Current Date

Search
Close this search box.
Search
Close this search box.

ധാർമ്മികതയുടെ സ്രോതസ്സുകൾ

ധാർമ്മിക വ്യവസ്ഥക്ക് മൂന്ന് ഉറവിടങ്ങളാണ് ഉള്ളത്. ഫിത്റ, ദീൻ, സാമൂഹികാചാരം എന്നിവയാണവ.

ഫിത്റ :- മനുഷ്യൻ അവൻ്റെ പ്രകൃത്യ തന്നെ നല്ല സ്വഭാവങ്ങളെ ഇഷ്ടപ്പെടുന്നവനും മോശമായതിനെ വെറുക്കുന്നവനുമാണ്. ചില പ്രവർത്തനങ്ങൾക്കോ ഇടപാടുകൾക്കോ ചില( വ്യക്തികളോ, സമൂഹങ്ങളോ ) മറ്റു ചിലതിനേക്കാൾ മുൻതൂക്കം നൽകുന്നു എന്ന വ്യത്യാസമല്ലാതെ, സത്യസന്ധത, അമാനത്ത്, കരാർ പാലനം, ഇഹ്സാൻ, വിനയം, നീതി തുടങ്ങി എല്ലാ സമൂഹങ്ങളും ഒരേ സ്വഭാവത്തിൽ ഇഷ്ടപ്പെടുകയും ആദരിക്കുകയും ചെയ്യുന്ന പൊതുസ്വഭാവങ്ങളും മൂല്യങ്ങളും ഉണ്ട്.

അതോടൊപ്പം തന്നെ സമൂഹം വെറുക്കുന്ന ചില മോശപ്പെട്ട സ്വഭാവ ദൂശ്യങ്ങളുമുണ്ട്. അതിനെ വെറുക്കുന്നതിലും അകറ്റി നിറുത്തുന്നതിലും ജനങ്ങൾ ഏകാഭിപ്രായക്കാരാണ്. അക്രമം, ശത്രുത, അഹങ്കാരം, കള്ളം, ചതി, വിശ്വാസ വഞ്ചന, ഇതൊക്കെ ഏത് മതക്കാരനായാലും ഏത് കാല കാഘട്ടത്തിലുള്ളയാളായാലും, ഏത് ദേശക്കാരനായാലും പ്രകൃത്യാലുള്ള ഈ ചായ് വിൽ ജനങ്ങൾ ഏകാഭിപ്രായക്കാരാണ്. അവരുടെ സ്വന്തത്തിലും പെരുമാറ്റത്തിലും ആണ്ടിറങ്ങിയിട്ടുള്ള ഈയൊരു മനോഭാവം തന്നെ അവരുടെ ഫിത്റയ്ക്കുള്ള തെളിവ് ആണ്.

മനുഷ്യന്‌ അവന്റെ പഞ്ചേന്ദ്രിയങ്ങളെ പോലെ പ്രവർത്തിക്കുന്ന മറ്റൊരു ധാർമ്മിക ഇന്ദ്രിയമുണ്ട്, (ഇതിനെ തത്വചിന്തയിൽ ആത്മീയത എന്ന് വിളിക്കുന്നവരുണ്ട്). ഇത് മനുഷ്യനെ ഇതര ജീവികളിൽ നിന്ന് വ്യതിരിക്തനാക്കുന്ന ഒരിന്ദ്രിയമായി പരിഗണിക്കപ്പെടുന്നു. അത് കൊണ്ടാണ് മനുഷ്യനെ ഒരു ധാർമ്മിക/സദാചാര ജീവി എന്ന് വിശേഷിപ്പിക്കപ്പെട്ടത്. താൻ അംഗീകരിക്കുന്ന ഒരു ആദർശമില്ലാത്തെ മനുഷ്യൻ ഇതര ജീവിവർഗ്ഗങ്ങളിൽ വ്യതിരക്തനായ ഒരു മനുഷ്യനാവുകയില്ല എന്നതിൻ്റെ അടിസ്ഥാനത്തിൽ നമുക്ക് ഇങ്ങനെ പറയാൻ സാധിക്കും : “മനുഷ്യൻ മാത്രമാണ് ഒരേയൊരു ധാർമ്മിക ജീവി” .

Also read: കാവി പതാകയും ദേശീയ പതാകയും

ദീൻ :- ധാർമ്മികതയും നല്ല സ്വഭാവങ്ങളും എല്ലാ മതങ്ങളുടെയും മുഖമുദ്രയും അതിൻ്റെ മഹത്തരമായ അധ്യാപനങ്ങളുടെ ഭാഗവുമാണ് എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. എല്ലാ കാലഘട്ടങ്ങളിലും സമൂഹങ്ങളിലും, മതപരതയുടെയും മതത്തിൻ്റെയും ഓരം ചേർന്ന് കൊണ്ടാണ് നമുക്ക് ധാർമ്മികതയെ കാണാനാവുക. അത് കൊണ്ട് തന്നെ മതവും മതപാരമ്പര്യവും സവിശേഷ മൂല്യങ്ങളുടെയും സൽസ്വഭാവത്തിൻ്റെയും മാനദണ്ഡമായി മാറുന്നത് നമുക്ക് കാണാനാകും. ചരിത്രത്തിലെ പ്രവാചകന്മാരും അവരുടെ അനുയായികളും ധാർമികതയുടെ വക്താക്കളും അതിനെ പ്രതിരോധിക്കുന്നവരുമായിരുന്നു.

സമൂഹമാണ് പ്രകൃത്യാ ഉള്ള ധാർമ്മികതയുടെ ഉറവിടമെങ്കിൽ, മതമാണ് രേഖീയമായ ധാർമ്മികതയുടെ സ്രോതസ്സ്. ചരിത്രത്തിലൊരിടത്തും തന്നെ മതത്തിൻ്റെ പ്രമാണങ്ങൾ പറയാത്തതോ അതിൻ്റെ പാരമ്പര്യങ്ങളിൽ കാണാത്തതോ ആയ ഒരു സൽസ്വഭാവവും ഒരു സമൂഹവും പിൻപറ്റിയിരുന്നതായി നമുക്ക് കാണുന്നത് സാധ്യമല്ല.

സാമൂഹിക രീതി :- എല്ലാ സമൂഹങ്ങളിലും ആചാരങ്ങളും നാട്ടുനടപ്പുകളും രൂപപ്പെടുന്നത് ഒരുപാട് കാലഘട്ടങ്ങളിലൂടെയാണ്, ഇത്തരം ആചാരങ്ങളൊക്കെയും ആദരിക്കപ്പെടുന്നവയും ഒരോരുത്തരുടെയും മേലുള്ള ഉത്തരവാദിത്വവും ആയിരിക്കും. അതോടൊപ്പം, പരസ്പര തൃപ്തിയുടെയും സമ്മതിൻ്റെയും അടിസ്ഥാനത്തിലായിരിക്കും സമൂഹത്തിൽ അത് നിലനിൽക്കുക. അതങ്ങനെ സമൂഹത്തിൻ്റെ ധാർമ്മിക വ്യവസ്ഥയുടെ ഭാഗമാകുന്നു.

അതിനെ ഒഴിവാക്കുന്നതോ ലഘൂകരിക്കുന്നതോ ഒരു ന്യൂനതയായോ മറ്റുചിലപ്പോൾ ശിക്ഷിക്കപ്പെടേണ്ടതോ ആയ കാരണമാകുന്നു. അതേപോലെ അത് ജീവിതത്തിൽ പകർത്തുന്നത് പ്രശംസനീയമായ സൽക്കർമ്മവുമായി മാറുന്നു. ഇത്തരത്തിലുള്ള ധാർമ്മികാചാരങ്ങളും ആദരണീയമായ നാട്ടുനടപ്പുകളും അടിസ്ഥാനപരമായി മുൻചൊന്ന രണ്ട് സ്രോതസ്സുകളിൽ നിന്ന് ഉൾകൊണ്ടവയും സ്വാധീനിക്കപ്പെട്ടവയുമാണ്.

ഇമാം അൽ-മാവർദിയുടെ നിരീക്ഷണം ഇവിടെ പ്രസക്തമാണ് :- സ്വഭാവങ്ങൾ ഉൽഭവിക്കുന്നതും രൂപപ്പെടുന്നതും രണ്ട് അടിസ്ഥാങ്ങളിൽ നിന്നാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ” ജന്മനാ കിട്ടുന്ന സ്വഭാവങ്ങളുണ്ട്, പിന്നീട് ആർജ്ജിച്ചെടുക്കുന്ന സ്വഭാവങ്ങളുമുണ്ട്.

Also read: കാവി പതാകയും ദേശീയ പതാകയും

സ്വഭാവങ്ങളിൽ ചിലത് സഹജവും മറ്റു ചിലത് നിർമ്മിതവുമാണ്. കാരണം സ്വഭാവം നൈസർഗ്ഗികവും സ്വഭാവ ആചരണം കൃത്രിമവുമാണ്. അതിനാൽ സ്വഭാവങ്ങൾ രണ്ട് വിധമുണ്ട്. സഹജവും നൈസർഗ്ഗികവുമായവ, ആർജ്ജിതവും സ്വീകൃതവുമായവ”.

മൊഴിമാറ്റം:- മുബഷിർ എ കെ

Related Articles