ഹദീസ് സംരക്ഷണത്തിന് വേണ്ടിയുള്ള യാത്രകള്‍

May 01 - 2012

നബി(സ)യുടെ വിയോഗാനന്തരം ഇസ്‌ലാമിക വിജയങ്ങള്‍ വ്യാപകമാവുകയും ഇസ്‌ലാമിക രാഷ്ട്രം വിശാലമാവുകയും ചെയ്തു. വിശ്വാസികള്‍ക്കുള്ള അല്ലാഹുവിന്റെ വാഗ്ദാനമായ ആധിപത്യം സാക്ഷാല്‍കരിക്കപ്പെട്ടു. ആളുകള്‍ അഭിമുഖീകരിച്ചിരുന്ന പ്രശ്‌നങ്ങളും സംഭവങ്ങളും അതോടൊപ്പം വിപുലമായി. അല്ലാഹുവിന്റെയും പ്രവാചകന്റെയും വിധികള്‍ വിശദീകരിക്കപ്പെടേണ്ടത് അനിവാര്യമായിത്തീര്‍ന്നു. സഹാബാക്കള്‍ പ്രവാചകന്റെ സന്ദേശങ്ങളുമായി ചക്രവാളങ്ങളിലേക്ക് വ്യാപിച്ചു. ഹദീസുകളെ കുറിച്ച് അറിയുന്നതിന് അവരിലേക്ക് യാത്രചെയ്‌തെത്തുകയല്ലാതെ മറ്റുമാര്‍ഗങ്ങള്‍ ഇല്ലാത്ത അവസ്ഥയുണ്ടായി. തദാവശ്യാര്‍ത്ഥം പണ്ഡിതന്‍മാര്‍ നാടുകളില്‍ നിന്നും നാടുകളിലേക്ക് യാത്ര ചെയ്തു. അതിന്റെ മാര്‍ഗത്തിലുള്ള എല്ലാ ക്ഷീണവും പ്രയാസവും യാതൊരു മടിയും കൂടാതെ അവര്‍ സഹിച്ചു.

പ്രവാചകചര്യയുടെ സംരക്ഷണത്തിലും വ്യാപനത്തിലും ഇത്തരം യാത്രകളുടെ സ്വാധീനം വളരെ വലുതാണ്. ഹദീസ് റിപോര്‍ട്ടു ചെയ്യുന്നയാളെ കാണുകയും അദ്ദേഹത്തിന്റെ ജീവചരിത്രവും അവസ്ഥയുമെല്ലാം അടുത്തറിഞ്ഞ് മനസ്സിലാക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ സ്വീകാര്യതയും അസ്വീകാര്യതയും ഉറപ്പിക്കുന്നതിനായി തദ്ദേശീയരില്‍ നിന്നുള്ള വിവരങ്ങളും അറിയും. ഒരു ഹദീസിന്റെ തന്നെ വ്യത്യസ്തമാര്‍ഗങ്ങള്‍ കണ്ടെത്തുകയെന്നതും യാത്രകളുടെ മറ്റൊരു ഫലമായിരുന്നു. ഒരിടത്തു നിന്നും ലഭ്യമായതിനേക്കാള്‍ കൂടുതല്‍ വിവരങ്ങളും, ഹദീസുകള്‍ പറയാനുണ്ടായ സന്ദര്‍ഭങ്ങളും മനസ്സിലാക്കുന്നതിനും സഹായകമായിരുന്നു ഈ യാത്രകള്‍. ഏറ്റവും ചുരുങ്ങിയ എന്നാല്‍ പ്രവാചകനിലേക്ക് എത്തുന്നതുമായ സനദുകള്‍ രൂപപ്പെടുന്നതിനും അവ സഹായകമായി. ഹദീസുകളുടെ ശക്തിയുടെയും ദൗര്‍ബല്യത്തിന്റെയും കാര്യത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ ചര്‍ച്ചകളും സംവാദങ്ങളും ഉടലെടുക്കുവാനും ഇത് കാരണമായി.
ഹദീസ് നിവേദകരുടെ ജീവചരിത്രം പരിശോധിച്ചാല്‍ ഹദീസുകള്‍ കേള്‍ക്കുന്നതിനും അതിന്റെ സംരക്ഷണത്തിനുമായി അനുഭവിച്ച പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അവര്‍ സന്തോഷത്തോടെ നേരിട്ടതായി കാണാന്‍ സാധിക്കും. അതിന്റെ യഥാര്‍ത്ഥ സ്രോതസ്സുകളില്‍ നിന്ന് അവ കണ്ടെത്തുന്നതിനായിരുന്നു അവര്‍ ശ്രമിച്ചിരുന്നത്. വിവിധങ്ങളായ പ്രദേശങ്ങളിലെ പണ്ഡിതന്‍മാര്‍ക്കിടയില്‍ ഹദീസുകളുടെ റിപോര്‍ട്ടുകള്‍ക്ക് സഹായകമായത് ഇതായിരുന്നു. ഒരു റിപോര്‍ട്ടര്‍ ഒരു പരമ്പരയിലൂടെ റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസുകള്‍ വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഹദീസുകളുടെ സംരക്ഷണത്തില്‍ ചില പട്ടണങ്ങള്‍ മറ്റുള്ളവയേക്കാള്‍ മികച്ച് നിന്നിരുന്നു. അതിന് ഒരു ഉദാഹരണമാണ് മദീന. മറ്റുചില പട്ടണങ്ങളും ഹദീസുകള്‍ ഉദ്ധരിക്കുന്നതിലും അവയുടെ വിധികളും വിലക്കുകളും കണ്ടെത്തുന്നതിലും അവ പ്രായോഗവല്‍കരിക്കുന്നതിനും കൂടുതല്‍ സംഭാവനകളര്‍പ്പിച്ചു. ഇതെല്ലാം ഹദീസ് അന്വേഷിച്ചുള്ള പണ്ഡിതന്‍മാരുടെ യാത്രകളുടെ ഫലമായിരുന്നു. പ്രവാചകന്‍(സ)യുടെ നാടും ഹദീസുകളുടെ കേന്ദ്രവുമായ മദീനയില്‍ നിന്ന് കേട്ട ഹദീസ് മറ്റൊരാളില്‍ നിന്ന് കണ്ടെത്തുന്നതിനായി ഈജിപ്തിലേക്ക് പോയ സ്വഹാബിയെ നമുക്ക് കാണാവുന്നതാണ്.
പണ്ഡിതരുടെ ചരിത്രവും അവരുടെ യാത്രകളും വിവരിക്കുന്നത് നമ്മുടെ സമയത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്ര കൂടുതലാണെന്ന് പറയുന്നത് അതിശയോക്തിയാവില്ല. പ്രവാചകചര്യയുടെ സംരക്ഷണത്തിനും ക്രോഡീകരണത്തിനും നമ്മുടെ പൂര്‍വ്വികര്‍ എത്രത്തോളം പരിശ്രമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതിന് ചില സൂചനകള്‍ മാത്രമാണ് നല്‍കാനുദ്ദേശിക്കുന്നത്. അബൂ അയ്യൂബ് അല്‍ അന്‍സാരിയുടെ ചരിത്രം നോക്കുക. ഉഖ്ബഃ ബിന്‍ ആമിറി(റ)നോട് ഒരു ഹദീസിനെ കുറിച്ച് ചോദിക്കുവാന്‍ മദീനയില്‍ നിന്നും അദ്ദേഹം ഈജിപ്തിലെത്തുന്നു. മുസ്‌ലിമിനെ അഭിമാനം സംരക്ഷിക്കുന്നതിനെ കുറിച്ച് പ്രവാചകനി(സ)ല്‍ നിന്നും കേട്ട വചനത്തെക്കുറിച്ച് ചോദിക്കാനാണ് ഞാന്‍ എത്തിയിരിക്കുന്നത്. ഞാനും താങ്കളുമല്ലാതെ അത് കേട്ട ആരും ഇന്ന് ജീവിച്ചിരിപ്പില്ല. തുടര്‍ന്ന് അദ്ദേഹത്തില്‍ നിന്ന് ആ ഹദീസ് കേട്ട് കഴിഞ്ഞപ്പോള്‍ മദീനയിലേക്ക് തന്നെ തിരിച്ചു പോരികയും ചെയ്തു.
ജാബിര്‍ ബിന്‍ അബ്ദുല്ല അല്‍ അന്‍സാരി ശാമിലെ ഒരു സ്വഹാബിയില്‍ ഒരു പ്രവാചക വചനമുണ്ടെന്ന് അറിയാനിടയായി. ഹദീസുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ അദ്ദേഹം വലിയ പ്രാധാന്യം നല്‍കിയിരുന്നു. ഉടനെ അദ്ദേഹം ഒരു ഒട്ടകത്തെ വാങ്ങി യാത്രക്ക് തയ്യാറായി. ഒരു മാസം യാത്രചെയ്ത് അദ്ദേഹം ശാമില്‍ എത്തി. അവിടെ ചെന്ന് അബ്ദുല്ല ബിന്‍ ഉനൈസ്(റ)നെ കണ്ട് പറഞ്ഞു: 'താങ്കള്‍ പ്രവാചകന്‍(സ)യില്‍ നിന്ന് ഒരു ഹദീസ് കേട്ടതായി ഞാന്‍ അറിഞ്ഞു. ഞാനത് കേള്‍ക്കുന്നതിന് മുമ്പ് ഞാനോ താങ്കളോ മരണപ്പെട്ടേക്കുമെന്ന് ഞാന്‍ ഭയന്നു. അപ്പോള്‍ അദ്ദഹം പറഞ്ഞു: പ്രവാചകന്‍ തിരുമേനി(സ) അരുളിയിരിക്കുന്നു 'അന്ത്യദിനത്തില്‍ ജനങ്ങളെ (അടിമകളെ) നഗ്നരും ചേലാകര്‍മ്മം നടത്താത്തവരും കൂടെ ഒന്നും ഇല്ലാത്തവരുമായി ഒരുമിച്ചു കൂട്ടപ്പെടും.'
ഹദീസുകള്‍ കണ്ടെത്തുന്നതിനും അവ പരിശോധിക്കുന്നതിനുമായി പണ്ഡിതന്‍മാര്‍ എത്രത്തോളം അധ്വാനം ചെലവഴിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കുന്നതിന് ഈ ഉദാഹരണങ്ങള്‍ തന്നെ ധാരാളമാണ്. പ്രവാചകചര്യക്ക് അവര്‍ നല്‍കിയിരുന്ന പ്രാധാന്യവും പരിഗണനയുമാണത് വ്യക്തമാക്കുന്നത്. അതിന്റെ സംരക്ഷണത്തിലൂടെ ദീനിന്റെയും ശരീഅത്തിന്റെയും സംരക്ഷണത്തിനായി അല്ലാഹു തന്നെ ഒരുക്കിയിരിക്കുന്ന സംവിധാനമാണത്. നമ്മിലേക്ക് എത്തിയിട്ടുള്ള ഓരോ ഹദീസിന്റെയും പിന്നില്‍ സഹാബിമാരുടെയും പണ്ഡിതന്‍മാരുടെയും താബിഇകളുടെയും പരിശ്രമങ്ങളുണ്ട്. അല്ലാഹു അവര്‍ക്കെല്ലാം തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics