തിരുകേശമോ...ശഅ്‌റേ മസ്ജിദോ?ആര്....എപ്പോ...എവിടെ?

ചെന്നൈ നഗരത്തിലെ മുഹര്‍റം പത്ത്. ഇന്ത്യയിലെ പ്രമുഖ പള്ളികളിലൊന്നായ തൗസന്റ് ലൈറ്റ്‌സ് മോസ്‌കിലേക്കുള്ള ശിയാക്കളുടെ ആശൂറ ഘോഷയാത്രക്ക് ഈയാഴ്ച സാക്ഷിയായി. രണ്ട് കിലോമീറ്റര്‍ ദൂരത്തുള്ള ആശൂറ ഖാനയില്‍ നിന്നാണ് ഘോഷയാത്രയുടെ തുടക്കം.ഹുസൈന്‍...ഹുസൈന്‍ എന്ന മുദ്രാവാക്യത്തോടെ ആരംഭിച്ച ഘോഷയാത്രയില്‍ ഒരു സംഘം നെഞ്ചത്തടിച്ച് പാട്ട് പാടുന്നു. പക്ഷെ പാട്ടിനൊപ്പം ഒപ്പനയോ ദഫ്മുട്ടോ അല്ല. മുതിര്‍ന്നവരുടെയും ചെറുപ്പക്കാരുടെ കുട്ടികളുടെയും പ്രത്യേക ഗ്രൂപ്പുകളായി പാട്ടിന്റെ താളത്തിനൊത്ത് ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിച്ച് രക്തം വാര്‍ത്താണ് കര്‍ബലയെ അനുസ്മരിക്കുന്നത്. 'കര്‍ബല വിസ്മരിക്കേണ്ട കഥനങ്ങളെ ചൊല്ലി വിലപിക്കുകയോ' എന്ന തലക്കെട്ടില്‍ എം.എം. നദവി ശബാബില്‍ എഴുതിയ ലേഖനം ഇത്തരുണത്തില്‍ ശ്രദ്ദേയമാണ്.'അത് കഴിഞ്ഞുപോയ ഒരു സമുദായമാകുന്നു. അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം അവര്‍ക്കുണ്ട്. നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം നിങ്ങള്‍ക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതല്ല.' (അല്‍ബഖറ 141) എന്ന ഖുര്‍ആന്‍ വചനമുദ്ധരിച്ച് ഇക്കാര്യംകൂടി ഉണര്‍ത്തുന്നു. 'വീഴ്ചകളെ ശപിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നതിനു പകരം അവര്‍ക്കായി പ്രാര്‍ഥിച്ചു കൊണ്ട് ആ വീഴ്ചകള്‍ തങ്ങളിലുണ്ടാകാതെ നാം വരുംതലമുറയ്ക്ക് മാതൃകയാകാന്‍ നോക്കുക. ഇല്ലെങ്കില്‍ നാം മുന്‍ഗാമികളെ ആക്ഷേപിക്കുന്നതുപോലെ നമ്മുടെ പിന്‍ഗാമികള്‍ നമ്മെ ആക്ഷേപിക്കുകയും ശപിക്കുകയും ചെയ്യും.'

ഈ ആഴ്ച ആനുകാലികങ്ങളില്‍ അഭിമുഖങ്ങളുടെ ഘോഷയാത്ര തന്നെയാണ്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരുമായി മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ അഭിമുഖത്തില്‍ ഒട്ടേറ വിവാദങ്ങള്‍ക്ക് വഴി വെച്ച സംഭവങ്ങളെ മുന്‍ നിര്‍ത്തിയാണ് ചോദ്യങ്ങളും ഉത്തരങ്ങളും. സ്ത്രീധനം, വിവാഹപ്രായം, തിരുകേശം തുടങ്ങിയ ഒട്ടനേകം വിഷയങ്ങള്‍ സംസാരിക്കുന്നു. തിരുകേശപ്പള്ളിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആര്...എപ്പോ...എവിടെ എന്ന ശൈലിയിലാണ് ഉത്തരം. തിരുകേശം സൂക്ഷിക്കാനായി പളളി നിര്‍മിക്കാന്‍ പദ്ധതിയില്ലെന്നും അത്തരമൊരു പളളിക്കായി പിരിവ് നടത്തിയിട്ടില്ലെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഇന്ത്യയിലാകമാനം രണ്ടായിരത്തിലധികം പളളികള്‍ തങ്ങള്‍ക്കുണ്ടെന്നും പള്ളിയുണ്ടാക്കാന്‍ പിരിവിന്റെയൊന്നും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഒരു വിവാദവും ഉണ്ടാക്കിയിട്ടില്ല. മര്‍കസ് കൊത്തിക്കോരി കളയേണ്ടതാണെന്ന് ആരെങ്കിലും പ്രസംഗിച്ചാല്‍ മറുപടി പറയാതിരിക്കാനാവില്ലല്ലോ. പ്രവാചകന്റെ തിരുകേശം ഞങ്ങളിവിടെ കൊണ്ടുവന്ന് സൂക്ഷിച്ചു എന്നല്ലാതെ ആരെയും ഒന്നിനും നിര്‍ബന്ധിച്ചിട്ടില്ല. നോട്ടീസടിക്കുകയോ പ്രചാരണം നടത്തുകയോ ചെയ്തിട്ടില്ല. ഒരു വിഭാഗം തിരുകേശത്തെ തള്ളിപ്പറഞ്ഞപ്പോള്‍ മറുപടി പറയാന്‍ നിര്‍ബന്ധിതരായതാണെന്നും അദ്ദേഹം പറഞ്ഞു. തിരുകേശ പള്ളി എന്നൊരാശയം ഇല്ലെന്നാണോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു പള്ളിയില്ല. പള്ളികള്‍ പലതുണ്ടാവും. അതില്‍ ഏതെങ്കിലും ഒന്നില്‍ തിരകേശം സൂക്ഷിച്ചു എന്നു വരാം. നാടുനീളെ സ്ഥാപിച്ച 'തിരുകേശ സൂക്ഷിപ്പില്‍ പങ്കാളികളാന്‍ പ്രവാചക സ്‌നേഹികള്‍ക്ക് സുവര്‍ണാവസരം' എന്ന ലേബലില്‍ ശഅ്‌റേ മുബാറക് മസ്ജിദിന്റെ ചിത്രമുള്ള ഫ്‌ലക്‌സുകളുടെ നിറം മങ്ങുന്നതിന് മുമ്പാണ് ഈ പ്രതികരണം എന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്.

മാധ്യമം ദിനപത്രത്തിന്റെയും മീഡിയാവണിന്റെയും തലപ്പത്ത് നില്‍ക്കുന്ന ഒ.അബ്ദുറഹ്മാനുമായി മറുനാടന്‍ മലയാളിയില്‍ സുനിതാദേവദാസ് നടത്തിയ അഭിമുഖത്തില്‍ കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ സവിസ്തരം നിരൂപണം ചെയ്യുന്നുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തന്നെയുള്ള മറ്റൊരു അഭിമുഖം മഹാത്മാഗാന്ധിയുടെ പി.എ. ആയിരുന്ന വെങ്കിട്ടറാവു കല്യാണിന്റെതാണ്. മോഡിയുടെ ഹിന്ദുത്വ ഫാഷിസ്റ്റ് അജണ്ടനാടപ്പാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അഭിമുഖം. സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെയും സവര്‍ണ ഇടപെടലുകള്‍ക്ക് കളമൊരുങ്ങുന്ന ദേശീയ രാഷ്ട്രീയത്തിന്റെയും പിന്നാമ്പുറങ്ങള്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഇടതു പക്ഷത്ത് നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങളുടെ യാഥാര്‍ഥ്യം ജമാഅത്തെ ഇസ്‌ലാമി അമീര്‍ ടി.ആരിഫലിയുമായി പ്രബോധനം വാരിക നടത്തിയ അഭിമുഖത്തില്‍ തുറന്നുകാട്ടുന്നു. സി.പി.എമ്മിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും ധ്രുവീകരണത്തിന് വഴിയൊരുക്കുന്നതാണെന്നും അമീര്‍ ചൂണ്ടിക്കാണിക്കുന്നു. സംഘടനാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട മറുപടികളാണ് വിചിന്തനം വാരികയില്‍ ടി.പി അബ്ദുല്ലക്കോയ മദനിയുടെ അഭിമുഖത്തില്‍ പ്രധാനമായും ഉള്ളത്.

'സിനിമയിലുമുണ്ട് ചാതുര്‍വര്‍ണ്യം' എന്ന പേരില്‍ പി.ടി. കുഞ്ഞു മുഹമ്മദുമായുള്ള അഭിമുഖമാണ് നവംബര്‍ ലക്കം പച്ചക്കുതിരയില്‍ ഇടംപിടിച്ചത്. മലയാള സിനിമയില്‍ ഉപരിവര്‍ഗത്തിന്റെ സ്വാധീനമുണ്ടെന്നും അടിസ്ഥാന വര്‍ഗം തള്ളപ്പെടാറുണ്ടെന്നുമുള്ള പി.ടി. കുഞ്ഞുമുഹമ്മദിന്റെ വാദങ്ങള്‍ ശ്രദ്ദേയമാണ്. മലയാള സിനിമയില്‍ മിക്ക കഥാപാത്രങ്ങളും ഉപരിവര്‍ഗത്തില്‍ പെട്ടവരാവാന്‍ കാരണം അവര്‍ മാത്രമാണ് മുഖ്യധാരയിലുള്ള വര്‍ഗം എന്ന കാഴ്ചപ്പാടും സമൂഹത്തില്‍ എല്ലായിടത്തും ഇരിക്കാന്‍ പ്രാപ്തരായവര്‍ അവരാണ് എന്ന പൊതു ധാരണയുമാണ്. എന്തു കൊണ്ടോ 85 ശതമാനം വരുന്ന തിയ്യനോ ദളിതനോ മുസ്‌ലിമോ കേന്ദ്ര കഥാപാത്രമായി വരാത്തത് എന്നും അദ്ദേഹം ചോദിക്കുന്നു. അടിസ്ഥാന വര്‍ഗത്തെ അടിയിലാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണ് ഇതെന്നും അദ്ദേഹം പറയുന്നു. സൂഫിസവും യാഥാസ്ഥികതയും അന്ധവിശ്വാസങ്ങളും ഒരു പ്രത്യേക ഗൃഹാതുരതയോടയും യഥാര്‍ഥ സാംസ്‌കാരികമായ സ്വത്വമെന്ന രീതിയിലും വിശദീകരിക്കുന്ന പി.ടി. പര്‍ദ്ദാധാരണം സ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്നും യാഥാസ്ഥിക മുസ്‌ലിം മാപ്പിളവേഷമാണ് ദഹിക്കുന്നതെന്നും പച്ചക്കുതിരയില്‍ വ്യക്തമാക്കുമ്പോള്‍, പര്‍ദ്ദതന്നെ ഫാഷന്‍ കോളത്തിലേക്ക് ഇടം പിടിച്ചിരിക്കുകയാണ് ഈ ലക്കം (നവംബര്‍20) ഇന്ത്യാടുഡെയില്‍. കോഴിക്കോട് കേന്ദ്രമാക്കി പ്രത്യേക ഡെനിം തുണിത്തരങ്ങള്‍ കൊണ്ട് വിപണി കയ്യടക്കുന്ന ഫാഷന്‍ പര്‍ദ്ദകള്‍ ആയിരിക്കും ഇനി ഒരു പക്ഷേ അറബ് നടുകളിലേക്കും കയറിച്ചെല്ലുകയെന്നതാണ് പുതിയ പര്‍ദ്ദാബിസിനസ് വൃത്താന്തം.

പച്ചക്കുതിരയില്‍ ശൈശവവിവാഹം പ്രവാചക നിന്ദയല്ലേ എന്ന എ.പി. കുഞ്ഞാമുവിന്റെ വിശകലനവുമുണ്ട്. ശൈശവ വിവാഹം ഇസ്‌ലാമിക മൂല്യത്തിന്റെ മൗലികതക്ക് വിരുദ്ധമാണെന്നും നബിയുടെ അനുശാസനങ്ങളുമായി പൊരുത്തപ്പെടാത്തതാണെന്നും മതപരമായി തന്നെ ശൈശവവിവാഹം അനിസ്‌ലാമികമാണ് എന്നു സമര്‍ഥിക്കുകയുമാണ് ലേഖകന്‍. പ്രവാചകന്റെ ആയിശാബീവിയുമായുള്ള വിവാഹം നടന്നത് പതിനേഴാം വയസ്സിലായിരുന്നുവെന്നും പണ്ഡിതനിഗമനങ്ങള്‍ വെച്ച് സമര്‍ഥിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയകളുടെ ദോഷകരമായ വശങ്ങളെയും ചതിക്കുഴികളെയും ഓര്‍മ്മപ്പെടുത്തുന്നതാണ് സുന്നത്ത് മാസികയിലെ സോഷ്യല്‍ മീഡിയ വലയും വിനയും എന്ന ലേഖനം.  ഇസ്‌ലാമും പാശ്ചാത്യന്‍ സമൂഹവും തമ്മിലുള്ള അകല്‍ച്ച കുറഞ്ഞതിനുള്ള താത്വികമായ പ്രതീകങ്ങളാവിഷ്‌കരിച്ച ഉജ്വലമായ ഇസ്‌ലാമിക പണ്ഡിതനാണ് ഫൈസല്‍ അബ്ദുറഹ്മാന്‍. 2011 ഏപ്രില്‍ മാസത്തില്‍ ടൈം മാഗസിന്‍ നടത്തിയ സര്‍വേയില്‍ ലോകത്തെ സ്വാധീനിക്കുന്ന നൂറ് ചിന്തകന്മാരില്‍ ഒരാളായി ഇടം നേടിയ ഇദ്ദേഹത്തെ കുറിച്ച് ശബാബ് (നവംബര്‍ 15) ലക്കത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics