ഇസ്‌ലാമിക രാഷ്ട്രീയ പരീക്ഷണങ്ങള്‍ പരാജയപ്പെടുകയോ?

ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ ചില പ്രതിസന്ധികളോ തിരിച്ചടികളോ സംഭവിക്കുമ്പോള്‍ പശ്ചാത്യ രാഷ്ട്രീയ വിദഗ്ധര്‍ രാഷ്ട്രീയ ഇസ്‌ലാം പരാജയപ്പെട്ടുവെന്ന് വലിയ വായയില്‍ ഒച്ചയിടുന്നത് കാണാം. സെമിനാറുകളിലും ചാനല്‍ ചര്‍ച്ചകളിലും ഇത് ആവര്‍ത്തിക്കപ്പെടുന്നു. ഇത് കേട്ട് നമ്മുടെ നാടിലുള്ള സെക്യുലറിസ്റ്റുകള്‍ സത്യമാണെന്ന് വിചാരിക്കുകയും യാതൊരു നിരൂപണവും കൂടാതെ അതാവര്‍ത്തിക്കുകയും ചെയ്യുന്നു. കാരണം പശ്ചാത്യരില്‍ നിന്നു വന്നതെല്ലാം വേദവാക്യം പോലെ കാണുന്നവരാണവര്‍.
ഈജിപ്തില്‍ ഈ അവസാന മാസങ്ങളില്‍ അരങ്ങേറിയ രാഷ്ട്രീയ പ്രതിസന്ധിയും അതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും അവരുടെ വാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കം കൊഴുപ്പേകിയിരിക്കുകയാണ്. അവര്‍ പറയുന്നതിന് ശക്തമായ തെളിവായി പ്രസ്തുത കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. സത്യത്തില്‍ ഈ വാദങ്ങളുടെ പിന്നില്‍ വല്ല യാഥാര്‍ഥ്യവും ഉണ്ടോ? ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ പരീക്ഷണങ്ങള്‍ പരാജയത്തിലേക്കും പതനത്തിലേക്കുമാണോ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്?

ഈ ചോദ്യങ്ങളുടെ മുമ്പില്‍ നിന്നുകൊണ്ട് ഒരു അന്വേഷണം നടത്തിയാല്‍ തെളിഞ്ഞ് വരുന്ന ചില യാഥാര്‍ഥ്യങ്ങളുണ്ട്.
1.രാഷ്ട്രീയ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്ന ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ 'രാഷ്ട്രീയ ഇസ്‌ലാം' എന്ന പേരില്‍ അവമതിക്കുന്ന പ്രവണതയാണ് ഇന്നുള്ളത്. സത്യത്തില്‍ ഇസ്‌ലാം സാമൂഹ്യ ഉള്ളടക്കമുള്ള സമഗ്രമായി ജീവിതത്തെ ഉള്‍ക്കൊള്ളുന്ന, ലോകത്തെ മുഴുവന്‍ അഭിസംബോധന ചെയ്യുന്ന ഒരു ദര്‍ശനമാണ്. പഠനങ്ങളനുസരിച്ച് മതങ്ങളില്‍ വെച്ചും ദര്‍ശനങ്ങളില്‍ വെച്ചും ഏറ്റവും വേഗത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയും ബുദ്ധിയെയും ചിന്തകളെയും സ്വാധീനിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്ന മതമാണ് ഇസ്‌ലാം. അതിനെ സ്വീകരിക്കുന്ന ആളുകള്‍ എന്ത് ത്യാഗം സഹിക്കാനും എത്രവിലപ്പെട്ടതും ത്യജിക്കാനും സന്നദ്ധരാവുന്നു. അതിന്റെ ആദര്‍ശം മുറുകെ പിടിക്കുന്നതില്‍ ഏറെ കണിശത പുലര്‍ത്തുകയും ചെയ്യുന്നു.
രാഷ്ട്രീയ ഇസ്‌ലാം എന്ന് വിളിച്ച് അധിക്ഷേപിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. കേവല മതധാരകളില്‍ നിന്ന് ഏറെ ഉയര്‍ന്നു നില്‍ക്കുന്ന അത്തരം പ്രസ്ഥാനങ്ങള്‍ ഏറെ മാറിയ ലോക സാഹചര്യങ്ങളില്‍ പുതിയ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ആധുനിക ടെക്‌നോളജിയേയും വാര്‍ത്താവിനിമയ സംവിധാനങ്ങളെയും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അതിവേഗം അവരുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ മുക്ക് മൂലകളിലേക്ക് എത്തിക്കുന്നു.
അസ്വസ്ഥതകളും അസമാധാനവും അരങ്ങ് വാഴുന്ന ഈ ലോകത്ത് ആത്മീയതയിലേക്കും മൂല്യങ്ങളിലേക്കുമുള്ള തിരിച്ച് നടത്തം ആരംഭിച്ചിട്ടുണ്ട്. ലോകത്ത് എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചിട്ടും അന്തരംഗം അനാഥമായിക്കൊണ്ടിരിക്കുകയാണ്. മതവും രാഷ്ട്രീയവും ആത്മാവും ശരീരവും ഒരു പോലെ സമന്വയിക്കുന്ന ഇസ്‌ലാമിക തീരത്തേക്ക്  ലോകത്തെ അതികായന്മാരായ ആളുകള്‍ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ഇസ്‌ലാമിനെതിരെയുള്ള ശക്തമായ ആക്രമണം നടന്ന് കൊണ്ടിരുന്നിട്ടും ഇസ്‌ലാമിലേക്കുള്ള ആളുകളുടെ ഒഴുക്ക് നിയന്ത്രിക്കാനാവുന്നില്ല.
2.നാഗരിക മൂല്യങ്ങള്‍ക്കും മനുഷ്യന്റെ സംഭാവനകള്‍ക്കും പൂര്‍ണത നല്‍കാന്‍ ഇസ്‌ലാമിനാകുന്നുണ്ട്. ആധുനിക ലോകത്ത് മനുഷ്യന്‍ നേടിയെടുത്തിട്ടുള്ള ബുദ്ധിപരമായ സംഭാവനകളെയും നീതി സമത്വം സ്വാതന്ത്ര്യം തുടങ്ങിയ ജനാധിപത്യമൂല്യങ്ങളെയും ഒരിക്കലും ഇസ്‌ലാം നിരാകരിക്കുകയോ എതിര്‍പക്ഷത്ത് നിര്‍ത്തുകയോ ചെയ്തിട്ടില്ല എന്ന് മാത്രമല്ല, ഇതെല്ലാം ദൈവിക വരദാനങ്ങളായി കാണുകയും ചെയ്യുന്നു. 'മനുഷ്യസന്തതികളെല്ലാം നാം ആദരിച്ചിരിക്കുന്നു' (ഇസ്രാഅ്) എന്നാണല്ലോ അല്ലാഹു പറയുന്നത്. ആദര്‍ശത്തിന്റെയും ഭാഷയുടെയും വംശത്തിന്റെയും പേരില്‍ നിലനില്‍ക്കുന്ന അസമത്വങ്ങളെ ഇല്ലാതാക്കിയ ഇസ്‌ലാം അവകാശങ്ങളില്‍ സമത്വമാണ് ഉദ്‌ഘോഷിച്ചത്. അത് കൊണ്ട്തന്നെ ആധുനിക കാലഘട്ടത്തില്‍ വൈജ്ഞാനിക രാഷ്ട്രീയ സാമ്പത്തിക പ്രവണതകളോട് സമരസപ്പെട്ട് മുന്നോട്ട് പോകാന്‍ ഇസ്‌ലാമിനാകുന്നു.
3. ഇസ്‌ലാമിക അടിസ്ഥാനങ്ങളില്‍ നിലകൊണ്ടാണ് ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പ്രകൃതിയോട് ക്രിയാത്മകമായും സര്‍ഗാത്മകമായും സംവദിച്ചുകൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ മനുഷ്യസമൂഹം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അതിനാവുന്നു. ഇസ്‌ലാമിക മൂല്യങ്ങളുടെയും അവയുടെ പൊതുലക്ഷ്യങ്ങളുടെയും വെളിച്ചത്തില്‍ നിന്ന് കൊണ്ട് മനുഷ്യന്റെ താല്‍പര്യങ്ങള്‍ സാക്ഷാത്കരിക്കാനും നാഗരിക അനുഭവങ്ങളില്‍ നിന്ന് അര്‍ഥം ഉള്‍കൊള്ളാനും ഇസ്‌ലാമിന് കഴിഞ്ഞിട്ടുണ്ട്. അത് ഈ സമൂഹത്തിന്റെ ഇഛകളോടും മാനസിക വ്യാപാരങ്ങളോടും താദാത്മ്യപ്പെടുകയും മൂല്യങ്ങളുടെയും ആശയങ്ങളുടെയും ഭാഷയുടെയും പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് അഭിസംബോധന ചെയ്യുകയും ചെയ്യുന്നു.
4. അരനൂറ്റാണ്ടിലേറെയായി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അതിശക്തവും നിരന്തരവുമായ ഉന്മൂലന ശ്രമങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്.
നിരന്തരമായ അടിച്ചമര്‍ത്തലുകളുടെയും പീഢനങ്ങളുടെയും ഫലമായി ഇസ്‌ലാമിസ്റ്റുകളില്‍ അതിശക്തമായ സഹനശക്തിയും പ്രതിരോധമനസ്സും രൂപപ്പെട്ടിട്ടുണ്ട്. ഇത് പരസ്പരം ശക്തിപകര്‍ന്ന ഒരു പ്രതിരോധമതില്‍ പ്രായോഗിക രംഗത്ത് കാണിച്ച്‌കൊടുക്കാന്‍ അവര്‍ക്കായിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയത് ഇപ്പോഴത്തെ ഒരു മൂന്ന് തലമുറയിലെങ്കിലും പ്രസ്തുത രൂപത്തില്‍ പരിശീലിപ്പിക്കപ്പെട്ടവരാണ്. അതോടൊപ്പം ജനകീയമായ ഒരു അനുഭാവവും അവര്‍ക്ക് നേടാന്‍ കഴിഞ്ഞു. (തുടരും)

വിവ: സൈനുല്‍ ആബിദീന്‍ ദാരിമി
അവലംബം: അല്‍ജസീറ

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics