പ്രിയതമേ, ഞാന്‍ നിന്നെ പ്രണയിക്കുന്നു

Nov 05 - 2012

'ആഗ്രഹം അതിന്റെ മറപൊളിച്ച് പുറത്തേക്കൊഴുകിയിരിക്കുന്നു. പ്രണയത്തിന്റെ ഏറ്റവും സുന്ദരമായ മാര്‍ഗം അത് വെളിപ്പെടുത്തുകയെന്നതാണ്'. എത്ര മനോഹരമായ കവിവചനമാണിത്. ഒരിക്കല്‍ ഒരു ഭാര്യ പറഞ്ഞു: എന്റെ ഭര്‍ത്താവ് എന്നെ വളരെയധികം സ്‌നേഹിക്കുന്നുണ്ട്. അതെനിക്ക് ഉറപ്പാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സ്‌നേഹത്തില്‍ വളരെ കുറച്ച് മാത്രമേ പ്രകടിപ്പിക്കാറുള്ളൂ. പലതവണ അത് പുറത്ത് കൊണ്ടുവരുന്നതിനായി ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്നത് വ്യക്തമായി കേള്‍ക്കാന്‍ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. പലപ്പോഴും മൗനമോ ഞാന്‍ പ്രതീക്ഷിക്കാത്ത മറ്റു മറുപടികളോ ആയിരുന്നു എനിക്ക് ലഭിച്ചത്. ഇക്കാര്യത്തില്‍ ഞാന്‍ വളരെയധികം വിഷമമനുഭവിക്കുന്നു. എനിക്ക് എന്നില്‍ തന്നെയുള്ള വിശ്വാസം നഷ്ടപ്പെടുന്നതിനാണ് അത് കാരണമാവുന്നത്. എന്റെ കൂട്ടുകാരികളും സമാനമായ പ്രശ്‌നങ്ങളുനഭവിക്കുന്നുണ്ട്.'

ഇക്കാര്യത്തില്‍ തെറ്റായ പല ധാരണകളും ചിന്താഗതികളും വെച്ച് പുലര്‍ത്തുന്നവരാണ് അധിക ഭര്‍ത്താക്കന്‍മാരും. പഞ്ചാരവര്‍ത്തമാനങ്ങളും സ്‌നേഹ പ്രകടനങ്ങളുമെല്ലാം യുവത്വത്തില്‍ മാത്രം മതിയെന്ന് അവര്‍ കരുതുന്നു. ഞാനാവട്ടെ, വളര്‍ന്ന് വലുതായി വിവാഹം കഴിച്ച വ്യക്തിയാണ്, ഭാര്യയുടെ അടുത്ത് ഗൗരവം കാണിക്കുകയാണ് വേണ്ടത് അതാണ് പൗരുഷം എന്നവന്‍ മനസിലാക്കുന്നു. ഇത്തരം വര്‍ത്തമാനങ്ങളെ അസഭ്യമായി വിലയിരുത്തുന്ന ഭര്‍ത്താക്കന്‍മാര്‍ പോലും ഉണ്ടെന്നുള്ളതാണ് അല്‍ഭുതകരം. തനിക്ക് അവളോടുള്ള സ്‌നേഹം പ്രകടിപ്പിച്ചാല്‍ അവള്‍ തലയില്‍ കയറുമെന്ന് ഭയക്കുന്നവരും ഭര്‍ത്താക്കന്‍മാരിലുണ്ട്. തന്റെ പൗരുഷമാണ് അതിലൂടെ ഇല്ലാതാകുകയെന്നാണ് അവര്‍ വിശ്വസിക്കുന്നത്.

പ്രവാചകന്‍(സ) പഠിപ്പിച്ച മാതൃകയിലേക്കാണ് ഇത്തരം ധാരണകള്‍ വെച്ചുപുലര്‍ത്തുന്നവരെ ഞാന്‍ ക്ഷണിക്കുന്നത്. അല്ലാഹുവിന് പ്രിയപ്പെട്ട, വലിയ ഉത്തരവാദിത്വം നിര്‍വഹിച്ചിരുന്ന പ്രവാചകന്‍(സ) ഭാര്യമാരോട് സ്‌നേഹം പ്രകടിപ്പിക്കാനും, സല്ലപിക്കാനും സമയം കണ്ടെത്തിയിരുന്നു. അദ്ദേഹം തന്റെ പ്രിയ പത്‌നി ആഇശ(റ)യെ പേര് പൂര്‍ണ്ണമായി വിളിക്കുന്നതിന് പകരം 'യാ ആഇശ്' എന്നായിരുന്നു വിളിച്ചിരുന്നത്. ലാളനയോടു കൂടിയുള്ള വിളിയായിരുന്നു അത്.

ജീവിതത്തിലെ ഭാരങ്ങളും പ്രയാസങ്ങളും, ജോലിയിലെയും ജീവിതത്തിലെയും സമ്മര്‍ദ്ധങ്ങളും മധുരഭാഷണത്തിന് അവസരമൊരുക്കുന്നില്ലെന്ന് പറയുന്നവരുണ്ട്. എന്നാല്‍ തങ്ങളുടെ പ്രവാചകനേക്കാള്‍ വലിയ ബാധ്യതകളും ഉത്തരവാദിത്വങ്ങളും വഹിക്കുന്നവരാണോ ഇവര്‍? കര്‍മങ്ങളില്‍ സന്തുലിതത്വം കാത്തുസൂക്ഷിക്കാനാണ് പ്രവാചകന്‍(സ) ആവശ്യപ്പെടുന്നത്. ഓരോന്നിനും അതിന്റേതായ പരിഗണ നല്‍കേണ്ടതുണ്ട്. സല്‍മാനുല്‍ ഫാരിസി അബുദര്‍ദാഇനോട്(റ) പറഞ്ഞ വാക്കുകളുടെ ധ്വനിയും അത് തന്നെയാണ്. 'നിനക്ക് നിന്റെ നാഥനോട് കടമകളുണ്ട്, അവകാശങ്ങളുള്ളവരുടെ കടമകളെല്ലാം നീ പൂര്‍ത്തീകരിക്കണം' (ബുഖാരി). ഭര്‍ത്താവിന് ഭാര്യയോട് ചില കടമകളുണ്ട്. കഴിവനുസരിച്ച് അവളുടെ വസ്ത്രത്തിനും ഭക്ഷണത്തിനും താമസത്തിനുമായി ചെലവഴിക്കല്‍ നിര്‍ബന്ധമായത് പോലെ തന്നെ നിര്‍ബന്ധമാണ് നിന്റെ മനസ്സില്‍ അവള്‍ക്ക് വിശാലമായ ഒരിടം നല്‍കുകയെന്നതും. അവള്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കല്‍ നിന്റെ കാതുകളുടെ ബാധ്യതയാണ്. നിന്നെ സംബന്ധിച്ച് അത്ര പ്രാധാന്യമില്ലാത്ത വിഷയമാണെങ്കിലും നീ അവള്‍ക്ക് ചെവി കൊടുക്കണം. അപ്രകാരം നിന്റെ നാവിലൂടെ അവള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളുണ്ട്. നല്ല വാക്കുകള്‍ അവളെ കേള്‍പ്പിക്കണം. അവളെ ആനന്ദിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന വിളികളും മധുരവര്‍ത്തമാനങ്ങളും അവള്‍ക്ക് കേള്‍ക്കാന്‍ കഴിയണം.

ഭാര്യമാരോട് ഇപ്രകാരം വര്‍ത്തിക്കാത്ത വരണ്ട ഭര്‍ത്താക്കന്‍മാര്‍ വലിയ ദുരന്തങ്ങളാണ് വരുത്തുക. വൈകാരികമായ ശൂന്യത അവള്‍ അനുഭവിക്കുന്നതിന് അവരുടെ സമീപനങ്ങള്‍ വഴിവെക്കും. ദൈവഭക്തി കുറഞ്ഞവരെ നിഷിദ്ധമായ മാര്‍ഗങ്ങള്‍ തേടുന്നതിന് പലപ്പോഴും ഇത് വഴിവെക്കുന്നു. അതിന്റെ അപകടങ്ങളും വഞ്ചനയുടെ കഥകളും പത്രങ്ങളിലും മാസികകളിലും നാം വായിക്കുന്നവരാണ്. തന്റെ ഭര്‍ത്താവില്‍ നിന്ന് ലഭിക്കാത്ത സ്‌നേഹഭാഷണങ്ങളും പഞ്ചാരവര്‍ത്തമാനങ്ങളും നല്‍കി മനുഷ്യ ചെന്നായ്ക്കള്‍ എത്ര ഭാര്യമാരെയാണ് വഞ്ചിച്ചിട്ടുള്ളത്. കാരണം മധുവൂറുന്ന വാക്കുകള്‍ക്ക് കൊതിക്കുന്നവളായിരുന്നു അവള്‍. എല്ലാ ഭര്‍ത്താക്കന്‍മാരോടുമായി എനിക്ക് പറയാനുള്ളത് ഭാര്യയുടെ ദാഹം അവര്‍ ശമിപ്പിക്കണമെന്നാണ്. അവള്‍ നിങ്ങളില്‍ നിന്നുമത് ആഗ്രഹിക്കുന്നുണ്ട്. അത് ചെയ്തില്ലെങ്കില്‍ അല്ലാഹുവിന്റെ മുന്നില്‍ നിങ്ങള്‍ അക്രമികളായിത്തീരും. അവളുടെ അവകാശത്തെ അപഹരിക്കുകയെന്ന അക്രമമാണ് ചെയ്തത്. അപ്രകാരം തന്നെ ഭാര്യമാരോട് എനിക്ക് പറയാനുള്ളത് നിങ്ങള്‍ ഭര്‍ത്താക്കന്‍മാരുടെ അടുത്ത് ജീവിക്കുന്നതിന് പകരം അവരോടൊപ്പം ജീവിക്കുകയെന്നതാണ്. അവരെ നിങ്ങള്‍ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുയും ചെയ്യുകയും പ്രയാസങ്ങളില്‍ സഹനം കൈകൊള്ളുകയും ചെയ്യുക. ആത്മാവില്ലാത്ത കേവലം പൊള്ളയായ ശരീരമായിട്ടല്ല നിങ്ങളവരോടൊപ്പം കഴിയേണ്ടത്. ലാളനയോട് കൂടി അദ്ദേഹത്തിന് കണ്‍കുളിര്‍മ നല്‍കാന്‍ നിങ്ങള്‍ ശ്രമിക്കണം. അഭിപ്രായങ്ങള്‍ പങ്കുവെച്ചും അദ്ദേഹത്തിന്റെ ദുഖങ്ങള്‍ ലഘൂകരിച്ചും കൂടെക്കഴിയണം. നിങ്ങള്‍ അയാള്‍ക്ക് ഉമ്മയും കൂട്ടുകാരിയും കുട്ടിയുമാകണം. സ്‌നേഹം താല്‍പര്യത്തില്‍ നിന്നാണ് ഉണ്ടാവുന്നത്, താല്‍പര്യം ഇണക്കത്തില്‍ നിന്നും. താല്‍പര്യവും ഇണക്കവും നഷ്ടപ്പെട്ടാല്‍ ഒരാള്‍ക്ക് സ്‌നേഹിക്കാന്‍ കഴിയില്ല.

പ്രിയ ഭര്‍ത്താക്കന്‍മാരെ, ഓരോ ഭാര്യയുടെയും ഹൃദയത്തിലേക്ക് കടക്കുന്നതിനും അതില്‍ സ്ഥിരപ്രതിഷ്ഠ നേടുന്നതിനും പ്രത്യേകമായ ഒരു താക്കോലുണ്ട്. അതിലൂടെ അവന്റെ സ്‌നേഹത്തിന്റെ സുഗന്ധം അവളുടെ ഹൃദയത്തില്‍ പടരുന്നു. സമ്മാനങ്ങള്‍ ഇഷ്ടപ്പെടുന്ന ഭാര്യമാരുണ്ട്. അതേസമയം നല്ല വാക്കുകള്‍ ഇഷ്ടപ്പെടുന്നവരും തന്റെ ഭര്‍ത്താവിന്റെ ലാളന ആഗ്രഹിക്കുന്നവരുമുണ്ട്. മറ്റുചില ഭാര്യമാര്‍ ഇഷ്ടപ്പെടുന്നത് കിന്നാരവര്‍ത്തമാനങ്ങളും സല്ലാപങ്ങളുമാണ്. പനിനീര്‍ പുഷ്പങ്ങള്‍ക്ക് ചുറ്റും മെഴുകുതിരി വെട്ടത്തില്‍ പ്രണായന്തരീക്ഷമുണ്ടാക്കി ഭര്‍ത്താവിനോടൊപ്പം ഇരിക്കാന്‍ ഇഷ്ടപ്പെടുന്നവരുമുണ്ട്. ഇത്തരത്തില്‍ സ്‌നേഹപ്രകടനങ്ങളെക്കുറിച്ച് വ്യത്യസ്ത സങ്കല്‍പങ്ങളാണ് സ്ത്രീകള്‍ക്കുള്ളത്. ഇണയുടെ വ്യക്തിത്വവും പ്രണയത്തെകുറിച്ച അവളുടെ സങ്കല്‍പവും മനസിലാക്കിയാല്‍ അവളിഷ്ടപ്പെടുന്ന രീതിയില്‍ സ്‌നേഹം പ്രകടിപ്പിക്കല്‍ വളരെ എളുപ്പമായിരിക്കും.

ഒരു സുഹൃത്ത് തനിക്കുള്ള സ്‌നേഹം തുറന്ന പറയാനാണ് ഇസ്‌ലാം പ്രേരിപ്പിക്കുന്നത്. സ്‌നേഹത്തിന്റെ പ്രകടനം സന്തോഷകരമായ ദാമ്പത്യത്തിന് അനിവാര്യമാണ്. ദമ്പതികള്‍ക്കിടയില്‍ സ്‌നേഹവും വൈകാരികതയുമുണ്ടാക്കുന്നതില്‍ അതിന് വലിയ പങ്കാണുള്ളത്. പല ബന്ധങ്ങളെയും ബാധിക്കാറുള്ള വൈകാരിക വരള്‍ച്ചയെയും ദാമ്പത്യജീവിതത്തിലെ മടുപ്പിനെയും പ്രതിരോധിക്കുന്നവയാണ് അവ. എന്നാല്‍ എങ്ങനെ നിന്റെ സ്‌നേഹം തുറന്ന് പറയും? അതിന് ഒട്ടേറെ മാര്‍ഗങ്ങളുണ്ട്. അതില്‍ ഏറ്റവും സുപ്രധാനമായത് ആത്മാര്‍ത്ഥതയും ജീവിത പങ്കാളിയോട് താല്‍പര്യം പ്രകടിപ്പിക്കലുമാണ്. അവളെ പരിഗണിക്കുകയും ജീവിതപങ്കാളിയെന്ന പ്രാധാന്യം നല്‍കുകയും ചെയ്യുന്നതിലൂടെ തന്റെ സ്‌നേഹം അവളെ അറിയിക്കാം. മെസ്സേജുകള്‍ അയച്ചും സമ്മാനങ്ങള്‍ നല്‍കിയും വാ തുറന്ന് പറഞ്ഞും അത് പ്രകടിപ്പിക്കാം. ഒട്ടേറെ മാര്‍ഗങ്ങളുണ്ടെങ്കിലും അവയില്‍ ഏറ്റവും സ്വാധീനമുണ്ടാക്കുക നേരിട്ട് തുറന്ന് പറുന്നത് തന്നെയാണ്. അതിന്റെ സ്വാധീനം വളരെ ക്രിയാത്മകവും നിലനില്‍ക്കുന്നതുമാണ്. ഏറ്റവും ഉത്തമവും വിജയകരവുമായ, മനസിനോട് ഏറ്റവും അടുത്ത മാര്‍ഗമാണത്. പ്രവാചകന്‍(സ) പഠിപ്പിച്ചതും അത് തന്നെയാണ്. 'നിങ്ങള്‍ ആരെങ്കിലും നിങ്ങളുടെ കൂട്ടുകാരനെ ഇഷ്ടപ്പെട്ടാല്‍ അവന്റെ വീട്ടില്‍ ചെന്ന് അല്ലാഹുവിന്റെ പ്രീതിക്കായി അവനെ സ്‌നേഹിക്കുന്നുണ്ടെന്ന് അറിയിക്കുക.' (അഹ്മദ്) സാധാരണ സൗഹൃദത്തെകുറിച്ചാണിത് പറഞ്ഞിരിക്കുന്നതെന്ന് നാം മനസിലാക്കണം. അപ്പോള്‍ ദാമ്പത്യ ബന്ധത്തില്‍ എത്രത്തോളം അതിന് പ്രാധാന്യം നല്‍കേണ്ടതുണ്ട്. നിങ്ങളുടെ ഭാര്യമാരോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ് നിങ്ങളില്‍ ഉത്തമന്‍ എന്നാണ് നബി(സ) പഠിപ്പിച്ചുട്ടള്ളത്. ദാമ്പത്യ ബന്ധത്തെകുറിച്ച് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളതും വളരെ പ്രസക്തമാണ്. 'അല്ലാഹു നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. അവരിലൂടെ ശാന്തി തേടാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്.' (അര്‍റൂം: 21) പ്രവാചകന്‍(സ) ആഇശയോടുള്ള(റ) തന്റെ സ്‌നേഹം സഹാബികളുടെ മുന്നില്‍ വെച്ച് തുറന്ന് പറഞ്ഞിരുന്നു.

നിങ്ങളുടെ സ്‌നേഹം എങ്ങനെയവളെ ബോധ്യപ്പെടുത്തും?
1. സത്യസന്ധവും മധുവൂറുന്നതുമായ വാക്കുളിലൂടെ അവളെയത് കേള്‍പ്പിക്കാം. നിന്നെ എനിക്കിഷ്ടമാണ്, നീയെന്റെ ജീവനാണ്, 'എന്റെ ജീവിത സ്വപ്‌നമാണ് നീ' തുടങ്ങിയ വാക്കുകള്‍ അതിനായി ഉപയോഗപ്പെടുത്താവുന്നതാണ്.
2. അവളെ ലാളിക്കുകയും സല്ലപിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്യുക. അവളോട് സംസാരിച്ചിരിക്കാന്‍ സമയം കണ്ടെത്തല്‍ വളരെ പ്രധാനമാണ്.
3. ജോലിസ്ഥലത്തായിരിക്കുമ്പോള്‍ അവളെ വിളിക്കുക. അതിലൂടെ നിങ്ങള്‍ അവളോടുള്ള താല്‍പര്യം പ്രകടിപ്പിക്കാം. നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു എന്ന അര്‍ത്ഥത്തിലുള്ള വാക്കുകള്‍ അധികരിപ്പിക്കുക.
4. പ്രത്യേകമായ സാഹചര്യങ്ങളില്‍ അവളുടെ മാനസികാവസ്ഥ പരിഗണിച്ച് പെരുമാറുക. ആര്‍ത്തവ ദിനങ്ങള്‍, കുടുംബത്തില്‍ പെട്ടവരോ സുഹൃത്തുക്കളോ ആയ ആരുടെയെങ്കിലും വേര്‍പാട്, രോഗം ഇത്തരം സന്ദര്‍ങ്ങളില്‍ അവളുടെ വേദനകളിലും പ്രയാസങ്ങളിലും പങ്കാളിയാവുക.
5. അവള്‍ക്കിഷ്ടപ്പെട്ട പേര്‍ വിളിക്കുക. പേര് പൂര്‍ണ്ണമായി വിളിക്കുന്നതിന് പകരം സ്‌നേഹത്തോടെയത് ചുരുക്കി വിളിക്കുക.
6. വീട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നില്‍ അവളെ പ്രശംസിക്കുക.
7. പ്രത്യേകമായ അണിഞ്ഞൊരുങ്ങുകയും വസ്ത്രം ധരിക്കുകയും ചെയ്യുമ്പോള്‍ അതിനെ പ്രശംസിക്കുക.
8. അവളില്‍ നിന്ന് വല്ല വീഴ്ച്ചയും സംഭവിച്ചാല്‍ വിട്ടുവീഴ്ച കാണിക്കുക. തെറ്റ് എല്ലാവര്‍ക്കും സംഭവിക്കുന്നതാണ്. അവളില്‍ നിന്നുണ്ടായ വീഴ്ച ഇടക്കിടെ ഓര്‍മ്മപ്പെടുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
9. നീ ജോലിക്ക് പോകുമ്പോഴും തിരിച്ച് വരുമ്പോഴും അവളെ ചുംബിക്കുക. നിനക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അവളോടത് ചോദിക്കുകയും അവരത് കൊണ്ട് വരുന്നതില്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്യുക.
10. അവളുടെ കാര്യത്തില്‍ നീ ഉദാരനാകണം. അവള്‍ക്കാവശ്യമായ ഭക്ഷണം വസ്ത്രം അതുപോലുള്ള മറ്റ് ആവശ്യങ്ങള്‍ക്കും ചെലവഴിക്കാന്‍ നീ പിശുക്ക് കാണിക്കരുത്.
11. അവള്‍ സംസാരിക്കുമ്പോള്‍ നീ നല്ല ഒരു കേള്‍വിക്കാരനാകണം. സ്‌നേഹത്തോടെ അവളുടെ വാക്കുകള്‍ ശ്രദ്ധിക്കണം.
12. അവളോടൊപ്പം വാത്സല്ല്യത്തോടും സ്‌നേഹത്തോടെയും നിര്‍മ്മല ചിത്തനായും സമയം ചെലവഴിക്കാന്‍ ശ്രമിക്കണം.
13. അവള്‍ക്ക് വേണ്ടി നീ അണിഞ്ഞൊരുങ്ങുകയും സുഗന്ധം ഉപയോഗിക്കുയും ചെയ്യുക. അവളിഷ്ടപ്പൈടുന്ന രൂപത്തില്‍ അവളോടൊപ്പം കഴിയുക.
14. ഭക്ഷണം കഴിക്കാന്‍ അവള്‍ ഇരിക്കുന്നതിന് മുമ്പ് നീ ഭക്ഷിച്ച് തുടങ്ങരുത്. നിന്റെ കൈകൊണ്ട് അവള്‍ക്ക് ഭക്ഷണം കൊടുക്കുക.
15. അവള്‍ വല്ല സമ്മാനവും തന്നാല്‍ സന്തോഷത്തോടെ സ്വീകരിച്ച് നന്ദി രേഖപ്പെടുത്തുക.
16. ജീവിതത്തില്‍ അവളെയും പങ്കാളിയാക്കുകയും നിന്റെ തീരുമാനങ്ങളും ആഗ്രഹങ്ങളും അവളോട് കൂടിയാലോചിക്കുകയും ചെയ്യുക.
17. അപ്രതീക്ഷിതമായ സന്ദര്‍ഭങ്ങളില്‍ അവള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയും അവളോടൊപ്പം യാത്ര നടത്തിയും അവളെ സന്തോഷിപ്പിക്കുക.
18. സമ്മാനങ്ങള്‍ നല്‍കാന്‍ ശ്രദ്ധിക്കുക. അവയെത്ര നിസ്സാരമാണെങ്കിലും അത് ഒരു പ്രതീകമാണ്.
19. അവളുടെ അഭിപ്രായങ്ങള്‍ ശരിയാണെങ്കില്‍ അവ അംഗീകരിക്കുക. നിനക്കത് ഇഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ അതിന്റെ പേരില്‍ അവളെ ആക്ഷേപിക്കുകയോ പരിഹസിക്കുകയോ അരുത്.
20. അവളുടെ കാര്യത്തിലുള്ള നിന്റെ ആത്മരോഷവും അവള്‍ക്കെന്തെങ്കിലും സംഭവിക്കുമെന്നതിലെ ഭയവും അവളെ ബോധ്യപ്പെടുത്തുക.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics