Islam Onlive

നോമ്പിന് പിന്നിലെ പ്രധാന രഹസ്യങ്ങള്‍

ചോ : നോമ്പ് നിര്‍ബന്ധമാക്കിയതിന് പിന്നിലെ പ്രധാന രഹസ്യങ്ങള്‍ എന്തെല്ലാം?  അത് എങ്ങനെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും?

ഉത്തരം : നോമ്പിന്റെ രഹസ്യം നമുക്ക് ബോധ്യപ്പെടണമെങ്കില്‍ മനുഷ്യന്റെ രഹസ്യം മനസ്സിലാക്കേണ്ടതുണ്ട്. ആരാണ് മനുഷ്യന്‍? അവന്റെ യാഥാര്‍ഥ്യമെന്ത്? മനുഷ്യനെന്നാല്‍ ഈ ശരീരമാണോ അതോ ഉയര്‍ന്നു നില്‍ക്കുന്ന രൂപമോ? മാംസവും അസ്ഥിയും രക്തവും ഞരമ്പും കോശങ്ങളും മറ്റു ജൈവികമായ അവയവങ്ങളും ചേര്‍ത്തുവെച്ചതാണോ മനുഷ്യന്‍? ഇപ്രകാരമാണ് മനുഷ്യനെങ്കില്‍ അവന്‍ എത്രമാത്രം നിസ്സാരനാണ്!

അതെ, മനുഷ്യനെന്നാല്‍ ഗോചരമായ ഈ രൂപമല്ല, ദൈവികമായ ആത്മാവാണ് മനുഷ്യന്‍, അത് കുടികൊള്ളുന്നത് ഈ ശരീരത്തിലും. ഉന്നതമായ ആകാശത്തില്‍ നിന്നുള്ള രഹസ്യം കളിമണ്ണില്‍ പൊതിഞ്ഞു വെച്ചിരിക്കുന്നു! അപ്പോള്‍ മനുഷ്യന്റെ യാഥാര്‍ഥ്യം ദൈവികമാണ്, അല്ലാഹു മനുഷ്യനില്‍ നിക്ഷേപിച്ച ആത്മാവ് കൊണ്ടാണ് അവന്‍ ചിന്തിക്കുന്നത്, അതുകൊണ്ടാണ് അവന്‍ ആസ്വദിക്കുന്നത്, ആകാശത്തെ കുറിച്ചും ഭൂമിയെ കുറിച്ചും അവന്‍ ഗവേഷണം നടത്തുന്നത്, അതുപയോഗിച്ച് അവന്‍ ആകാശങ്ങളുടെ രഹസ്യങ്ങള്‍ തേടുന്നു, ആത്മാവിന്റെ മഹത്വം കാരണം ആദമിന് മുന്നില്‍ സുജൂദ് ചെയ്യാന്‍ അല്ലാഹു മലക്കുകളോട് ആജ്ഞാപിച്ചു. 'നിന്റ നാഥന്‍ മലക്കുകളോടു പറഞ്ഞു : 'ഉറപ്പായും ഞാന്‍ കളിമണ്ണില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കാന്‍ പോവുകയാണ്, അങ്ങനെ ഞാനവന്ന് ആകാരം നല്‍കുകയും എന്റെ ആത്മാവില്‍ നിന്ന് അതിലൂതുകയും ചെയ്താല്‍ നിങ്ങവന്റെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കണം' (സ്വാദ് 71,72)

അതാണ് മനുഷ്യന്‍, വിലകുറഞ്ഞ ശരീരവും ഉന്നതമായ ആത്മാവും, ശരീരം വീടാണ്, ആത്മാവ് വീട്ടുകാരനും താമസക്കാരനുമാണ്, ശരീരം വാഹനവും ആത്മാവ് അതിലെ യാത്രക്കാരനും, വീടോ വാഹനമോ വെറുതെ സൃഷ്ടിക്കപ്പെട്ടതല്ല, വീട് നിര്‍മ്മിച്ചത് അതിലെ താമസക്കാരന്റെ ഗുണത്തിന് വേണ്ടിയാണ്, വാഹനം യാത്രക്കാരന്റെ ഉപകാരത്തിനും. അപ്പോള്‍ ആത്മാവിനെ മറന്ന് സ്വന്തം വീടിന്റെ സംരക്ഷകനും വാഹനത്തിന്റെ പരിചാരകനുമായി തീര്‍ന്ന മനുഷ്യന്റെ കാര്യം അദ്ഭുതം തന്നെ! ആത്മാവിനെ മറന്ന് അവര്‍ സ്വന്തം ശരീരത്തിന്റെ അടിമകളായി മാറിയിരിക്കുന്നു. ശരീരത്തിന് വേണ്ടിയാണ് അവര്‍ പണിയെടുക്കുന്നത്. ശാരീരികേഛകള്‍ പൂര്‍ത്തീകരിക്കാന്‍ അവര്‍ അദ്ധ്വാനിക്കുന്നു, ലൈംഗികാവയവത്തിന്റേയും വയറിന്റെയും ആവശ്യ പൂര്‍ത്തീകരണത്തിന് വേണ്ടി അവര്‍ കറങ്ങി നടക്കുന്നു, അവരുടെ മുദ്രവാക്യം ഇപ്രകാരമാണ് : ഇഹലോക ജീവിതം തീറ്റയും കുടിയും ഉറങ്ങലുമാണ്, അത് നീ നഷ്ടപ്പെടുത്തിയാല്‍ നിന്റെ ദുന്‍യാവ് അവസാനിച്ചു. ഇവരെ വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെ : 'തന്റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ? എന്നിട്ടും അവനെ നേര്‍വഴിയിലാക്കുന്ന ബാധ്യത നീ ഏല്‍ക്കുകയോ? അല്ല, നീ കരുതുന്നുണ്ടോ; അവരിലേറെപ്പേരും കേള്‍ക്കുകയും ചിന്തിക്കുകയും ചെയ്യുന്നുവെന്ന്. എന്നാലവര്‍ കന്നുകാലികളെപ്പോലെയാണ്. അല്ല; അവയെക്കാളും പിഴച്ചവരാണ്.' (ഫുര്‍ഖാന്‍ 43,44)

ആത്മാവും ശരീരവും കൂടിച്ചേര്‍ന്നതാണ് മനുഷ്യന്‍. ശരീരത്തിന് അതിന്റെ നിസ്സാരമായ ലോകത്തിന്റേതായ തേട്ടങ്ങളുണ്ട്, ആത്മാവിന് അതിന്റെ അത്യുന്നതമായ ലോകത്തെ തേട്ടങ്ങളുമുണ്ട്. മനുഷ്യനില്‍ ആത്മാവിന്റെ ഇഛകളെ ശാരീരിക ഇഛകള്‍ അതിജയിക്കുമ്പോള്‍ അവന്‍ അനുഗ്രഹീതരായ മലക്കുകളുടെ നിലവാരത്തില്‍ നിന്ന് നിന്ദ്യനും നീചനുമായ പിശാചിന്റെ നിലവാരത്തിലേക്ക് അധഃപതിച്ചു പോകുന്നു. അതുകൊണ്ടാണ് ഒരു കവി ഇങ്ങനെ ചോദിച്ചത് : ശാരീരിക ഇഛയെ പിന്‍പറ്റുന്നവനേ, നിന്റെ ശരീരത്തെ സേവിക്കാന്‍ നീ എന്തുമാത്രം കഷ്ടപ്പെടുന്നു, നിന്ദ്യത വിറ്റ് ലാഭം നേടാനാണോ നീ ആഗ്രഹിക്കുന്നത്?

അതുകൊണ്ട്, നീ നിന്റെ ആത്മാവിനെ തിരിച്ചറിയുക, അതിന്റെ മഹത്വങ്ങള്‍ നിറവേറ്റുക, ശരീരം കൊണ്ടല്ല, ആത്മാവ് കൊണ്ടാണ് നീ മനുഷ്യനാകുന്നത്. ആത്മാവിന്റെ മൂല്യം മനുഷ്യന്‍ മനസ്സിലാക്കിയാല്‍ അതിലുള്ള ദൈവികമായ രഹസ്യം അവന് ബോധ്യപ്പെടും. അങ്ങനെയാകുമ്പോള്‍ അവന്‍ വീടിന്റെ ചുമരുകള്‍ക്ക് പകരം വീട്ടുകാരന് പരിഗണന നല്‍കും, വാഹനത്തിന് പകരം അതിലെ യാത്രക്കാരന് മുന്‍ഗണന നല്‍കും, ശരീരത്തിന്റെ ഇഛകള്‍ക്ക് പകരം ആത്മാവിന്റെ തേട്ടങ്ങളെ അവന്‍ ശ്രദ്ധിക്കും. അപ്പോള്‍ അവന്‍ മലക്കുകളുടെ, അതിനേക്കാള്‍ ഉയര്‍ന്ന വിതാനത്തിലേക്ക് എത്തിച്ചേരുന്നു 'എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോ, അവരാണ് സൃഷ്ടികളിലേറ്റം ശ്രേഷ്ഠര്‍.' (അല്‍ ബയ്യിന 7)

മനുഷ്യനെ അവന്റെ ശാരീരികേഛകളുടെ തടവറയില്‍ നിന്ന് മോചിപ്പിക്കാനാണ് അല്ലാഹു നോമ്പ് നിര്‍ബന്ധമാക്കിയത്. നോമ്പുകാരന്റെ ആത്മാവ് മലക്കുകളോളം ഉന്നതമായ നിലവാരത്തിലേക്ക് ഉയരുമെന്നതില്‍ അദ്ഭുതമൊന്നുമില്ല. നോമ്പുകാരന്റെ പ്രാര്‍ഥനകള്‍ ആകാശത്തിന്റെ വാതായനങ്ങളില്‍ മുട്ടേണ്ട താമസം അത് തുറക്കപ്പെടും, അവന്റെ പ്രാര്‍ഥനകള്‍ക്ക് അല്ലാഹു ഉത്തരം നല്‍കും, നോമ്പുകാരന്റെ വിളികേട്ട് നാഥന്‍ പറയും 'എന്റെ അടിമേ, ഞാനിതാ നിന്റെ വളിക്ക് ഉത്തരം നല്‍കിയിരിക്കുന്നു'. ഇതേ ആശയം പ്രവാചകന്റെ ഒരു ഹദീസില്‍ കാണാന്‍ സാധിക്കും. പ്രവാചകന്‍ പറഞ്ഞു 'മൂന്ന് പേരുടെ പ്രാര്‍ഥനകള്‍ നിരസിക്കപ്പെടുകയില്ല, നോമ്പുകാരന്റെ പ്രാര്‍ഥന, അവന്‍ നോമ്പു മുറിക്കുന്നത് വരെ, നീതിമാനായ ഭരണാധികാരിയുടെ, മര്‍ദ്ദിതന്റെയും'

വിവ : ജലീസ് കോഡൂര്‍

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus