ഇടതിനെ തല്ലിയാലും ലീഗില്‍ രണ്ടഭിപ്രായമോ?

മുഖ്യധാരയിലെ മുസ്‌ലിം ഇപ്പോള്‍ സജീവ സംവാദവിഷയമാണല്ലോ. സി.പി.എം. ആരംഭിച്ച മുഖ്യാധാര ത്രൈമാസികയെ കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. സി.ദാവൂദ് മാധ്യമത്തില്‍ എഴുതിയ സി.പി.എം. മുഖ്യധാരയിലെ മുസ്‌ലിം എന്ന ലേഖനം വലിയ ചര്‍ച്ചക്ക് വഴിവെച്ചു. എം.എം. നാരായണനും അഹ്മദ് കുട്ടി ശിവപുരവും മാധ്യമത്തില്‍ പ്രതികരണങ്ങളെഴുതി. തുടര്‍ന്ന് ടി.മുഹമ്മദ് വേളം മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ സി.പി.എം-ഇസ്‌ലാം യോജിപ്പിന്റെയും വിയോജിപ്പിന്റെ പ്രത്യയ ശാസ്ത്ര മേഖലകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. കെ.ടി. ഹുസൈന്‍ പ്രബോധനം വാരികയിലും ഈ വിഷയത്തില്‍ ലേഖനം എഴുതുകയുണ്ടായി.

ഈ മേഖലയില്‍ മറ്റൊരു സംവാദം നടന്നത് ശബാബ് വാരികയിലായിരുന്നു.(22.11.13) മുഖ്യധാര ഇസ്‌ലാമും മാനവിക മുസ്‌ലിംകളും എന്നതായിരുന്നു കവര്‍ സ്‌റ്റോറി. മാക്‌സിസ്റ്റുകള്‍ ഭരിച്ചപ്പോള്‍ മുസ്‌ലിംകള്‍ക്ക് നീതി ലഭിച്ചോ എന്നാണ് ഒ.അബ്ദുല്ല ചോദിക്കുന്നത്. മുസ്‌ലിം പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന മത നിരപേക്ഷവേദിയാണ് മുഖ്യധാരയെന്ന് മുഖ്യപത്രാധിപരും കൂടിയായ കെ.ടി. ജലീല്‍. വിശകലനങ്ങളിലെ വൈരുദ്ധ്യം വായിക്കാന്‍ കഴിഞ്ഞത് ലീഗ് നേതാക്കന്മാരില്‍ നിന്നാണ്. ഇടതിനെ തല്ലാനുള്ള അവസരത്തിലും മുസ്‌ലിം ലീഗില്‍ രണ്ടഭിപ്രായമോ എന്ന സംശയമാണ് വായനക്കാര്‍ക്ക് ലഭിച്ചത്. മുസ്‌ലിം വോട്ട് പെട്ടിയിലാക്കാനുള്ള മാക്‌സിസ്റ്റ് പാര്‍ട്ടിയുടെ അടവ് നയമാണ് മുഖ്യധാരയും മുസ്‌ലിം സമ്മേളനവുമെല്ലാമെന്നാണ് അഡ്വ. കെ.എന്‍. എ ഖാദര്‍ എം.എല്‍.എയുടെ അഭിപ്രായം.

'മലബാര്‍ കലാപം, മലപ്പുറം ജില്ല, ന്യൂനപക്ഷ സംവരണം തുടങ്ങിയ കുറച്ചുവിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഇടതുപക്ഷത്തിന് മുസ്‌ലിം സമുദായത്തോടുള്ള ബന്ധവും അടുപ്പവും ചിത്രീകരിക്കപ്പെടുന്നത്. എന്നാല്‍ അവയൊക്കെയും അര്‍ധസത്യങ്ങളോ അസത്യങ്ങളോ ആണ്. അടിസ്ഥാനപരമായി, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒരു ഹിന്ദു പാര്‍ട്ടിയാണ്, ബി ജെ പിയുടെ അത്ര ആഴത്തിലല്ല എന്നുമാത്രം. അതാണ് ബി ജെ പിയും സി പി എമ്മും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനവും. അതിന്റെ ക്ഷീണം തീര്‍ക്കാനാണ് മുസ്‌ലിംകള്‍ക്ക് മാത്രമായി മാസിക തുടങ്ങുന്നതും സമ്മേളനം വിളിച്ചുചേര്‍ക്കുന്നതും.' എന്നെല്ലാമാണ് കെ.എന്‍.എ ഖാദര്‍ പറയുന്നത്്. എന്നാല്‍ നവംബര്‍ 26 ലെ മാധ്യമം ദിനപത്രത്തിന് കെ.പി.എ. മജീദ് നല്‍കിയ അഭിമുഖത്തില്‍ സി.പി.എമ്മിന്റെ നീക്കത്തെ സംശയാസ്പദമായി കാണേണ്ടതില്ലെന്നും പോസിറ്റീവായി എടുക്കാമെന്നുമാണ്.

'ഇതിനെയെന്തിനാ പ്രതിരോധിക്കുന്നത്? ഇതൊക്കെ നല്ല കാര്യങ്ങളല്‌ളേ? ഇപ്പോള്‍ സി.പി.എമ്മും ആ വഴിക്ക് വന്നിരിക്കുന്നു. സി.പി.എം സഹയാത്രികരായ മുസ്‌ലിംകളല്ലാതെ മറ്റാരുംതന്നെ ഈ പരിപാടിയില്‍ സംബന്ധിച്ചതായി സി.പി.എം പോലും അവകാശപ്പെട്ടിട്ടില്ല. പിന്നെ ഞങ്ങളെന്തിനു ബേജാറാവണം ? ഒരു സമുദായം എന്ന നിലക്ക് മുസ്‌ലിംകളനുഭവിക്കുന്ന പ്രയാസങ്ങളും കഷ്ടതകളും ചര്‍ച്ചചെയ്യാനും അധികാരികള്‍ക്ക് മുന്നില്‍ കൊണ്ടുവരാനും വൈകിയാണെങ്കിലും സി.പി.എം മുന്നോട്ടു വന്നത് ഒരു നല്ല കാര്യമായി ഞങ്ങള്‍ കാണുന്നു. ഏത് പാര്‍ട്ടിയുടെയും ഗുണാത്മക വശങ്ങളെ പിന്തുണക്കുന്നവരാണ് ഞങ്ങള്‍. ഏതായാലും മുസ്‌ലിം പ്രശ്‌നങ്ങള്‍ തുറന്നുകാണിക്കാന്‍ ദേശാഭിമാനിയും ചിന്ത വാരികയും മാത്രം ഉണ്ടായതുകൊണ്ട് കാര്യമില്ല എന്നിടത്തേക്ക് സി.പി.എം എത്തിയത് നല്ല കാര്യം.' എന്നാല്‍ ലീഗ് വര്‍ഗീയ സംഘടനയാണെന്ന് വി.എസ്. ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. സി.പി.എമ്മിനോട് എന്തു സോഫ്ട് കോര്‍ണര്‍ കാണിച്ചാലും ലീഗ് വര്‍ഗീയ സംഘടനയാണെന്നതിനാല്‍ മുന്നണിയിലെടുക്കാന്‍ പോവുന്ന പ്രശ്‌നമില്ലെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ അന്ന് തന്നെ സി.പി.എം. നേതാക്കള്‍ പറഞ്ഞ് കഴിഞ്ഞു.

ദക്ഷിണേന്ത്യയില്‍ വഹാബി തീവ്രവാദം
ഇന്ത്യയിലെ ദേശീയ മാധ്യമങ്ങള്‍ മുസ്‌ലിംകളെ ഭീകരരും തീവ്രവാദികളുമായി മുദ്രകുത്തുന്നതില്‍ അത്ഭുതമില്ല.എന്നാല്‍ കേട്ടു കേള്‍വിയില്ലാത്ത ഈര്‍ക്കിള്‍ സംഘടനകലെ പര്‍വതീകരിച്ച് ദക്ഷിണേന്ത്യയില്‍ വഹാബി തീവ്രവാദമെന്ന് എഴുതുമ്പോള്‍ രാജ്യത്ത് വിശ്വസ്ത മാധ്യമങ്ങള്‍ എന്ന് വിശ്വസിക്കപ്പെടുന്ന പത്ര-പ്രസിദ്ധീകരണങ്ങള്‍ അവാസ്ഥവങ്ങളും അബദ്ധങ്ങളും എഴുന്നള്ളിക്കുകയാണെന്ന് മുജീബുറഹ്മാന്‍ കിനാലൂര്‍ (വര്‍ത്തമാനം 21.11.13)

ഫ്രണ്ട് ലൈനില്‍ പ്രസിദ്ധീകരിച്ച വഹാബി തീവ്രവാദത്തെ കുറിച്ച് സ്റ്റോറിക്കാണ് മറുപടി. ഇതോടെ ദ ഹിന്ദു, ഫ്രണ്ട്‌ലൈന്‍ തുടങ്ങിയവ പോലും ഇസ്‌ലാമോഫോബിയയുടെ പ്രചാരവേല ഏറ്റെടുക്കുകയാണെന്ന് ലേഖകന്‍. അജോയ് ആശീര്‍വാദ് ആണ് ലേഖനം എഴുതിയിരിക്കുന്നത്. രാജ്യത്ത് നടക്കുന്ന മുഴുവന്‍ തീവ്രവാദങ്ങും വഹാബിസത്തിന്റെ സംഭാവനയാണെന്നാണ് കണ്ടെത്തല്‍. ഈ വഹാബി ധാരയിലാണ് ദയൂബന്ദി പ്രസ്ഥാനം, അഹ്‌ലെഹദീസ്, ജമാഅത്തെ ഇസ്‌ലാമി, പോപ്പുലര്‍ ഫ്രണ്ട്, സിമി എന്നു തുടങ്ങി തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകം, മുസ്‌ലിം ലീഗ് വരെ ഉള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനായി വളരെ ബാലിശമായ തെളിവുകളാണ് നിരത്തുന്നതുപോലും. സെപ്തംബര്‍ 11 ശേഷം ഇസ്‌ലാമിക ടെററിസം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന ശക്തമായ ഒരു ആയുധമാണ്. വഹാബി ടെററിസമെന്നും മൗദൂദി-ബന്ന-ഖുതുബ് എന്നിവരുടെ പിന്‍ബലമുള്ള ഇസ്‌ലാമിക ടെററിസവും നിരന്തര പദാവലികളാണ്. ആഗോളതലത്തില്‍ വഹാബി ടെററിസം തന്നെയാണ് ഹൈലൈറ്റ്.  പലപ്പോഴും ഈ പദാവലികളെ അപ്പടി കടമെടുത്ത് തങ്ങള്‍ക്കെതിരായ സംഘടനകളെ കൈകാര്യം ചെയ്യാന്‍ വിനിയോഗിക്കാനാണ് എല്ലാ സംഘടനകളും ശ്രമിക്കാറുള്ളത്. അവസാനം അവരെന്നെ തേടി വന്ന കഥയിലെ പോലെ ആ പട്ടികയില്‍ നിന്ന് ഒരു മുസ്‌ലിം സംഘടനയും ഒഴിവല്ല എന്നതാണ് തബ്‌ലീഗ് ജമാഅത്തിനെ പോലും ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പ്രതിപ്പട്ടികയൊരുക്കുന്നതില്‍ നിന്നും വ്യക്തമാകുന്നത്. ഇനിയെങ്കിലും മുസ്‌ലിംകള്‍ ഇസ്‌ലാമിയോ ഫോബിയക്കും അതിന്റെ പ്രചാരണ തന്തങ്ങള്‍ക്കും വെള്ളവും വളവും നല്‍കാതിരുന്നെങ്കില്‍.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics