പ്രതീക്ഷ നഷ്ടപ്പെടാത്ത ഫലസ്തീന്‍ ജനത

എന്റെ കൂടെയാണ് ഫഹദിനും കത്ത് കിട്ടിയത്. അടുത്ത മാസം മുതല്‍ ജോലിയില്ല എന്ന അറിയിപ്പ് കിട്ടിയപ്പോള്‍ അവന്റെ മുഖത്ത് ഒരു ഭാവമാറ്റവും കണ്ടില്ല. ഒന്നിച്ചു കുറെ കാലം ജോലി ചെയ്തവനാണ് ഫഹദ്. ജറൂസലേം തലസ്ഥാനമായ ഒരു ഫലസ്തീന്‍ അവന്‍ സ്വപ്നം കാണുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീയറായാണ് അയാള്‍ ജോലി ചെയ്തിരുന്നത്. ഒരു ദിവസം അവന്‍ വന്നു കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു 'സമദ് എനിക്ക് പോകണം. ഇവിടെ നില്‍ക്കാന്‍ ഒരു സമാധാനവുമില്ല. ഉപ്പയും ഉമ്മയും സഹോദരങ്ങളും അവിടെ നിന്നും വരാന്‍ കൂട്ടാക്കുന്നില്ല. ദൈവം അനുഗ്രഹിച്ചാല്‍ വീണ്ടും കാണാം. മരണത്തിന്റെ മടിത്തട്ടില്‍ ജീവിക്കുന്ന ഞങ്ങള്‍ക്ക് ജീവിതം ഒരു ഭാരമാണ്..........' .

ഓഫീസ് ഇറങ്ങി പോകുന്ന ഫഹദിനെ ഞാന്‍ നോക്കി നിന്നു. കണ്ണുനീര്‍ തുടച്ചു കൊണ്ട് അയാള്‍ വണ്ടിയില്‍ കയറി ഓടിച്ചു പോയി. പിറ്റേന്ന് കാലത്തു അവന്‍ വീണ്ടും വിളിച്ചു. ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും. അവസാനമായി യാത്ര പറയാന്‍.

ഇന്നലെ ചിതറി വീണ മൃതദേഹങ്ങളില്‍ ഞാന്‍ അവന്റെ ഫോട്ടോ അന്വേഷിച്ചു. ഉണ്ടെകിലും കണ്ടത്തുക അസാധ്യം. ഫഹദ് ഒരു ഒറ്റപ്പെട്ട വിഷയമല്ല. ഒരിക്കല്‍ നാമും അത് അനുഭവിച്ചിട്ടുണ്ട്. തന്റെ ശവശരീരം മറമാടാന്‍ സ്വതന്ത്ര രാജ്യത്തു ആറടി മണ്ണ് ആവശ്യപ്പെട്ട നേതാക്കള്‍ നമുക്കും കഴിഞ്ഞു പോയിട്ടുണ്ട്. ജറൂസലേം എന്ന സ്വപ്നത്തെയാണ് ഇന്നലെ അമേരിക്ക ഊതികെടുത്തിയത്. അപ്പോഴും പ്രതീക്ഷ നല്‍കുന്നത് ലോകത്തിലെ അധിക രാജ്യങ്ങളും അതില്‍ നിന്നും വിട്ടുനിന്നു എന്നതാണ്. അതായത് ലോകത്തിനു ദിശാബോധം പൂര്‍ണമായി നഷ്ടമായിട്ടില്ല. നമ്മുടെ ഇന്ത്യയും ആ ചടങ്ങു ബഹിഷ്‌കരിച്ചു എന്നാണു അറിഞ്ഞത്. അതും നല്ലതു തന്നെ. മധ്യേഷ്യന്‍ നാടുകള്‍ സാധാരണ പോലെ അവരുടെ മൗനം തുടര്‍ന്നു. പരിപാടിയില്‍ അവരും പങ്കെടുത്തില്ല എന്നത് ശരിയാണ്. പക്ഷെ ഈ വിഷയത്തില്‍ ഇസ്രായേലിന്റെയും അമേരിക്കയുടെയും നിലപാടുകളെ വിമര്‍ശിക്കാന്‍ ഒരു തുര്‍ക്കി മാത്രമാണ് ബാക്കിയായത്.

CJKM

മരിക്കും എന്നറിഞ്ഞുകൊണ്ട് തന്നെയാണ് വീല്‍ ചെയറില്‍ ഇരുന്നു ഇദ്ദേഹവും പ്രതിഷേധിക്കാന്‍ പോയത്. ഭയന്നും വിദേയത്വം കാണിച്ചും തുടരുന്ന ജീവതത്തേക്കാള്‍ നല്ലതു മരണമാണ് എന്ന് ഒരാള്‍ തീരുമാനിച്ചാല്‍ അതിനെ തടയാന്‍ ആര്‍ക്കും കഴിയില്ല. ഫഹദിനെ ഇന്നും ഞാന്‍ ഓര്‍ത്തു. ഒരു ജനതയുടെ സ്വപ്നത്തിനു മേലാണ് അവര്‍ കുഴി തീര്‍ത്തത്. വെളിച്ചം എത്ര കൊട്ടിയടച്ചാലും ആദ്യം തകരുക അതിനെ മറച്ച മറകള്‍ തന്നെയാണ്.

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus