Islam Onlive

തീഹാര്‍ ജയിലില്‍ ഒരു നോമ്പുതുറ

കുപ്രസിദ്ധമായ ജയിലാണ് ഡല്‍ഹിയിലെ തീഹാര്‍ ജയില്‍. പല പ്രമുഖന്മാരും തടങ്കലില്‍ കഴിഞ്ഞ ചരിത്രം അതിനുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ ഇരുപത്തിമൂന്നാം തിയ്യതി തീഹാര്‍ ജയിലില്‍ ഒരു നോമ്പുതുറക്ക് അവസരം ലഭിക്കുകയുണ്ടായി. അന്ന് ഡല്‍ഹിയില്‍ നോമ്പു പതിനേഴാണ്. ജയിലില്‍ കഴിയുന്ന മുസ്‌ലിംകളായ തടവുകാര്‍ക്കു വേണ്ടി ഡല്‍ഹി ജമാഅത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'സബ്കി സേവ' എന്ന സംഘടനയാണ് നോമ്പുതുറ സംഘടിപ്പിച്ചത്. ഡല്‍ഹി സ്‌റ്റേറ്റ് അമീര്‍ അബ്ദുല്‍ വഹീദ് സാഹിബിന്റെ കൂടെ ഞങ്ങള്‍ പന്ത്രണ്ട് പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.

അഞ്ചു മണിയോടുകൂടി നാലു വാഹനങ്ങളിലായി ഞങ്ങള്‍ സ്ഥലത്തെത്തി. നോമ്പു തുറക്കുള്ള എല്ലാ സാധനങ്ങളും പാക്കറ്റുകളിലാക്കി ഞങ്ങള്‍ കരുതിയിരുന്നു. എല്ലാ ചെക്കിങ്ങും കഴിഞ്ഞു കൈയില്‍ സീല്‍കുത്തി ഉള്ളില്‍ കടക്കുമ്പോള്‍ സമയം അഞ്ചര കഴിഞ്ഞിരുന്നു. ഉള്ളില്‍ കടന്നപ്പോള്‍ നജബ്‌ഗെഡില്‍ നിന്നുള്ള റഹ്മാനും ഡല്‍ഹിയിലുള്ള സദ്ധാമും വന്നു സലാം ചൊല്ലി ഞങ്ങളെ സ്വീകരിച്ചു. പിന്നെ പലരും വന്നു സലാം ചൊല്ലി കൈപിടിച്ചു. ജയില്‍ ഡെപ്യുട്ടി സുപ്രണ്ട് മിസിസ് മീന മാഡം ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അസര്‍ നമസ്‌കാരത്തിനുള്ള സമയമായി. നമസ്‌കാരത്തിനായി സ്ഥലം സജ്ജീകരിക്കാന്‍ മീന മാഡം അന്തേവാസികളോട് കല്‍പിച്ചു. ഉടനെ വൃത്തിയുള്ള വിരിപ്പും മുസല്ലയും സ്ഥലത്തെത്തി സജ്ജീകരിച്ചു. ഞങ്ങള്‍ എല്ലാവരും അസര്‍ നമസ്‌കരിച്ചു മുറ്റത്തുള്ള പുല്‍ത്തകിടില്‍ വെച്ചാണ് നമസ്‌കാരം നടത്തിയത്. ചില അന്തേവാസികളും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു നമസ്‌കരിച്ചു.

നമസ്‌കാരം കഴിയുമ്പോഴേക്കും എല്ലാവര്‍ക്കും ഇരിക്കുവാനുള്ള ഇരിപ്പിടങ്ങളും മൈക്ക് സെറ്റും ഫാനും എല്ലാം കൊണ്ടുവന്നു വേദിയൊരുക്കാന്‍ മീന മാഡം തന്നെയാണ് കല്‍പിച്ചത്. ആറേമുക്കാലിന് പരിപാടി ആരംഭിച്ചു. അബ്ദുല്‍ വഹീദ് സാഹിബ് പ്രാരംഭ പ്രസംഗം നടത്തി. പരിപാടി തുടങ്ങിയപ്പോള്‍ നോമ്പുള്ള എല്ലാവരും വൃത്തിയുള്ള വസ്ത്രമണിഞ്ഞു തലയില്‍ തൊപ്പിയും ധരിച്ചു സദസ്സില്‍ എത്തിയിരുന്നു. കൂട്ടത്തില്‍ ജയില്‍ സൂപ്രണ്ട് താരിഖ് സലാമും വേദിയില്‍ എത്തി. എല്ലാവരും അവിടെ നടന്ന രണ്ടുമൂന്നു പ്രസംഗങ്ങളും ശ്രദ്ധിച്ചു കേട്ടു. നോമ്പു തുറക്കുന്ന സമയം വരെ പരിപാടി തുടര്‍ന്നു.

നോമ്പ് തുറക്കേണ്ട സമയമായപ്പോള്‍ എല്ലാ വിഭവങ്ങളും അന്തേവാസികള്‍ നിരത്തി. ഞങ്ങള്‍ ഒന്നായി ഇരുന്നു പ്രാര്‍ത്ഥനക്കു ശേഷം നോമ്പുതുറന്നു. തുടര്‍ന്നു ഇക്ബാല്‍ മുല്ല സാഹിബിന്റെ നേതൃത്വത്തില്‍ മഗ്‌രിബ് നമസ്‌കാരം നടന്നു. നമസ്‌കാരത്തില്‍ എല്ലാവരും പങ്കെടുത്തു. പത്ത് വാര്‍ഡുകളിലായി അറുനൂറ്റിഇരുപത്തിഏഴു അന്തേവാസികളാണ് ഈ ജയില്‍നമ്പര്‍ അഞ്ചില്‍ കഴിയുന്നത്. ഇതില്‍ നൂറ്റിഅമ്പതോളം പേര്‍ മുസ്‌ലിംകളാണ്. ഇവരില്‍ തൊണ്ണൂര്‍ പേര് സ്ഥിരമായി നോമ്പെടുക്കാറുണ്ടെന്നു ആസ്സാമില്‍ നിന്നുള്ള മുഹമ്മദ് വഹീദ് പറഞ്ഞു. നോബ് തുറക്കാന്‍ ഈത്തപ്പഴവും പഴങ്ങളും മറ്റും എന്നും ലഭിക്കാറുണ്ട്. അതുപോലെ അത്താഴത്തിനായി ചൂടുള്ള ഭക്ഷണവും കിട്ടുന്നു. ജയിലില്‍ അവര്‍ക്കു നമസ്‌കരിക്കാനും മറ്റുമുള്ള സൗകര്യങ്ങളും ഉണ്ട്.

എല്ലാവരുടെയും മുഖത്തു സന്തോഷം നിഴലിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ എത്തിയപ്പോള്‍ അവരവരുടെ കുടുംബക്കാര്‍ വന്ന പ്രതീതിയാണ് അവര്‍ക്കനുഭപ്പെട്ടതെന്നു ഉത്തര്‍പ്രദേശില്‍ നിന്നുള്ള റഹീമിന്റെ വാക്കില്‍ നിന്നും മനസ്സിലായി. എല്ലാം കഴിഞ്ഞു ഞങ്ങള്‍ മടങ്ങാന്‍ ഒരുങ്ങിയപ്പോള്‍ എല്ലാവരും കൂടി യാത്രയയച്ചു ഗേറ്റ് വരെ ഞങ്ങളെ പിന്തുടര്‍ന്നു. മീന മാഡവും മറ്റു പോലീസുകാരും ഞങ്ങള്‍ക്ക് ഒരുപാട് നന്ദി പറഞ്ഞു. രാത്രി എട്ടു മണിയോടുകൂടി ഞങ്ങള്‍ മടങ്ങി. ഞങ്ങളില്‍ പലര്‍ക്കും ഇതൊരു പുതിയ അനുഭവമായിരുന്നു.

zubairomassery@gmail. com

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus