Current Date

Search
Close this search box.
Search
Close this search box.

അലി ത്വന്‍ത്വാവിയുടെ ഓര്‍മകള്‍

ali-tantawi.jpg

ഇത് ഒരു ഓര്‍മക്കുറിപ്പല്ല, ചില ഓര്‍മകള്‍ മാത്രമാണ്. ഓര്‍മക്കുറിപ്പാകുമ്പോള്‍ അതിന് തുടര്‍ച്ചയുണ്ടാവേണ്ടതുണ്ട്. എഴുതിവെച്ച കുറിപ്പുകളുടെയും ശക്തമായ ഓര്‍മശക്തിയുടെയും സഹായം അതിനാവശ്യവുമാണ്. വാര്‍ധക്യം പിടികൂടിയ, ഓര്‍മയുടെ സ്ഥാനത്ത് മറവി നുഴഞ്ഞുകയറി ഒളിച്ചിരിക്കുന്ന ഒരാളാണ് ഞാന്‍. മറവി അല്ലാഹുവിന്റെ അനുഗ്രമാണെങ്കിലും മനുഷ്യനെ സംബന്ധിച്ചടത്തോളം ഒരു അപകടം കൂടിയാണത്. ജീവിതത്തിലെ വേദനകള്‍ മറക്കാന്‍ മനുഷ്യന് സാധിക്കുന്നില്ലെങ്കില്‍ സ്വസ്ഥമായി ജീവിക്കാനോ അതില്‍ തൃപ്തി നേടാനോ ആവില്ല.

ഓരോ സംഭവങ്ങളും നടന്നപ്പോള്‍ അവ രേഖപ്പെടുത്തി വെച്ച കടലാസുകള്‍ എന്റെ പക്കലില്ല. അവ എന്റെ മനസ്സിലുണ്ടാക്കിയ സ്വാധീനമാണ് ഞാന്‍ വിവരിക്കുന്നത്. എന്റെ ഭാഗത്തു നിന്നും സംഭവിച്ച പരിഹാരമില്ലാത്ത വീഴ്ച്ചയാണത്. അതുകൊണ്ടു തന്നെ ഓരോ ദിവസവും സംഭവിക്കുന്ന കാര്യങ്ങള്‍ എഴുതിയ സൂക്ഷിക്കാനാണ് വായനക്കാരോട് ഉപദേശിക്കുന്നത്. എന്ത് ഭക്ഷണമാണ് ഉണ്ടാക്കിയത്? എന്താണ് കഴിച്ചത്? അല്ലെങ്കില്‍ എത്ര ലാഭം കിട്ടി? എത്ര ചെലവഴിച്ചു? തുടങ്ങിയ കാര്യങ്ങളല്ല അതില്‍ എഴുതേണ്ടത്. മറിച്ച് മനസ്സില്‍ ഉദിക്കുന്ന വികാരങ്ങളും ചിന്തകളുമാണ് അതില്‍ രേഖപ്പെടുത്തേണ്ടത്. അതാത് ദിവസത്തെ കാഴ്ച്ചകളും കേള്‍വികളും ഉണ്ടാക്കിയ സ്വാധീനമാണ് അതില്‍ വരേണ്ടത്. പ്രിന്റ് ചെയ്യാനോ പ്രസിദ്ധീകരിക്കാനോ അല്ല, തനിക്ക് നഷ്ടപ്പെട്ട ഒരു ദിവസത്തെ മനസ്സിലാക്കുന്നതിന് വേണ്ടി മാത്രം.

ഈ പറയുന്നതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. നിരന്തരം മാറിക്കൊണ്ടിരിക്കുന്നവരാണ് നാം. ഓരോ ദിവസവും എന്നില്‍ ഒരു വ്യക്തി മരിക്കുന്നു, പുതിയൊരു വ്യക്തി ജനിക്കുകയും ചെയ്യുന്നു. മരപ്പെട്ടതും ഞാനാണ് ജനിച്ചതും ഞാനാണ്. എന്റെ ശരീരത്തിലെ കോശങ്ങള്‍ പുതുക്കപ്പെട്ടു കൊണ്ടേയിരിക്കുകയാണ്. ഇങ്ങനെ കുറച്ച് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇപ്പോഴുള്ള കോശങ്ങളെല്ലാം മാറി പുതിയത് കടന്നുവരുന്നു. മനസ്സിന്റെ വികാരങ്ങളും മാറിക്കൊണ്ടേയിരിക്കുകയാണ്. ഇന്നലെ ഞാന്‍ വെറുത്തത് ഇന്ന് ഇഷ്ടപ്പെടുന്നു. ഇന്നലെ ഇഷ്ടപ്പെട്ടിരുന്നത് ഇന്ന് വെറുക്കുന്നു. ബുദ്ധിയുടെ വിധികല്‍പനകളും മാറുന്നു. ഇന്നലെ വരെ തെറ്റായി കണ്ടിരുന്നത് ഇന്ന് ശരിയായിരിക്കുന്നു. അതുപോലെ ഇതുവരെ ശരിയായിരുന്നത് തെറ്റുകളുമായി മാറുന്നു.

ശരീര കോശങ്ങള്‍ മാറുന്നു, മനസ്സിന്റെ വികാരങ്ങള്‍ മാറുന്നു, ബുദ്ധിയുടെ വിധികള്‍ മാറുന്നു. അപ്പോള്‍ മാറ്റങ്ങള്‍ക്ക് വിധേയമാവാത്ത ഏത് ഘടകമാണുള്ളത്? ‘എന്റെ ബുദ്ധി എന്നോട് പറഞ്ഞു’, ‘ഞാന്‍ എന്റെ മനസ്സിനോട് പറഞ്ഞു’ എന്ന് ഞാന്‍ പറയുന്നു. എന്റെ ബുദ്ധി ഞാനല്ലാതിരിക്കുമ്പോള്‍ ഞാനതിനോട് പറയുന്നു. എന്റെ മനസ്സ് ഞാനല്ലാതിരിക്കുമ്പോള്‍ അതെന്നോട് പറയുന്നു. അപ്പോള്‍ ആരാണ് ഈ ‘ഞാന്‍’?

എന്റെ അവയവങ്ങളിലൊന്ന് മുറിച്ചു മാറ്റപ്പെട്ടാല്‍ കുറവ് വരാത്ത, ഞാന്‍ മരിച്ചാലും മരിക്കാത്തതാണ് സ്ഥിരമായ നിലനില്‍ക്കുന്ന ആ ഘടകം. അത് നിലനില്‍ക്കുകയും വിചാരണ ചെയ്യപ്പെടുകയും ചെയ്യും. അതിന്റെ അടിസ്ഥാനത്തില്‍ പ്രതിഫലം നല്‍കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യും. പ്രസ്തുത ഘടകമാണ്
യഥാര്‍ഥത്തില്‍ ‘ഞാന്‍’. നമ്മുടെ ഭൂമിലോകത്തല്ല അതിന്റെ സ്ഥാനം. ഭൂമിലോകത്തെ നിയമങ്ങള്‍ അതിന് ബാധകവുമല്ല. ആത്മാവാണത്.

ഓരോ ദിവസവും കുറിപ്പെഴുതുന്നത് ശീലമാക്കിയവന് സ്വയം തനിക്ക് നഷ്ടമായ ദിവസത്തെ മനസ്സിലാക്കാന്‍ കഴിയുമെന്ന് ഞാന്‍ പറഞ്ഞതിന്റെ വിശദീകരണമിതാണ്.

ഓര്‍മകളാണ്, ഓര്‍മക്കുറിപ്പല്ല ഞാന്‍ രേഖപ്പെടുത്തുന്നതെന്ന് ഞാന്‍ പറഞ്ഞു. തുടര്‍ച്ച നഷ്ടപ്പെടാതെ എന്റെ ജീവിതകഥ രേഖപ്പെടുത്താന്‍ എനിക്ക് സാധിക്കുകയില്ല. കാരണം മൂര്‍ച്ച നഷ്ടപ്പെട്ട ഓര്‍മയെയാണ് ഞാന്‍ ആശ്രയിക്കുന്നത്. അതുകൊണ്ടു തന്നെ ചിലപ്പോള്‍ മറക്കുന്ന സംഭവം മറ്റുചിലപ്പോള്‍ ഓര്‍ക്കുന്നു.

ചെറുപ്പം മുതല്‍ ഞാന്‍ ഇണങ്ങി ചേര്‍ന്ന പുരാതന അറബി സാഹിത്യ പുസ്തകങ്ങളുടെ ന്യൂനതയാണ് എന്നിലുള്ള മറ്റൊരു ന്യൂനത. വിഷയത്തില്‍ നിന്ന് കാടുകയറി പോകലാണത്. ജാഹിളിന്റെ ‘കിതാബുല്‍ ഹയവാന്‍’ അതിനുദാഹരണമാണ്. നിങ്ങളിലാരൊക്കെ അത് വായിച്ചിട്ടുണ്ട്? തലക്കെട്ടിനെ കുറിക്കുന്ന എത്ര അധ്യായങ്ങളാണ് അതിലുള്ളത്? അതില്‍ അദ്ദേഹം ജന്തുശാസ്ത്രമാണോ പറയുന്നത്. അതല്ല കാടുകയറി എല്ലാറ്റിനെയും കുറിച്ച് സംസാരിക്കുകയാണോ? നമ്മുടെ സാഹിത്യ ശൈലിയാണത്. ആ ശൈലിയിലാണ് ഞാന്‍ വളര്‍ത്തപ്പെട്ടത്. അതുകൊണ്ട് എന്നെ അതിന്റെ പേരില്‍ ആക്ഷേപിക്കേണ്ടതില്ല.

വിഷയത്തില്‍ നിന്ന് വിട്ടുപോവുക എന്റെയും ശൈലിയാണ്. തെറ്റായ ശൈലിയാണ് അതെന്ന് ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ പല ചീത്തശീലങ്ങളും ഉപേക്ഷിക്കാന്‍ നമുക്ക് സാധിക്കുന്നില്ല. നിഷിദ്ധമാക്കപ്പെട്ട കാര്യമായിരുന്നുവെങ്കില്‍ അതുപേക്ഷിക്കാന്‍ ഞാന്‍ നിര്‍ബന്ധം കാണിക്കുമായിരുന്നു. ഒരു വിശ്വാസിയെ സംബന്ധിച്ചടത്തോളം നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിന് അത് ശീലമാക്കിയെന്നത് ന്യായമല്ല. എന്റെ ദൗര്‍ഭാഗ്യമെന്ന് പറയട്ടെ അത് നിഷിദ്ധങ്ങളുടെ പട്ടികയിലല്ല.

ജനക്കൂട്ടത്തെ അഭിസംബോധന ചെയ്‌തോ റേഡിയോയിലൂടെയോ ടെലിവിഷനിലൂടെയോ സംസാരിക്കുമ്പോള്‍ പലപ്പോഴും ഞാന്‍ പരിധിക്ക് പുറത്തു പോവാറുണ്ട്. പിന്നെ എവിടെയാണ് എത്തിയതെന്നറിയാതെ പകച്ചു നില്‍ക്കും. എവിടെ നിന്നാണ് ഞാന്‍ കാടുകയറിയതെന്നോ ഇനി എവിടേക്കാണ് മടങ്ങേണ്ടതെന്നോ എനിക്കോര്‍മയുണ്ടാവില്ല.

ചരിത്രം സൃഷ്ടിക്കുന്നതില്‍ പങ്കാളികളായ ഉന്നത പദവികള്‍ വഹിച്ചവരും രാഷ്ട്രീയ നേതാക്കളും സൈനിക നേതാക്കളും തങ്ങളുടെ ഓര്‍മക്കുറിപ്പുകള്‍ തയ്യാറാക്കുമ്പോള്‍ പ്രസ്തുത സംഭവങ്ങളുടെ ചരിത്ര സ്രോതസ്സായി അത് മാറുന്നു. (തങ്ങളുടെ പ്രവര്‍ത്തനങ്ങളെ പൊലിപ്പിച്ചും മറ്റുള്ളവരെ അവഗണിച്ചുമായിരിക്കും അതെഴുതപ്പെടുന്നത്.) അക്കൂട്ടത്തിലൊന്നും പെടാത്ത ആളാണ് ഞാന്‍. എന്റെ നാട്ടിലെ പല സംഭവങ്ങളിലും ഞാന്‍ പങ്കാളിയായിട്ടുണ്ടെങ്കിലും – മിമ്പറില്‍ നിന്നും റേഡിയോയിലൂടെയും പത്രങ്ങളിലെയും പുസ്തകങ്ങളിലെയും വരികളിലും – അതിന്റെ നിര്‍മാതാക്കളുടെയോ അവയുടെ ഫലം കൊയ്തവരുടെയോ കൂട്ടത്തില്‍ ഞാനില്ല. ഒരുവിധം ഏകാന്തമായിരുന്നു എന്റെ ആയുസ്സെന്ന് പറയാം. എന്റെ പുസ്തകങ്ങള്‍ക്കും ഏതാനും സഹോദരങ്ങള്‍ക്കും ഒപ്പമായിരുന്നു ജീവിതം. അവരിലധികവും അല്ലാഹുവിലേക്ക് യാത്രയായി.

ഞാന്‍ ഒരു വലിയ സംഭവത്തെ കുറിച്ച് പറയുകയോ എഴുതുകയോ ചെയ്യുമ്പോള്‍ ഞാനാണ് അതിന്റെ സൂത്രധാരനെന്ന് പലരും ധരിക്കും. ഞാന്‍ വീട്ടില്‍ നിന്നിറങ്ങി പിന്‍വാതിലിലൂടെ മിമ്പറില്‍ കയറുകയും പിന്ന് അതേ വാതിലിലൂടെ പുറത്തുകടന്ന് വീട്ടിലേക്ക് തന്നെ പ്രവേശിക്കുകയും ചെയ്തത് അവര്‍ അറിയുകയില്ല. ചരിത്രത്തിന്റെ ഗതിമാറ്റുന്ന നിലപാടുകള്‍ എന്നില്‍ നിന്നുണ്ടായിട്ടുണ്ടെങ്കില്‍ എന്റെ നാട്ടിലെ മിക്കവരും അതോര്‍ക്കുമായിരുന്നു.

ക്ഷമിക്കണം, ഞാന്‍ എന്നെ പ്രശംസിക്കുകയല്ല. സ്വന്തത്തെ കുറിച്ചുള്ള സംസാരം ചെവികള്‍ക്ക് ഭാരണാണല്ലോ. എളുപ്പത്തില്‍ ഉള്‍ക്കൊള്ളാവുന്ന പദങ്ങളില്‍ ഒന്നല്ല ‘ഞാന്‍’ എന്നുള്ളത്. എന്നാല്‍ ‘ഞാന്‍’ വിഷയമായ ഓര്‍മകള്‍ രേഖപ്പെടുത്തുമ്പോള്‍ എന്തുചെയ്യും? ഞാന്‍ എന്റെ ഓര്‍മകളില്‍ എന്നെ കുറിച്ച് പറയുന്നില്ലെങ്കില്‍ ആരെ കുറിച്ചാണെന്നാണ് നിങ്ങള്‍ മനസ്സിലാക്കുക? എന്നാല്‍ സത്യവും ഞാന്‍ സാക്ഷ്യം വഹിച്ചതുമല്ലാത്തതൊന്നും ഞാന്‍ പറയില്ലെന്ന ഉറപ്പ് നിങ്ങള്‍ക്ക് ഞാന്‍ തരാം.

മറ്റൊരു വിശദീകരണം: ഉത്തരവാദിത്വത്തിന്റെ ഭാഗമായി തന്റെ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ഒരു സൈനികന്‍ എന്തിലെങ്കിലും തട്ടിത്തടഞ്ഞു നില്‍ക്കുകയോ തിരിഞ്ഞു നോക്കുകയോ ഇല്ല. എന്നാല്‍ ഒരു വിനോദസഞ്ചാര തന്റെ ഇടത്തോട്ടും വലത്തോട്ടും നോക്കി സാവധാനമായിരിക്കും നീങ്ങുക. നല്ല കാഴ്ച്ചകള്‍ കണ്ടാല്‍ അവനവിടെ നില്‍ക്കും. അപൂര്‍വമായ കാഴ്ച്ചകള്‍ കാണുമ്പോള്‍ അതവന്‍ പകര്‍ത്തും. പുരാതന ശേഷിപ്പുകള്‍ക്ക് സമീപത്തു കൂടെ കടന്നു പോകുമ്പോള്‍ അതിന്റെ ചരിത്രം തേടും. അവന് ആ യാത്രയിലൂടെ ആനന്ദമുണ്ട് ഒപ്പം പ്രയോജനവും. ഓര്‍മകളിലൂടെ ഒരു സൈനികന്റെ നടത്തം ഞാന്‍ ആഗ്രഹിക്കുന്നില്ല. മറിച്ച് ഒരു വിനോദസഞ്ചാരിയെ പോലെയാണ് ഞാന്‍ നീങ്ങുക. ചുറ്റുമുള്ളതിനെ അവഗണിച്ച് എന്നെ കുറിച്ച് മാത്രം സംസാരിക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. എന്റെ കഥയേക്കാള്‍ ഒരുപക്ഷേ വായക്കാരനെ ആകര്‍ഷിക്കുക എനിക്കു ചുറ്റുമുള്ളതാവും. കാരണം എന്റെ കുട്ടിക്കാലത്ത് സാധാരണമായിരുന്ന ഒരു കാര്യം ഇപ്പോള്‍ മിക്കവര്‍ക്കും ചരിത്രമായിട്ടുണ്ടാവും. (തുടരും)

വിവ: നസീഫ്‌

Related Articles