Current Date

Search
Close this search box.
Search
Close this search box.

തലതിരിഞ്ഞ മത ബോധം

ഭര്‍ത്താവുണ്ടെങ്കിലും സക്കീനയ്ക്കു ഇല്ലാത്ത പോലെയാണ്. അവള്‍ക്കും മകനും അന്തിയുറങ്ങാന്‍ ഒരു കൂര വേണം. ഒരു സന്നദ്ധ സംഘടന വീട് നല്‍കാമെന്ന് തീരുമാനിച്ചു. കുറച്ചു പൈസ അവളും ചേര്‍ക്കണം. നാട്ടിലെ പണക്കാരെ പോയി കാണാന്‍ തന്നെ അവള്‍ തീരുമാനിച്ചു. പ്രതീക്ഷയോടെ അവള്‍ പല വാതിലുകളും മുട്ടി നോക്കി. കൂട്ടത്തില്‍ രണ്ടു ഹജ്ജ് ചെയ്തവരും പള്ളിക്കും മദ്രസ്സക്കും വാരി കോരി നല്‍കുന്നവരും ഉണ്ടായിരുന്നു. ‘ഇവിടെ ഇപ്പോള്‍ ഒന്നുമില്ല’ എന്ന് പറയാന്‍ ഹാജിയാര്‍ക്കു വിഷമം തോന്നിയില്ല. ‘എല്ലാം പള്ളിക്കു നല്‍കി ഇനി മൂന്നു മാസം കഴിഞ്ഞു നോക്കട്ടെ’ എന്നായിരുന്നു മറ്റു ചിലരുടെ മറുപടി. കരയണോ ചിരിക്കണമോ എന്നിടത്തായിരുന്നു ഇതെല്ലാം കേട്ട് സക്കീനയും.

ഇതൊരു അനുഭവ സാക്ഷ്യമാണ്, തലതിരിഞ്ഞ മത ബോധത്തിന്റെ. ഒരു ഹജ്ജ് മാത്രമാണ് നിര്‍ബന്ധം. പുണ്യം കിട്ടാന്‍ പിന്നെ ഹജ്ജിനെക്കാള്‍ ഉത്തമം നാട്ടില്‍ തന്നെ പലതുമുണ്ട്. പള്ളി നിര്‍മാണം ആവശ്യമാണ്. അത് പൊതു സമൂഹം നടത്തിക്കൊള്ളും. അതിനേക്കാള്‍ പുണ്യം പ്രവാചകന്‍ പറഞ്ഞത് വിധവകളെയും അഗതികളെയും സംരക്ഷിക്കുന്ന കാര്യത്തിനാണ്. തെറ്റായ മതബോധമാണ് സമുദായത്തെ നയിക്കുന്നത് എന്ന് പറഞ്ഞാല്‍ അത് തെറ്റാവില്ല. പ്രവാചകന്‍ പഠിപ്പിച്ച മതത്തില്‍ ആരാധനകളുടെ അടുത്ത് നില്‍ക്കുന്നതാണ് സാമൂഹ്യ പ്രവര്‍ത്തനം. മദീന പള്ളിയില്‍ ഇഅതികാഫ് ഇരുന്നിരുന്ന പ്രവാചക അനുയായി ഇബ്‌നു അബ്ബാസ് (റ) സാമൂഹ്യ പ്രവര്‍ത്തനത്തിന് വേണ്ടി പള്ളിയില്‍ നിന്നും ഇറാനി പോയ വിവരം നാം വായിക്കുന്നു.

മഹല്ലിലെ പള്ളികള്‍ അംബര ചുംബികളാവുകളെയും ആഡംബരമുള്ളതാകുകയും ചെയ്യുമ്പോള്‍ മഹല്ലിലെ ജനങ്ങള്‍ ഒരു കൂരയില്ലാതെ കഴിഞ്ഞു കൂടുക എന്നത് ഒരു ഇസ്ലാമിക സംസ്‌കാരത്തിന് യോചിച്ചതല്ല. പള്ളിക്കും പള്ളിയുടെ ചുട്ടു മതിലിനും ലക്ഷങ്ങള്‍ വാരി എറിയുന്നവര്‍ പാവപ്പെട്ടവന്റെ വിഷയത്തില്‍ വേണ്ട ജാഗ്രത കാണിക്കുന്നില്ല എന്നത് അനുഭവമാണ്. മണ്ണിന്റെ മക്കളുടെയും അഗതികളുടെയും വിധവകളുടെയും വിഷയമാണ് ഖുര്‍ആന്‍ എടുത്തു പറഞ്ഞത്. ഒരാഴ്ചയില്‍ ഒരു ജുമഅക്കു വേണ്ടി മാത്രം കോടികള്‍ പൊടിക്കുമ്പോള്‍ തല ചായ്ക്കാന്‍ ഇടം കിട്ടാതെ നൂറു പേര് മഹല്ലില്‍ ജീവിക്കുന്നു. നമ്മുടെ മുന്‍ഗണന ക്രമം മാറേണ്ടിയിരിക്കുന്നു. ജീവിത വിഭവം തടയപ്പെട്ടവനും ചോദിച്ചു വരുന്നവനും ഉള്ളവന്റെ മുതലില്‍ അവകാശമുണ്ട് എന്ന ബോധം തിരിച്ചു കൊണ്ട് വരണം. പ്രവാചകന്‍ ജീവിച്ചിരിക്കുമ്പോള്‍ പിരിവു നടത്തിയത് മനുഷ്യരുടെ ആവശ്യങ്ങള്‍ പരിഹരിക്കാനാണ്. എന്നിട്ടു അവിടുന്നു പറഞ്ഞു ‘ അടിമ സഹോദരനെ സഹായിക്കുന്ന കാലത്തോളം അല്ലാഹു അടിമയെ സഹായിക്കും’ അതായത് സഹോദരനെ സഹായിക്കുന്നത് നിര്‍ത്തിയാല്‍ അല്ലാഹുവിന്റെ സഹായവും നിന്ന് പോകും എന്ന പാഠം സമൂഹത്തെ പഠിപ്പിക്കാതെ പോകുന്നു.

അല്ലാഹുമായുള്ള അടുപ്പം സാധ്യമാകുന്നത് മനുഷ്യരുമായുള്ള അടുപ്പത്തിന്റെ തോത് അനുസരിച്ചാണ്. സക്കീനമാര്‍ നാടിന്റെ ദുരന്തമാണ്. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുന്നു അവരാണ്. തെറ്റായ മത ബോധം കൊണ്ട് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്നു. അത് കൊണ്ടാണ് ലക്ഷങ്ങള്‍ പള്ളിയിലേക്ക് നല്‍കുന്നവര്‍ മനുഷ്യരുടെ ആവശ്യത്തിന് ചെറിയ സംഖ്യകള്‍ നല്‍കി അവസാനിപ്പിക്കുന്നത്. അല്ലാഹു നല്‍കിയ സമ്പത്തു ആര്‍ക്കൊക്കെ നല്‍കണം എന്നത് കൂടി അല്ലാഹു പറഞ്ഞു. അതില്‍ ഒന്നാം സ്ഥാനത്തു ദരിദ്രനും അഗതിയുമാണ്. പിന്നെ വിധവകളും. ദീനിന്റെ മുന്ഗണന ക്രമം ഇനിയും സമൂഹത്തെ പഠിപ്പിച്ചു വേണം എന്നുറപ്പാണ്

Related Articles