പ്രണബ് മുഖര്‍ജിയുടെ നാഗ്പൂര്‍ സന്ദര്‍ശനം: ലക്ഷ്യമിടുന്നതെന്ത്?

'നെയ്യ് കൂടിയാല്‍ അപ്പം കേടുവരില്ല എന്നുറപ്പാണ് പക്ഷെ അപ്പം ഉണ്ടാക്കുന്നവന്‍ കേടുവരും' എന്നൊരു ചൊല്ലുണ്ട്. അത് തന്നെയാണ് ഇവിടെയും സംഭവിക്കുക. പ്രണബ് മുഖര്‍ജി നാഗ്പൂര്‍ പോയാല്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല. പക്ഷെ ജീവിത കാലം മുഴുവന്‍ മതേതരനായി ജീവിച്ച ഒരാള്‍ ആര്‍ എസ് എസ് ക്യാംപിലേക്ക് കയറി ചെല്ലുമ്പോള്‍ അത് വര്‍ഗീയ ഫാസിസത്തിന് ലഭിക്കുന്ന ഒരു അംഗീകാരമാകും. അതായത് ശത്രുവിന് ഇന്ധനം നല്‍കാന്‍ മാത്രമേ അത് ഉപകരിക്കൂ. അല്ലെങ്കില്‍ പ്രണബ് മുഖര്‍ജിയുടെ സന്ദര്‍ശനത്തോടെ അവര്‍ കൊണ്ട് നടക്കുന്ന വംശീയ- വര്‍ഗീയ നിലപാടില്‍ നിന്നും പിറകോട്ടു പോകണം. അതിനുള്ള സാധ്യത വളരെ വിരളമാണ്. സംഘ്പരിവാര്‍ ദിനേന അവരുടെ വര്‍ഗീയ ഫാസിസത്തിന്റെ ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടുക എന്നല്ലാതെ അതിന്റെ ഗൗരവം കുറച്ച ചരിത്രം നാം കേട്ടിട്ടില്ല എന്നത് തന്നെ.

ബി ജെ പിയുടെ പാര്‍ലമെന്റ്, നിയമസഭാ പ്രതിനിധികളില്‍ വളരെയധികം പേര്‍ ഒരിക്കല്‍ കോണ്‍ഗ്രസ് ചേരിയിലെ ആളുകളായിരുന്നു എന്നത് ഒരു ചരിത്ര സത്യമാണ്. രാഷ്ട്രീയം ഒരു ആദര്‍ശത്തിന്റെയും നിലപാടിന്റെയും പേരാണ് എന്നാണ് നാം മനസ്സിലാക്കിയത്. ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസ് സ്വാതന്ത്ര സമരത്തിലൂടെ കടന്നു വന്ന പ്രസ്ഥാനമാണ്. വര്‍ഗീയ വാദികളുടെ കൈ കൊണ്ടാണ് അവരുടെ തന്നെ നേതാവ് കൊല്ലപ്പെട്ടത്. അത് കൊണ്ട് മറ്റാരേക്കാളും സംഘ പരിവാര്‍ വിദ്വേഷം അവരിലാണ് വരേണ്ടത്. അതെ സമയം എപ്പോള്‍ വേണമെങ്കിലും ഫാസിസ്റ്റ് ചേരിയിലേക്കു മാറിപോകാന്‍ ഇടയുള്ളവരും ഇവര്‍ തന്നെയാണ് എന്നതാണ് വര്‍ത്തമാന സത്യം.

സാങ്കേതികമായി ഇപ്പോള്‍ പ്രണബ് മുഖര്‍ജി കോണ്‍ഗ്രസിന് പുറത്താണ് എന്ന് പറയാം. അദ്ദേഹമിപ്പോള്‍ മുന്‍ രാഷ്ട്രപതിയാണ്. രാഷ്ട്രപതി എന്നത് ഇന്ത്യയില്‍ രാഷ്ട്രീയം പാടില്ലാത്ത മേഖലയാണ്. എങ്കിലും അവിടെ വരുന്നവരുടെ മുന്‍കാല രാഷ്ട്രീയം നമുക്കു പകല്‍ പോലെ വെളിച്ചമാണ്.  പ്രണബിനെ പോലെയുള്ള ഒരാളുടെ കുറവ് തന്നെയാണ് കോണ്‍ഗ്രസ് ഇന്നനുഭവിക്കുന്ന വിഷയവും. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മതേതര ചേരിക്ക് ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുന്ന മറ്റൊരാളും അന്നുണ്ടായിരുന്നില്ല.

പലവിധ കാരണങ്ങളാല്‍ അദ്ദേഹത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ആകുന്നതു തടഞ്ഞു എന്ന് വിശ്വസിക്കാനാണ് നമുക്കു താല്പര്യം. തിരക്കിട്ടു അദ്ദേഹത്തെ രാഷ്ട്രപതി എന്ന സ്ഥാനത്തില്‍ എത്തിച്ചതും മറ്റു ചിലരുടെ അവസരം പോകേണ്ടെന്നു കരുതിയുമാണ് എന്നും നാം വിശ്വസിക്കണം. മുന്‍ രാഷ്ട്രപതിക്ക് വീണ്ടും രാഷ്ട്രീയത്തില്‍ വരാന്‍ ഭരണഘടന വിലക്കില്ല എന്നാണു എന്റെ വിശ്വാസം. പക്ഷെ ഒരിക്കല്‍ രാജ്യത്തിന്റെ ഉന്നത പദവിയില്‍ എത്തിയ ഒരാള്‍ വീണ്ടും ചെറിയ പദവികള്‍ സ്വീകരിക്കുക എന്ന കീഴ്‌വഴക്കം നാം മുമ്പ് പറഞ്ഞു കേട്ടിട്ടില്ല.

പ്രണബ് മുഖര്‍ജി എന്ത് ഉദ്ദേശം വെച്ചാണ് നാഗ്പൂര്‍ പോകുന്നത് എന്ന് വ്യക്തമല്ല. പലപ്പോഴും ചുണ്ടിനും കോപ്പക്കും ഇടയില്‍ വെച്ചാണ് പ്രണബിനു പ്രധാനമന്ത്രി കസേര നഷ്ടമായത്. ആ നഷ്ട സ്വപ്നം അദ്ദേഹത്തെ പിടികൂടുന്നു എന്നാണ് മൊത്തം വാര്‍ത്തകള്‍ വായിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുക. അതും നാഗ്പൂര്‍ സന്ദര്‍ശനവും ചേര്‍ത്ത് വായിക്കാന്‍ കഴിയില്ല.

സംഘ്പരിവാര്‍ ചേരിയില്‍ അതിനുള്ള സാധ്യത കുറവാണ് എന്നത് തന്നെ. പ്രണാബ് വീണ്ടും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത് വര്‍ത്തമാന സാഹചര്യത്തില്‍ നല്ലത് തന്നെ. പക്ഷെ അദ്ദേഹത്തിന്റെ നാഗ്പൂര്‍ യാത്ര അത് മതേതര ചേരിക്കു പരുക്ക് മാത്രമേ സമ്മാനിക്കൂ. ആടി നില്‍ക്കുന്ന കോണ്‍ഗ്രസ് സമാജത്തെ അത് കൂടുതല്‍ ദുര്‍ബലമാകും എന്ന് കൂടി പറയാതെ വയ്യ.

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics