എന്തുകൊണ്ട് അവര്‍ ഖുര്‍ആനെ ഭയപ്പെടുന്നു?

'നമ്മുടെ സുവ്യക്തമായ സൂക്തങ്ങള്‍ ഓതിക്കൊടുക്കുമ്പോള്‍, നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവരായ ജനം പറയുന്നു: 'ഇതിനു പകരം മറ്റൊരു ഖുര്‍ആന്‍ കൊണ്ടുവരിക. അല്ലെങ്കില്‍ ഇതില്‍ ചില ഭേദഗതികള്‍ ചെയ്യുക.  പ്രവാചകന്‍ അവരോടു പറഞ്ഞു: 'എന്റെ വകയായി അതില്‍ എന്തെങ്കിലും മാറ്റത്തിരുത്തലുകള്‍ വരുത്താനാവില്ല. ഞാന്‍ എനിക്കു ലഭിക്കുന്ന ദിവ്യബോധനങ്ങളെ പിന്‍പറ്റുക മാത്രം ചെയ്യുന്നു. എന്റെ നാഥനോട് ധിക്കാരം ചെയ്യുകയാണെങ്കില്‍, അതിഭയാനകമായ ഒരു നാളിലെ ശിക്ഷയെ ഞാന്‍ ഭയപ്പെടുന്നു.  പറയുക: 'അല്ലാഹു ഇച്ഛിച്ചിരുന്നുവെങ്കില്‍ ഈ ഖുര്‍ആന്‍ ഞാന്‍ നിങ്ങള്‍ക്ക് ഓതിത്തരുമായിരുന്നില്ല. ഇതിനെ സംബന്ധിച്ച് നിങ്ങളെ അറിയിക്കുകയുമില്ലായിരുന്നു. ഇതിനുമുമ്പ് കുറെ വര്‍ഷങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കിടയില്‍ കഴിച്ചുകൂട്ടിയിട്ടുണ്ടല്ലോ. നിങ്ങള്‍ ബുദ്ധി ഉപയോഗിക്കുന്നില്ലേ?'

പ്രവാചക കാലത്തെ എതിരാളികളുടെ ആവശ്യമായിരുന്നു ഖുര്‍ആനില്‍ ഭേദഗതി വരുത്തുക എന്നത്. തങ്ങളുടെ ആഗ്രഹങ്ങള്‍ക്കു എതിരായ കാര്യങ്ങള്‍ മാറ്റുക എന്നത് ലോകം സ്വീകരിച്ച നിലപാടാണ്. അതിനു ചരിത്രത്തിന്റെ പിന്‍ബലമുണ്ട്. അതുകൊണ്ട് തന്നെ ഫ്രാന്‍സില്‍ നിന്നും കേള്‍ക്കുന്നത് വിശ്വാസികള്‍ക്ക് പുതിയതല്ല. ഖുര്‍ആനിലെ ചില വചനങ്ങള്‍ തിരുത്തണം എന്നതാണ് മുന്നോറോളം പേര്‍ ഒപ്പിട്ടു നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെടുന്നത്. അക്കൂട്ടത്തില്‍ മുന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും ഉള്‍പ്പെടുന്നു എന്നതിനാല്‍ എത്രമാത്രം ഇസ്ലാം വിരുദ്ധമാണ് യൂറോപ്പിന്റെ നിലപാട് എന്ന് ഊഹിക്കാന്‍  കൂടുതല്‍ ദൂരം പോകേണ്ടതില്ല.

ക്രിസ്ത്യന്‍, ജൂത വിശ്വാസങ്ങളെ വിമര്‍ശിക്കുന്നു എന്നതാണ് അവര്‍ കാരണമായി പറയുന്നത്. കൂട്ടത്തില്‍ അവിശ്വാസികളെ കൊല്ലണമെന്നും ഖുര്‍ആന്‍ പറയുന്നു എന്നതാണ് അവരുടെ ആരോപണം. ഒരാളെ നിര്‍ബന്ധിച്ചു വിശ്വാസത്തിലേക്ക് കൊണ്ടുവരാന്‍ പാടില്ല എന്ന് പറഞ്ഞ ഗ്രന്ഥമാണ് ഖുര്‍ആന്‍. പ്രവാചകന്റെ ജീവിതത്തില്‍ ഉണ്ടായ പല സംഭവങ്ങളും ചേര്‍ത്തുവെച്ചാണ് ഖുര്‍ആന്‍ അവതരിച്ചത്. ഇസ്ലാം ജീവിതത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന വ്യവസ്ഥ എന്നതിനാല്‍ പ്രവാചക ജീവിതത്തിലെ വിഷയങ്ങളെയും അത് പ്രതിപാദിക്കും. അന്ന് രാജ്യങ്ങള്‍ എന്നതിനേക്കാള്‍ പ്രവാചകനെ എതിര്‍ത്തത് സമൂഹങ്ങളാണ്. അതുകൊണ്ടാകും വ്യത്യസ്തത മത സമൂഹങ്ങളെ പേരെടുത്തു പറഞ്ഞതും. മദീനയിലെ പ്രവാചകനെ എല്ലാ നിലക്കും എതിര്‍ക്കാന്‍ അവിടുത്തെ മറ്റു മതങ്ങള്‍ ഒന്നിച്ചിരുന്നു എന്നതാണ് ചരിത്രം. യുദ്ധ സമയത്തെ ആസ്പദമാക്കി ഖുര്‍ആന്‍ എടുത്തു പറഞ്ഞ കാര്യങ്ങള്‍ ഇന്നത്തെ സമൂഹത്തില്‍ അപ്രകാരം വായിക്കണം എന്നാരും പറയില്ല. അത് കൊണ്ട് തന്നെ സമൂഹത്തില്‍ ഇസ്ലാമിനെ കുറിച്ച അനാവശ്യ ഭീതി പരത്താന്‍ ചിലര്‍ ശ്രമിക്കുന്നു എന്ന് ഫ്രാന്‍സിലെ തന്നെ മുസ്ലിം നേതൃത്വം പറഞ്ഞു വെച്ചിരിക്കുന്നു.

ഫ്രാന്‍സില്‍  മുസ്ലിം ജനസംഖ്യ എട്ടു മുതല്‍ പത്തു ശതമാനം വരെയാണ്. ജനസംഖ്യ കൊണ്ട് ഫ്രാന്‍സിനും യൂറോപ്പിനും ഇസ്ലാം ഇപ്പോള്‍ ഒരു വെല്ലുവിളിയല്ല. പക്ഷെ ഇസ്ലാം യൂറോപ്പില്‍ അതിവേഗം വളരുന്ന മതമാണ് എന്നത് മറ്റൊരു സത്യമാണ്. ഒരു യൂറോപ്പിയന്‍ ഇസ്ലാമിലേക്ക് കടന്നു വരുന്നത് മറ്റുള്ളവര്‍ വരുന്നത് പോലെയല്ല. ഇസ്ലാം സ്വീകരിച്ച പല യൂറോപ്പിയന്‍മാരുമായി നേരിട്ട് സംസാരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്ത് കൊണ്ട് നിങ്ങള്‍ മുസ്ലിമായി എന്ന ചോദ്യത്തിന് അവരില്‍ അധിക പേരും നല്‍കുന്ന മറുപടി ഇസ്ലാമിന്റെ സുതാര്യതയാണ്. ദൈവത്തെ കുറിച്ച കാഴ്ചപ്പാട് മറ്റു മതങ്ങളിലും ഇസ്ലാമിലും തീര്‍ത്തും ഭിന്നമാകുന്നത് അതുകൊണ്ടാണ് എന്നാണ് കൂടെ ജോലി ചെയ്ത റോണി ഒരിക്കല്‍ പറഞ്ഞത്. ഇസ്ലാമിനെ കുറിച്ചുള്ള പഠനങ്ങള്‍ യൂറോപ്പില്‍ വ്യാപകമാണ്. പണ്ട് അത് ഓറിയന്റലിക് വാദങ്ങള്‍ക്ക് അടിത്തറ പാകിയെങ്കില്‍ ഇന്ന് യഥാര്‍ത്ഥ ഇസ്ലാമിനെ കുറിച്ച് പഠിക്കാനും അവര്‍ തയ്യാറാകുന്നു. ഇസ്ലാമോഫോബിയ യൂറോപ്പ് ഉണ്ടാക്കിയ ഒരു രോഗമാണ്. പക്ഷെ അതിനെയും കവച്ചു വെക്കാന്‍ ഇന്ന് ഇസ്ലാമിന് കഴിയുന്നു എന്നിടത്തു നിന്നാണ് പുതിയ തരം അടവുമായി അവര്‍ രംഗത്തു വന്നത്.

ഉര്‍ദുഗാനും തുര്‍ക്കിയിലെ മതനേതാക്കളും ഒഴികെ മറ്റാരും ഈ വിഷയത്തില്‍ പ്രതികരിച്ചതായി കണ്ടില്ല. ഇസ്ലാമിനെ നിരോധിക്കണം എന്ന് പറയുന്നതിന് തുല്യമാണ് ഖുര്‍ആന്‍ മാറ്റണം എന്നു പറയുന്നതും. പ്രവാചകന്‍ ഒരിക്കല്‍ അനുചരന്മാരുടെ കൂടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ പറഞ്ഞു 'ഈ തളികയിലേക്കു ആളുകളുടെ കൈകള്‍ ഒന്നിച്ചു നീളുന്നത് പോലെ ശത്രുക്കളുടെ കൈ ഇസ്ലാമിന് നേരെ ഒന്നിച്ചു നീളും' തങ്ങള്‍ എണ്ണത്തില്‍ കുറവായതു കൊണ്ടാകുമോ അങ്ങിനെ സംഭവിക്കുന്നത് എന്ന ഒരു അനുചരന്റെ ചോദ്യത്തിന് പ്രവാചകന്‍ നല്‍കിയ മറുപടി 'എണ്ണത്തില്‍ കുറവായതു കൊണ്ടല്ല പകരം നിങ്ങള്‍ ജീവിതത്തെ കൂടുതല്‍ ഇഷ്ടപ്പെടുന്നത് കൊണ്ടാണ്' എന്നായിരുന്നു. അടിസ്ഥാന വിഷയങ്ങളില്‍ തൊട്ടുകളിച്ചിട്ടും പല മുസ്ലിം നാടുകളും നേതാക്കളും മിണ്ടിയിട്ടില്ല. പണ്ട് ട്രംപ് ഈ രീതിയില്‍ മുന്നോട്ടു വന്നപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ.

പുറകിലിരുന്നു ആരോ കളിക്കുന്ന കളികള്‍ക്ക് ഇസ്ലാമിന്റെ പേരില്‍ വരവ് വെക്കരുത് എന്ന് ഫ്രാന്‍സ് മുസ്ലിംകള്‍ പറഞ്ഞു കഴിഞ്ഞു.  ഒരുപാട് കൊല്ലം  യൂറോപ്പിന് വെളിച്ചം നല്‍കിയ ദര്‍ശനമാണ് ഇസ്ലാം. അന്നും ഇതേ ഖുര്‍ആന്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഈ ഗ്രന്ഥം മാറ്റണം എന്ന് ആദ്യമായി ആവശ്യപ്പെട്ടത് മക്കയിലെ ആളുകളാണ്. അന്ന് പ്രവാചകന്‍ ചോദിച്ച 'ഞാന്‍ നിങ്ങളുടെ കൂടെ ജീവിക്കുന്നവനല്ലേ' എന്ന ചോദ്യം തിരിച്ചു ചോദിക്കാന്‍ മാത്രം സമൂഹം വളരണം. ഇന്നും അതെ ചോദ്യം നാം കേള്‍ക്കുന്നു. മറുപടി പറയേണ്ടവര്‍ മൗനികളാണ് എന്നത് മാത്രമാണ് ബാക്കിയുള്ളത്.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics