Islam Onlive

പ്രദോഷത്തെ കുറിച്ച് പ്രതീക്ഷ പൂക്കുന്ന കാലം

സ്വഛസുന്ദരമായി ഒഴുകി കൊണ്ടിരിക്കുന്ന ജീവിത നൗകയുടെ ഗതി മാറ്റം. ദൈനം ദിന ചര്യകള്‍ക്ക് ഒരു ഭാവ മാറ്റം. നിദ്രവിട്ടുണര്‍ന്ന് പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം പ്രാതലില്ലാത്ത പകലിന്റെ പ്രാരംഭം. പ്രദോഷത്തെ കുറിച്ച് പ്രതീക്ഷ പൂക്കുന്ന കാലം. എല്ലാ അര്‍ഥത്തിലും ഒഴുക്കിനെതിരെ ഒരു തിരയിളക്കത്തിന്റെ ആവേശം. പുണ്യങ്ങളുടെ വസന്തം വിരിയുന്ന വിശുദ്ധിയുടെ ദിന രാത്രങ്ങളിലെ സന്ധ്യാമേഘങ്ങള്‍ക്ക് സുപ്രഭാതത്തേക്കാള്‍ സൗന്ദര്യം.

എത്ര മനോഹരമായിട്ടാണ് ഈ ഘടികാരത്തിന്റെ തിരിച്ചു കറക്കം. പുതിയ പ്രതീക്ഷകളുടെ പ്രഭാത വിശേഷണത്തിന്റെ ആലങ്കാരികത പ്രദോഷത്തിലേയ്ക്ക് മാറ്റിയെഴുതപ്പെടുന്ന കാലം. ഉപവാസിയുടെ ഉള്ളു മുഴുവന്‍ അസ്തമയത്തെ കുറിച്ചുള്ള സ്വപ്‌നം നുണയുന്ന വ്രതകാല സങ്കല്‍പം. ആരോഗ്യ പരിപാലനത്തിനായി നടത്തുന്ന അഭ്യാസ മുറകളില്‍ ആരോഹണ അവരോഹണ ക്രമം ഏറെ നിഷ്ഠയോടെ പാലിക്കപ്പെടുന്നത് കാണാം. വ്രത വിശുദ്ധിയുടെ കാലത്ത് വിശ്വാസിയുടെ ശീലങ്ങളാണ് ഇത്തരത്തില്‍ ചിട്ടപ്പെടുത്തപ്പെടുന്നത് എന്നതത്രെ നോമ്പിന്റെ സുവിശേഷം.

വ്രത വിശുദ്ധിയുടെ യാമങ്ങളില്‍ ജ്വലിപ്പിച്ചു കൊണ്ടിരിക്കുന്ന കര്‍മ്മ കാണ്ഢങ്ങളില്‍ ഒരോദിവസവും പ്രശോഭിപ്പിക്കപ്പെടുന്ന വിശ്വാസ ദാര്‍ഢ്യം. ചന്ദ്രക്കലയുടെ വളര്‍ച്ചക്കനുസരിച്ചെന്ന വിധം വികസിച്ചു വരുന്ന പ്രശാന്ത സുന്ദരമായ പ്രകാശ വൃത്തം. വിശുദ്ധ വേദത്തില്‍ പശു എന്ന അദ്ധ്യായത്തിലെ വ്രതാനുഷ്ഠാന ശിക്ഷണങ്ങളില്‍ ഒളി മിന്നുന്ന ഹൃദയ ഹാരിയായ ഓര്‍മ്മപ്പെടുത്തലിന്റെ സ്വര വീചികള്‍ വിശ്വാസിയുടെ ഹൃദയാന്തരങ്ങളില്‍ വസന്തം വിരിയിയ്ക്കും.

'എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാല്‍ പറയുക: ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം. നോമ്പിന്റെ രാവില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള ലൈംഗികബന്ധം നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കുള്ള വസ്ത്രമാണ്; നിങ്ങള്‍ അവര്‍ക്കുള്ള വസ്ത്രവും. നിങ്ങള്‍ നിങ്ങളെത്തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിട്ടുണ്ട്. എന്നാല്‍ ദൈവം നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് മാപ്പേകിയിരിക്കുന്നു. ഇനിമുതല്‍ നിങ്ങള്‍ അവരുമായി സഹവസിക്കുക. ദൈവം അതിലൂടെ നിങ്ങള്‍ക്കനുവദിച്ചത് തേടുക. അപ്രകാരംതന്നെ തിന്നുകയും കുടിക്കുകയും ചെയ്യുക. പ്രഭാതത്തിന്റെ വെള്ള ഇഴകള്‍ കറുപ്പ് ഇഴകളില്‍നിന്ന് വേര്‍തിരിഞ്ഞു കാണുംവരെ. പിന്നെ എല്ലാം വര്‍ജിച്ച് രാവുവരെ വ്രതമാചരിക്കുക. നിങ്ങള്‍ പള്ളികളില്‍ ഭജനമിരിക്കുമ്പോള്‍ ഭാര്യമാരുമായി വേഴ്ച പാടില്ല. ഇതൊക്കെയും ദൈവത്തിന്റെ അതിര്‍വരമ്പുകളാണ്. അതിനാല്‍ നിങ്ങളവയോടടുക്കരുത്. ഇവ്വിധം ദൈവം അവന്റെ വചനങ്ങള്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നു. അവര്‍ സൂക്ഷ്മത പാലിക്കുന്നവരാകാന്‍.' (അല്‍ബഖറ:183-187)

അടിമകളുടെ ഹൃദയാന്തരങ്ങളില്‍ മുളപൊട്ടാന്‍ സാധ്യതയുള്ള സന്ദേഹങ്ങളെ ദൂരീകരിച്ചുകൊണ്ടുള്ള ഉടമയുടെ പ്രഖ്യാപനം. തുടര്‍ന്ന് ദൈവ സാമീപ്യത്തിന് ഏറെ സഹായിക്കുന്ന വ്രത വിശുദ്ധിയുടെ രാപകലുകളിലെ ചില നിബന്ധനകളുടെ പാഠം. തുടര്‍ന്നുള്ള സൂക്തങ്ങളിലൂടെ കരുണാമയനായ സ്രഷ്ടാവിന്റെ തൂവല്‍ സ്പര്‍ശം. സൃഷ്ടികളുടെ വിചാര വികാരങ്ങളെ അതി സൂക്ഷ്മമായി പരിഗണിക്കുന്ന ഹൃദയ ഹാരിയായ ശിക്ഷണം. തന്റെ പൊന്നോമനയുടെ ശീലങ്ങള്‍ തിരിച്ചറിയുന്ന മാതാവിന്റെ വികാരവായ്പ് പോലെ ആദ്രമായ ശാസനാ ഭാവം. വായനക്കാരന് മനസ്സിലാക്കാവുന്ന വചന സുധയുടെ അനിര്‍വചനീയമായ മാധുര്യം. വ്രത പ്രവേശ സമയത്തെ തിട്ടപ്പെടുത്തുന്ന 'വെളുത്തിഴകളില്‍ നിന്നും കറുത്തിഴകളെ വേര്‍ത്തിരിഞ്ഞു കാണും വരെ'യെന്ന കാര്‍ക്കശ്യ രഹിത പ്രയോഗത്തിലെ അളക്കാനാകാത്ത സൗന്ദര്യം. ഇഴപിരിയാത്ത ബന്ധത്തിലെ ഇഴമുറുകാത്ത പാഠങ്ങളിലൂടെ പരന്നൊഴുകുന്ന കാരുണ്യ പ്രവാഹം. മാനസീകോല്ലാസവേളകളില്‍ മാതാപിതാക്കള്‍ തങ്ങളുടെ പൈതങ്ങളെ മത്സരിപ്പിച്ച് നിബന്ധനകളില്‍ നിര്‍ബാധം ഇളവുകള്‍ നല്‍കുന്നതും മത്സരാവസാനം വിജയാരവത്തില്‍ പങ്കെടുത്ത് ആശീര്‍വദിക്കുന്നതും ആശ്ലേഷിക്കുന്നതും ഓര്‍മ്മയില്‍ കൊണ്ടുവരുന്ന തരത്തിലുള്ള അവതരണം. കനിവ് നിറച്ചുവെച്ച കരുണാമയനായ തമ്പുരാന്റെ വചനസുധ വിശ്വാസിയെ വിസ്മയപ്പെടുത്തണം.

ഒരു പ്രത്യേക സാഹചര്യത്തില്‍ ഞാന്‍ നോമ്പുകാരനാണ് എന്ന് പറഞ്ഞേക്കുക. എന്ന തിരുമൊഴി ഏറെ പ്രസിദ്ധമാണ്. അത്യപൂര്‍വമായെങ്കിലും ഒരു പക്ഷെ കടുത്ത ഭാഷയില്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതമാകുന്ന അവസ്ഥയില്‍ എനിക്ക് 'നോമ്പായിപ്പോയി' എന്ന കാര്‍കശ്യ ധ്വനിയായി ഈ തിരുവരുള്‍ വായിക്കാനിടയാകരുത്. പ്രതികരണ സ്വഭാവത്തില്‍ എനിക്ക് നോമ്പാണെന്നു പറഞ്ഞാല്‍, നോമ്പില്ലായിരുന്നുവെങ്കില്‍ പറയുമായിരുന്നു എന്നാണര്‍ഥം. വ്രതമാചരിക്കുന്നവരുടെ അടക്ക അനക്കങ്ങളില്‍ ആത്മഗതം പോലെ മന്ത്രിച്ചു കൊണ്ടിരിക്കേണ്ട ഒന്നായിരിക്കണം 'ഞാന്‍ നോമ്പുകാരന്‍' എന്ന ബോധം. ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന ആത്മ സംസ്‌കരണ പ്രക്രിയയിലൂടെ ഒരു പുതിയ മനുഷ്യന്‍ ജന്മമെടുക്കും. നിഷ്‌കളങ്കനായ നിഷ്‌കപടനായ നിസ്വാര്‍ഥനായ ഒരു ദൈവവദാസന്‍. യഥാര്‍ഥ ദൈവദാസനില്‍ നിര്‍ലീനമായിരിക്കേണ്ട സകല നന്മകളുടേയും വാഹകനായി മാറാന്‍ റമദാന്‍ എന്ന പരിശീലനക്കളരി വിശ്വാസിയെ തുണക്കും.

പറവകളെപ്പോലെ ആകാശത്ത് വട്ടമിട്ട് പറക്കാനും മത്സ്യങ്ങളെപ്പോലെ ജലാശയങ്ങളില്‍ ഊളിയിട്ട് പോകാനും മയൂരങ്ങളെപ്പോലെ ആനന്ദ നൃത്തം ചവിട്ടാനും കുയിലുകളെപ്പോലെ കളകൂജനം ചെയ്യാനും അഭ്യസിച്ച മനുഷ്യന്‍ മനുഷ്യനെപ്പോലെ സഹവസിക്കാന്‍ പഠിച്ചില്ല. റമദാന്‍ മനുഷ്യനെ മനുഷ്യനാക്കുന്ന പാഠശാലയത്രെ. ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്തി സുകൃതവാന്മാരാകാന്‍ കഴിയുന്നവരാണ് സാക്ഷാല്‍ വിജയികള്‍. ഹജ്ജ്കാലം കഴിയുന്നതോടെ ഇബ്രാഹീമുകളും ഇസ്മാഈലുകളും ഹാജറമാരും പുനര്‍ജനിക്കുന്നതു പോലെ റമദാനിന്റെ പര്യവസാനത്തില്‍ ഒഴുക്കിനെതിരെ നീന്താന്‍ ശീലിച്ച ആത്മസംസ്‌കരണം സിദ്ധിച്ചവരാല്‍ ലോകവും ലോകരും ധന്യമാകട്ടെ.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus