അല്ലാമാ ഇഖ്ബാല്‍: നവോത്ഥാന രംഗത്തെ സംഭാവനകള്‍

ആധുനിക ഇസ്‌ലാമിക നവോത്ഥാന പ്രക്രിയയില്‍ ധൈഷണികവും വൈജ്ഞാനികവുമായ ധാരാളം സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍. ശക്തിയെയും ഐക്യത്തെയും കേന്ദ്രീകരിച്ചുള്ളതായിരുന്നു അദ്ദേഹത്തിന്റെ തത്വചിന്ത. മരിക്കുന്നതിന് ആറുമാസം മുമ്പ് അബുല്‍ ഹസന്‍ അലി നദ്‌വി അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ തത്വചിന്തയോടുള്ള അദ്ദേഹത്തിന്റെ വീക്ഷണം വ്യക്തമാക്കി പറയുന്നു: 'പ്രാകൃതിക ശാസ്ത്രത്തിന്റെ പ്രയോജനവുമില്ലാത്ത തത്വശാസ്ത്ര ഗവേഷണങ്ങളെ അകറ്റി നിര്‍ത്തി വളരെ ഗൗരവമുള്ള ഒന്നായിട്ടാണ് ഇസ്‌ലാം അതിനെ കാണുന്നത്. അതിന്റെ വ്യാപകമായ സ്വാധീനം രണ്ടു നൂറ്റാണ്ടുകളോളം നിലനില്‍ക്കുകയും ആദര്‍ശത്തിലും ചരിത്രത്തിലും സ്വഭാവങ്ങളിലും അവശേഷിക്കുകയും ചെയ്യുന്നു. ഗ്രീക്ക് തത്വചിന്ത അതിന്‍മേല്‍ കടന്നുകയറ്റം നടത്തുന്നത് വരെയത് എത്തി.'

ഇഖ്ബാല്‍ പിന്നീട് ദൈവികമായ തത്വചിന്തയെയും പടിഞ്ഞാറ് അതില്‍ വ്യാപൃതനായതിനെയും അതിന് വേണ്ടി അവരുടെ ശക്തി വ്യയം ചെയ്തതിനെയും കുറിച്ച് സംസാരിച്ചു. ഈ തത്വചിന്തയനുസരിച്ച് അവര്‍ പ്രവര്‍ത്തിച്ചപ്പോഴാണ് യൂറോപ്പില്‍ നവോത്ഥാനമുണ്ടാവുകയും ലോകം അവരുടെ നിയന്ത്രണത്തിലാവുകയും ചെയ്തത്. പിന്നീട് അവര്‍ പ്രാകൃതിക ശാസ്ത്രത്തെ ഉപയോഗപ്പെടുത്താന്‍ തുടങ്ങി. അതേസമയം തന്നെ യൂറോപ്പിന്റെ പരാജിതമായ പിന്‍വാങ്ങലിനെ കുറിച്ച് ആശങ്കയുയര്‍ത്തുന്ന സംഭവവികാസങ്ങളും ഉടലെടുക്കുന്നുണ്ട്. ഇസ്‌ലാമിനെ ശരിയായി മനസിലാക്കുന്നതിന് ഏറ്റവും കഴിവുള്ളത് അറബികള്‍ക്കാണെന്നും പ്രസ്തുത ഉത്തരവാദിത്വം വഹിക്കുന്നതിന് ഏറ്റവും യോഗ്യരും അവരാണെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്ത് പ്രകാശവും ഊര്‍ജ്ജസ്വലതയും നിറച്ച ഇസ്‌ലാമിന്റെ പ്രകാശത്തില്‍ ഇഴുകിചേര്‍ന്നുവെന്നതാണ് ഇന്ത്യക്കാരനും ഇസ്‌ലാമിക കവിയുമായ അല്ലാമാ ഇഖ്ബാലിനെ വ്യതിരിക്തനാക്കുന്നത്. മരിച്ചു മണ്‍മറഞ്ഞു പോയ മഹാന്‍മാരായ വ്യക്തിത്വങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് അദ്ദേഹത്തിന്റെ ജീവിതം മുഴുക്കെയും. ബുദ്ധിയെ ഉണര്‍ത്തുന്നതും മനസ്സുകളെ കോരിത്തരിപ്പിക്കുന്നതും ഹൃദയങ്ങളില്‍ ആഗ്രഹങ്ങള്‍ വളര്‍ത്തുന്നതുമാണ് അദ്ദേഹത്തിന്റെ കവിതകള്‍. അവ ഹൃദയങ്ങളില്‍ ആവേശവും വിശ്വാസവും കോരിനിറക്കുമെന്നതില്‍ സംശയമില്ല. മനസുകളെ വളരെ ആഴത്തില്‍ സ്വാധീനിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. കവിതകളിലൂടെ തന്റെ കണ്ണീരും രക്തവുമാണ് അദ്ദേഹം ഒഴുക്കിയത്. അതില്‍ കണ്ണീരും പ്രാര്‍ഥനയും നിറഞ്ഞു കവിഞ്ഞു.
ഇസ്‌ലാമിക ചിന്തക്ക് ജീവിതം സമര്‍പ്പിച്ച ചുരുക്കം കവികളുടെ കൂട്ടത്തില്‍ ഒരാളാണ് ഇഖ്ബാല്‍. ഇസ്‌ലാമിന്റെ ശ്രേഷ്ഠതയും മഹത്വവും പ്രകടമാക്കുന്നതിനാണ് അദ്ദേഹം തന്റെ കവിതയും പേനയും വാക്കുകളും ഉപയോഗിച്ചത്. ഇസ്‌ലാമിനെ കുറിച്ച് മാത്രമെഴുതിയിരുന്ന കവിയെന്ന സവിശേഷതയും അദ്ദേഹത്തിന് സ്വന്തമാണ്. ശക്തമായ ഈമാനികാശയങ്ങളാല്‍ സമ്പുഷ്ടമാണ് അദ്ദേഹത്തിന്റെ കവിതകള്‍. വായനക്കാരനോടൊപ്പം നടന്ന് ഈമാന്‍ പകര്‍ന്ന് നല്‍കുകയും, അല്ലാഹുവിലേക്ക് എത്തിക്കുകയുമാണ് അദ്ദേഹം ചെയ്തത്.
'അന്ധകാരനിബിഢമായ രാത്രിയെകുറിച്ച് ആവലാതി പറയുന്നവരോട് എന്റെ ഹൃദയത്തില്‍ അല്ലാഹുവിന്റെ പ്രകാശമുണ്ടെന്ന് മറുപടി പറയാന്‍ എനിക്ക് കഴിയും.
ദിവ്യബോധനത്തിന്റെ വെളിച്ചത്തില്‍ ആവേശത്തോടെ നടന്ന അല്ലാഹുവിന്റെ ദൂതരുടെ കാല്‍പാദങ്ങളാണ് ഈ യാത്രാസംഘത്തെ നയിക്കുന്നത്.'
അദ്ദേഹത്തിന്റെ സുദീര്‍ഘമായ കവിതയായ 'ശക്‌വാ' കണ്ണില്‍ നിന്നു വന്ന കണ്ണീരാണിത്. ഇസ്‌ലാമിക ലോകത്തിന്റെ അവസ്ഥയെകുറിച്ച് അല്ലാഹുവോട് ആവലാതിപ്പെട്ട് സംസാരിക്കുകയാണ് അദ്ദേഹം. ദീനില്‍ നിന്നും അതിന്റെ സന്ദേശത്തില്‍ നിന്നും അകന്ന മുസ്‌ലിങ്ങളെ കുറിച്ചാണദ്ദേഹത്തിന്റെ ആവലാതി. വിശ്വാസം കൊണ്ടല്ലാതെ വിജയം വരിക്കുകയില്ലെന്ന് അദ്ദേഹം വിശദീകരിക്കുന്നു. വിശ്വാസമില്ലാതെ മനുഷ്യന്‍ നന്നാവുകയില്ലെന്നും പരലോകം കൊണ്ടല്ലാതെ ഐഹികലോകം ശരിയാവില്ലെന്നും അദ്ദേഹം പറയുന്നു. പള്ളികള്‍ കൃഷിയിടങ്ങളാലും കൃഷിയിടങ്ങള്‍ പള്ളികളാലുമല്ലാതെ ശരിയാവുകയില്ല എന്നുമാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം പറയുന്നു:
വിശ്വാസം നഷ്ടപ്പെട്ടാല്‍ യാതൊരു സുരക്ഷിതത്വവുമില്ല, ദീനിനെ ജീവിപ്പിക്കാത്തവന് ഇഹലോകവുമില്ല
ദീനില്ലാത്ത ജീവിതത്തെ തൃപ്തിപ്പെടുന്നവന്റെ നാശം അടുത്തിരിക്കുന്നു
ഗ്രഹങ്ങളാണ് അവയെ സഹായിക്കുന്നതും സ്ഥിരപ്പെടുത്തുന്നതും, ഗുരുത്വാകര്‍ഷണമില്ലായിരുന്നുവെങ്കില്‍ നാം അവശേഷിക്കുമായിരുന്നില്ല.
ഐക്യപ്പെട്ട സമൂഹത്തിന് നല്ല മനക്കരുത്തുണ്ടായിരിക്കും, ചിന്നഭിന്നരായിരിക്കുന്നവര്‍ ഔന്നിത്യത്തില്‍ എത്തിച്ചേരുകയുമില്ല.
അപ്രകാരം അദ്ദേഹം നിഷേധിയെ വിശേഷിപ്പിക്കുന്നത് കാണുക:
നിഷേധി ചക്രവാളങ്ങളില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവന്‍ മാത്രമാണ്.
ചക്രവാളം വിശ്വാസിക്ക് ചുറ്റും കറങ്ങുന്നതായി ഞാന്‍ കാണുന്നു.
'അല്ലാഹുവിന്റെ ദൂതരെ, അങ്ങയുടെ നഗരിയിലേക്ക്' എന്ന കവിതയില്‍ അദ്ദേഹത്തിന്റെ വികാര വിചാരങ്ങള്‍ ആവിഷ്‌കരിക്കുന്നുണ്ട്. അബുല്‍ ഹസന്‍ അലി നദ്‌വി അതിനെ ഗദ്യമായി തര്‍ജ്ജമ ചെയ്ത് പറയുന്നു:
അല്ലാഹുവിന്റെ ദൂതരെ, ഇന്നലെ സ്വപ്‌നത്തില്‍ നിങ്ങളെ ഞാന്‍ സന്ദര്‍ശിച്ചിരിക്കുന്നു. ഇന്ത്യക്കാരുടെ അക്രമത്തെകുറിച്ച് ആവലാതി പറയാനാണ് ഞാന്‍ എത്തിയത്. താങ്കളുടെ സന്ദേശത്തോട് അവര്‍ ചെയ്തതിനെ കുറിച്ച് ഞാന്‍ ആവലാതിപ്പെടുന്നു. അല്ലാഹുവിന്റെ ദൂതരെ, അവര്‍ താങ്കളുടെ സന്ദേശത്തെ ഏലസ്സുകളും ജപമാലകളും തുള്ളലുകളുമാക്കി മാറ്റിയിരിക്കുന്നു. അല്ലാഹുവിന്റെ ദൂതരെ, മദീനയില്‍ നിന്ന് നിര്‍ഗളിച്ച താങ്കളുടെ സന്ദേശമാണ് എന്നെയും എന്നെ പോലുള്ളവരെയും ജീവിപ്പിച്ചത്. പക്ഷേ, ഇന്ത്യക്കാര്‍ അതിനുത്തരം നല്‍കാന്‍ വിസമ്മതിക്കുന്നു.
സത്യസന്ദേശം മദീനയില്‍ നിന്ന് പുറപ്പെട്ട് ഇറാഖിലും ശേഷം തുര്‍ക്കിയിലും ഇന്ത്യയിലും എത്തിയതിനെ കുറിച്ചാണ് തുടര്‍ന്ന് പറയുന്നത്. അല്ലാഹുവിന്റെ സഹായത്താല്‍ അവ ലോകം മുഴുവന്‍ വ്യാപിച്ചു.

ഭരണാധികാരികളും ഉന്നതരുമായുള്ള ബന്ധം
അല്ലാഹുവില്‍ വിശ്വസിക്കുകയാണ് ഏറ്റവും പ്രധാനമായ കാര്യം. ലോകത്ത് കിഴക്കും പടിഞ്ഞാറും അറിയപ്പെടുന്നവനായിരുന്നു ഇഖ്ബാല്‍. ലെനിനെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് അദ്ദേഹം എഴുതി: 'അല്ലയോ ലെനിന്‍, താങ്കള്‍ അല്ലാഹുവെ സൂക്ഷിക്കുക, മുതലാളിത്വത്തിന്റെ മുതുക് താങ്കള്‍ ഒടിച്ചു. താങ്കളത് വളരെ നന്നായി ചെയ്തു. മുതലാളിത്വത്തിന്റെ മുതുകൊടിച്ചതിനോടൊപ്പം അല്ലാഹുവല്ലാതെ ഇലാഹില്ല എന്ന് കൂടി താങ്കള്‍ ചേര്‍ത്തുപറയുക.' മുതലാളിത്ത സിദ്ധാന്തത്തിലെ വ്യക്തികളുടെ അവകാശങ്ങള്‍ക്ക് മേല്‍ ആഞ്ഞടിച്ച അദ്ദേഹം സ്വന്തം നിലക്ക് വന്‍പരാജയമായിരുന്നു. ദൈവത്തെ അദ്ദേഹം നിഷേധിച്ചു.
അഫ്ഗാനിലെ രാജാവായിരുന്ന നാദിര്‍ഷായെ കാബൂളില്‍ അദ്ദേഹം സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ അടുക്കലേക്ക് വരാന്‍ ആവശ്യപ്പെട്ടു അദ്ദേഹം മുഹമ്മദ് ഇഖ്ബാലിന് കത്തെഴുതിയിരുന്നു. ആയിരങ്ങളാണ് അഫ്ഗാനില്‍ അദ്ദേഹത്തെ സ്വീകരിക്കാനായി കാത്തുനിന്നിരുന്നത്. ഖുര്‍ആന്‍ പിടിച്ചുകൊണ്ടദ്ദേഹം പറഞ്ഞു: 'അല്ലയോ നാദിര്‍ ഷാ, ഈ പ്രമാണത്തെ മുറുകെ പിടിക്കാതെ അഫ്ഗാനിന് ഒരു ഉയര്‍ച്ചയുണ്ടാവുകയില്ല. അല്ലാഹുവില്‍ നിന്നുള്ള കാര്യവുമായിട്ടാണ് (ഖുര്‍ആന്‍) ഞാന്‍ വന്നിരിക്കുന്നത്.'

ഇഖ്ബാലിന്റെ അറബ്-ഇസ്‌ലാമിക പ്രേമം
അറബികളോട് വല്ലാത്ത പ്രേമമായിരുന്നു അദ്ദേഹത്തിന്. അല്ലാഹുവിന്റെ ദൂതന്‍ ജീവിച്ച സ്ഥലമായതിനാല്‍ ഹിജാസിനോട് അദ്ദേഹത്തിന് വലിയ താല്‍പര്യമായിരുന്നു. അവിടെ നിന്നാണ് പ്രകാശം പുറപ്പെട്ടത്. ശാശ്വതമായ സന്ദേശം അതിലാണ്. ധീരന്‍മാരുടെ തലയോട്ടികള്‍ അവിടെയുണ്ട്. ഏകദൈവത്വത്തിന്റെയും ചരിത്രത്തിന്റെയും ഉറവിടം അവിടെയാണ്. 'ഹിജാസിലെ എന്റെ ഒട്ടകം' എന്ന തലക്കെട്ടില്‍ അദ്ദേഹത്തിന് ഒരു കാവ്യം തന്നെയുണ്ട്. രണ്ടാമതൊരിക്കല്‍ കൂടി ഞാന്‍ ഉംറ നിര്‍വ്വഹിച്ചിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നതായി അദ്ദേഹം വിശദീകരിച്ചപ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. അദ്ദേഹത്തിന് അത് എളുപ്പമുളള കാര്യമായിരുന്നില്ല. തത്വചിന്ത സര്‍വ്വകലാശാലകളില്‍ അദ്ദേഹം അധ്യാപനം നടത്തിയിരുന്നു. മുതനബ്ബിയുടെ കാവ്യങ്ങളെ അദ്ദേഹം വിശദീകരിച്ചു. രാപ്പകല്‍ ഭേദമന്യേ അദ്ദേഹം ക്ലാസുകളെടുത്തു. അദ്ദേഹത്തിന്റെ അവസാനകാലത്തുവരെ ദിവസവും പത്തുക്ലാസുകള്‍ വരെയെടുത്തിരുന്നു.
മുസ്‌ലിങ്ങളുടെ അവസ്ഥയില്‍ അദ്ദേഹത്തിന്റെ ഹൃദയം വളരെയധികം വേദനിച്ചിരുന്നു . കൊര്‍ഡോവ സന്ദര്‍ശിച്ച അദ്ദേഹം അവിടത്തെ പള്ളിക്ക് മുമ്പില്‍ ഒരു വിശ്വാസിയെയും കണ്ടില്ല. മസ്ജിദ് മദ്യശാലയാക്കിയത് അദ്ദേഹം കണ്ടു. അതിന്റെ മിഹ്‌റാബ് വേശ്യകള്‍ കയ്യടക്കിയിരുന്നു. അദ്ദേഹം അതിന്റെ വാതില്‍ക്കലിരുന്നു കരഞ്ഞ് 'കൊര്‍ഡോവയിലെ പള്ളിയില്‍' എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ കാവ്യമാലപിച്ചു.
ഒന്നടങ്കം തകര്‍ന്നടിഞ്ഞ എല്ലാ യൂറോപ്യന്‍- അമേരിക്കന്‍ നാഗരികതകളും, മതത്തെയും രാഷ്ട്രത്തെയും സമന്വയിപ്പിച്ച ഇസ്‌ലാമിക നാഗരികതയും തമ്മിലുള്ള വ്യത്യാസങ്ങള്‍ മുസ്‌ലിം പൊതുജനങ്ങള്‍ക്ക് ഇക്ബാല്‍ ബോധ്യപ്പെടുത്തുന്നുണ്ട്. മനുഷ്യന് എന്നും ആവശ്യമായ ആത്മീയവശം അതില്‍ വ്യക്തമാക്കുന്നു. ഖുര്‍ആന്‍ സൂചിപ്പിച്ച പരിപാലനത്തിന്റെ അടിസ്ഥാനത്തില്‍ ഭൗതികമായ വശത്തേയും അദ്ദേഹം കൈകാര്യം ചെയ്യുന്നു. തുടര്‍ന്ന് മുസ്‌ലിങ്ങളെ അഭിസംഭോധന ചെയ്യുകയാണദ്ദേഹം. വിശ്വാസികളുടെ വിശ്വാസവും നമസ്‌കരിക്കുന്നവരുടെ നമസ്‌കാരവും സത്യസന്ധരുടെ സത്യസന്ധതയും നാഗരികതക്ക് ആവശ്യമാണെന്ന് വ്യക്തമാക്കുന്നു. അദ്ദേഹം പറയുന്നു: ലോകത്ത് നീയല്ലാതെ ആരുമില്ല. ആര്‍പ്പുവിളികളോ മാധ്യമങ്ങളോ തത്വചിന്തയോ നിന്നെ ദ്രോഹിക്കുകയില്ല. ലോസ് ആഞ്ചല്‍സില്‍ ജന്മം കൊണ്ട മതേതരത്തിന്റെ വാലുകള്‍ മണ്‍ മറഞ്ഞിരിക്കുന്നു. ഖുര്‍ആനും സംസമും അവര്‍ക്കറിയില്ല. വെള്ളം കൊണ്ടവര്‍ അംഗശുദ്ധി വരുത്തിയിട്ടുമില്ല. ജനങ്ങളുടെ ബുദ്ധിയെ അവര്‍ വക്രീകരിക്കുകയും മതത്തെ പിന്തിരിപ്പന്‍ ആശയവും അന്ധവിശ്വാസവുമായി ഗണിക്കുകയും ചെയ്യുന്നു.
മുസ്‌ലിം സമൂഹത്തിന് നഷ്ടപ്പെട്ട പ്രതാപവും നാഗരികതയും വീണ്ടെടുക്കുന്നതിനാണ് അദ്ദേഹം മുഖ്യപരിഗണന നല്‍കിയത്. അക്കാരണത്താലാണ് ഖിലാഫത്തിന്റെ പതനത്തിന് കാരണക്കാരനായ കമാല്‍ അത്താതുര്‍കിനെ അപലപിക്കുന്നത്. 'മുസ്തഫാ കമാല്‍ പാഷയോട്' എന്ന തന്റെ പ്രസിദ്ധമായ കാവ്യത്തില്‍ അദ്ദേഹത്തിന് മറുപടി നല്‍കുന്നു. തുര്‍ക്കിയുടെ പാശ്ചാത്യവല്‍കരണത്തില്‍ അദ്ദേഹം ദുഖിക്കുന്നു. പരിഷ്‌കരണങ്ങളുടെ പേരില്‍ പാശ്ചാത്യന്‍ ചിന്തകളെ പിന്‍പറ്റിയതിനെയും അദ്ദേഹം വിമര്‍ശിക്കുന്നു. അധിനിവേശ ശക്തികളുടെ ഗുണത്തിനായി മാത്രം പ്രവര്‍ത്തിക്കുന്ന നിര്‍ജ്ജീവമായ ഐക്യരാഷ്ട്രസഭയെയും വിമര്‍ശിക്കുന്നു.
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക സാഹിത്യത്തിന്റെ അടിത്തറയായി വര്‍ത്തിച്ചത് ഇഖ്ബാലിന്റെ കവിതകളായിരുന്നു. ഇസ്‌ലാമിക ലോകത്തിന്റെ ലോകത്തിന്റെ കാതുകള്‍ അദ്ദേഹത്തിന്റെ കവിതകളെ സശ്രദ്ധം ശ്രവിച്ചു. പ്രസ്തുത മാതൃക പിന്‍പറ്റി ഇസ്‌ലാമിക സാഹിത്യത്തിന് നവ രൂപം നല്‍കി. ഖുര്‍ആന്റെയും സുന്നത്തിന്റെയും അദ്ധ്യാപനങ്ങള്‍ സുന്ദരവും കലാപരവുമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ രംഗത്ത് വന്നു.

ഇഖ്ബാല്‍ കവിതകള്‍ക്ക് അറബ് സാഹിത്യകാരന്‍മാര്‍ക്കിടയിലെ സ്വാധീനം
ഇഖ്ബാല്‍ തന്റെ കവിതകളിലൂടെ തുടക്കം കുറിച്ച ചില സങ്കേതങ്ങള്‍ അറബ് സാഹിത്യകാരന്‍മാര്‍ പിന്‍പറ്റിയിട്ടുണ്ട്. അബ്ദുല്‍ വഹാബ് അസ്സാം, സ്വാവി ശഅ്‌ലാന്‍, മുഹമ്മദ് ഹസന്‍ അല്‍ അഅ്‌സമി തുടങ്ങിയവര്‍ ഉദാഹരണങ്ങളാണ്. അദ്ദേഹത്തിന്റെ കൃതികള്‍ അവര്‍ അറബിയിലേക്ക് മൊഴിമാറ്റം നടത്തി. ചിലര്‍ അവയെ കവിതാ രൂപത്തിലാക്കി. അത്തരത്തിലുള്ള ഒന്നാണ് സ്വാവി ശഅലാന്‍ മുസ്‌ലിം സമൂഹത്തിലെ പ്രമുഖ വ്യക്തത്വങ്ങളെ വളരെ സുന്ദരമായി വിശദീകരിക്കുന്ന കാവ്യം. മുസ്‌ലിം സമൂഹം കടന്നുപോയ നാഗരിതകളുടെ സത്യസന്ധമായ ആവിഷ്‌കാരമുള്‍കൊള്ളുന്ന അവയിലെ ഓരോ വരികളും സാഹിത്യ സമ്പുഷ്ടമാണ്. ഇഖ്ബാലിന്റെ ശൈലിയാണദ്ദേഹമതിന് സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹം പറയുന്നു:
നൂറ്റാണ്ടുകളോളം ഈ ലോകത്തെ നാം ഭരിച്ചു. പ്രപിതാക്കള്‍ അവയെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. പ്രകാശം കൊണ്ട് താളുകളെ നാം വരച്ചു. കാലമത് മറന്നിട്ടില്ല, കാലം നമ്മെയും.

സമൂഹത്തെ അഭിസംബോധന ചെയ്യുന്ന കവിത
അല്ലാഹു കനിഞ്ഞേകിയ അനുഗ്രഹങ്ങളില്‍ ഒന്നാണ് സാഹിത്യം. സമൂഹത്തില്‍ വിപ്ലവവും, ധൈഷണിക പോരാട്ടവും നടത്താന്‍ കഴിവുള്ളവനാണ് സാഹിത്യകാരന്‍. വൃത്തികെട്ട പ്രവണതകളുടെ കഥകഴിക്കാന്‍ കവിക്ക് സാധിക്കും. തിന്മകള്‍ക്കെതിരെ ഹൃദയത്തില്‍ രോഷവും, കോപവും രൂപപ്പെടുത്താന്‍ സാഹിത്യകാരന് എളുപ്പമാണ്. മൂസാ നബിയുടെ വടി സൃഷ്ടിച്ചെടുത്ത വിപ്ലവം സാഹിത്യകാരന്‍മാരുടെയും കവികളുടെയും പേനകള്‍ക്ക് സാധിക്കും.

കിഴക്ക് ഇസ്‌ലാമിക സാഹിത്യങ്ങള്‍ സ്ത്രീക്ക് പിന്നാലെ ഓടിക്കൊണ്ടിരിക്കുന്നുവെന്ന് ഇഖ്ബാല്‍ പരാതി പറയുന്നു. അവളെ വര്‍ണിക്കുകയും, അവളെ കുറിച്ച് വാതോരാതെ സംസാരിക്കുകയും, അവളുടെ ഉടലും ശരീരഘടനയും, സൗന്ദര്യവും മാത്രമാണ് പ്രപഞ്ചത്തിലുള്ളതെന്ന ധാരണ വ്യാപിപ്പിക്കുകയും ചെയ്യുന്ന പുതിയ ദര്‍ശനമാണ് അവര്‍ മുന്നോട്ട് വെക്കുന്നത്. ഇതിനെ കുറിച്ച് അദ്ദേഹം ഇപ്രകാരമാണ് സൂചിപ്പിക്കുന്നത് 'നമ്മുടെ നാട്ടിലെ കവികളുടെയും ചിത്രകാരന്മാരുടെയും കാര്യം വളരെ കഷ്ടമാണ്. അവരുടെ ഞരമ്പുകളില്‍ സ്ത്രീകള്‍ കുടിയേറിയിരിക്കുന്നു'.
ചുരുക്കത്തില്‍ അല്ലാമാമ മുഹമ്മദ് ഇഖ്ബാലിന്റെ രചനകളും സിദ്ധികളും പൂര്‍ണമായും ഇസ്‌ലാമികമായിരുന്നു. ഇസ്‌ലാമിക ലോകത്തിന്റെ നീറുന്ന പ്രശ്‌നങ്ങളായിരുന്നു അതിലെ പ്രമേയം. വിശുദ്ധ വേദഗ്രന്ഥത്തിന് തങ്ങളുടെ കവിതകളില്‍ മഹ്ത്തായ സ്ഥാന്ം നല്‍കിയ മറ്റൊരു കവിയെയും അറബ് ഇസ്‌ലാമിക ലോകത്തിന്റെ ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയില്ല.

വിവ. അഹ്മദ് നസീഫ് തിരുവമ്പാടി

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus