Islam Onlive

പരിചയായി മാറേണ്ട നോമ്പ്

റമദാന്‍, വിശ്വസികളിലേക്ക് സമാഗതമായിരിക്കുകയാണ്. വളരെ പ്രതീക്ഷയോടെയും ഏറെ ആകാംക്ഷയോടെയുമാണ് വിശ്വാസികള്‍ റമദാനെ കാത്തിരുന്നത്. സര്‍വ്വലോക രക്ഷിതാവിന്റെ പ്രതിനിധിയെന്ന മനുഷ്യരില്‍ അര്‍പ്പിതമായി, ഏറ്റവും ഭാരിച്ചതും ഗൗരവമേറിയതുമായ ഉത്തരവാദിത്തം. ഈ ഉത്തരവാദിത്ത നിര്‍വ്വഹണത്തിന് മനുഷ്യരെ പ്രാപ്തരാക്കുന്ന പരിശീലന കാലയളവാണ് റമദാന്‍. ദൗത്യനിര്‍വ്വഹണത്തിന്റെ കഴിഞ്ഞകാലങ്ങളില്‍ സംഭവിച്ച് വീഴ്ചകളെ പൊറുക്കാനും,  ഹൃദയത്തിലെ കറകളെ മായ്ച്ചുകളയാനും, ഇനിയുള്ള കാലത്തേക്കുള്ള മുന്നൊരുക്കം നടത്താനുമുള്ള  കാലയളവ്. 'റമദാന്‍' എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ 'കരിച്ചുകളയുക' എന്നാണ്.

റമദാന്‍ നന്മയിലേക്ക് മുന്നേറാനുള്ള അപൂര്‍വ്വ അവസരങ്ങളില്‍ ഒന്നാണ്. റമദാന്‍ മാസമായാല്‍ ഒരു വിളിയാളന്‍ വിളിച്ചുപറയുമത്രെ ''അല്ലയോ, നന്മയെ ആഗ്രഹിക്കുന്നവനെ നീ കടന്നു വരിക, അല്ലയോ, തിന്മയെ കാംക്ഷിക്കുന്നവനെ, നീ ഒന്ന് അടങ്ങി നില്‍ക്കുക. റമദാന്റെ ലക്ഷ്യം കേവലം ഭക്ഷണവും,  വെളളവും വെടിയല്‍ അല്ല. മറിച്ച് എല്ലാവിധ തിന്മകളെയും മ്ലേഛവൃത്തികളെയും, ദുഷ്ചിന്തകളെയും പൂര്‍ണ്ണമായി വെടിയാണ്. നബി(സ) പറഞ്ഞു: '' ആരെങ്കിലും മേഛമായ വാക്കുകളും പ്രവൃത്തികളും വെടിയാന്‍ തയ്യാറല്ലെങ്കില്‍, അവന്‍ ഭക്ഷണവും വെള്ളവും ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് ഒരു നിര്‍ബന്ധവുമില്ല.''(ബുഖാരി)  തിന്മകളില്‍ നിന്നും മ്ലേഛവൃത്തികളില്‍ നിന്നും പൂര്‍ണ്ണമായി അകന്നു നില്‍ക്കാത്തവന്റെ നോമ്പ് വൃഥാവിലാണെന്നാണ് ഈ ഹദീസ് വ്യക്തമാക്കുന്നത്.

റമദാന്‍ മാസമായാല്‍ പിശാചുക്കള്‍ ബന്ധനസ്ഥനാക്കപ്പെടും എന്നതിന്റെ വിവക്ഷ മനുഷ്യന്‍ ഒരു തെറ്റും ചെയ്യുകയില്ല എന്നല്ല. മറിച്ച്, മനുഷ്യനെ തെറ്റുകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പിശാചിന്റെ ദുര്‍ബോധത്തില്‍ നിന്നും രക്ഷപ്പെടാനുള്ള പരിചയാണ് റമദാനിലെ നോമ്പ് എന്നാണ്. നബി(സ) നോമ്പിനെ പരിച (ബുഖാരി) എന്നു തന്നെയാണ് വിവക്ഷിച്ചത്. ഈ പരിചയെ യഥാവിധം ഉപയോഗിക്കുന്നവന് മാത്രമേ, പിശാചില്‍ നിന്നും രക്ഷനേടാന്‍ കഴിയൂ. ഉപയോഗിക്കേണ്ടവിധം ഉപയോഗക്കാത്തവന്‍ പിശാചിന്റെ  ആക്രമണത്തിന് ഇരയാവുകയും ദുര്‍ബോധനത്തില്‍ അകപ്പെടുകയും തെറ്റുകളില്‍ നിരതരാവുകയും ചെയ്യും. അവന്‍ നോമ്പുകാരനാണെങ്കിലും.

നോമ്പുകാരന്റെ മഹത്വത്തെക്കുറിച്ച് നബി(സ) വ്യത്യസ്ത പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. സാധാരണ മനുഷ്യന് വെറുപ്പുളവാക്കുന്നതും, നോമ്പുകാലത്ത് കൂടുതല്‍ അസഹ്യവുമായ നോമ്പുകാരന്റെ വായയുടെ ഗന്ധം അല്ലാഹുവിന്റെ അടുക്കല്‍ കസ്തൂരിയേക്കാല്‍ സുഗന്ധമുള്ളതാണെന്നാണ് നബി(സ) സൂചിപ്പിച്ചത് (ബുഖാരി). നോമ്പുകാരന്‍ അല്ലാഹുവിനു വേണ്ടി ഭക്ഷണവും വെള്ളവും ഉപേക്ഷിക്കുകയും, തന്റെ ഇഛകളെ നിയന്ത്രിക്കുകയും ചെയ്യുന്നു. അതിനാല്‍, അതിനാല്‍ അല്ലാഹു നോമ്പിന് പ്രത്യേക പരിഗണനയും പ്രതിഥലവും നല്‍കുമെന്ന് റസൂലുല്ലാഹി(സ) വ്യക്തമാക്കിയിട്ടുണ്ട്. (ബുഖാരി)

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus