Islam Onlive

തറാവീഹ് നമസ്‌കാരം വേഗത്തിലാക്കല്‍

ചോദ്യം : റമദാനിലെ തറാവീഹ് നമസ്‌കാരം ധൃതിയിലും വേഗത്തിലും നിര്‍വഹിക്കുന്ന രീതി പല മസ്ജിദുകളിലും കാണുന്നുണ്ട്. നമസ്‌കാരത്തിന്റെ എണ്ണം വര്‍ധിപ്പിക്കുന്നതിനാണോ ഭയഭക്തിക്കാണോ പ്രാധാന്യം നല്‍കേണ്ടത്?
 

മറുപടി : പ്രവാചകന്‍ (സ) പറഞ്ഞതായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു : 'റമദാനില്‍ ഈമാനോടും സ്വയം വിചാരണയോടും കൂടി നിന്നുനമസ്‌കരിക്കുന്നവന്റെ മുന്‍കാല പാപങ്ങള്‍ പൊറുത്തുകൊടുക്കപ്പെടും'. റമദാനിന്റെ പകലുകളില്‍ നോമ്പ് അനുഷ്ഠിക്കല്‍ അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നു, രാവുകളില്‍ നിന്ന് നമസ്‌കരിക്കാന്‍ അല്ലാഹുവിന്റെ പ്രവാചകനും നിര്‍ദ്ദേശിച്ചിട്ടുണ്ട്, പാപമുക്തി നേടിത്തരുന്നതും മാലിന്യങ്ങളില്‍ നിന്ന് കഴുകി വൃത്തിയാക്കുന്നതുമായ ഈ രാത്രി നമസ്‌കാരം അതിന്റെ എല്ലാ മര്യാദകളോടും നിബന്ധനകളോടും കൂടി നിര്‍വഹിക്കേണ്ടത് അനിവാര്യമാണ്.

ഫാതിഹ പാരായണം ചെയ്യല്‍, റുകൂഅ്, സുജൂദ് എന്നിവ പോലെ തന്നെ അടിസ്ഥാന ഘടകമാണ് നമസ്‌കാരത്തിലെ അച്ചടക്കവും. നമസ്‌കാരത്തിന്റെ മര്യാദകളൊന്നും പാലിക്കാതെ ധൃതിയോടു കൂടി നമസ്‌കാരം നിര്‍വഹിച്ചയാളോട് പ്രവാചകന്‍ വീണ്ടും നമസ്‌കരിക്കുവാന്‍ ആവശ്യപ്പെടുകയും നമസ്‌കരിക്കേണ്ടത് എങ്ങനെയെന്ന് അയാളെ പഠിപ്പിക്കുകയും ചെയ്തു. 'റുകൂഇല്‍ അല്‍പ്പ നേരം ശാന്തമായി നില്‍ക്കുക, റുകൂഇല്‍ നിന്ന് ഉയര്‍ന്നതിന് ശേഷവും അല്‍പ്പ നേരം അടങ്ങി നില്‍ക്കുക, ശേഷം സുജൂദിലും സുജൂദുകള്‍ക്കിടയിലുള്ള ഇരുത്തത്തിലും അല്‍പ്പം അടങ്ങിയിരിക്കുക' (ബുഖാരി, മുസ്‌ലിം)

നമസ്‌കാരത്തിലെ എല്ലാ കര്‍മ്മങ്ങളിലും ശാന്തതയും അടക്കവും അനിവാര്യമാണ്. എന്നാല്‍ എത്രനേരം അടങ്ങി നില്‍ക്കണമെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ വ്യത്യസ്ത അഭിപ്രായക്കാരാണ്. 'സുബ്ഹാന റബ്ബിഅല്‍ അഅ്‌ലാ' എന്ന ദിക്‌റ് ചൊല്ലാനുള്ള സമയമെങ്കിലും അടങ്ങി നില്‍ക്കണമെന്നാണ് ഏറ്റവും കുറഞ്ഞ സമയമായി പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. എന്നാല്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയെ പോലുള്ള പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം റുകൂഇലും സുജൂദിലും മൂന്നുതവണ ദിക്‌റ് ചൊല്ലാണുള്ള സമയമെങ്കിലും അടങ്ങി നില്‍ക്കണമെന്നാണ്, ദിക്‌റുകള്‍ ചൊല്ലേണ്ടത് മൂന്ന് പ്രാവശ്യമാണെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. അല്ലാഹു പറയുന്നു : 'നിശ്ചയമായും സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു. അവര്‍ തങ്ങളുടെ നമസ്‌കാരത്തില്‍ ഭക്തി പുലര്‍ത്തുന്നവരാണ്' (അല്‍ മുഅ്മിനൂന്‍ 1,2)

ഭയഭക്തിയുടെ ഇനങ്ങള്‍
ഭക്തി രണ്ട് വിധത്തിലുണ്ട്. ശരീരത്തിന്റെ ഭക്തിയും മനസ്സിന്റെ ഭക്തിയും. കുറുക്കനെ പോലെ തിരിഞ്ഞും മറിഞ്ഞുകൊണ്ടുമിരിക്കാതെ അടക്കവും ഒതുക്കവും പാലിക്കലാണ് ശരീരത്തിന്റെ ഭക്തി. റുകൂഉകളും സുജൂദുകളും കോഴികൊത്തുന്നത് പോലെയാകില്ല, മറിച്ച് അല്ലാഹു നിര്‍ബന്ധമാക്കിയ മര്യാദകളും നിബന്ധനകളും പാലിച്ചുകൊണ്ടുള്ളതായിരിക്കും. മനസ്സിന്റെ ഭക്തിക്ക് ശരീരത്തിന്റെ ഭക്തി അനിവാര്യമാണ്.

അല്ലാഹുവിന്റെ സാമീപ്യം അനുഭവിക്കുന്നതാണ് മനസ്സിന്റെ ഭക്തി. നമസ്‌കരിക്കുന്നവന്‍ നമസ്‌കാരത്തില്‍ പാരായണം ചെയ്യുന്ന ഖുര്‍ആന്‍ സൂക്തങ്ങളെ കുറിച്ചും പരലോകത്തെ കുറിച്ചും ചിന്തിക്കുന്നതോടൊപ്പം അല്ലാഹുവിന്റെ മുന്നിലാണ് താന്‍ നില്‍ക്കുന്നതെന്ന ബോധവും അവനുണ്ടാകും. ഖുദ്‌സിയായ ഒരു ഹദീസില്‍ അല്ലാഹു പറയുന്നു : 'നമസ്‌കാരത്തെ എനിക്കും അടിമക്കുമിടയില്‍ രണ്ടായി പകുത്തിരിക്കുന്നു. അടിമ 'ലോകരക്ഷിതാവായ അല്ലാഹുവിനാണ് സര്‍വ സ്തുതിയും' എന്ന് പറയുമ്പോള്‍ അല്ലാഹു പറയും ' എന്റെ അടിമ എന്നെ സ്തുതിച്ചിരിക്കുന്നു'. അവന്‍ 'കരുണാവാരിധിയും കരുണാനിധിയു'മെന്ന് പറയുമ്പോള്‍ അല്ലാഹു പറയും 'എന്റെ അടിമ എന്നെ വാഴ്ത്തിയിരിക്കുന്നു'. 'പ്രതിഫല ദിനത്തിന്റെ ഉടമ' എന്ന് അടിമ പറഞ്ഞാല്‍ അല്ലാഹു പറയും 'എന്റെ അടിമ എന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു'. 'നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു' എന്ന് അവന്‍ പറഞ്ഞാല്‍ അല്ലാഹു പറയും 'ഇത് എനിക്കും എന്റെ അടിമക്കുമിടയിലുള്ളതാണ്', 'ഞങ്ങള്‍ക്ക് നേരായ മാര്‍ഗം കാണിച്ചു തരേണമേ' എന്ന് അവന്‍ പറയുമ്പോള്‍ അല്ലാഹു പറയും 'ഇത് എന്റെ അടിമക്കുള്ളതാണ്, അവന്‍ ചോദിച്ചത് അവനുണ്ട്' (മുസ്‌ലിം)

നമസ്‌കരിക്കുന്നവന്റെ പ്രാര്‍ഥനകള്‍ അല്ലാഹു നിരസിക്കുന്നില്ല, അവന് ഉത്തരം നല്‍കുകയാണ് ചെയ്യുന്നത്. നമസ്‌കാരത്തിന്റെ ഓരോ അനക്കത്തിലും മനസ്സാന്നിധ്യത്തോടു കൂടി അടിമ നാഥനോട് പ്രാര്‍ഥിക്കണം. എന്നാല്‍ തന്റെ മുതുകിനെ വളക്കുന്ന ഭാരം ഇറക്കി വെക്കുന്നത് പോലെ, ഒട്ടും മനസ്സാന്നിധ്യമില്ലാതെ, തീര്‍ത്തും അലസമായി നിര്‍വഹിക്കുന്ന നമസ്‌കാരം യഥാര്‍ഥ നമസ്‌കാരമാകില്ല. റമദാനില്‍ മിനുട്ടുകള്‍ക്കുള്ളില്‍ ഇരുപതും ഇരുപത്തിമൂന്നും റക്അത്തുകള്‍ നമസ്‌കരിക്കുന്ന നിരവധി ആളുകളുണ്ട്. എത്രയും വേഗം ഇത് പൂര്‍ത്തിയാക്കി പിരിഞ്ഞുപോകണമെന്നാണ് ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നത്, ഒട്ടും ഭക്തിയില്ലാതെയും റുകൂഉകളോ സുജൂദുകളോ അതിന്റെ മര്യാദകളൊന്നും പാലിക്കാതെയുമായിരിക്കും അവര്‍ നിര്‍വഹിക്കുന്നത്, അത്തരം നമസ്‌കാരത്തെ കുറിച്ച് ഹദീസില്‍ വന്നിരിക്കുന്നത് ഇങ്ങനെയാണ് 'കറുത്ത പുള്ളിയായി അത് ആകാശത്തേക്ക് ഉയര്‍ന്നു പോകും, അത് അതിന്റെ അവകാശിയോട് പറയും 'നീ എന്നെ നഷ്ടപ്പെടുത്തിയത് പോലെ അല്ലാഹു നിനക്കും നഷ്ടപ്പെടുത്തിയിരിക്കുന്നു'.

എന്നാല്‍ മനസ്സാന്നിധ്യത്തോടെയും ഭക്തിയോടുമുള്ള നമസ്‌കാരം തിളക്കവും വെണ്മയുമുള്ളതായി ആകാശത്തേക്ക് ഉയര്‍ന്നു പോകുന്നു, അത് അതിന്റെ അവകാശിയോട് ഇപ്രകാരം പറയും 'നീ എന്നെ കാത്തുസൂക്ഷിച്ചത് പോലെ അല്ലാഹു നിനക്കും സൂക്ഷിച്ച് വെച്ചിരിക്കുന്നു'.

അടക്കവും ഒതുക്കവുമില്ലാതെ, ഭയഭക്തിയോ മനസ്സാന്നിധ്യമോ ഇല്ലാതെ നമസ്‌കരിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്, ഇരുപതിന് പകരം നിങ്ങള്‍ ഭയഭക്തിയോടു കൂടി ശാന്തമായി എട്ടു റക്അത്ത് നമസ്‌കരിക്കുക, എത്ര നമസ്‌കരിച്ചു എന്നല്ല, എങ്ങനെ നമസ്‌കരിച്ചു എന്നതിനാണ് പ്രാധാന്യം. ഭക്തിപൂര്‍ണമായ നമസ്‌കാരത്തിലാണ് പാഠമുള്ളത്, ധൃതിപിടിച്ച നമസ്‌കാരത്തിലല്ല.

വിവ : ജലീസ് കോഡൂര്‍

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus