Current Date

Search
Close this search box.
Search
Close this search box.

സമൂഹത്തിൽ എല്ലാവരും തുല്യരായാൽ ആരാണ്‌ രാജാവാവുക?!

അവകാശം, നീതി, തുല്യതാബോധം മുതലായ മനുഷ്യാവകാശങ്ങളെ എങ്ങനെയാണ്‌ കയ്യൂക്ക്‌ അഥവാ അധികാരം, മതം, ജാതി മുതലായവ കയ്യടക്കുന്നതെന്ന് ചെറുതായൊന്ന് ഓർമ്മപ്പെടുത്തുകയാണ്‌ ആർട്ടിക്കിൾ 15.

“It takes a loud voice
to make the deaf hear”
Bhagat Singh -1929

സാമൂഹിക തുലനത്തിനായി അതിന്റെ താളം തെറ്റാതിരിക്കാൻ കാലാകാലങ്ങളായി ശീലിച്ചും പാലിച്ചും പോരുന്ന ജാതീയ ഉച്ഛനീചത്വങ്ങൾ എന്ന അടിമത്വത്തോടും അതിന്റെ പ്രമാണങ്ങളായ മത- സാംസ്കാരിക നിലപാടുകളോടുള്ള ഒരു പോലീസ്‌ സൂപ്രണ്ടിന്റെ കലഹമാണ് ഈ സിനിമയുടെ കഥാതന്തു. ദലിത്‌ കുടുംബത്തിൽ ജനിച്ചു എന്ന ഒറ്റ കാരണത്താൽ ക്രൂരമായി ബലാൽസംഘം ചെയ്യപ്പെട്ട്‌ മരത്തിൽ തൂങ്ങിയാടിയ കൗമാരക്കാരായ രണ്ട്‌ പെൺകുട്ടികളുടെ ശരീരങ്ങൾ മന:സാക്ഷിയുള്ള ഇന്ത്യക്കാരാരും അത്രയെളുപ്പം മറന്നുകാണില്ല. കുറച്ച്‌ നാൾ മുൻപ്‌ ഇന്ത്യയിൽ നടന്ന ആ സംഭവത്തെ അധികരിച്ചാണ്‌ ഇതിലെ കഥാഗതിയുടെ കിടപ്പ്‌.

നമ്മുടെ രാജ്യത്ത്‌ എത്രയോ മനുഷ്യർ ഈ രൂപത്തിൽ പ്രത്യേക ജാതിയുടേയോ മതത്തിന്റേയോ പേരിൽ മർദ്ദിക്കപ്പെടുകയും, പച്ചയ്ക്ക്‌ കത്തിക്കപ്പെടുകയും കൊലചെയ്യപ്പെടുകയുമൊക്കെ സംഭവിക്കുന്നുണ്ടല്ലോ. എന്തിനേറെ, താരതമ്യേന മെച്ചമെന്ന് നമ്മൾ കരുതുന്ന നമ്മുടെ കേരളത്തിൽ പോലും, പ്രമുഖരായിരുന്നവർക്ക്‌ പോലും ജാതീയ അധിക്ഷേപങ്ങൾ കേൾക്കേണ്ടിയും അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്‌. കെവിന്റെ കൊലപാതകം അത്ര പെട്ടെന്ന് നമ്മുടെ മനസ്സീന്നൊന്നും മാഞ്ഞു പോകാൻ വഴിയില്ല.

സാമൂഹിക ജീവിതങ്ങളിൽ സർവ്വ സാധാരണമായി നടക്കുന്ന കൊടുക്കൽ വാങ്ങലുകൾ പോലും ഈ കൊടും ജാതീയ വ്യവസ്ഥയ്ക്കകത്ത്‌ ഇന്നും നടക്കുന്നില്ലെന്ന പച്ചസത്യം ഈ സിനിമ തുറന്നു വെക്കുന്നുണ്ട്‌.

സമൂഹത്തിൽ ഒരു വയലൻസ്‌ ജനിക്കുന്നതിനു പിറകിൽ ഉണ്ടാകുന്ന ‘മൂല വയലൻസ്‌’ ഉണ്ട്‌. അത്‌ ലോ ആന്റ്‌ ഓർഡർ ആകുന്നുണ്ടോയെന്ന ഒരു പരിശോധനയ്ക്ക്‌ ആർട്ടിക്കിൾ 15 കാരണമാകുന്നുണ്ട്‌.

ആർട്ടിക്കിൾ 15 (Fundamental Rights are guaranteed to all persons by the constitution of India without any discrimination of caste, religion, sex etc. These rights entitle an individual to live the life with dignity. Fundamental Rights are meant for promoting the idea of democracy.) അടിസ്ഥാനപ്പെടുത്തി ജാതീയ വിവേചനങ്ങളെ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നതിനൊപ്പം ഈ സിനിമ കഥാനായകനെ ബ്രാഹ്മണനാക്കിക്കൊണ്ട്‌ തന്നെ ഇത്‌ കാട്ടി തരുന്നതിന്റേ ഒരു അസ്കിത അതായത്‌ ദഹനക്കേട്‌ നമ്മുക്കിവിടെ അനുഭവിക്കാനാവും.

ഇന്ത്യയെ മുച്ചൂടും ഗ്രസിച്ചിരിക്കുന്ന ജാതീയതയെ, ജാതീയ ഉഛനീചത്വങ്ങളെ, കുറിച്ചൊന്നും അത്ര പരിജ്ഞാനമില്ലാത്ത ബ്രാഹ്മണനായ പോലീസ്‌ ഓഫീസറെ അവതരിപ്പിക്കുക വഴി സിനിമ എന്താണ്‌ യഥാർത്ഥത്തിൽ പറയാൻ ശ്രമിച്ചതെന്നതും സംശയാസ്പദമാണ്‌.

ദുരന്തമുഖത്ത്‌ ജനിച്ചു വീഴുന്ന കുഞ്ഞും ദുരന്ത സംസ്കാരത്തിനകത്ത്‌ വളരുന്ന സമൂഹവും ശബ്ദമില്ലാതെ നിലവിളിക്കുന്ന ആത്മാക്കളാവുകയേ തരമുള്ളൂ.

If I find the constitution being misused,
I shall be the first to burn it.
Ambedkar.

Related Articles