ഖുര്‍ആന്‍ ആലപിക്കാമോ?

Jan 27 - 2014

ഇസ്‌ലാമില്‍ നിയമ നിര്‍മാണത്തിന്റെ പ്രഥമ സ്രോതസ്സ് ഖുര്‍ആനാണ്. എല്ലാ കാര്യത്തിലും നമ്മുടെ ഭരണഘടനയാണത്. അതിന്റെ പ്രായോഗിക രൂപത്തിലെ വ്യതിരിക്തതയും മൗലികതയും അതിന്റെ പാരായണ രൂപത്തിലുമുണ്ട്. ഖുര്‍ആന്‍ നമുക്ക് തോന്നിയത് പോലെ വ്യാഖ്യാനിക്കാവതല്ല എന്നത് പോലെ തന്നെ നമുക്ക് തോന്നിയത് പോലെ അത് ഓതാവതുമല്ല. ഖുര്‍ആന്‍ പാരായണത്തിനു ശക്തവും കൃത്യവുമായ ചില നിയമങ്ങളുണ്ട്. ഖുര്‍ആന്റെ  അവതരണം മുതല്‍ ഇന്ന് വരെ പരിക്കുകളില്ലാതെ പോന്നിട്ടുണ്ട്. പാരായണ ശൈലികളിലും നിയമങ്ങളിലും മായം ചേര്‍ക്കുന്ന പ്രവണത എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. പരമ്പരാഗതമായി കൈമാറി വന്ന മൗലികതയുള്ള ഖുര്‍ആന്‍ പാരായണത്തില്‍ നിന്ന് മാറി രാഗ താള നിബദ്ധതയോടെ ഗാനാലാപന ശൈലിയിലേക്ക് വഴുതിയതാകുന്ന തരത്തില്‍ ചില ശ്രമങ്ങളുണ്ടായിട്ടുണ്ട്.

ഖുര്‍ആന്‍ പാട്ട് പാടും പോലെ ആലപിക്കാമോ? പണ്ഡിതര്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. അസ്ഹര്‍ യൂനിവേഴ്‌സിറ്റിയിലെ ഫിഖ്ഹ് താരതമ്യപഠന വകുപ്പ് മേധാവി ഡോ. അബ്ദുല്‍ ഫതാഹ് ഇദ്‌രീസ് പറയുന്നത് കാണുക: 'ഖുര്‍ആന്‍  പാരായണം ഗാനാലാപന ശൈലിയിലേക്ക് മാറ്റുന്നത് നിഷിദ്ധമാണന്ന് കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ ഏകോപ്പിച്ചഭിപ്രായപ്പെട്ടിട്ടുണ്ട്. അത് പാരായണ നിയമങ്ങളില്‍ നിന്നുള്ള വ്യതിയാനമാണ്. അതിലൂടെ ആശയ വൈകല്യം സംഭവിക്കാം. ഒരു പദത്തിന്റെ ഉച്ചാരണ സ്ഫുടത നഷ്ടപ്പെടാനുമിടയുണ്ട്. അങ്ങിനെയുള്ള 'ഖുര്‍ആന്‍ ആലാപനം' കേള്‍ക്കുന്നതും നിഷിദ്ധമാണന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.'

രാഗത്തില്‍ ചിട്ടപ്പെടുത്തിയിട്ടില്ലാത്ത രാംഗാംശമുള്ള പാരായണം ഇതില്‍ പെടുമോ എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ചിലര്‍ പറ്റുമെന്നും മറ്റു ചിലര്‍ പറ്റില്ല എന്നും പറഞ്ഞിട്ടുണ്ട്. പ്രശസ്ത പണ്ഡിതന്‍ ശൈഖ് സ്വാലിഹ് ഫൗസാന്‍ പറയുന്നു: ' സംഗീതാത്മക ഖുര്‍ആന്‍ ആലാപനം നിഷിദ്ധമാണ്. അത് അല്ലാഹുവിനെ അപമതിക്കലും മതതത്വങ്ങളോട് കലഹം സൃഷ്ടിക്കലുമാണ്. (മജല്ലത്തുല്‍ ഹസബ 14/35).

'എത്ര തന്നെ സദുദ്ദേശപരമായാണ് ഖുര്‍ആന്‍ രാഗത്തില്‍ ചിട്ടപ്പെടുത്തി ആലപിക്കുന്ന തങ്കിലും അത് അംഗീകരിക്കാവതല്ല' മുന്‍ ഈജിപ്ഷ്യന്‍ മുഫ്തി ശൈഖ് ഹസനൈന്‍ മഖ്‌ലൂഫ് അഭിപ്രായപ്പെടുന്നു. ആശയചോര്‍ച്ച സംഭവിക്കാത്ത തരത്തിലുള്ള ചെറിയ ഈണങ്ങളുള്ള പാരായണം അനുവദനീയമാണന്ന് ഡോ. അബ്ദുല്‍ ഫതാഹ് ഇദ്‌രീസിന്റെ അഭിപ്രായം.

ഖുര്‍ആനിന് കൃത്യമായ ഒരു പാരായണശൈലിയും നിയമങ്ങളും ഉണ്ടായിരിക്കെ അതിനെ സംഗീത രൂപത്തിലേക്ക് വലിച്ചിഴക്കേണ്ട ആവശ്യമില്ല. തികവൊത്ത പാരായണ ശൈലിയില്‍ തന്നെ മാനവ ഹൃദയങ്ങളില്‍ അത് ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് എന്നിരിക്കെ ആലസ്യത്തിന്റെ ആലാപന മയക്കത്തിലേക്ക് ഖുര്‍ആനെ സംഗിതമയമാക്കുന്നവര്‍ അല്ലാഹുവിനും പ്രവാചകനും ഇഷ്ടമില്ലാത്ത പ്രവര്‍ത്തനമാണ് ചെയ്യുന്നത്.

തയ്യാറാക്കിയത്: ഷംസീര്‍. എ.പി
അവലംബം : അല്‍ മുജ്തമഅ് വാരിക

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics