ഖത്തര്‍ ഉപരോധം ഒരാണ്ട് പിന്നിടുമ്പോള്‍

സഊദി-ഖത്തര്‍ അതിര്‍ത്തിയിലേക്കുള്ള റോഡ് ഇന്ന് തീര്‍ത്തും വിജനമാണ്. പേടിപ്പിക്കുന്ന ശാന്തത എന്നത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ ശരിയാണ്. ഒരു കാലത്തു ട്രക്കുകളും കാറുകളും കൊണ്ട് ഈ മേഖല എപ്പോഴും ശബ്ദ മുഖരിതമായിരുന്നു. ഉപരോധം ഈ മേഖലയെ തീര്‍ത്തും ഒറ്റപ്പെടുത്തി എന്ന് പറയുന്നതാവും ശരി. ഖത്തര്‍ ഉപരോധത്തിന് ജൂണ്‍ അഞ്ചിന് ഒരു വയസ്സ് തികയും. അടുത്ത രാജ്യങ്ങളില്‍ നിന്നുണ്ടായ അപ്രതീക്ഷിത ഇടപെടല്‍ ഒരു വേള ഈ കൊച്ചു നാടിനെ അമ്പരപ്പിച്ചുവെങ്കിലും തൊട്ടടുത്ത സമയം തന്നെ അതില്‍ നിന്നും പുറത്തു കടക്കാന്‍ രാജ്യത്തിന് കഴിഞ്ഞു.

മെയ് 23നാണ് ഖത്തര്‍ ഔദ്യോഗിക മീഡിയയിലേക്കു ഹാക്കര്‍മാര്‍ കടന്നു കയറിയത്. അബൂദാബിയാണ് പ്രസ്തുത വിഷയത്തിന് പിന്നിലെന്ന് ഖത്തര്‍ ആരോപിച്ചു. സ്വതവേ നിലനിന്നിരുന്ന മേഖലയിലെ അസ്വാരസ്യങ്ങള്‍ കൂടുതല്‍ രൂക്ഷമാവുകയും നാല് രാഷ്ട്രങ്ങള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ഉപരോധവുമായി മുന്നോട്ട് വരികയുമാണുണ്ടായത്.

ഉപരോധം ഖത്തറിനെ തളര്‍ത്തും എന്ന് തന്നെയാണ് ലോകം കരുതിയത്. അതിന്റെ ഭാഗമായി ഉപരോധം പിന്‍വലിക്കാന്‍ 13 കാര്യങ്ങള്‍ അടങ്ങിയ ഒരു ഉപാധി കൂടി ഈ രാജ്യങ്ങള്‍ പുറത്തിറക്കി. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ടി വി പൂട്ടണമെന്ന് വരെ അതില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഇറാനുമായുള്ള ബന്ധവും തുര്‍ക്കിയുടെ മിലിറ്ററി ബെയ്‌സും അതില്‍ പ്രതിപാദിച്ചിരുന്നു. ഖത്തര്‍ ഒറ്റ വാക്കില്‍ തന്നെ നിബന്ധനകള്‍ നിരസിച്ചു, ഒരു സ്വതന്ത്ര രാജ്യത്തിനു നേരെയുള്ള കയ്യേറ്റം എന്ന രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു.

ഖത്തറിന്റെ സാമ്പത്തിക രംഗത്ത് ഏകദേശം നാല്‍പതു മില്യണ്‍ ഡോളറിന്റെ കുറവ് വിദേശത്തു നിന്നും ആഭ്യന്തര രംഗത്തു നിന്നും നേരിട്ടു. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് തന്നെ ഈ വിഷയത്തില്‍ ഇടപെടുകയും ആവശ്യമായ ഫണ്ട് പുറത്തേക്ക് ഒഴുക്കുകയും ചെയ്തു. സഊദിയില്‍ നിന്നുമാണ് പലതും ഖത്തര്‍ ഇറക്കുമതി ചെയ്തിരുന്നത്. പെട്ടെന്ന് തന്നെ പകരം വഴികള്‍ കണ്ടെത്താന്‍ അവര്‍ക്കു കഴിഞ്ഞു. ആദ്യഘട്ടം എന്ന നിലയില്‍ തുര്‍ക്കിയെ ആശ്രയിച്ച ഖത്തര്‍ പലതും ആഭ്യന്തരമായി ഉദ്പ്പാദിപ്പിക്കാന്‍ ശ്രമിച്ചു. അത് വിജയം കൈവരിച്ചു. ഉപരോധം ആഭ്യന്തര രംഗത്തെ ബാധിച്ചില്ല എന്നതിന്റെ തെളിവാണ് അവിടെ നടന്നു കൊണ്ടിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാറ്റമില്ലാതെ മുന്നോട്ട് പോകുന്നു എന്നത്. ഖത്തര്‍ തലസ്ഥാനമായ ദോഹയിലൂടെ നടന്നാല്‍ അവിടെയുള്ള ഗ്രോസറികള്‍ അതിന്റെ തെളിവാണ്.

ഉപരോധം കാര്യമായി ബാധിച്ചത് മനുഷ്യാവകാശ വിഷയങ്ങളെയാണ്. ഉപരോധ രാജ്യങ്ങളുമായി ഖത്തറില്‍ അധികം പേര്‍ക്കും കുടുംബ ബന്ധങ്ങളുണ്ട്. പ്രത്യേകിച്ച് വിവാഹ ബന്ധങ്ങള്‍. ഉപരോധം കാരണം പലരും ആ നിലയില്‍ ബുദ്ധിമുട്ടുന്നു എന്നത് ശരിയാണ്. അത് പോലെ ചികിത്സയുടെ കാര്യത്തിലും മുമ്പുണ്ടായിരുന്ന സഹകരണ രീതിക്കു വന്ന മാറ്റം ജനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഒരു ജനത മുഴുവന്‍ ഈ വിഷയത്തില്‍ ഖത്തര്‍ സര്‍ക്കാരിന്റെ കൂടെ നിന്നു എന്നതാണ് ഒരു ദുരന്തമായി തീരുമായിരുന്ന ഒരു സംഗതിയെ കാര്യമായ പരുക്കില്ലാതെ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിച്ചത്.

പെട്ടെന്നൊന്നും ഈ ഉപരോധം അവസാനിക്കും എന്ന് ആ നാട്ടുകാര്‍ വിശ്വസിക്കുന്നില്ല. 'ഞങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്കു പെട്ടെന്ന് തിരിച്ചു വന്നു' എന്നാണു പലരും പ്രതികരിച്ചത്. ജി സി സി യുടെ ഘടനയെ തന്നെ ഈ ഉപരോധം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഉപരോധം നടപ്പിലാക്കിയവരും ഇത്ര പെട്ടെന്ന് ഖത്തര്‍ കാര്യങ്ങള്‍ നേരെയാക്കും എന്ന് പ്രതീക്ഷിച്ചു കാണില്ല. മേഖലയിലെ സാമ്പത്തിക സാമൂഹിക വിഷയങ്ങളെ ഭാവിയില്‍ എങ്ങിനെ ബാധിക്കും എന്ന ആശങ്കയിലാണ് പലരും. പല നാടുകളിലായി ചിതറിപോയ ബന്ധങ്ങള്‍ പലരുടെയും നീറുന്ന വിഷയമാണ്.

ഖത്തര്‍ -സഊദി റോഡ് വിജനമായി കിടക്കുന്നു. ഇടയ്ക്കു അടിച്ചു വീശുന്ന പൊടിക്കാറ്റ് മാത്രമാണ് ഒരനക്കം ഉണ്ടാക്കുന്നത്. ഒരിക്കല്‍ തിരക്കിലായിരുന്ന ഈ പാത വീണ്ടും പുനര്‍ജനിക്കും എന്ന് തന്നെ വിശ്വസിക്കാനാണ് പലര്‍ക്കും താല്പര്യം. അന്തര്‍ദേശീയ തലത്തില്‍ ഈ വിഷയം കാര്യമായി എടുത്തിട്ടില്ല എന്നുറപ്പാണ്. അമേരിക്കയും യൂറോപ്പും ഈ ഉപരോധത്തിന്റെ ഭാഗമല്ല എന്നതിനാല്‍ ഇതൊരു പ്രാദേശിക വിഷയമായി അവശേഷിക്കുന്നു. ഒരു വര്‍ഷം കൊണ്ട് കാര്യമായ കുഴപ്പം ഉണ്ടായില്ലെങ്കിലും ഉപരോധം നീണ്ടു പോകുന്നത് എല്ലാ രാജ്യങ്ങളിലും ആളുകള്‍ ആശങ്കയോടെയാണ് കാണുന്നത്.


മൊഴിമാറ്റം: അബ്ദുസ്സമദ് അണ്ടത്തോട്
അവലംബം: middleeasteye.net

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics