത് പരിപാലനം, വനിതകളുടെ ഖുര്‍ആന്‍ പഠന വേദി നടത്തല്‍, തൊഴില്‍ പരിശീലനം നല്‍കല്‍, വിദ്യാര്‍ഥിനികള്‍ക്ക് ട്യൂഷന്‍ നല്‍കല്‍ പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ പ്രദേശത്തെ വനിതകളുടെ മതപരവും ഭൗതികവുമായ വളര്‍ച്ചക്ക് നേതൃത്വം നല്‍കുന്നത് വനിതാ വേദിയായിരിക്കണം.

പൊതു നിര്‍ദേശങ്ങള്‍
1. പള്ളികള്‍ വിശാലവും സൗകര്യപ്രദവുമായിരിക്കുക. പള്ളികളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക. സാധ്യമെങ്കില്‍ പള്ളിയോടനുബന്ധിച്ച് പച്ചക്കറിത്തോട്ടമോ പൂന്തോട്ടമോ സംവിധാനിക്കുക. പള്ളിയുടെ സ്ഥലം പാഴ്‌നിലമാവാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുക.
2. പള്ളി ഇമാമിന് കുടുംബ സമേതം താമസിക്കാന്‍ സൗകര്യമേര്‍പ്പെടുത്തുന്നത് നന്നായിരിക്കും. സാധ്യമല്ലെങ്കില്‍ പള്ളിയോടനുബന്ധിച്ച് സൗകര്യപ്രദമായ റൂമെങ്കിലും സജ്ജമാക്കണം.
3. ഇമാമും ഖാദിയും ഖത്വീബും ഒരാളാകുന്നതിന് വിരോധമില്ല. ആള്‍ യോഗ്യനും പ്രാപ്തനുമായിരിക്കണം. മാന്യമായി ശമ്പളം നല്‍കുകയും വേണം.
4. മുഅദ്ദിനും ഇമാമും പള്ളി വൃത്തിയാക്കുന്നയാളും ഒരാളാവാതിരിക്കാന്‍ കണിശത പുലര്‍ത്തണം. ബാങ്ക് വിളി പരമാവധി ആകര്‍ഷകമാക്കാന്‍ ശ്രമിക്കുക.
5. ഇമാം മഹല്ല് നിവാസികള്‍ക്ക് പ്രാപ്യനും അവരുടെ യഥാര്‍ഥ മുറബ്ബി(ശിക്ഷണവും നേതൃത്വവും നല്‍കുന്നയാള്‍)യുമാവണം. നാട്ടുകാരുടെ സംശയനിവാരണത്തിന് അവംലംബിക്കാവുന്ന വ്യക്തിയുമായിരിക്കണം.
6. വര്‍ഷത്തിലൊരിക്കല്‍ മഹല്ലിലെ മുഴുവന്‍ ആളുകളും പങ്കെടുക്കുന്ന മഹല്ല് സംഗമം സംഘടിപ്പിക്കണം. അതിനോടനുബന്ധിച്ച് കുട്ടികളുടെ കലാ സാഹിത്യ മത്സരങ്ങളും കായിക വിനോദ മത്സരങ്ങളുമുണ്ടായിരിക്കണം. പരീക്ഷകളില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികളെ ആദരിക്കുന്നതും ഖുര്‍ആന്‍ പഠന വേദിയില്‍ മികവു പുലര്‍ത്തുന്നവര്‍ക്ക് സമ്മാനം നല്‍കുന്നതും മഹല്ല് സംഗമങ്ങളില്‍ വെച്ചാകുന്നത് നല്ലതാണ്.
7. മഹല്ല് സംഗമങ്ങള്‍ ജാതി മത ഭേദമന്യേ മുഴവന്‍ ആളുകള്‍ക്കും പങ്കെടുക്കാന്‍ സാധിക്കും വിധമായിരിക്കണം.
8. ക്ലസ്റ്റര്‍ ഭാരവാഹികള്‍, മഹല്ല് കമ്മിറ്റി, സകാത്ത് കമ്മിറ്റി, വിദ്യാഭ്യാസ സമിതി, മസ്വ്‌ലഹത്ത് സമിതി, സേവന വേദി, വനിതാ വേദി എന്നിവയുടെയൊക്കെ കാലാവധി പരമാവധി മൂന്ന് വര്‍ഷമായിരിക്കണം.
9. എല്ലാ തലങ്ങളിലുമുള്ള അക്കൗണ്ടുകള്‍ എപ്പോഴും കൃത്യവും സുതാര്യവും മഹല്ല് നിവാസികള്‍ക്ക് പ്രാപ്യവുമായിരിക്കണം. വര്‍ഷത്തിലൊരിക്കല്‍ മഹല്ല് സംഗമങ്ങളിലോ മറ്റോ അവതരിപ്പിക്കണം.
10. ഫിത്വ്ര്‍സകാത്ത്, ബലി മാംസം തുടങ്ങിയവ മുസ്‌ലിംകളല്ലാത്തവര്‍ക്കും നല്‍കാമെന്ന് വിശ്വസിക്കുന്നവര്‍ പ്രദേശത്തെ അര്‍ഹരായവരെ ജാതി മത ഭേദമന്യേ പരിഗണിക്കണം. മുസ്‌ലിംകളല്ലാത്തവര്‍ക്ക് നല്‍കാന്‍ പാടില്ലെന്ന് വിശ്വസിക്കുന്നവര്‍ സഹോദരസമുദായങ്ങള്‍ക്ക് ആ സന്ദര്‍ഭത്തില്‍ അരിയും മാംസവും ലഭ്യമാക്കാന്‍ മറ്റു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. നമ്മുടെ ആഘോഷങ്ങള്‍ അവര്‍ക്കു കൂടി അനുഗ്രഹവും ആഹ്ലാദദായകവുമായിരിക്കണം.

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles